നാട്ടിൽ നിന്നും പതിനഞ്ച് ദിവസത്തെ ലീവ് കഴിഞ്ഞ് അബുദാബിക്ക് പോകാനായി എയർപോർട്ടിൽ ബോർഡിംഗ് പാസിനായി കാത്ത് നിൽക്കുമ്പോഴാണ് ധൃതിപ്പെട്ട് ഒരു ട്രോളി ബാഗ് വലിച്ചുകൊണ്ട് തൊട്ടടുത്ത കൗണ്ടറിലേക്ക് ദീപ കടന്നു വന്നത്. യുപി സ്കൂൾ കാലത്ത് മനസ്സിൽ പതിഞ്ഞ മുഖമാണ് അവളുടേത്. പെട്ടെന്ന് ആളെ മനസ്സിലായില്ല എങ്കിലും എവിടെയോ കണ്ട് മറന്ന മുഖം.വീണ്ടും ഒരാവർത്തികൂടി നോക്കിയപ്പോൾ അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു.
കസ്റ്റംസ് എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു വെയിറ്റിംഗ് ലോബിയിലെ ബുക്‌സ്റ്റാളിൽ നിന്ന് സി രാധാകൃഷ്ണൻ്റെ ‘ മുൻപേ പറക്കുന്ന പക്ഷികൾ” എന്ന നോവൽ വാങ്ങി പുറത്തെ റൺവേ കാണാൻ പറ്റുന്ന രീതിയിലുള്ള സോഫയിൽ ഇരുന്നു പുസ്തകത്തിൻ്റെ താളുകൾ മരിക്കുന്നതിനിടയിൽ തൊട്ടടുത്ത് ദീപയും വന്നിരുന്നു. പുസ്തകം മടക്കി വെച്ച് അവൾക്ക് നേരെ തിരിഞ്ഞ് ദീപയാണോ എന്ന എൻ്റെ ചോദ്യത്തിന് മുൻപിൽ അവളൊന്നു പരുങ്ങി. അതേ എന്ന ഉത്തരം നൽകിക്കൊണ്ട് ആരാ..മ നസ്സിലായില്ലല്ലോ എന്ന് പറഞ്ഞു. ഞാൻ എൻ്റെ പേര് പറഞ്ഞിട്ടും അവൾക്കെന്നെ മനസ്സിലായില്ല.
എനിക്ക് അവളെ വീണ്ടും യൂപി സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകേണ്ടി വന്നു.
നാരങ്ങ മുട്ടായിയുടെ മധുരിക്കുന്ന ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ഞങൾ കുറച്ച് നേരം സംസാരിച്ചിരുന്നു. ദീപ കുടുംബത്തോടൊപ്പം വർഷങ്ങളായി ഡൽഹിയിൽ സെറ്റിൽഡ് ആണ്. ഞാനും എൻ്റെ വിശേഷങ്ങൾ പങ്കുവെച്ചു. ഡൽഹി ഫ്ലൈറ്റിൻ്റെ ബോർഡിങ്ങിനായുള്ള ഫൈനൽ കോൾ വന്നപ്പോൾ കൈ വീശി യാത്ര പറഞ്ഞ് അവൾ പിരിഞ്ഞു.
ബാല്യകാല ഓർമകൾ എന്നും ചലിക്കുന്ന ചിത്രങ്ങളായി മനസ്സിൽ ഓടിക്കൊണ്ടിരിക്കും
അന്നനുഭവിച്ച രുചി, മണം, കാഴ്ചകൾ എല്ലാം എല്ലാം…
പിൽക്കാലത്ത് ഒരുപാട് വ്യക്തി ബന്ധങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും സ്ഥായിയായി നിലനിൽക്കണമെന്നില്ല. പലപ്പോഴും ചിന്തിച്ച് പോകാറുണ്ട് എന്ത് കൊണ്ടാണ് ബാല്യകാല ഓർമകൾ എന്നും നിലനിൽക്കുന്നതെന്ന്. അന്നൊന്നും കൂടുതൽ ചിന്തകളാൽ മനസ്സ് കലുഷിതമാകാത്തത് കൊണ്ടാവും എന്ന് സമാധാനിക്കാം.
അബുദാബിയിലേക്കുള്ള ബോർഡിംഗ് തുടങ്ങിയതായുള്ള അനൗൺസ്മെൻ്റ് ചിന്തകളിൽ നിന്നും വീണ്ടുമെന്നെ ഉണർത്തി.ഫ്ലൈറ്റിൻ്റെ വാതിൽപ്പടിയിൽ കാത്ത് നിന്ന് സ്വാഗതം പറയുന്ന എയർഹോസ്റ്റിന് ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് സീറ്റ് തിരയുവാനായി മുന്നോട്ട് നീങ്ങി. ഭാഗ്യത്തിന് വിൻഡോ സീറ്റ് തന്നെ കിട്ടി. ടെക്ക്ഓഫിന് ശേഷം സെർവ് ചെയ്ത ഫുഡ് കഴിച്ച് കുറച്ച് നേരം പുറത്തെ മേഘ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് വെറുതെ ഇരുന്നു. കയ്യിൽ ഉള്ള പുസ്തകം വീണ്ടും തുറന്നു നോക്കിയെങ്കിലും വായിക്കാനുള്ള താല്പര്യം തോന്നാത്തതിനാൽ മടക്കി വെച്ചു.
ചിന്തകള് വീണ്ടും ദീപയിലേക്കും ചിതലരിക്കാത്ത ബാല്യകാല ഓർമകളിലേക്കും.
നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വയൽ വരമ്പിലൂടെയാണ് എന്നും സ്കൂളിലേക്കുള്ള യാത്ര. വയലിൽ ഇറങ്ങി ആമ്പൽ പൂക്കൾ പറിച്ച് ഇഷ്ടമുള്ള കൂട്ടുകാർക്ക് സമ്മാനിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. ദീപ എൻ്റെ തൊട്ടടുത്ത ക്ലാസിൽ ആണ്. എന്നുമവൾ എൻ്റെ കയ്യിലെ ആമ്പൽ പൂവിനായി കെഞ്ചാറുണ്ട്. അവളോട് ഇഷ്ടമുണ്ടെങ്കിലും മറ്റു കുട്ടികളുടെ കളിയാക്കൽ പേടിച്ച് ഞാൻ കൊടുക്കാറില്ല. അതിനൊരു മാറ്റം വരാനുള്ള സംഭവം പിന്നീടുണ്ടായി.
വെള്ളിയാഴ്ചകളിൽ ഒന്നരമണിക്കൂർ കഴിഞ്ഞു ഉച്ചഭക്ഷണത്തിന് ശേഷമുള്ള ബെല്ലടിക്കുന്നതുകൊണ്ട് ഗ്രൗണ്ടിൽ കളിക്കാൻ അരമണിക്കൂർ കൂടുതൽ കിട്ടും. അതുകൊണ്ട് തന്നെ വീണു പരിക്കേറ്റ് മുറിഞ്ഞു ടിൻജർ വെക്കുന്നവരുടെ ഒരു നിര തന്നെ സ്റ്റാഫ് റൂമിൽ ഉണ്ടാകും.
അന്നൊരു വെള്ളിയാഴ്ച ദിവസം കൂട്ടുകാരോടൊത്ത് കള്ളനും പോലീസും കളിക്കുന്നതിനിടയിൽ ഗ്രൗണ്ടിൽ വെച്ച് ദീപയുമായി കൂട്ടിയിടിച്ച് ഞങ്ങൾ രണ്ടുപേരും നിലത്ത് വീണു. എനിക്ക് കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും ദീപ വീണപ്പോൾ നെറ്റി ചെറുതായി മുറിഞ്ഞു ചോര പൊടിഞ്ഞു. ഹെഡ്മാഷിൻ്റെ ചൂരൽ പ്രയോഗം പ്രതീക്ഷിച്ചു ഞാൻ ക്ലാസ്സിലേക്കും ദീപയെ കൂട്ടുകാരികൾ കൂട്ടി സ്റ്റാഫ് റൂമിലേക്കും. അവിടെ വെച്ചു അവൾ ഓടുമ്പോൾ തനിയെ വീണതാണെന്ന് പറയാൻ കൂട്ടുകാരികളെ ശട്ടം കെട്ടി. ഇതറിഞ്ഞ എനിക്ക് അവളോടുള്ള ഇഷ്ടം മറ്റു കുട്ടികളും അറിഞ്ഞാൽ കുഴപ്പമില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവൾക്കായി മാത്രം ആമ്പൽ പൂക്കൾ പറിക്കാൻ തുടങ്ങി.
പാചക പുരയുടെ ചുമരിൽ ഏതോ ഒരു വിരുതൻ എൻ്റെയും അവളുടെയും പേര് പ്ലസ് ചേർത്തു എഴുതിയിട്ടും അവളുടെ കൂസലില്ലായ്മ എന്നെ അത്ഭുതപ്പെടുത്തി. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാളുണ്ട് എന്ന തോന്നൽ എൻ്റെ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി. ഒരു ചെറിയ ജലദോഷം വന്നാലും സ്കൂളിൽ പോകാൻ മടിക്കുന്ന ഞാൻ കടുത്ത പനി ഉള്ളപ്പോഴും സ്കൂളിൽ പോകാൻ നിർബന്ധിതനായി.
ചുരുക്കം സമയങ്ങളിൽ മാത്രമേ ഞങ്ങൾ തമ്മിൽ സംസാരം ഉണ്ടായിട്ടുള്ളൂ. കാണുമ്പോൾ എല്ലാം നെറ്റിയിലെ മുറിപ്പാട് പൊത്തി പിടിച്ച് ചിരിച്ചുകൊണ്ട് തല താഴ്ത്തി പോകും. സ്നേഹാക്ഷരങ്ങളുടെ മന്ത്ര ധ്വനികൾ എന്നും ഞങ്ങളുടെ ചുറ്റിലും മുഴങ്ങിക്കൊണ്ടിരുന്നു.അറിയാത്ത പ്രായത്തിൽ ഞങൾ അനുഭവിച്ചുകൊണ്ടിരുന്നത് തീവ്രമായ പ്രണയം ആയിരുന്നെന്ന് മനസിലാക്കാൻ കാലം ഏറെ കാത്തിരിക്കേണ്ടി വന്നു.
ഞാൻ അറിയാതെ.. ഒന്നും പറയാതെ ഡൽഹിയിലേക്ക് അവൾ പറിച്ച് നടപ്പെട്ടപ്പോൾ കാലത്തിൻ്റെ കുത്തൊഴുക്കിൽ അവളുടെ ഓർമകളും ക്ലാവ് പിടിച്ചു കിടന്നു.
ഫൈനൽ പരീക്ഷയുടെ അവസാന ദിനം എനിക്കായ് അവൾ കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്ന നിശാഗന്ധി പൂക്കളുടെ സുഗന്ധം ആദ്യ പ്രണയത്തിൻ്റെ മധുരിക്കുന്ന ഓർമ്മകളായി ഹൃദയത്തിലെന്നും മിടിച്ചുകൊണ്ടിരുന്നു…..


2 Comments
ആദ്യ പ്രണയം ചാരം മൂടിയ കനൽ പോലെ എന്നും ഹൃദയത്തിൽ പതിഞ്ഞു കിടക്കും…… നന്നായെഴുതി👍👍
നല്ല രചന👍👏