“എന്നാലും ന്റെ ജാനിയേടത്തിയേ. വിശ്വസിക്കാൻ പറ്റണില്ല അമ്മായി പോയെന്ന്. “
“അതേ, സത്യം. ഇന്നലെ വരെ ഇവിടൊക്കെ ഓടി നടന്നതല്ലേ? എന്താ ചെയ്യാ? ഓരോരുത്തർക്കും ദൈവം ഓരോന്ന് നിശ്ചയിച്ചു കാണും. അല്ലാണ്ടെന്താ? ഒരു ശ്വാസം മുട്ട് വരുമ്പളേക്കും… ” ജാനകിയത് മുഴുമിപ്പിച്ചില്ല.
അവർ മരിച്ചു പോയ മണിയമ്മയെ അമ്മായിയമ്മയായല്ല സ്വന്തം അമ്മയായാണ് കണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഇളയ മകൻ ഉണ്ണിയുടെ കൂടെ തറവാട്ടിൽ നിക്കുന്നതിലും ഇഷ്ടം മണിയമ്മക്ക് ജാനകിയുടെ കൂടെ നിൽക്കുന്നതായിരുന്നു. അവസാന കാലം വരെ അവർ തമ്മിൽ ഒരു കാര്യത്തിനും ഒരു വഴക്കോ സ്വര ചേർച്ചയില്ലായ്മയോ ഉണ്ടായിട്ടില്ല. ഉണ്ണി വിവാഹം കഴിച്ചത് അമ്മാവന്റെ മോളെ തന്നെയാണ്. മണിയമ്മയുടെ സ്വന്തം മരുമകളായിട്ട് കൂടെ പ്രേമയെ അവർക്കത്ര ഇഷ്ടമല്ലായിരുന്നു. പ്രത്യേകിച്ചൊരു കാര്യം എടുത്തു പറയാൻ തക്കവണ്ണം ഉണ്ടായിട്ടില്ലെങ്കിലും അവളുടെ നാവ് ശരിയല്ലെന്ന് മണിയമ്മ ഇടയ്ക്കിടെ പറയും. അവള്ടെ അമ്മേടെ നാവാ. ഇവിടെ കണ്ടത് അവിടെ പറയും. അവിടെ കണ്ടത് ഇവിടെ പറയും. കുറച്ചു കൂട്ടീം പറയും. ഇതാണ് പ്രേമയെ കുറിച്ചുള്ള മണിയമ്മേടെ നിരീക്ഷണം.
ജാനകി പ്രേമയോടൊത്ത് ഒരു വീട്ടിൽ അധിക നാൾ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ മേൽപറഞ്ഞതിന്റെ സത്യാവസ്ഥയെ കുറിച്ചജ്ഞയാണ്. ഉണ്ണിയുടെയും പ്രേമയുടെയും കല്യാണം കഴിഞ്ഞ് വരുമ്പോളേക്കും അജയനും ജാനകിയും പുതിയ വീട് വെച്ച് മാറിയിരുന്നു. തറവാട് ഉണ്ണിക്കാണെന്ന് അച്ഛൻ വില്പത്രം എഴുതിയിരുന്നല്ലോ. രണ്ടു പേർക്കും ഗവണ്മെന്റ് ഉദ്യോഗം ഉള്ളത് കൊണ്ട് ലോണെടുക്കാനും ബുദ്ധിമുട്ടുണ്ടായില്ല. ഉണ്ണിയാണ് അച്ഛന്റെ കട നോക്കി നടത്തിയിരുന്നത്. നല്ല കച്ചവടം ഉണ്ടായിരുന്നെങ്കിലും വിവാഹകമ്പോളത്തിൽ ബിസിനസ് എന്നത് എല്ലാവരും കുറച്ചു കണ്ടു. അങ്ങനെയാണ് ടീച്ചറായ പ്രേമയുടെ കാര്യം അവർ ആലോചിക്കുന്നത്. പറയുമ്പോൾ മണിയമ്മയുടെ സ്വന്തം അനിയന്റെ മകൾ. ചൊവ്വ ദോഷം കാരണം അവൾക്കും കല്യാണമൊന്നും ശരിയാവുന്നില്ല. അങ്ങനെയാണ് അവരുടെ കല്യാണം നടക്കുന്നത്. മണിയമ്മ ആദ്യമൊക്കെ സന്തോഷിക്കുകയാണ് ചെയ്തത്. സ്വന്തം മരുമകൾ തന്നെയാവുമ്പോ വീട്ടിൽ സമാധാനം ഉണ്ടാകുമെന്നാ അവർ കരുതിയത്. അണ്ടിയോടടുക്കുമ്പോളല്ലേ ആൾക്കാരെ ശരിക്കും മനസിലാവുള്ളൂ. ആദ്യത്തെ ഒന്ന് രണ്ടു മാസം വിരുന്നു പോക്ക്, ഹണിമൂൺ ഒക്കെയായി പോയി. പിന്നെ പിന്നെയാണ് ഓരോ ചെറിയ കാര്യങ്ങൾക്ക് ഉണ്ണി അമ്മയുമായി വഴക്കിടാൻ തുടങ്ങിയത്. അവന് തറവാട് അവന്റെ പേരിൽ രജിസ്റ്ററാക്കണം, കട അവന്റെ പേരിൽ വേണം, അമ്മേടെ ചെലവ് ഒറ്റക്ക് നോക്കാൻ പറ്റില്ല, ചേട്ടനും സഹായിക്കണം, അവർക്ക് രണ്ടു പേർക്കും സർക്കാർ ശമ്പളമുണ്ടല്ലോ അങ്ങനെയങ്ങനെ ഓരോ ദിവസം ഓരോ കാരണങ്ങൾ.
സഹികെട്ട് ഒരു ദിവസം മണിയമ്മ വീട്ടിൽ നിന്നിറങ്ങി. ജാനകിക്ക് അമ്മ കൂടെ നിൽക്കുന്നതിൽ സന്തോഷമേ ഉണ്ടായുള്ളൂ. അവർ മണിയമ്മയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.
പിന്നീട് വിഷുവിനും ഓണത്തിനും മാത്രമേ മണിയമ്മ സ്വന്തം വീട്ടിൽ പോയിരുന്നുള്ളൂ. അതും ഉച്ചയൂണ് കഴിഞ്ഞയുടൻ അജയനോടൊപ്പം തിരികെ പോരും.
അമ്മക്ക് മരണം വരെ നല്ല ആരോഗ്യമുണ്ടായിരുന്നു. സ്വന്തം കാര്യങ്ങൾ എല്ലാം തന്നെയവർ സ്വയം ചെയ്യുമായിരുന്നു. അടുക്കളയിലും പറ്റാവുന്ന ചെറിയ കാര്യങ്ങൾ ചെയ്യും. വളരെ അപ്രതീക്ഷിതമായാണ് ആ ദിവസം ജാനകി അടുക്കളയിലേക്ക് വരുമ്പോൾ തറയിൽ ഇരുന്ന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന അമ്മയെ കാണുന്നത്. അവളോടി പോയി അജയനെ വിളിച്ചു കൊണ്ട് വന്നു. കാറിൽ ആശുപത്രിയിലേക്ക് പോകുന്ന വഴി അമ്മ വിപ്രസന്നി കൂട്ടുന്നുണ്ടായിരുന്നു. അവിടെ എത്തുമ്പോളേക്കും മണിയമ്മ പോയിരുന്നു. ജാനകിയുടെ മടിയിൽ കിടന്നു ഒരു ചെറു പുഞ്ചിരി ബാക്കി വെച്ച്.
പതിനഞ്ച് വർഷമായി അമ്മയീ വീട്ടിൽ വന്നിട്ട്. ഇത് വരെ ഒരു അസുഖവും വന്നിട്ടില്ല. ആദ്യമായാണ് ശ്വാസം മുട്ട് വരുന്നത്. ജാനകി ഓരോരുത്തർക്കും മറുപടി കൊടുത്തും കരഞ്ഞും ക്ഷീണിച്ചു.
പ്രേമ ഇതെല്ലാം കണ്ടും ജാനിയേടത്തിയെക്കാൾ ഉച്ചത്തിൽ കരഞ്ഞും ആളെക്കൂട്ടാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ പരാജയം തന്നെ ഫലം.
കുറച്ചു നേരം കഴിഞ്ഞ് ഉണ്ണിയും അമ്മാവനും മാറി നിന്ന് സംസാരിക്കുന്നു. കുറച്ചു പേർ അജയനെ മാറ്റി നിർത്തി സംസാരിക്കുന്നു. കരഞ്ഞു കണ്ണ് കലങ്ങിയ ജാനകിയെ അജയൻ തോളത്തു തട്ടി വിളിച്ചു. “എടോ പോസ്റ്റ്മോർട്ടം നടത്തണമെന്നാ എല്ലാരും പറയണേ. “
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. “ആർക്കാ അമ്മയെ കീറി മുറിക്കേണ്ടത്?” അവൾ സങ്കടവും അരിശവും കലർന്ന് ചോദിച്ചു.
“ഉണ്ണിയോട് അമ്മ പറഞ്ഞിട്ടുണ്ടെന്ന് തറവാട് കിട്ടാൻ വേണ്ടി നമ്മൾ അമ്മയെ എന്തെങ്കിലും ചെയ്യുമെന്ന്. “
ജാനകി തളർന്നു പോയി. “അമ്മയോ? നമ്മളെ കുറിച്ചോ? അജയേട്ടാ അവനോടമ്മ എപ്പളാ അങ്ങനൊക്കെ… ” അവർക്ക് ആശങ്കയായി.
ജാനകിയുടെ മനസ്സ് കാട് കയറി തുടങ്ങി. ‘ഞങ്ങളെ ഇത്രയും വിശ്വാസമില്ലാതെ അമ്മയെന്തിനാ ഞങ്ങളുടെ കൂടെ നിന്നത്?അമ്മ ശരിക്കുമങ്ങനെ പറഞ്ഞ് കാണുമോ? അതോ അവൻ.. അവനെന്തിനാ വെറുതെ പറയേണ്ട കാര്യം. ‘
ഓരോന്നാലോചിച്ചു തല പെരുത്തിരിക്കുമ്പോൾ പ്രേമ മുറിയിലേക്ക് കയറി വന്നു. “ജാനിയേടത്തി, വിഷമിക്കേണ്ട. അമ്മായിയെ ഏടത്തിയേക്കാൾ മുന്നേ ഞാൻ കണ്ടതല്ലേ? അമ്മായിക്ക് നമ്മള് രണ്ടാളേം ഇഷ്ടല്ലായിരുന്നു. മക്കളെ മാത്രെ ഇഷ്ട്ടുള്ളൂ. എന്റടുത്തു ഏടത്തിയെ കുറിച്ചെന്തൊക്കെയാ പറഞ്ഞിട്ടുള്ളെ അറിയോ? ഏടത്തിയോട് ന്നെ കുറിച്ചും മോശം പറഞ്ഞ് കാണുല്ലോ?ഉണ്ണിയേട്ടനെ എന്നും ഒരു പ്രാവശ്യമെങ്കിലും വിളിക്കും. നിങ്ങള് രണ്ടു പേരും ജോലിക്ക് പോണ സമയം നോക്കി. അമ്മായിക്ക് വൈകിട്ട് കഞ്ഞി കൊടുക്കുമ്പോ അമ്മുന് കൊടുത്തിട്ടല്ലേ അമ്മായി കഴിക്കാ. അതെന്താ? ഏടത്തി.. ഇതൊക്കെ അമ്മായി പറയാണ്ടെ ഞങ്ങളറിയോ?”
ജാനകി ഒന്നും മിണ്ടിയില്ല. കിടക്കയിലേതോ ബിന്ദുവിൽ അവളുടെ നോട്ടം ഉടക്കി നിന്നു. അമ്മ കിടന്ന മുറിയാണ്. കൊട്ടൻചുക്കാദിയുടെ എണ്ണമയവും മണവും ഇപ്പോളുമീ കിടക്കയിൽ ഉണ്ട്. ഇന്നലെ രാത്രി അമ്മക്ക് കാലിൽ എണ്ണ തേച്ചു കൊടുക്കുമ്പോൾ അജയനും അമ്മുവും ഈ കട്ടിലിൽ അമ്മയുടെ മടിയിൽ കിടന്നു കുറെ നേരം ചിരിച്ചു കളിച്ചു കിടന്നത് ജാനകിയുടെ കണ്മുമ്പിൽ തെളിഞ്ഞു വന്നു. ഇങ്ങനെ ഇവിടെ ഇപ്പോ മരിച്ചു പോയാലും എനിക്ക് സന്തോഷാ. അമ്മയുടെ വാക്കുകൾ അവളുടെ നെഞ്ചിൽ കുത്തി.
എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കേണ്ട എന്നറിയാതെ ജാനകി കുഴഞ്ഞു. അമ്മ ഒരിക്കലും അങ്ങനൊന്നും പറയാൻ സാധ്യതതയില്ല. പ്രേമയുടെ നാവ് ശരിയല്ലെന്ന് അമ്മ പറഞ്ഞത് ജാനകി ഓർത്തു. പക്ഷെ ഇങ്ങനെയൊരവസരത്തിൽ ആരെങ്കിലും ഇങ്ങനൊക്കെ പറയോ?
പെട്ടന്ന് ഉണ്ണി ദേഷ്യത്തോടെ അമ്മയുടെ മുറിലേക്ക് കേറി വന്നു പ്രേമയെ വിളിച്ചു പുറത്തേക്ക് പോയി.
കുറച്ചു നേരം കഴിഞ്ഞ് അജയൻ വന്നു ജാനകിയോട് കാര്യങ്ങല്ലാം പറഞ്ഞു.
അമ്മയുടെ ഭാഗം ജാനകിയുടെ പേരിലാണ് വില്പത്രം എഴുതി വെച്ചിരിക്കുന്നത്. മരണമറിഞ്ഞു വക്കീൽ വന്നപ്പോളാണ് ഇതൊക്കെ അറിയുന്നത്. അതോടെ പോസ്റ്റുമോർട്ടം നടത്തണമെന്ന് പറഞ്ഞവരുടെ പൊടി പോലും കാണാനില്ല. ആർക്കും ഇപ്പൊ ഒരു സംശയവുമില്ല പരാതിയുമില്ല. അമ്മയെ എടുക്കാൻ പോവ്വാണ്. നീ അങ്ങോട്ട് വാ. അമ്മയെ അവസാനമായി ഒന്ന് കാണണ്ടേ? “
ജാനകി അമ്മയുടെ കാലിൽ വീണു കരഞ്ഞു മാപ്പ് പറഞ്ഞു. “കുറച്ചു നേരത്തേക്കെങ്കിലും ഓരോരുത്തർ പറഞ്ഞത് കേട്ട് അമ്മയെ ഞാൻ സംശയിച്ചല്ലോ? അമ്മേ.. എനിക്ക് മാപ്പ് താ. “
#പരദൂഷണം ഒരു കലയാണോ?


2 Comments
മരിച്ചു കിടക്കുന്നവരോടുപോലും മാന്യത കാണിക്കാത്തവർ…….. നന്നായെഴുതി🌹👍
സ്വന്തം കാര്യസാധ്യത്തിനു വേണ്ടി പരദൂഷണം ഉപയോഗിക്കുന്നവർ, കഥ നന്നായി.
👏👍