പെട്ടെന്ന് അവരുടെ മുന്നിൽ നടന്ന ഡെന്നി അപ്രത്യക്ഷമായി. അവനെവിടെ പോയി എന്ന് കണ്ട് പിടിക്കാൻ മുന്നോട്ട് നടന്ന രാഹുലിനെ സലീം തടഞ്ഞു.
“വേണ്ട സാർ അത് കെണിയാണ്. “
“തന്നെ പോലെ പരിചയമുള്ള ഒരാൾ കൂടെ ഉണ്ടായത് നന്നായി. ഞാനിപ്പോൾ വല്ല അബദ്ധവും കാട്ടി കൂട്ടിയേനെ. “
“ഇനി ഒരടി മുന്നോട്ടു പോകണ്ട സർ, നമുക്ക് തിരികെ മടങ്ങാം. “
ദൂരെ നിന്നും മാത്യുവിൻ്റെ വീട് കാണാം. വീടിൻ്റെ താഴത്തെ നിലയിൽ വെളിച്ചം കാണുന്നുണ്ട്.
മാത്യുവിന്റെ വീടിന്റെ മുന്നിലൂടെ തന്നെ അവർ വളരെ വേഗത്തിൽ സൈക്കിളിൽ പാഞ്ഞു. സലിം കൂടെ ഉണ്ടായത് കൊണ്ട് ഒരു ധൈര്യം തോന്നി.
സലീമിനെ വീട്ടിലാക്കി മടങ്ങുമ്പോൾ രാഹുൽ ആകെ നിരാശിതനായി.
രാവിലെ തന്നെ ഫോറൻസിക് ലാബിൽ ജോലി ചെയ്യുന്ന സുഹൃത്ത് വഴി രഹസ്യമായി സാമ്പിൾ മുടിയുടെ ഡി എൻ എ പരിശോധിക്കാൻ ഏർപ്പാടാക്കി. റിസൾട്ട് കിട്ടാൻ കാലതാമസമുണ്ട്, അത് വരെ തന്റേതായ രീതിയിൽ അന്വേഷിക്കാൻ തീരുമാനിച്ചു.
അടുത്ത ദിവസം പകൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ കിടന്നു ഉറങ്ങി. ആഹാരം പോലും കഴിക്കാതെ ഒരു മുഴുനീള ദിവസം നീണ്ട ഉറക്കം. ഇടയ്ക്കുണർന്നു നോക്കിയപ്പോൾ അപരിചിതമായ നമ്പറിൽ നിന്നും ഒരു ടെക്സ്റ്റ് മെസ്സേജ്.
“ഒന്ന് അടിയന്തിരമായി കാണണം. “
“ആരാണ്. “
എന്ന് ചോദിച്ചൊരു മറുപടി കൊടുത്തു ഫോൺ കമഴ്ത്തി വച്ചു. മറുപടി ഒന്നും കാണാത്തത് കൊണ്ട് രാഹുൽ ആ വിഷയം മറന്നു.
രാത്രിയിൽ വീണ്ടും ഒരു മെസേജ് വന്നു.
“ഇന്ന് രാത്രിയിൽ പഴയ പവർ ഹൗസിനരികിൽ ഒന്ന് വരാമോ. “
ആരാണ് ഈ സന്ദേശം അയച്ചത് എന്നൊന്നും ചിന്തിക്കാതെ രാഹുൽ വേഷം മാറി തയാറായി. എടുത്ത് ചാട്ടം രാഹുലിൻ്റെ കൂടെ പിറപ്പാണ്, സലീമിനെ കൂടി വിളിക്കണോ, ഒരു പക്ഷെ ഇതൊരു ട്രാപ്പാണെങ്കിൽ.. രക്ഷിക്കാൻ സലീം പുറത്തുണ്ടാകണം. എന്തായാലും ഒറ്റയ്ക്ക് പോകാമെന്ന് തന്നെ തീരുമാനമെടുത്തു.
കാറിലും ബൈക്കിലുമൊക്കെ പോകുമ്പോൾ, രജിസ്ട്രേഷൻ നമ്പർ വഴി പിടിക്കപ്പെട്ടാൽ സാദ്ധ്യത കൂടുതലാണ്. അത് കൊണ്ട് സൈക്കിളാണ് നല്ലത്. ഏഴെട്ട് കിലോമീറ്റർ പോകണം.
വൃശ്ചിക മാസത്തിലെ തണുത്ത രാത്രിയിൽ സൈക്കിളിൽ, വിയർത്ത് കുളിച്ച്, കുറച്ച് നേരത്തെ തന്നെ പവർ ഹൗസിൻ്റെ മുന്നിലെത്തി. തണുത്ത കാറ്റടിച്ചപ്പോൾ വിയർപ്പിന് ഒരു ആശ്വാസം തോന്നി. സംശയാസ്പദമായി അവിടെ ഒന്നും തന്നെ കണ്ടില്ല. നാലു വശത്തും തെരഞ്ഞിട്ടും ആരേയും അടുത്തൊന്നും കണ്ടില്ല.
എന്നിട്ടും ആ രാത്രിയിൽ രാഹുൽ പേടിച്ചു വിറച്ചു. ഇരുട്ടിൽ, ഇലകളുടെ അനക്കം പോലും രാഹുലിനെ ഭയപ്പെടുത്തി. തണുത്ത കാറ്റടിച്ചപ്പോൾ ദേഹത്ത് മൂർച്ച കൂടിയ സൂചികൾ തറയ്ക്കുന്നത് പോലെ തോന്നി. ഇരുട്ടിൽ വൻ മരത്തിന് പിന്നിൽ പതുങ്ങി നിന്നു. സ്വന്തം ഹൃദയമിടിപ്പിൻ്റെ പട പടാ ശബ്ദം ഉയർന്ന ശബ്ദത്തിൽ അയാൾക്ക് കേൾക്കാമായിരുന്നു.
ദൂരെ നിന്നും പാഞ്ഞ് വരുന്ന വെളിച്ചത്തിൻ്റെ രണ്ട് വലിയ കണ്ണുകൾ. ഒരു വലിയ കാറിൻ്റെ ഹെഡ് ലൈറ്റുകൾ.. അൽപ്പമകലെയായി കാറ് കൊണ്ട് നിർത്തി. ഇരുട്ടിൽ ഒന്നും വ്യക്തമായില്ല. ഒരു യുവതിയും യുവാവും കാറിൽ നിന്നുമിറങ്ങി. രാഹുൽ ശ്വാസമടക്കി പതുങ്ങി നിന്നു. അവർ രാഹുൽ നിൽക്കുന്ന ഭാഗത്തേക്ക് നടന്നു വന്നു.
“രാഹുൽ സാർ വന്നില്ലായെന്ന് തോന്നുന്നു. “
“അദ്ദേഹം ഒരു പോലീസ് ഓഫീസർ അല്ലേ. അനോണിമസ് മെസേജ് കണ്ട് ആരാണ് ഇങ്ങനെ ഒരു റിസ്ക് എടുക്കാൻ തയ്യാറാകുന്നത്. “
“നമുക്ക് ഫോണിലൂടെ നമ്മുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താൻ പറ്റില്ലല്ലോ. “
കുറെ നേരം അവർ രാഹുലിനെ കാത്ത് നിന്നു. പരസ്പരം സംസാരിക്കുന്നതിനിടയിൽ അവർ നാലു ഭാഗത്തേക്കും കണ്ണോടിച്ചു. പുരുഷ ശബ്ദം വളരെ പരിചിതമായി തോന്നി. സിനിമയിലൂടെ പ്രശസ്തനായ ആ പുരുഷനെ തിരിച്ചറിഞ്ഞപ്പോൾ, രാഹുൽ മരങ്ങളുടെ ഇടയിൽ നിന്നും മുന്നിലേക്ക് നടന്നു. പിന്നിലെ അനക്കം ശ്രദ്ധിച്ചു അവർ ഒന്നിച്ച് തിരിഞ്ഞു നോക്കി.
“വലിയൊരു റിസ്കാണ് എന്നറിഞ്ഞ് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. “
ആ സ്ത്രീയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.
“വേറെ നിവൃത്തിയില്ലായിരുന്നു. പകൽ പ്രണവിനെ എല്ലാവരും തിരിച്ചറിയില്ലേ. അല്ലെങ്കിൽ ഞങ്ങൾ വീട്ടിൽ വന്ന് സാറിനെ കണ്ടേനെ. “
“ഇനി ഇവിടെ നിൽക്കണ്ട, നമുക്ക് കാറിലിരുന്ന് സംസാരിക്കാം. “
രാഹുൽ ധൃതി പിടിച്ചു.
അവർ മൂവരും കാറിൽ കയറി. അനുപമ ഡ്രൈവിംഗ് സീറ്റിലും പുരുഷൻമാർ പിൻസീറ്റിലും കയറി.
“പറയൂ എന്തിനാണ് കാണണം എന്ന് പറഞ്ഞത്. “
“ദേവി പറഞ്ഞിട്ട്….., സാർ വീട്ടിൽ ചെന്നപ്പോൾ, അവളോട് സംസാരിച്ചപ്പോൾ അവൾക്ക് ഒരാശ്വാസം തോന്നി. പക്ഷേ അവിടെ വച്ച് മനസ്സ് തുറക്കാൻ അവൾക്ക് ധൈര്യമുണ്ടായില്ല. എല്ലാം അവസാനിപ്പിക്കാൻ സമയമായി എന്ന് തോന്നിയപ്പോൾ… “
അനുപമ മുഴുവനാക്കുന്നതിന് മുൻപ് പ്രണവ് പറഞ്ഞു.
“നിധിൻ്റെ ജീവൻ അപകടത്തിലാണെന്ന് ദേവിക്ക് തോന്നി തുടങ്ങി. സുമതിയുടെ മടങ്ങി വരവ് അവളെ ഭയപ്പെടുത്തുന്നു. “
“എനിക്കൊന്നും മനസ്സിലാകുന്നില്ല. “
“ദേവിയുടെ ചില സംശയങ്ങൾ, എന്നോട് അതൊക്കെ രഹസ്യമായി സാറിനോട് പറയണമെന്ന് പറഞ്ഞേൽപ്പിച്ചു. ഈയിടെ വീട് മാറിയ സമയത്ത് പ്രൊഫസർ മാലതി, ചെടിച്ചട്ടിയുടെ അടിയിൽ, വീടിൻ്റെ ഒരു താക്കോൽ ഒളിപ്പിച്ചു വച്ചത് ദേവി കണ്ടിരുന്നു. അതായിരുന്നു അവളുടെ സംശയത്തിൻ്റെ തുടക്കം. അന്ന് സെക്കൻ്റ് ഷോ കാണാനെന്ന പേരിൽ നിധിനും ദേവിയും കുട്ടിയുമായി പുറത്ത് പോയിരുന്നു. അവർ മടങ്ങി വന്ന് മാത്യുവിൻ്റെ വീടിനരികിൽ വണ്ടി നിർത്തിയിട്ടു. ആളൊഴിഞ്ഞ വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു കിടക്കുന്നതും വലിയൊരു കറുത്ത കാറിൽ ഒരു സ്ത്രീ സ്വയം ഡ്രൈവ് ചെയ്തു പുറത്ത് പോകുന്നതും ദേവി കണ്ടു. അവർ മടങ്ങി വന്ന് കായൽക്കരയിലെ വീട് തുറന്ന് അകത്ത് കയറിയപ്പോൾ മാലതി മുറിയിലുണ്ടായിരുന്നില്ല, അവരുടെ ഫോൺ മുറിയിൽ ഉണ്ടായിരുന്നു. രാവിലെ ദേവി തിരക്കിയപ്പോൾ, ഉറക്കം വരാതെ ഒറ്റയ്ക്ക് ടെറസ്സിൽ പോയി ഇരുന്നുവെന്നും അവിടെ കിടന്നു ഉറങ്ങി പോയെന്നും പറഞ്ഞു. പിറ്റേന്ന് രാവിലെയാണ് കപ്യാർ വാറുണ്ണിയുടെ മരണ വാർത്ത എല്ലാവരും അറിയുന്നത്. “
“എന്നിട്ട് ദേവി അമ്മയോട് അതേക്കുറിച്ച് കൂടുതൽ ഒന്നും ചോദിച്ചില്ലേ. “
“ദേവിക്ക് അമ്മയെ ഇപ്പോഴും പേടിയാണ്. അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ ചെറിയ പ്രായത്തിൽ ദേവിയെ അവർ ഉപദ്രവിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിട്ടുണ്ട്. സാർ നേരിട്ട് ഈ കേസിൻ്റെ അന്വേഷണം നടത്തണമെന്നാണ് ദേവിയുടെ ആഗ്രഹം. “
“തെളിവുകൾ വേണ്ടേ. മാത്രമല്ല ഇപ്പോൾ കേസ് അന്വേഷിക്കുന്നത് വേറെ ടീമാണ്. ഞാനാകട്ടെ… “
“സാറിനെ അവർ മനപ്പൂർവ്വം മാറ്റിയതല്ലേ. സാറിനെ വെറളി പിടിപ്പിക്കുക, ആ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനായി ഒരുത്തനെ തയാറാക്കി നിർത്തുക. എല്ലാം പ്ലാൻഢ് ആയിരുന്നു. ഇതൊക്കെ സിനിമയിൽ ഞങ്ങൾ ചെയ്യാറുണ്ട്. “
പ്രണവ് പറഞ്ഞു.
“വാർത്തയിൽ സംഭവസ്ഥലത്ത് വീണ് കിടക്കുന്നതായി കാണിച്ച ആ ഹെയർ ക്ലിപ്പ് ദേവി തിരിച്ചറിഞ്ഞിട്ടുണ്ട്. “
“ഇതൊക്കെ അവർ ടിവിയിൽ കാണിച്ചത് പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടിയല്ലേ. ഞങ്ങൾ തെളിവുകൾ ഒന്നും പുറത്ത് വിടാറില്ല. അല്ല ഈ മാലതിയുടെ സ്വന്തം മകളല്ലേ ദേവി, ദേവിയെ അവർക്ക് ഇഷ്ടമല്ലേ. “
“അവർക്ക് അവരെ മാത്രമാണ് ഇഷ്ടമെന്ന് എനിക്ക് പലതവണ തോന്നിയിട്ടുണ്ട്. ദേവി വളർന്നതിൽ പിന്നെ കുറച്ചു മാറ്റം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ദേവിയോടും നവമിയോടും സ്നേഹമാണ്. പക്ഷേ മെർലിൻ്റെ മരണശേഷം മാലതി നിധിനെ ടാർഗറ്റ് ചെയ്യുന്നോയെന്ന് ദേവിക്കൊരു സംശയം. “
“അങ്ങനൊരു സംശയം തോന്നാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ. ?”
അനുപമ പ്രണവിൻ്റെ മുഖത്ത് നോക്കി. തുറന്ന് പറയാൻ പ്രണവ് പ്രോൽസാഹനം നൽകി.
“രണ്ട് ദിവസം മുമ്പ് മാത്യൂ ജയിലിൽ കുഴഞ്ഞ് വീണിരുന്നു. ആ സമയത്ത് അയാളുടെ മൂക്കിലൂടെ ചോര വന്നിരുന്നു. അതിന് നാലഞ്ച് ദിവസം മുൻപ് മാലതി മാത്യുവിനെ ജയിലിൽ സന്ദർശിച്ചിരുന്നു. അയാൾ പതിവായി കഴിക്കുന്ന മരുന്നുകൾ വീട്ടിൽ നിന്നും കൊണ്ട് പോയി കൊടുത്തിരുന്നു. “
“എന്നിട്ട്?”
“മാലതി കൊടുത്ത മരുന്നുകൾ മൂലമാണ് ഇത് സംഭവിച്ചതെന്ന് മാത്യുവിന് ഒരു സംശയം. അതയാൾ ദേവിയെ അറിയിച്ചിരുന്നു. അത് കേട്ടപ്പോൾ അവൾക്കും സംശയം. മരുന്നുകളിൽ എന്തെങ്കിലും കലർത്തിയോ എന്ന്. “
“ദേവി ബുദ്ധിമതിയായ ഒരു വക്കീലാണെന്നാണ് ഞാൻ കരുതിയത്. ഇതൊക്കെ യുക്തിയോട് കൂടി ചിന്തിച്ച് കൂടെ. ഇക്കാലത്ത് ജയിലിൽ ഇങ്ങനൊക്കെ നടക്കുമോ. എല്ലായിടത്തും ക്യാമറകൾ ഉള്ളപ്പോൾ. “
“സാറിന് മാലതിയെ വേണ്ടത്ര പരിചയമില്ല, അതാണ് അങ്ങനെ ഒരു മുൻവിധി. “
“ജയിലിൽ കഴിയുന്ന മാത്യുവിൻ്റെ ശരീരത്തിൽ മറ്റൊരു വഴിയിലൂടെ വിഷം കലരാൻ സാധ്യതയില്ല. “
പ്രണവ് ദേഷ്യത്തോടെ പറഞ്ഞു.
“എന്നോട് ദേവിക്ക് ഇഷ്ടമെന്ന് കരുതി എന്നെയും ഇങ്ങനെയാണ് അവർ കൊല്ലാൻ തുടങ്ങിയത്. എൻ്റെ ശരീരത്തിൽ ഭക്ഷണത്തിലൂടെയാണ് വിഷം ഉള്ളിൽ ചെന്നത്. അതിലും മാലതിയെ ഞാൻ സംശയിക്കുന്നു. “
“അത് സഞ്ജീവ് സാറും കൂട്ടുകാരും പണി തന്നതല്ലേ. “
“സാർ, സഞ്ജീവ് സാർ ഒരു കാലത്ത് മാലതിയുടെ വലം കൈയായിരുന്നു. മാലതിയുടെ കൂടി അറിവോടെയാണ് കൈലാസൻ കൊല്ലപ്പെട്ടത്. ആ സമയത്ത് സഞ്ജീവ് അവർക്ക് പ്രിയങ്കരനായിരുന്നു. “
“ഒടുവിൽ സഞ്ജീവിൻ്റെ കണ്ണുകൾ ദേവിയിൽ പതിഞ്ഞപ്പോൾ, അവർ ശത്രുക്കളായി. ആരൊക്കെ ദേവിയോട് അടുക്കുന്നോ, അവരെ ഒഴിവാക്കാൻ സഞ്ജീവ് ശ്രമിച്ചു. അത് തന്നെ മാലതിയും ചെയ്തു. “
“അപ്പോൾ നിധിനോ?ദേവിയും നിധിനും ഒന്നിച്ചല്ലേ കഴിയുന്നത്. അതും മാലതിക്കൊപ്പം. “
“അതാണ് ഞങ്ങൾക്ക് മനസ്സിലാകാത്തത്. “
“ഒരു പക്ഷെ ദേവിയെ വിശ്വാസത്തിലെടുക്കാനായിട്ടാകും. അല്ലെങ്കിൽ നീലിനെ ഉപയോഗിച്ച് നിധിനെ കൊല്ലാമായിരുന്നല്ലോ മാലതിയ്ക്ക്. “
“നിങ്ങൾ പറഞ്ഞതിൽ പൊരുത്തക്കേടുകൾ നിരവധിയുണ്ട്. ഞാനൊന്ന് പഠിയ്ക്കട്ടെ. ദേവിയെന്താണ് ഇപ്പോൾ ഓഫീസിൽ പോകാത്തത്, പ്രാക്ടീസ് ചെയ്യാത്തത്. “
“കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു പോകാൻ അവൾക്ക് പേടിയുണ്ട്. “
രാഹുലിൻ്റെ സൈക്കിൾ ഒളിപ്പിച്ചു വച്ച സ്ഥലത്ത് അനുപമ കാർ നിർത്തി. അവരോട് യാത്ര പറഞ്ഞ് സൈക്കിളിൽ മഹേഷിൻ്റെ വീട്ടിൽ എത്തിയപ്പോൾ സമയം രണ്ട് മണി കഴിഞ്ഞു. ദൂരെ നിന്ന്, വീടിൻ്റെ സിറ്റ് ഔട്ടിലിരുന്ന മയങ്ങുന്ന സലീമിനെ കണ്ടു. ആ വീടിൻ്റെ താക്കോൽ രാഹുൽ വാങ്ങിയിരുന്നു.
ശബ്ദം കേട്ട് സലീം തലയുയർത്തി.
“സാറിനെ കാത്തിരുന്നു ഉറങ്ങി പോയി. ഇനി വരില്ലായെന്ന് കരുതി. എന്താ വൈകിയത്. “
“എന്തായി വാറുണ്ണിയുടെ മരണം. “
“പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാർഡിയാക് അറസ്റ്റ് ആണ്. പക്ഷെ സ്ഥലത്ത് പിടിവലി നടന്ന ലക്ഷണമുണ്ട്, പിന്നെ പതിവായി കഴിക്കുന്ന മരുന്നുകൾ ഡോസ് കൂടിയ അളവിലാണ് വാറുണ്ണിയുടെ ശരീരത്തിൽ ഉള്ളത്. ആരോ നിർബന്ധിച്ച് മരുന്നുകൾ കഴിപ്പിച്ചത് ആണോയെന്ന് സംശയം. “
“ആ ഹെയർ ക്ലിപ്പ് ആരുടേതെന്ന് കണ്ട് പിടിച്ചോ?”
“അതൊരു ബ്രാൻഡഡ് ക്ലിപ്പാണ്. സാധാരണ നാട്ടിലെ പെണ്ണുങ്ങൾ ഉപയോഗിക്കില്ല. ഒരു പക്ഷേ ധന്യ ശ്യാമളനെ പോലെ ആരുടേയെങ്കിലും ആവാം. “
“ആരെയെങ്കിലും കുരുക്കാനായി ആരെങ്കിലും മനപ്പൂർവം കൊണ്ടിട്ടതാണെങ്കിലോ. “
“അതിനും സാധ്യതയുണ്ട്. നല്ല സാധ്യത. “
“ഞാൻ വെറുതെ പറഞ്ഞതാ. സലിം നാളെ തന്നെ പഴയ കേസ് ഫയലുകൾ വീണ്ടും ഒന്ന് പഠിക്കണം. കൈലാസൻ്റെ മരണം മുതൽ.. “
ആ തീരുമാനത്തോടെ അവർ അന്ന് രാത്രി പിരിഞ്ഞു.
(തുടരും….. )
✍️✍️നിഷ പിള്ള

