ഇരുളോർമ്മകൾ ഹൃദിയിൽ വിരിയും
മൗന സ്മൃതികളുടെ ജപമാല.
കാലാന്ധകാരം മറച്ച നിമിഷം
നിലാവായി ഉള്ളിൽ ഉണരും,
നിഴലായ് ഞാൻ പാതകൾ തേടി
സ്മൃതികളെ ചേർത്ത് നിൽക്കും.
നോവുകൾ രാഗമാക്കി
ശാന്തിയുടെ തീരം തേടി-
മേഘ സമാനമാം വാക്കുകൾ
മഴയായ് പെയ്ത് അലിയുമ്പോൾ
അനുചിതമായ് മറഞ്ഞ സത്യം
ഹൃദയത്തിൽ നാദമാകും.
ദ്വാരാന്തികേ കാത്തു നിൽക്കു നീ…
മൗന പ്രാർത്ഥനകൾ
അശ്രുവായ് ചിതറാതെ
സ്വപ്നമായ് മടങ്ങിവരും.
വാതായനമാം വഴി സഞ്ചരിച്ച
സ്മൃതിപഥങ്ങൾ ശാന്തമല്ലേ ?
ചോദ്യരഹിതമാം ബന്ധങ്ങളിൽ,
ഉത്തരം മൗന മല്ലേ?
അതീതകാലം മന്ത്രിക്കുന്ന
നിശ്ശബ്ദ നാമങ്ങളിൽ
അഹം ലയിച്ചു കണ്ടെത്തുന്നു ഞാൻ നിന്നിലേക്കുള്ള പാതകൾ .
ഇരുളിനപ്പുറം ഒരു പുലരി
ഇനിയുമുണ്ടെന്ന്
ക്ലാന്ത ഹൃദയ നാദത്തിൽ
ഞാൻ കാത്തിരിക്കുന്നു.
ദുഃഖം ഗാനമാകെ
മൗനം സ്വരമായ് ലയിക്കെ
ഇരുളോർമ്മകൾ തുന്നി ചേർത്ത്
പുതു വെട്ടങ്ങൾ തേടുന്നു ഞാൻ വീണ്ടും.
RPKരാജീവ്കുമാര്‍

