നിറമുള്ള സ്വപ്നങ്ങളിലേക്ക് ഊളിയിട്ട് നീന്തിക്കൊണ്ടിരുന്ന സമയത്താണ് ആരോ കാലേൽ, അല്ല… കയ്യിൽ പിടിച്ചു ശക്തമായി കുലുക്കിയത്.
ഹോ…. കളഞ്ഞു. മനസ്സില്ലാ മനസ്സോടെ ഒരു കണ്ണ് പതുക്കെ തുറന്നു നോക്കിയപ്പോൾ അമ്മ…
“എത്ര നേരമായെടാ കിടന്നു വിളിക്കുന്നു?
ഇങ്ങനെ ഉണ്ടോ ഒരു ഉറക്കം… “
‘അയ്യോ എന്റെ സ്വപ്നം. അത് തീർന്നോ?
ഞാനെവിടെയാ?’
സ്വപ്നം പാതി മുറിഞ്ഞ ദേഷ്യത്തിൽ ഞാൻ ചോദിച്ചു ” എന്നാമ്മേ?”
“എടാ പാല് തീർന്നു പോയി. മാങ്കാവിൽ ചെന്ന് കുറച്ച് പാല് വാങ്ങിച്ചിട്ട് വാ. കൊച്ച് കരച്ചിൽ നിർത്തുന്നില്ല. “
“അയ്യോ ഈ പാതിരാത്രിയിലോ. നേരം വെളുക്കട്ടെ എന്നിട്ട് പോകാം. “
പുതപ്പിനുള്ളിലോട്ട് നൂണ്ട് കയറി ഞാൻ മൊഴിഞ്ഞു.
“നേരം വെളുക്കാറായി ചെറുക്കാ. എഴുന്നേറ്റു വാടാ. കൊച്ച് കരയുന്നത് നീ കേൾക്കുന്നില്ലേ?
അമ്മ യുദ്ധത്തിന് തയ്യാറായി ദേ വീണ്ടും…
സ്വതവേ ഇരുട്ടിനെ ഭയമുള്ള ഞാൻ പോകാതിരിക്കാൻ വേണ്ടി ഉപായങ്ങൾ മനസ്സിൽ ആരാഞ്ഞു കൊണ്ടിരിന്നപ്പോൾ ചീവീടിനെ പോലെ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുമായി എന്റെ സ്വന്തം കൂടപ്പിറപ്പ് വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു
“കുട്ടാ, നീ ഇതിനെ ഒന്ന് പിടിക്ക്. ഞാനും അമ്മയും കൂടെ പോയി പാല് വാങ്ങിച്ചിട്ട് വരാം. “
“വാ, അമ്മേ… കുട്ടാ ഞങ്ങൾ വേഗം വന്നേക്കാം കേട്ടോ… “
“വേണ്ട, ഞാൻ പൊയ്ക്കോളാം. “
ഞാൻ വേഗം ചാടി എണീറ്റ് സൈക്കിൾ എടുത്തു പുറത്തിറങ്ങി, ഉച്ചസ്ഥായിയിൽ സാധകം ചെയ്യുന്ന അനന്തിരവനെ നോക്കി ആത്‍മഗതം ചെയ്തു.
‘ഇതിനെ കൈകാര്യം ചെയ്യുന്നതിലും ഭേദം, വല്ല മാടനോ യക്ഷിയോ അവരുടെ ഏതെങ്കിലും റിലേറ്റീവ്സോ പിടിക്കുന്നത് ആയിരിക്കും. ‘
മാങ്കാവിലേക്ക് ഒരൊന്നൊന്നര കിലോമീറ്റർ ദൂരമേ കാണൂ. പക്ഷേ പകൽ പോലും നേരെ ചൊവ്വേ വെളിച്ചം കടക്കാത്ത ചെറിയ ഒരു റോഡാണ് അങ്ങോട്ടുള്ളത്. നിറയെ മരങ്ങൾ വളർന്നു നിൽക്കുന്ന, ഒരു കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന സ്ഥലം.
കാടിന്റെ പ്രതീതി എന്ന് പറയേണ്ട. ശരിക്കും റോഡിന്റെ ഒരു ഭാഗം മുഴുവൻ ഫോറസ്റ്റുകാരുടെ കയ്യിലാണ്. ഞങ്ങളുടെ ആ പ്രദേശത്തെ സകല വവ്വാലുകളും പകൽ സമയങ്ങളിൽ അവിടെയുള്ള മരങ്ങളിൽ തലകീഴായി തൂങ്ങിക്കിടക്കും. അവർക്ക് നൈറ്റ് ഡ്യൂട്ടി ആണല്ലോ. ഗ്രാമപ്രദേശം ആയതിനാൽ വീടുകൾ തമ്മിൽ നല്ല അകലം ഉണ്ട് താനും. മിക്ക വീടുകളിലെയും മുറ്റത്തും പറമ്പിലും കാപ്പി കൃഷി ചെയ്യുന്നുണ്ട്. ആകാശത്തു കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ ചിമ്മി നിൽക്കുന്നതു പോലെ സുഗന്ധവാഹിയായ വെളുത്ത പൂക്കളുമായി പൂത്തുലഞ്ഞു നിൽക്കുന്ന കാപ്പിക്കാടുകൾ ഈ നാടിന്റെ ഒരു പ്രത്യേകതയാണ്.
മനസ്സിൽ നല്ല ധൈര്യം സംഭവിച്ചു കൊണ്ട് രണ്ട് വശങ്ങളിലേക്കും നോക്കാതെ റോഡിലേക്ക് മാത്രം കണ്ണോടിച്ചു കൊണ്ട് ഒരു വളവ് തിരിയാനും ഒരു ചെറിയ മണികി ലുക്കം കേട്ടു.
എന്റമ്മേ…. മനസ്സ് ഒന്ന് കാളി. വശ്യമായ ഒരു സുഗന്ധം പരത്തിക്കൊണ്ട് കാറ്റ് ഒന്ന് വീശി. ധൈര്യം കൈവിടാതെ മുൻപോട്ട് പോയപ്പോൾ ഞാൻ കണ്ടു…. അല്ല ഞാൻ മാത്രമേ കണ്ടുള്ളൂ…. സോറി. ആ സമയത്ത് ഞാൻ മാത്രമല്ലേ അവിടെയുള്ളൂ.
പുറം തിരിഞ്ഞു നിൽക്കുന്ന ഒരു സ്ത്രീ രൂപം. മുടി അഴിച്ചിട്ടിരിക്കുന്നു. മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ട്. വെള്ളസാരിയാണ് ഉടുത്തിരിക്കുന്നത് എന്ന് തോന്നുന്നു.
സിനിമകളിലും കഥകളിലും ഒക്കെ യക്ഷികളുടെ ഔദ്യോഗിക വസ്ത്രം എന്നും വെള്ള സാരിയായിരുന്നല്ലോ.
‘ അയ്യോ… ഓടി വരണേ എന്നെ യക്ഷി പിടിക്കാൻ വരുന്നേ… ‘പക്ഷേ ശബ്ദം പുറത്ത് വരുന്നില്ല. അത് പണി മുടക്കിയിരുന്നു. മുന്നോട്ടു പോകാൻ വേണ്ടി സൈക്കിൾ ആഞ്ഞു ചവിട്ടി. ങേഹെ… അത് അനങ്ങുന്നില്ല.
നീശീഥിനീ…. എന്ന പാട്ടും ‘ നിഴലായ്… ഒഴുകി വരും ഞാൻ’ എന്ന പാട്ടും അതിലെ സീനുകളും ഒക്കെ ഒറ്റ നിമിഷം കൊണ്ട് മനോമുകുരത്തിൽ തെളിഞ്ഞു വന്നു
അന്ന് ‘ ആകാശ ഗംഗ ‘ യിലെ “പുതുമഴയായ് വന്നു നീ ” എന്ന ഹിറ്റ് പാട്ടൊന്നും ഇറങ്ങിയിട്ടില്ല. ഹൊറർ സിനിമയൊന്നും വിനയേട്ടൻ പ്ലാൻ ചെയ്തിട്ടുമില്ല.
ഏതായാലും പെട്ടു. നാളെ ഞാൻ പല്ലും നഖവും മുടിയും മാത്രമായി ഇവിടെ അവശേഷിക്കുമല്ലോ എന്നോർത്തു നിൽക്കുമ്പോൾ താഴെ നിന്ന് രണ്ട് സ്ത്രീകളുടെ സംസാരവും ചിരിയുടെ ശബ്ദവും കേട്ടു.
ദൈവമേ!ഈ പാവം പതിനേഴു വയസ്സുകാരനെ പിടിക്കാൻ ഇത്രയും യക്ഷികൾ സംഘം ചേർന്നു വരേണ്ടതുണ്ടോ. നല്ല ചോരയും നീരും ഉള്ള എത്ര ആളുകൾ ഈ നാട്ടിൽ ഉണ്ട്?
അപ്പോൾ താഴെ നിന്ന് കയറി വരുന്ന സ്ത്രീകൾ ഉറക്കെ പറയുന്നത് കേട്ടു. ഗിരിജേ, നിൽക്ക്, ഞങ്ങൾ കൂടി വരട്ടെ.
നിമിഷനേരം കൊണ്ട് അവർ താഴെ നിന്ന് കയറി വന്നിട്ട് സൈക്കിൾ ഉന്തിക്കൊണ്ട് നടക്കാൻ ശ്രമിക്കുന്ന എന്നോട് ചോദിച്ചു “നീ എന്താ കുട്ടാ ഇത് ഉന്തിക്കൊണ്ട് നടക്കുന്നെ? കേടായോ മോനെ?”
“അറിയില്ല ഇച്ചേയി… നോക്കട്ടെ. “. ഞാൻ അവ്യക്തതയോടെ പിറുപിറുത്തു.
“എടാ നിനക്ക് എന്നെ മനസ്സിലായില്ലേ. നോക്ക്, ഞാൻ പദ്മ ആണെടാ… “
അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. അവർ രാവിലെ അമ്പലത്തിൽ പോകാൻ ആയി ഇറങ്ങിയ സ്ത്രീകളാണ്. കുളിച്ചിട്ട് ഈറൻ മുടിയോടെ താഴെ നിന്ന് വേഗത്തിൽ കയറി വന്നിട്ട് കൂട്ടുകാരെ കാത്തു നിന്ന ചേച്ചിയെയാണ് ഞാൻ ആദ്യം കണ്ടതും ഭയന്നതും. ഏതായാലും സിനിമയിൽ അല്ലാതെ ഒരു യക്ഷിയെ എങ്കിലും നേരിൽ കാണാൻ കഴിഞ്ഞല്ലോ.
ആ… മനസ്സിലായി ഇച്ചേയി. ഞാൻ പോട്ടെ. എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ സൈക്കി ളിൽ കയറി ചവിട്ടിയപ്പോൾ… ദേ…
ഒരു പ്രശ്നവുമില്ലാതെ അത് മുന്നോട്ട് പോയി.
“പിന്നെ കുറച്ചു മുമ്പ് ഈ പഹയന് എന്ത് പറ്റിയതായിരുന്നു?”
മാങ്കാവിൽ എത്തി വേഗം പാൽ വാങ്ങിച്ച് തിരിച്ച് പോരുമ്പോൾ നേരം പരപരാ വെളുത്തു തുടങ്ങിയിരുന്നു. വഴിനീളേ ഉള്ള പല വീടുകളുടെയും മുറ്റത്ത് പെൺകുട്ടികൾ മുല്ലപ്പൂക്കൾ പറിക്കുന്നത് കണ്ടു. പുലരിയുടെ കുളിരും മുല്ലപ്പൂക്കളുടെ ഹൃദ്യമായ സുഗന്ധവും സ്വന്തം ഗ്രാമത്തിലെ പരിചയമുള്ള പല പെൺകുട്ടികളുടെയും മുഖദർശനവും….
ഹോ! ആ അനുഭൂതിയിൽ വീട്ടിലെത്തിയത് അറിഞ്ഞതേയില്ല.
പെങ്ങളുടെ കയ്യിൽ പാൽ ഏൽപ്പിച്ചു കൊടുത്തപ്പോൾ അവളുടെ വക ഒരു ചിങ്കാരം. “അമ്മേ ഇവൻ എന്തു മിടുക്കനാണ്. എത്ര വേഗമാണ് പോയി വന്നത്. “
മനസ്സിൽ പൊടുന്നനെ വന്ന വാക്കുകൾ വിഴുങ്ങി, പെട്ടെന്ന് മുറിയിൽ കയറി കിടക്കയിൽ വീണു. വെറുതെ അമ്മപെങ്ങമ്മാരുടെ വായിലിരിക്കുന്നത് കേൾക്കണ്ട.
തന്നെയുമല്ല അടുത്ത വർഷം കോളേജിൽ ചേരണമെങ്കിൽ അവളുടെ ഗൾഫ്കാരൻ ഭർത്താവിന്റെ സഹായം വേണ്ടിവരുമെന്ന് ഒരു ഉൾവിളി ഉണ്ടാകുകയും ചെയ്തു.


9 Comments
രസകരമായ എഴുത്ത്❤️👍
സന്തോഷം.. നന്ദി
കൊള്ളാം
Thank you
കൊള്ളാം. നന്നായി എഴുതി ട്ടോ❤️❤️👌
Thank you
സന്തോഷം. നന്ദി
രസിച്ചു വായിച്ചു.
👌
സന്തോഷം. ♥️