ചാരിയ വാതിലിന്റെ വിടവിൽ കൂടി അച്ഛന്റെ മുറിയിലെ കാഴ്ച കണ്ട് രവിയുടെ മനസ്സ് നിറഞ്ഞു. കട്ടിലിൽ തലയണ ചാരി ‘അമ്മ ഇരിക്കുന്നു. ഓരം ചേർന്ന് അച്ഛനും കിടപ്പുണ്ട്. ഉണ്ണിക്കുട്ടൻ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കുകയാണ്. അവന്റെ തലയിൽ തലോടി കൊണ്ട് അമ്മ കഥ പറയുന്നു .
” ജയേ, ഇങ്ങോട്ടൊന്നു വന്നാൽ നല്ലൊരു കാഴ്ച കാണാം.”
അടുക്കളയിൽ നിന്ന് വന്ന ജയ മുറിയിലേക്ക് എത്തിനോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു.
“സാരമില്ല, ഇനി വിഷമിക്കണ്ട. എല്ലാം നീ തിരിച്ചറിഞ്ഞുവല്ലോ. വരൂ, നമുക്ക് പുറത്തെ വരാന്തയിൽ ഇത്തിരി നേരം ഇരിക്കാം. നല്ല നിലാവുണ്ട്.”
“രവിയേട്ടൻ അങ്ങോട്ട് പൊയ്ക്കൊള്ളൂ. അടുക്കളയിൽ ഇത്തിരി ജോലി കൂടിയുണ്ട്. അത് തീർത്തിട്ട് ഞാൻ വരാം.”
ജയ എത്ര മാറിപ്പോയെന്ന് വരാന്തയിലേക്കിറങ്ങുമ്പോൾ രവി ഓർത്തു. അച്ഛന്റെ ചാരുകസേരയിൽ ചാഞ്ഞു കിടക്കുമ്പോൾ മനസ്സ് പിറകിലേക്ക് നടന്നു.
തന്റേത് സന്തോഷകരമായ ബാല്യവും കൗമാരവുമൊക്കെ ആയിരുന്നു. സുന്ദരമായ ഗ്രാമത്തിലെ വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും താനും അടങ്ങിയ സംതൃപ്ത കുടുംബം. നാട്ടിലെ സ്കൂളിലെ അധ്യാപകനായിരുന്നു അച്ഛൻ. അമ്മക്ക് ഗൃഹഭരണം. നന്നായി പഠിക്കുന്ന താനും ചേച്ചിയും. അല്ലലൊന്നുമില്ലാതെ കാലം നീങ്ങി.
തൊട്ടടുത്ത് താമസിക്കുന്ന അമ്മാവന്റെ മകനുമായി ചെറുപ്പം മുതൽ ചേച്ചി ഇഷ്ടത്തിലായിരുന്നു. മോഹനേട്ടന് ഡൽഹിയിൽ ജോലി കിട്ടിയപ്പോൾ അവരുടെ വിവാഹം കഴിഞ്ഞു. താമസിയാതെ അവർ ഡൽഹിയിൽ താമസവുമായി.
അച്ഛൻ താമസിച്ചു വിവാഹം കഴിച്ചതുകൊണ്ട് താൻ MA കഴിഞ്ഞപ്പോഴേക്കും സ്കൂളിലെ പ്രധാനാധ്യാപകനായി റിട്ടയർ ചെയ്തിരുന്നു. കോളേജ് വിട്ടിട്ട് ആദ്യം എഴുതിയ ബാങ്ക് ടെസ്റ്റിൽ തന്നെ തനിക്ക് സെലക്ഷൻ ആയി. വീട്ടിൽ നിന്ന് അരമണിക്കൂർ മാത്രം യാത്ര ചെയ്യേണ്ട ദൂരത്തിൽ പോസ്റ്റിങ്ങ് കൂടി ആയപ്പോൾ എല്ലാവർക്കും സന്തോഷമായി.
പിന്നീട് കല്യാണാലോചനകളുടെ ബഹളമായിരുന്നു. ജാതകപ്പൊരുത്തമില്ലായ്മയുടെ പേരിൽ പല ആലോചനകളും മാറിപ്പോയപ്പോഴാണ് തങ്ങളുടെ നാട്ടിൽ കൃഷി ഓഫീസറായി വന്ന ഒരു പെൺകുട്ടിയുടെ കാര്യം അമ്മാവൻ പറഞ്ഞത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നല്ല ജാതപ്പൊരുത്തം. നല്ല കുടുംബം. വീട്ടിൽ എല്ലാവർക്കും വളരെ താല്പര്യമായി. പെൺവീട്ടുകാർക്കും എതിരഭിപ്രായം ഒന്നുമില്ലായിരുന്നു. ജയയെ കണ്ടു കഴിഞ്ഞപ്പോൾ തനിക്കും ഇഷ്ടപ്പെട്ടു. ഇത്തിരി പരിഷ്ക്കാരിയാണോയെന്ന് ഒരു സംശയം തോന്നി. അത് നഗരത്തിൽ വളർന്നത് കൊണ്ടാകാം എന്ന് താൻ സമാധാനിക്കുകയും ചെയ്തു.
വളരെ ആർഭാടമായി വിവാഹം കഴിഞ്ഞു. വീട്ടിൽ നിന്ന് നടന്നു പോകാവുന്ന ദൂരത്തിലായിരുന്നു ജയയുടെ ഓഫീസ്. ദിവസങ്ങൾ കഴിയവേ നാട്ടിൻപുറ ജീവിതം മടുക്കുന്നു എന്നവൾ പറഞ്ഞു തുടങ്ങി. അച്ഛനും അമ്മയും സ്വന്തം മകളായാണ് ജയയെ കണ്ടതെങ്കിലും അവൾ തിരിച്ച് ആ അടുപ്പം കാണിച്ചില്ല. മകൻ പിറന്നതോടെ പ്രശ്നങ്ങൾ തുടങ്ങി. അറിയാപ്രായം മുതൽ അശ്വിൻ എന്ന ഉണ്ണിക്കുട്ടന് അച്ചാച്ചനോടും അച്ഛമ്മയോടുമായിരുന്നു അടുപ്പം. നാട്ടിലെ സ്കൂളിൽ കുഞ്ഞിനെ ചേർത്തത് ജയക്ക് ഒട്ടും ഇഷ്ടമായില്ല . പക്ഷെ അവൾക്ക് ജോലി അവിടെയായതു കൊണ്ട് അടങ്ങിയിരിക്കാനെ കഴിഞ്ഞുള്ളു.
സ്കൂൾ വിട്ടു വന്നാൽ കുഞ്ഞ് അച്ചാച്ചനോടൊപ്പം നാട് കാണാൻ പോകുന്നതും പിന്നെ മടിയിലിരുന്ന് വിശേഷം പറയുന്നതും രാത്രിയിൽ അച്ഛമ്മക്കൊപ്പം കിടന്ന് കഥ കേട്ടുറങ്ങുന്നതും ജയക്ക് ഒട്ടും പഥ്യമായില്ല.
“ഈ പഴഞ്ചൻ ആളുകളുമായി ചേർന്നാൽ നമ്മുടെ മോന്റെ ഭാവി ഇല്ലാതാകും. അവനെ ഒരു ഡോക്ടർ ആക്കണമെന്നാണ് എന്റെ മോഹം. “കിടപ്പറയിൽ അവളുടെ കലമ്പലുകൾ കൂടി വന്നു.
“ജയേ, ഈ സ്കൂളിൽ പഠിച്ചിട്ട് ഞാൻ നല്ല നിലയിൽ എത്തിയില്ലേ. കൂട്ടുകുടുംബത്തിൽ വളർന്നത് കൊണ്ട് ഒരു കുട്ടിയും നശിച്ചു പോയിട്ടില്ല. പിന്നെ, അവൻ ആരാകണമെന്ന് വളരുമ്പോൾ അവൻ തന്നെ തീരുമാനിക്കുന്നതല്ലേ നല്ലത്.”
പക്ഷെ അവൾ അതൊന്നും അംഗീകരിച്ചില്ല. പതുക്കെ കിടപ്പറപ്പുറത്തേക്കും ആ വഴക്കുകൾ വ്യാപിച്ചു. വീട്ടിൽ മനസ്സമാധാനം ഇല്ലാതായി. കഴിയുന്നതും ഉണ്ണിക്കുട്ടനെ അകറ്റി നിർത്താൻ അച്ഛനുമമ്മയും ശ്രമിച്ചുവെങ്കിലും അച്ചാച്ചനും അച്ഛമ്മയുമില്ലാത്ത ഒരു ലോകം അവനില്ലായിരുന്നു.
മകൻ നാലാം ക്ലാസ് ജയിച്ച ആ രാത്രി ജയ പൊട്ടിത്തെറിച്ചു.
“ഇപ്പോൾ എനിക്ക് നഗരത്തിലെ ഹെഡ് ഓഫീസിലേക്ക് മാറ്റം കിട്ടും. രവിയേട്ടനും അവിടത്തെ ബ്രാഞ്ചിലേക്ക് മാറാമല്ലോ. മോനെ പട്ടണത്തിലെ നല്ല ഒരു സ്കൂളിൽ ചേർത്തേ പറ്റൂ. ഇത്രയും നാൾ ഞാൻ ക്ഷമിച്ചു. എന്റെ മോൻ ഈ നാട്ടിൻപുറത്തു കിടന്ന് നശിക്കാൻ ഞാൻ സമ്മതിക്കില്ല.”
പക്ഷെ അവളുടെ വാശി സമ്മതിച്ചു കൊടുക്കാൻ താൻ തയ്യാറായില്ല. വീട്ടിൽ നിരന്തരം വഴക്കായി. ഇടയിൽ കിടന്ന് അച്ഛനും അമ്മയും വീർപ്പുമുട്ടി. അവസാനം ഒരു ദിവസം അച്ഛൻ തന്നോട് പറഞ്ഞു.
“രവീ, ഈ പോക്ക് അപകടമാണ്. ജയ ഒട്ടും വഴങ്ങുന്നില്ലല്ലോ. അതുകൊണ്ട് നിങ്ങൾ ട്രാൻസ്ഫർ മേടിക്കണം. മോനെ അവിടെ നല്ല സ്കൂളിൽ ചേർക്കണം. ഞങ്ങൾക്കിവിടെ പ്രശ്നമില്ല. നിങ്ങൾ ഇടക്ക് വന്നാൽ മതി.”
ആദ്യമൊക്കെ താൻ സമ്മതിച്ചില്ലെങ്കിലും ബന്ധം പിരിയുമെന്ന ഒരവസ്ഥ വന്നപ്പോൾ ആ കൂടുമാറ്റം വേണ്ടിവന്നു. മകനെ പ്രശസ്തമായൊരു സ്കൂളിൽ ചേർത്തു . നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഞങ്ങൾ താമസവുമായി.
ജയ വളരെ സന്തോഷവതിയായി. പക്ഷെ ഉണ്ണിക്കുട്ടന് ആ പറിച്ചുനടീൽ പൊരുത്തപ്പെടാൻ വിഷമമായിരുന്നു. മാത്രമല്ല ജയയുടെ ചിട്ടകൾ അവന് ഏറെ പ്രയാസമുണ്ടാക്കുന്നതായിരുന്നു.
“എന്തിനാ ഡാഡീ നമ്മൾ ഇങ്ങോട്ടു വന്നത്. എനിക്ക് നമ്മുടെ വീട്ടിൽ താമസിച്ചാൽ മതി.”
“ഇനി ഇതാണ് നമ്മുടെ വീട്. ഞാൻ പറയുന്നതനുസരിച്ച് കഴിഞ്ഞാൽ മതി.” ജയയുടെ കർശനമായ വാക്കുകൾ അവനെ നിശ്ശബ്ദനാക്കി.
നാളുകൾ കടന്നു പോയി. ഉണ്ണിക്കുട്ടൻ മൂകനായി മാറുന്നത് തനിക്ക് അനുഭവപ്പെട്ടു. ജയയോട് സൂചിപ്പിച്ചുവെങ്കിലും അവൾ അത് കാര്യമാക്കിയില്ല.
ഏഴാംക്ലാസ് എത്തിയതോടെ അവൻ കൂടുതൽ നിശ്ശബ്ദനായി. സ്കൂൾ വിട്ടു വന്നാൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതായി.
“കണ്ടോ, അവനിപ്പോൾ മുഴുവൻ സമയവും പഠിത്തത്തിലാണ്. അവിടെ ആയിരുന്നുവെങ്കിൽ നിങ്ങളുടെ അച്ഛന്റെ പിറകെ നടന്ന് സമയം കളഞ്ഞേനെ. പിന്നെ അടുത്ത വർഷം അവനെ മെഡിസിന്റെ എൻട്രൻസ് ക്ലാസിനു കൂടി ചേർക്കണം.”
അത്യാവശ്യമായി സ്കൂളിലേക്ക് ചെല്ലണമെന്ന ഫോൺ വന്നത് കൊണ്ടാണ് അന്ന് ക്ലാസ് ടീച്ചറുടെ മുന്നിലെത്തിയത്.
“നോക്കൂ മിസ്റ്റർ രവീന്ദ്രൻ , വളരെ പ്രധാനപ്പെട്ടൊരു വിവരം പറയാനാണ് വിളിപ്പിച്ചത് അശ്വിൻ രവീന്ദ്രൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഞങ്ങൾ സംശയിക്കുന്നു. അറിയാമല്ലോ, ഇപ്പോൾ ഇതിന്റെ വ്യാപനം തടയാൻ പ്രയാസമാണെന്ന്. മകനെ തുടക്കത്തിൽ തന്നെ ചികിൽസിക്കുന്നതാണ് നല്ലത്. ദയവു ചെയ്ത് ഇത് പുറത്തറിയിക്കരുത്. ഞങ്ങൾക്കും നിങ്ങൾക്കും ദോഷമാണ്.”
എങ്ങിനെ വീടെത്തിയെന്ന് തനിക്കറിയില്ലായിരുന്നു. എത്രയും പെട്ടെന്ന് വീട്ടിലെത്താൻ ജയയോട് കർശനമായി വിളിച്ചു പറഞ്ഞു. പരിഭ്രമിച്ചെത്തിയ ജയയോട് കാര്യങ്ങൾ അറിയിച്ചപ്പോൾ അവൾ ഒട്ടും വിശ്വസിക്കാൻ തയ്യാറായില്ല.
“അയ്യേ, രവിയേട്ടൻ അത് വിശ്വസിച്ചോ, നമ്മുടെ മോൻ അങ്ങിനെയൊന്നും ചെയ്യില്ല. അവരുടെ തെറ്റിദ്ധാരണയാണ്. നാളെ തന്നെ ഞാൻ സ്കൂളിൽ പോയി ചോദിക്കാം.”
അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി.
പതിവുപോലെ വൈകിട്ട് സ്കൂളിൽ നിന്ന് വന്ന മകൻ ആരെയും ശ്രദ്ധിക്കാതെ മുറിയിലേക്ക് കടന്നു. താൻ അവനെ നിർബന്ധമായി വെളിയിലേക്കിറക്കി. ജയ പിറകെ ഓടിയെത്തി.
“രവിയേട്ടാ, വെറുതെ അവനെ വിഷമിപ്പിക്കല്ലേ.”
പക്ഷെ തനിക്ക് ചോദിച്ചല്ലേ പറ്റുകയുള്ളൂ.
വളരെ സംയമനം പാലിച്ച് ശാന്തനായി അവനോട് ചോദിച്ചു.
“ഉണ്ണീ, ഇന്ന് നിന്റെ സ്കൂളിൽ നിന്ന് ഡാഡിയെ വിളിപ്പിച്ചിരുന്നു. നിനക്ക് മോശമായ കൂട്ടുകെട്ടുകൾ ഉണ്ടോ. വേണ്ടാത്ത എന്തെങ്കിലും നീ ഉപയോഗിക്കുന്നുണ്ടോ.”
കുറച്ചു നേരം അവൻ ജയയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. പിന്നെ പൊട്ടിത്തെറിച്ചു.
“ഉണ്ട്, എന്റെ സന്തോഷങ്ങൾ ഈ മമ്മി ഇല്ലാതാക്കിയില്ലേ. എനിക്ക് അച്ചാച്ചനോടും അച്ഛമ്മയോടും ഒപ്പം തറവാട്ടിൽ താമസിക്കാനായിരുന്നു ഇഷ്ടം. എല്ലാവരോടും വഴക്കിട്ടല്ലേ മമ്മിയെന്നെ ഇങ്ങോട്ടു കൊണ്ടു വന്നത്. ഇവിടെ ഞാൻ ഒറ്റക്കായി. എനിക്ക് ഡോക്ടർ ആവേണ്ട. ഇതൊക്കെ പറഞ്ഞാൽ വീണ്ടും വീട്ടിൽ വഴക്കാവും. അപ്പോഴാണ് സന്തോഷം തരുന്ന ആ മരുന്ന് എനിക്ക് കിട്ടിയത്. പഴയ കാലം മറക്കാനുള്ള മരുന്ന്.” അവൻ ഉറക്കെ ഉറക്കെ കരഞ്ഞു. ഒന്നും പറയാനില്ലാതെ ഞങ്ങൾ പകച്ചു നിന്നു .
പിറ്റേന്ന് ബാങ്കിലെ അടുത്ത സുഹൃത്തിന്റെ ചേട്ടനായ സൈക്കോളജിസ്റ്റിന്റെ മുന്നിലിരിക്കുമ്പോൾ ജയ പൊട്ടിക്കരയുകയായിരുന്നു. കാര്യങ്ങളെല്ലാം കേട്ട ശേഷം അദ്ദേഹം മകനോട് വിശദമായി സംസാരിച്ചു. പിന്നെ ഞങ്ങളെയും ഒപ്പമിരുത്തി.
“നിങ്ങൾക്ക് ഭാഗ്യമുണ്ട് . ഉണ്ണി മയക്കമരുന്നിന് അഡിക്ട് ആയിട്ടില്ല. അവനുമായി ഞാൻ വിശദമായി സംസാരിച്ചു. എന്തിനാണ് നിങ്ങൾ ഉണ്ണിക്കുട്ടനെ അവന്റെ അച്ചാച്ചന്റെയും അച്ഛമ്മയുടെയും അരികിൽ നിന്ന് മാറ്റിയത്. അവന് അവരുടെ സാമീപ്യവും നാട്ടിൻപുറത്തെ അന്തരീക്ഷവുമാണ് വേണ്ടത്. എത്ര ശ്രമിച്ചിട്ടും ഇവിടെ കുട്ടിക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. നിങ്ങൾ അത് മനസ്സിലാക്കിയതുമില്ല. അതു കൂടാതെ അവന് ഡോക്ടർ ആകേണ്ട. എല്ലാത്തിൽ നിന്നും ഒരു രക്ഷപ്പെടീലിനാണ് അവൻ ഈ ചീത്ത സ്വഭാവത്തിലേക്ക് തിരിഞ്ഞത്. നിങ്ങൾ അവനെ അവന്റെ തട്ടകത്തിൽ എത്തിക്കൂ. നല്ലൊരു മനുഷ്യനായി ഉണ്ണിക്കുട്ടൻ വളരാൻ അത് മാത്രം മതി മരുന്ന്.”
തിരിച്ചു വീട്ടിലെത്തിയപ്പോൾ ജയ ആകെ മാറിയിരുന്നു. മകനെ കെട്ടിപ്പിടിച്ച് അവൾ ഉറക്കെ കരഞ്ഞു.
“മോനെ, നീ അമ്മയോട് പൊറുക്കണേ. നമുക്ക് ഇന്ന് തന്നെ തിരിച്ചു പോകാം. ഉണ്ണി തറവാട്ടിൽ സന്തോഷത്തോടെ വളരട്ടെ. ” അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
“ഡാഡിയും മമ്മിയും എനിക്ക് മാപ്പു തരണം. ഇനി ഒരിക്കലും ഞാൻ ഒരു ചീത്ത കാര്യങ്ങളുടെയും പിറകെ പോകില്ല. നമുക്ക് തിരിച്ചു പോകാം.”
“ഇനി ഡാഡിയും മമ്മിയുമില്ല. അച്ഛനും അമ്മയും.” ജയ തിരുത്തി. അവൾക്കായിരുന്നുവല്ലോ അങ്ങിനെ വിളിക്കണമെന്ന് നിർബന്ധം.
അങ്ങിനെ ഒരുപാട് വിഷമങ്ങൾക്കൊടുവിൽ ഞങ്ങൾ സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് എത്തിയിരിക്കുന്നു.
ജയ വരാന്തയിലേക്ക് വന്ന് താഴത്ത് ചാരുകസേര ചേർന്നിരുന്നു. പതിയെ അവൾ തന്റെ മടിയിലേക്ക് തലചായ്ച്ചു. മുല്ലപ്പൂ മണമുള്ള ഒരു കുളിർകാറ്റ് തങ്ങളെ തഴുകിപ്പോയി. ഏതോ കുട്ടിപ്പാട്ടിന്റെ ശീലുകളും ഉണ്ണിക്കുട്ടന്റെ കുസൃതി ചോദ്യങ്ങളും കൂടി ആ കാറ്റിലുണ്ടായിരുന്നു.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


8 Comments
നല്ല കഥ. ജീവിതം ഏറെ കണ്ടവർ, പേരക്കുട്ടികൾക്ക് നല്ല കൂട്ടാണെന്ന് പറഞ്ഞു വെച്ച കഥ. നന്നായി എഴുതി.👏👍
സ്നേഹം….. നന്ദി ജോയ്സ്❤️🙏
നല്ല കഥ ♥️
സ്നേഹം….. നന്ദി സ്വപ്നാ ❤️🙏
നല്ല കഥ.നല്ല എഴുത്ത്. ഇതിലെ കഥാപാത്രങ്ങളുടെ പേരുകൾ ജയയും ഉണ്ണികുട്ടനും.എന്റെ മരുമകളുടേയും പേരക്കുട്ടിയുടേയും ആണ്.അവർ എന്റെ അടുത്ത് നിന്ന് സ്വിറ്റ്സർലാൻഡിലേക്ക് പോയപ്പോൾ എനിക്കും വലിയ സങ്കടമായിരുന്നു.ഇത് വായിച്ചപ്പോൾ ആ അച്ഛമ്മയിൽ ഞാൻ എന്നെത്തന്നെ കണ്ടു
കൊച്ചുമക്കൾ അടുത്തില്ലാത്തത് സങ്കടം തന്നെയാണ്……സ്നേഹം…. നന്ദി ശ്രീകുമാരീ❤️🙏
നല്ല കഥ മിനീ👌❤️
ഗ്രാൻ്റ് പാരൻ്റ്സ് വളർത്തുന്ന കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കാത്ത ചില സ്ക്കൂളുകളേക്കുറിച്ചു കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്കു നഷ്ടപ്പെടുന്നതെന്തെന്ന് ആരും അറിയുന്നില്ല
സ്നേഹം….. നന്ദി സുമാ❤️🙏