രാത്രി ഏറെ വൈകിയിരിക്കുന്നു. അയാൾ മുകളിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിനെ നോക്കി കിടന്നു. അയാൾ ആ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. ഭക്ഷണം കഴിക്കാനും, ബാത്‌റൂമിൽ കൊണ്ട് പോകാനും എല്ലാം പരസഹായം വേണം. ഭാര്യക്കും മക്കൾക്കും എല്ലാം എന്നെ മടുത്തു എന്ന് അയാൾക്ക് തോന്നി തുടങ്ങി. ഒന്ന് മരിച്ചു കിട്ടിയിരുന്നെങ്കിൽ അയാൾ മനസ്സിൽ ആശിച്ചു.
സമയത്തിനൊക്കെ എന്ത് വേഗതയാ എന്ന് പറഞ്ഞ അതേ എനിക്ക് തന്നെ ഒരു ദിവസം അവസാനിക്കാൻ ഒരു വർഷം സമയം പോലെ തോന്നിയിരുന്നു. ഈ കിടപ്പിൽ പലരുടെയും മരണ വാർത്ത കേട്ടിരുന്നു. തന്റെ അനിയന്റെ മരണ വാർത്ത കേട്ടാണ് ഏറ്റവും വിഷമിച്ചത്.
അവനെ അവസാനം കണ്ടത്, അവൻ മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ്. എന്നെ കാണാൻ വന്നതാണ് അവൻ. പോകുന്ന പോക്കിൽ അവൻ എന്റെ ഭാര്യയോട് പറയുന്നത് കേട്ടു. അമ്മായീ, ഇക്കാക്ക് തീരെ വയ്യ. ഇനി എത്ര ദിവസം ഉണ്ടാകും എന്ന് ആർക്കറിയാം. അമ്മായി ഇക്കാനെ നല്ലോണം നോക്കണം. അങ്ങനെ പറഞ്ഞു പോയവൻ ആണ്. രണ്ട് ദിവസത്തിന് ശേഷം അവന്റെ മരണ വാർത്ത കേട്ടു. അതൊക്കെ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു. ഞാൻ ഇപ്പോഴും ഇവിടെ മരണത്തെ കാത്തു കിടക്കുകയാണ്. പക്ഷേ, മരണത്തിന് എന്നെ കൊണ്ട് പോകാൻ ഇനിയും സമയമായിട്ടില്ല.
അയാൾ ഓരോന്നും ഓർത്തു കിടന്നു.
പാതിരാത്രിയായപ്പോൾ രണ്ട് കാലിലും ഒരു തരിപ്പ് അനുഭവപെട്ടു. ആ തരിപ്പ് പതിയെ, പതിയെ മേലോട്ട് കയറി വന്നു.
റൂഹ്(ജീവൻ) എടുക്കുന്ന മലക്ക്(കാലൻ)കാലിൽ നിന്നാണ് ജീവൻ എടുക്കാൻ തുടങ്ങുക, കാലിൽ നിന്ന് തുടങ്ങി കണ്ണിലൂടെയാണ് അവസാന ജീവൻ പുറത്തേക്ക് പോകുക, എന്നൊക്കെ എവിടെയോ വെച്ച് കേട്ടത് പോലെ ഒരു ഓർമ്മ.
കാലിന്റെ തരിപ്പ് മേലോട്ട് വീണ്ടും കയറി വരികയാണ്. കാലിന്റെ തുടകൾ വരെ ആ തരിപ്പ് പടർന്നെത്തി. മുമ്പൊരിക്കൽ ഒരു ഓപ്പറേഷൻ ചെയ്യാൻ അനസ്ത്യേഷ്യ ചെയ്തപ്പോൾ അനക്കാൻ വയ്യാതെ കിടന്ന കാലുകൾ. അത് പോലെയാണ് ഇപ്പോൾ എന്റെ കാലുകൾ ഉള്ളത്.
അതേ എന്റെ ജീവൻ എന്നെ വിട്ട് പോകുകയാണ്. ഭാര്യയോ, മക്കളോ എന്റെ മരണവേദന കാണാൻ അടുത്തില്ല. ഉറക്കെ ഒന്ന് നിലവിളിക്കണം എന്നുണ്ട്. പക്ഷേ ശബ്ദം പുറത്ത് വരുന്നില്ല.
മരണത്തെ ഒരു പാട് ആഗ്രഹിച്ചതാണെങ്കിലും, ഞാൻ അവസാനിക്കാൻ പോകുകയാണ് എന്ന ചിന്ത അയാളെ ഭയപ്പെടുത്തി. ഒരു പക്ഷേ എന്റെ മരണം സംഭവിച്ചു ഒരു പാട് സമയം കഴിഞ്ഞാകും ഭാര്യയും മക്കളും ഒക്കെ അറിയുക. മരണം സംഭവിച്ചു അൽപ സമയത്തിനകം, തന്നെ മരിച്ച ആളുടെ കൺപോളകൾ അടുത്തുള്ള ആരെങ്കിലും കൈ കൊണ്ട്, അടക്കണം. അല്ലെങ്കിൽ കണ്ണുകൾ അടക്കാൻ പറ്റില്ല. ഞാൻ മരിക്കാൻ പോകുകയാണ്. ആരും അടുത്തില്ല. എന്റെ തുറിച്ച കണ്ണുകൾ കണ്ടു എന്റെ ഭാര്യയും മക്കളും പേടിക്കേണ്ട. അയാൾ കണ്ണുകൾ അടച്ചു. മനസ്സ് കൊണ്ട് മരണത്തെ വരവേൽക്കാൻ തയ്യാറായി.
തരിപ്പ് പടർന്നു പടർന്നു കഴുത്തിനു മുകളിൽ എത്തി. ശ്വാസം കിട്ടുന്നില്ല. അയാൾ, ശ്വാസത്തിനായ് പിടഞ്ഞു. ശ്വാസം കിട്ടാതെ പിടയുമ്പോഴും അയാൾ അടച്ചു വെച്ച കൺപോളകൾ തുറന്നില്ല. ഒരു വലിയ ഇരുൾ നിറഞ്ഞ ഗർത്തത്തിലേക്ക് തന്റെ ശരീരം വീഴുന്നത് പോലെ അയാൾക്ക് തോന്നി. ചുറ്റും ഇരുട്ട്. ഇപ്പോൾ ശ്വാസത്തിനായുള്ള പിടച്ചിൽ അവസാനിച്ചിരിക്കുന്നു. എന്റെ മരണം സംഭവിച്ചു കഴിഞ്ഞെന്നു തോന്നുന്നു.
മരണ സമയത്ത് നല്ലവൻ ആണെങ്കിൽ സ്വർഗം കാണുമെന്നും, കെട്ടവൻ ആണെങ്കിൽ നരകം കാണുമെന്നും ഒക്കെ കേട്ടിരുന്നു. പക്ഷേ ഞാൻ അതൊന്നും കണ്ടില്ലല്ലോ.
അറുപിശുക്കൻ ആയ ഞാൻ ആർക്കും ഒന്നും കൊടുക്കാറില്ല. അത് കൊണ്ടാകും സ്വർഗം ഒന്നും കാണാതിരുന്നത്. എന്നാൽ ഞാൻ ആരെയും ഉപദ്രവിച്ചിട്ടും ഇല്ല. അതായിരിക്കും മരണ സമയത്ത് നരകം കാണാതിരുന്നതും.
ചുമരിലെ ക്ലോക്കിലെ സെക്കന്റ് സൂചിയുടെ ടിക് ടിക് ശബ്ദം, അപ്പോഴും അയാൾക്ക് കേൾക്കാമായിരുന്നു. ആരോ അടുത്തേക്ക് നടന്നു വരുന്നുണ്ട്. ഇതുവരെ ഉറങ്ങി എഴുന്നേറ്റില്ലേ. ചായ കൊണ്ട് വന്നിട്ടുണ്ട്. ഭാര്യയുടെ ശബ്ദം കേൾക്കുന്നു. അവൾ തന്റെ ചുമലിൽ പിടിച്ചു കുലുക്കുന്നു. എല്ലാം ഞാൻ അറിയുന്നുണ്ട്.
നമ്മുടെ കാലിൽ ഒരു മുറിവ് പറ്റിയാൽ, അവിടെ മുറിവ് പറ്റിയിട്ടുണ്ട് എന്ന സന്ദേശം തലച്ചോറിലേക്ക് എത്തണം, അതിന് ശേഷമേ നമ്മൾ വേദന അറിയൂ. അത് കൊണ്ടാണ് മുറിവ് പറ്റിയ ഉടനേ വേദന കാര്യമായി അറിയാത്തതും, സെക്കന്റ്‌കൾക്ക് ശേഷം അവിടെ വല്ലാതെ വേദന അനുഭവപെടുന്നതും. എന്നാൽ മരണശേഷം തലച്ചോറിന്റെ പ്രവർത്തനം പൂർണമായും അവസാനിക്കും. അത് കൊണ്ട് പിന്നെ ഒരു വേദനയോ, ഒന്നും തന്നെ മരിച്ച ആൾ അറിയില്ല. ഇതൊക്കെ ആയിരുന്നു എന്റെ യുക്തി ചിന്ത.
എന്റെ യുക്തിചിന്തകൾ എല്ലാം തെറ്റായിരുന്നു.
എല്ലാം ഞാൻ അറിയുന്നുണ്ട്. ഭാര്യയുടെ വിളികളും, ഞാൻ ഉണരാതായപ്പോൾ അവൾ ഉറക്കെ നിലവിളിക്കുന്നു. മക്കളെ ഉപ്പ പോയി മക്കളെ.
ഭാര്യയുടെയും മക്കളുടെയും കൂട്ട നിലവിളി അയാളുടെ കാതിൽ കേൾക്കുന്നുണ്ടായിരുന്നു.
മരണവീട്ടിലേക്ക് വന്ന ആൾക്കാരുടെ അടക്കം പറച്ചിലും, ആരൊക്കെയോ അടുത്തിരുന്നു ഖുർആൻ പാരായണം ചെയ്യുന്നതും എല്ലാം അയാൾക്ക് കേൾക്കാം. കാണാൻ പറ്റുന്നില്ല എന്നേ ഉള്ളൂ.
ഒടുവിൽ മയ്യിത്ത് കുളിപ്പിക്കാൻ എടുത്തു. ആരൊക്കെയോ തന്നെ മയ്യിത്ത് കട്ടിലിൽ കിടത്തി പള്ളികാട്ടിലേക്ക് കൊണ്ട് പോകുകയാണ്. ആറടിമണ്ണിനടിയിൽ അവർ അയാളെ കിടത്തി. മുകളിൽ സ്ലാബ് ഇടുന്ന ശബ്ദം കേൾക്കുന്നുണ്ട്. മണ്ണ് വാരിയിടുന്ന ശബ്ദം കേൾക്കുന്നുണ്ട്. അൽപ്പ സമയം കഴിഞ്ഞു. ഇപ്പോൾ ഒരു ശബ്ദവും കേൾക്കുന്നില്ല.
എന്റെ ശരീരം ഇപ്പോൾ ആറടി മണ്ണിനടിയിൽ ആണെന്ന തിരിച്ചറിവ് അയാളെ ഭയചകിതൻ ആക്കി. ആരും കൂടെ ഇല്ല. ആറടി മണ്ണിനടിയിൽ എന്റെ ശരീരവും എല്ലാം തിരിച്ചറിഞ്ഞു കൊണ്ട് എന്റെ ആത്മാവും.
എങ്ങനെ എങ്കിലും എന്റെ ആത്മാവിനു പുറത്ത് കടക്കണം. ജീവൻ നഷ്ട്ടപെട്ട ശരീരം അവിടെ കിടക്കട്ടെ. പക്ഷെ ആത്മാവ് എല്ലാം തിരിച്ചറിയുന്നത് വല്ലാതെ പേടിപെടുത്തുന്നുണ്ട്.
അയാൾ ആഗ്രഹിച്ച പോലെ ആത്മാവ് ശരീരം വിട്ട് ആറടി മണ്ണിൽ നിന്നും പുറത്ത് വന്നു. വീട്ടിലെത്തി. ഭാര്യയും മക്കളും കരഞ്ഞു തളർന്നു ഉറങ്ങുകയാണ്.
ഇവരൊക്കെ തന്നെ ഇത്രയധികം സ്നേഹിച്ചിരുന്നു എന്നത് അയാളുടെ ആത്മാവിനെ സന്തോഷിപ്പിച്ചു.
അയാൾ മരണം കൊതിച്ചു കാത്തിരുന്ന കട്ടിലിലേക്ക് നോക്കി. തന്റെ സമയം കൊല്ലി മൊബൈൽ ഫോൺ അവിടെയുണ്ട്. അയാളുടെ ആത്മാവ് ഫോൺ എടുത്തു. ഫാമിലി ഗ്രൂപ്പിൽ മെസ്സേജ് വരുന്നുണ്ട്. മരണപെട്ട എന്നേ കുറിച്ചാണ് മെസ്സേജ് വരുന്നത്.
നല്ല സ്നേഹമുള്ള മനുഷ്യൻ ആയിരുന്നു. എപ്പോഴും എവിടെ കണ്ടാലും ചിരിച്ചു കൊണ്ട് സംസാരിക്കും. അങ്ങനെ തന്നെ കുറിച്ചു എല്ലാവരും ഒരു പാട് നന്മകൾ പറയുന്നു.
ഞാൻ കിടപ്പിൽ ആയപ്പോൾ വന്നു കാണാത്തവർ ആണ് ഇപ്പോൾ എന്റെ നന്മകൾ പറയുന്നത്. അവർക്കൊക്കെ ഒരു റിപ്ലൈ കൊടുക്കണം. പക്ഷേ ആത്മാവ് ആയ തനിക്ക് അതിന് കഴിയുമോ? എന്നെ കൊണ്ട് ഇത്രയും നന്മകൾ പറയുന്നവർക്ക് എങ്ങനെയെങ്കിലും, റിപ്ലൈ കൊടുക്കണം. അയാളുടെ ആത്മാവ് എങ്ങനെ ഒക്കെയോ റിപ്ലൈ എഴുതി അയച്ചു.
“എന്ത് കൊണ്ടിത് നേരത്തെ പറഞ്ഞില്ല “
അയാളുടെ റിപ്ലൈ ഗ്രൂപ്പിൽ വന്നതും ഗ്രൂപ്പിൽ നിലവിളി ഉയർന്നു. മരിച്ച ആൾ മെസ്സേജ് അയച്ചാൽ ആരും പേടിക്കുമല്ലോ. ആ നിലവിളി ശബ്ദത്തിൽ അയാൾ ഉറക്കമുണർന്നു.
അയാൾ ചുറ്റും നോക്കി. ഇല്ല ഞാൻ മരിച്ചിട്ടില്ല. എല്ലാം ഉറക്കിൽ കണ്ട സ്വപ്നം ആയിരുന്നു. കൊതിച്ചു കാത്തിരുന്ന മരണം സ്വപ്നം ആണെന്ന് അറിഞ്ഞപ്പോൾ അയാൾക്ക് ആശ്വാസം തോന്നി. എത്രയൊക്കെ ആയാലും മരണവും, അതിന് ശേഷം എന്തായിരിക്കും അവസ്ഥ എന്നത് ഓരോ മനുഷ്യന്റെയും പേടി സ്വപ്നം തന്നെ ആയിരിക്കും.
പാലും കൊണ്ട് വന്ന അപ്പുറത്തെ വീട്ടിലെ ശാരദ തന്റെ ഭാര്യയോട് സംസാരിക്കുന്ന ശബ്ദം അയാൾ കേട്ടു. അയൽവീട്ടിലെ ഒരു മരണ വാർത്തയെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ആകെ 35 വയസ്സേ ഉള്ളൂ ആ മരിച്ച ചെറുപ്പക്കാരന്. ജീവിച്ചു കൊതി തീരാത്തവരെ പെട്ടെന്ന് ഒരു ദിവസം കൂട്ടി കൊണ്ട് പോകുന്ന, ഹാർട്ട് അറ്റാക്ക് തന്നെ ഇവിടെയും വില്ലൻ.
മരണം അങ്ങനെയാണ്. ചിലരെ പെട്ടെന്ന് കൂട്ടി കൊണ്ട് പോകും. ചിലരെ കുറേ കാലം കിടത്തി നരകിപ്പിച്ചു നരകിപ്പിച്ചു വേദനിപ്പിച്ചു കൊണ്ട് പോകും.
മരണത്തിന്റെ ഓരോ വികൃതികൾ
✍️
ജിനാസ്. വി.


3 Comments
എപ്പോൾ വേണമെങ്കിലും അവൻ കടന്നുവരാമെന്നറിഞ്ഞിട്ടും മനുഷ്യൻ എത്ര അഹങ്കരിക്കുന്നു….. നന്നായെഴുതി👍❤️
ജീവിച്ചിരിക്കുമ്പോൾ ചേർത്തു നിർത്താത്തവർ മരണശേഷം പ്രകീർത്തിച്ചു കൊണ്ടിരിക്കും അല്ലേ.
🌹❤️
Thanks for Reading and commenting
❤️❤️