തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. ഇന്നാണ് ട്രാൻസ്ഫർ കിട്ടിയ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യേണ്ടത്.
ആറു മണിയോടെ വീട്ടിൽ നിന്നിറങ്ങി. എട്ടു മണിയായപ്പോൾ പുതിയ ഓഫീസിൽ എത്തി. രണ്ട് ദിവസം മുമ്പ് തന്നെ ഓഫീസിൽ പോയി, മാനേജറിനെയും മറ്റു സ്റ്റാഫിനെയും പരിചയപ്പെട്ടിരുന്നതിനാൽ, പുതിയ ഓഫീസിന്റെ അപരിചിതത്വം ഒഴിവാക്കാൻ പറ്റി.
ഓഫീസ് തുറന്നിട്ടില്ല എന്ന് കണ്ട് അടുത്തെങ്ങാനും കടകൾ വല്ലതും ഉണ്ടോന്നു നോക്കാനായി റോഡിലേക്കിറങ്ങി. ഒരു നൂറു മീറ്റർ അകലെയായി ഒരു ഹോട്ടൽ കണ്ടു. കുറച്ചു സമയം അവിടെ ഇരിക്കാം എന്ന് കരുതി, അവിടേക്ക് നടന്നു. ഒരു ചായയും പറഞ്ഞിട്ട് ഓഫീസിലേക്ക് നോക്കി ഇരുന്നു. ആരെങ്കിലും വന്നാൽ കാണണമല്ലോ.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ മധ്യ വയസ്കയായ ഒരു സ്ത്രീ കയ്യിൽ ഒരു ബാഗും മറ്റെന്തെക്കൊയോ സാധനങ്ങളുമായി ബ്രാഞ്ച് തുറന്ന് അകത്തേക്ക് പോകുന്നു. അവരായിരിക്കും പി ടി എസ്. (പാർട്ട് ടൈം സ്വീപ്പർ ). എന്തായാലും ഇപ്പോഴേ പോകണ്ട. എന്നെ അവർക്ക് പരിചയം കാണില്ലല്ലോ. നേരത്തെ വന്നപ്പോൾ അവരെ കണ്ടതായി ഓർക്കുന്നുമില്ല.
ചായയുടെ പൈസ കൊടുക്കാൻ ചെന്നപ്പോൾ ഹോട്ടൽ മുതലാളി കുശലം ചോദിച്ചു. ബാങ്കിൽ പുതുതായി വന്ന അക്കൗണ്ടന്റ് ആണെന്ന് പറഞ്ഞപ്പോൾ അപ്പോൾ ഇനി വല്ലപ്പോഴും കാണാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹം സൗഹാർദ്ദപൂർവ്വം ചിരിച്ചു. അദ്ദേഹത്തോട് യാത്ര പറഞ്ഞ് തിരികെ ബ്രാഞ്ചിലോട്ട് നടന്നു.
ശാന്തമായ ഒരു ചെറിയ ടൌൺ. വലിയ ബഹളങ്ങൾ ഒന്നുമില്ല. നാഷണൽ ഹൈവേയുടെ സൈഡ് ആയിട്ട് പോലും തിരക്ക് കുറവ്. ‘കൊള്ളാം ‘ എന്ന് മനസ്സിൽ കരുതി. 3 വർഷത്തേക്ക് ഇനി ഇതാണ് തട്ടകം.
ബ്രാഞ്ചിൽ എത്തി. മെയിൻ ഡോർ തുറന്നിട്ടിരിക്കുന്നു. പുറമേയുള്ള ഗ്രിൽ പൂട്ടിയിട്ടുണ്ട്. ഏതായാലും അവർ തൂത്തു കഴിയട്ടെ. മുറ്റത്തു തന്നെ നിന്നു. അവർ എന്തിനോ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു. മുഖത്തെ ചോദ്യഭാവം കണ്ടപ്പോൾ അങ്ങോട്ട് കയറി പറഞ്ഞു.
“ഞാൻ പുതുതായിട്ട് വന്ന അക്കൗണ്ടന്റ് ആണ്. “
“വിജിമാഡത്തിന് പകരം വന്ന സാറാണോ സാറെ?”
‘വിജി മാഡം?’
മുൻപിലത്തെ അക്കൗണ്ടന്റിന്റെ പേര് വിജി എന്ന് കഴിഞ്ഞ ദിവസം വന്നപ്പോൾ മാനേജർ പറഞ്ഞത് ഓർമ വന്നു.
“അതേ. ചേച്ചിയുടെ പേര്?”
” ഞാൻ സുശീല. വാ സാറെ, അകത്തേക്ക് കയറിക്കോ. “
‘ഇല്ല.. പണി നടക്കട്ടെ. ‘
പരിസരം ഒക്കെ വീക്ഷിച്ചു കൊണ്ട് മുറ്റത്തു തന്നെ നിന്നു.
പണി പെട്ടെന്ന് തന്നെ തീർത്തിട്ട് സുശീല ചേച്ചി ഇറങ്ങി വന്നു പറഞ്ഞു.
“സാറെ എന്റെ പണി കഴിഞ്ഞു. സാർ അകത്തേക്ക് കയറി ഇരുന്നാട്ടെ. “
ഒൻപതര ആയപ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങി. എല്ലാവരും വന്ന് പരിചയം പുതുക്കി. മാനേജർ വന്നപ്പോൾ എഴുന്നേറ്റ് ചെന്ന് വിഷ് ചെയ്തു.
മാനേജരുടെ കാബിനിൽ ചെന്നപ്പോൾ മാഡം പറഞ്ഞു. “വിജി എനിക്ക് ചാർജ് തന്നിട്ടാണ് പോയത്. സാർ.. ഡോക്യൂമെന്റ്സ് എല്ലാം ചെക്ക് ചെയ്ത് എടുത്തിട്ട് കാഷും ഗോൾഡും ചെക്ക് ചെയ്യാം. എന്താ?”
മാഡം എഴുന്നേറ്റ് കാബിന് പുറത്ത് വന്നിട്ട് എല്ലാവരോടും ആയി പറഞ്ഞു. “പുതിയ അക്കൗണ്ടന്റിനെ എല്ലാവരും പരിചയപ്പെട്ടല്ലോ, അല്ലേ. സാർ ഇന്ന് ജോയിൻ ചെയ്യുകയാണ്. അദ്ദേഹത്തിന്റെ ഡ്യൂട്ടി നന്നായി ചെയ്യുവാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണം. “
തിരിഞ്ഞ് എന്നോടായി പറഞ്ഞു. “വെൽക്കം സാർ. ഡോക്യൂമെന്റസ് ചെക്ക് ചെയ്യാൻ അറേഞ്ച്മെന്റ് ഇപ്പോൾ ചെയ്യാം.
സൈഡിൽ ഇട്ടിരുന്ന ടേബിളിന്റെ പുറത്ത് എല്ലാ ഡോക്യൂമെന്റ്സും പ്യൂൺ കൊണ്ടു വെച്ചു. അങ്ങനെ ആദ്യ ദിവസം ഡോക്യൂമെന്റ്സ് എല്ലാം ചെക്ക് ചെയ്ത് ഡോക്യുമെന്റ് രജിസ്റ്ററിൽ ഒപ്പ് ഇട്ട് അലമാരയിൽ സൂക്ഷിച്ചു വെച്ചു.
ബാങ്കിന്റെ ടൈം കഴിഞ്ഞപ്പോൾ ഇറങ്ങി. ഇവിടെ താമസ സൗകര്യം ശരിയായിട്ടില്ല. അതുവരെ വീട്ടിൽ പോയി വന്നാലേ പറ്റു. ബസ്സ്റ്റോപ്പിലേക്ക് ചെന്നപ്പോൾ തന്നെ ഒരു ബസ് വന്നു. ഇരിക്കാൻ സീറ്റും കിട്ടി. വീട്ടിലെത്തുമ്പോൾ ഒരു ആറര ഒക്കെ ആയേക്കും. ഒന്ന് മയങ്ങാൻ സമയം ഉണ്ട്. കണ്ണുകൾ അടച്ചങ്ങനെ ഇരുന്നു.
പിറ്റേ ദിവസം ബാങ്കിൽ ചെന്ന് അറ്റന്റൻസ് മാർക്ക് ചെയ്തിട്ട് ഗോൾഡ് ചെക്ക് ചെയ്യാൻ തുടങ്ങി. സ്ട്രോങ്ങ് റൂമിൽ ചെന്ന് ഗോൾഡ് പാക്കറ്റുകൾ ഓരോന്നായി കാഷ്യർ ഗ്രേസി എടുത്ത് തന്നു. ലിസ്റ്റ് പ്രകാരമുള്ള പാക്കറ്റുകൾ ഓരോന്നായി ചെക്ക് ചെയ്ത് കൊണ്ടിരുന്നു. അങ്ങനെ എല്ലാ പാക്കറ്റുകളും പുറത്തെടുത്തു കഴിഞ്ഞപ്പോൾ ലിസ്റ്റ് പ്രകാരമുള്ള ഒരു പാക്കറ്റ് കാണുന്നില്ല…
ഒരു നിമിഷം മനസ്സൊന്നു പിടഞ്ഞു. പണയ സ്വർണം ഉള്ള പായ്ക്കറ്റ് ആണ്.
“ഗ്രേസി, ഒന്നൂടെ ഒന്ന് നോക്കിക്കേ. ഒരു പായ്ക്കറ്റ് കാണുന്നില്ലല്ലോ. “
ചെക്ക് ചെയ്ത പായ്ക്കറ്റുകൾ തിരികെ വെക്കാൻ ഒരുങ്ങുന്ന ഗ്രേസി പെട്ടെന്ന് തിരിഞ്ഞ് പരിഭ്രമത്തോടെ ചോദിച്ചു, “എന്താ സാറെ പറഞ്ഞത്?”
“ഗ്രേസി പേടിക്കണ്ട, ഒരെണ്ണം കാണുന്നില്ല. നമുക്ക് നോക്കാം. അവിടെ കാണും. “
തിരിച്ച് സേഫിൽ വെയ്ക്കാൻ തുടങ്ങിയ പാ യ്ക്കറ്റുകൾ വെക്കാതെ വീണ്ടും സേഫിനുള്ളിൽ പരിശോധിച്ച ഗ്രേസി പരിഭ്രമം മൂലം മിണ്ടാൻ കഴിയാതെ വിളറി നിൽക്കുകയാണ്.
വീണ്ടും ഞാൻ ആശ്വസിപ്പിച്ചു”. ഗ്രേസി പരിഭ്രമിക്കാതെ. നമ്മൾ ചെക്ക് ചെയ്തു കഴിഞ്ഞില്ലല്ലോ. നാളെ നമുക്ക് എല്ലാം വീണ്ടും എടുത്തു നോക്കാം. എവിടെ പോകാനാ. എവിടെയെങ്കിലും മാറി ഇരിപ്പുണ്ടാവും. “
ഗ്രേസി ഒന്നും പറയാതെ ഗോൾഡ് പായ്ക്കറ്റുകൾ തിരിച്ച് വെച്ച് തുടങ്ങി. സ്ട്രോങ്ങ് റൂം പൂട്ടി ഞങ്ങൾ പുറത്തിറങ്ങി.
ബാഗ് എടുത്ത് പുറത്തിറങ്ങാൻ നിന്നപ്പോൾ ഗ്രേസി വന്നെന്നോട് പറഞ്ഞു. “സാറെ, ആ പായ്ക്കറ്റ് കണ്ടില്ലെങ്കിൽ എന്ത് ചെയ്യും? എന്റെ ജോലി പോകും. ഞാൻ കള്ളിയുമാകും. എനിക്ക് ഓർക്കാൻ വയ്യ. “
ഞാൻ ഗ്രേസിയെ ആശ്വസിപ്പിച്ചു. ” വെറുതെ പേടിക്കാതെ. ധിറുതിയിൽ എടുത്തപ്പോൾ അവിടെ വീണു പോയതായിരിക്കും. അല്ലാതെ എവിടെ പോകാനാ. നാളെ നമുക്ക് വിശദമായി നോക്കാം. സമാധാനമായിരിക്ക്. “
തിരിച്ച് വീട്ടിലോട്ടുള്ള യാത്രയിൽ മനസ്സ് കലുഷിതമായിരുന്നു. നാളെ അത് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും? എനിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കാൻ ഒക്കുമോ. അത് ആരുടെയൊക്കെ ഭാവിയെ ബാധിക്കും. രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിനെ ആണ് ഒന്ന് മയങ്ങിയത്.
ബ്രാഞ്ചിലേക്കുള്ള യാത്രയിൽ മുഴുവൻ ഉള്ളിൽ പ്രാർത്ഥന ആയിരുന്നു. ആ പായ്ക്കറ്റ് എവിടെയെങ്കിലും മാറിയിരിപ്പുണ്ടാകുമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നെങ്കിലും ആശങ്ക വിട്ടുമാറുന്നില്ല. പത്തുമണിക്ക് അഞ്ച് മിനിറ്റ് ഉള്ളപ്പോൾ ഗ്രേസി ഓടിക്കിതച്ചെത്തി. ഇന്നലെ ഉറങ്ങിയിട്ടില്ല എന്ന് വിളിച്ച് പറയുന്ന കണ്ണുകളും മുഖവും.
ആർക്കും മുഖം കൊടുക്കാതെ ഗ്രേസി സ്ട്രോങ്ങ് റൂമിലേക്ക് നടന്നു. എല്ലാ ഗോൾഡ് പായ്ക്കറ്റുകളും വീണ്ടും എടുത്ത് കൂടുതൽ ശ്രദ്ധിച്ച് ചെക്ക് ചെയ്യാൻ തുടങ്ങി. ഉച്ച ആയപ്പോഴേക്കും മൊത്തം പായ്ക്കറ്റുകളും ഏകദേശം ചെക്ക് ചെയ്തു കഴിഞ്ഞു. ഇനി ഒരു പത്തെണ്ണം കൂടി കാണും. അപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി. മറ്റുള്ള സ്റ്റാഫ് ഉണ്ണാൻ റെഡി ആയിട്ട് ഗ്രേസിയെ വന്നു വിളിച്ചു. മാനേജർ ഉൾപ്പെടെ കൂടുതലും സ്ത്രീകൾ ആണ് ബ്രാഞ്ചിൽ. സ്റ്റാഫിൽ ഒരാളുണ്ട് പുരുഷൻ. അദ്ദേഹം വളരെ സീനിയർ ആണ്. എല്ലാവരും കൂടി ഒരുമിച്ചിരുന്ന് വലിയ ആഘോഷമായിട്ടാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. അതും വളരെ എൻജോയ് ചെയ്ത് സമയമെടുത്ത്…..
“പോയി കഴിച്ചിട്ട് വന്നാൽ മതി. അവർ വെയിറ്റ് ചെയ്യുവല്ലേ”. റൂം പൂട്ടി താക്കോൽ എടുത്തോ. ഞാൻ എഴുന്നേറ്റു.
“വേണ്ട സാർ, തീർത്തിട്ട് പോകാം. അല്ലെങ്കിൽ എനിക്ക് വറ്റ് ഇറങ്ങൂല. “
ശരി. ഞാൻ സമ്മതിച്ചു.
ഞങ്ങൾ ബാക്കി ഉള്ളത് കൂടി ചെക്ക് ചെയ്തു. ഇപ്പോഴും ആ ഒരെണ്ണം കാണുന്നില്ല.
ഗ്രേസി എന്നെ ഒന്ന് നോക്കി. ഇപ്പോൾ കരയും എന്ന പോലെ വിതുമ്പി നിൽക്കയാണ്.
ഞാൻ പെട്ടെന്ന് പറഞ്ഞു. “പായ്ക്കറ്റുകൾ വെച്ചിരിക്കുന്നതിന്റെ തൊട്ട് താഴത്തെ തട്ട് ഒന്ന് നോക്കിക്കേ. ഇടയിലൂടെ എങ്ങാനും താഴെ വീണു കിടപ്പുണ്ടാവുമോ. “
ഏതായാലും ഗ്രേസി തട്ടിന്റെ അകത്തോട്ട് കയ്യിട്ടു നോക്കിയപ്പോൾ എന്തോ കയ്യിൽ തടഞ്ഞു. ഒരു പായ്ക്കറ്റ് എങ്ങനെയോ ആ വിടവിൽ ഇരിക്കയാണ്. അത് ഒരു വിധത്തിൽ പുറത്ത് എടുത്തു. ഞാൻ നോക്കിയപ്പോൾ ഇനി കാണാനുള്ള ആ പായ്ക്കറ്റ് ആണ്.
ഞാൻ ഒന്ന് നിശ്വസിച്ചു. ഭാഗ്യം. ദൈവം കാത്തു. ഗ്രേസിയുടെ മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി. ഒരു വലിയ ശബ്ദത്തോടെ കരഞ്ഞുകൊണ്ട് ഗ്രേസി സ്ട്രോങ്ങ്റൂമിൽ നിന്ന് ഇറങ്ങി പോയി.
ഒന്ന് കരഞ്ഞു തീർക്കട്ടെ. പാവം. എന്തുമാത്രം തീ തിന്നു. എന്നോർത്ത് ഞാൻ സ്ട്രോങ്ങ്റൂം പൂട്ടി ഇറങ്ങി വന്നു.
‘ഗ്രേസി എന്ത്യേ? സങ്കടം മുഴുവൻ പെയ്തു തീർന്നോ ‘ എന്നറിയാൻ നോക്കിയപ്പോൾ കാണുന്നത് മേശപ്പുറത്തു കമഴ്ന്നു കിടക്കുന്ന ഗ്രേസിയെയും ചക്കപ്പഴത്തേൽ ഈച്ച പൊതിയുമ്പോലെ ഗ്രേസിയെ പൊതിഞ്ഞിരിക്കുന്ന സഹപ്രവർത്തകരെയുമാണ്. അവർ അത് കൈകാര്യം ചെയ്യട്ടെ എന്നോർത്തു കൊണ്ട് വാഷ് റൂമിലേക്ക് പോകാൻ ചെന്ന എന്നെ എല്ലാവരും ഒരു ശത്രുവിനെ പ്പോലെ നോക്കുന്നതായി എനിക്ക് തോന്നി. എനിക്കു തോന്നിയതാണോ? ഒന്നൂടെ ശ്രദ്ധിച്ചു… അല്ല… മുഖത്ത് ഏതെക്കെയോ ഭാവങ്ങൾ, പുച്ഛമോ, ദേഷ്യമോ, പരിഹാസമോ… അങ്ങനെ എന്തൊക്കെയോ.
കുറച്ചു പേർ മാറി നിന്നു കുശുകുശുക്കുന്നു.
“സ്റ്റാഫ് റെപ്രെസെന്റീവ്” എന്ന് ഇന്നലെ സ്വയം പരിചയപ്പെടുത്തിയ സുധ പറയുന്നു.
“ഞാൻ മാഡത്തിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാഡം ബാങ്കിൽ നിന്നും ലോൺ കൊടുത്ത ഏതോ കടയിൽ ലോൺ റിക്കവെറിക്കു പോയിരിക്കയാണ്. ഇവിടെ ടൗണിൽ തന്നെയാണ്. മാഡം എന്ത് പറയുന്നുവെന്ന് നോക്കാം. അല്ലെങ്കിൽ യൂണിയനുമായി ആലോചിച്ചു എന്ത് നടപടി വേണമെന്ന് നമ്മൾ തീരുമാനിക്കും. “
“ഗ്രേസി ഒന്നും പറയുന്നില്ലല്ലോ. സുധേ. “
ഇന്ന് ഗ്രേസിക്ക് പകരം കാഷ്യരുടെ വർക്ക് ചെയ്യുന്ന മായയുടെ ശബ്ദം കേട്ടു.
“അവൾ വിരണ്ടു പോയിക്കാണും. മാഡം വരുമ്പോൾ ചോദിക്കട്ടെ. “
“ഒരു പഞ്ചാര കുട്ടനാ. കണ്ടാലറിയാം അല്ലേ. ” ആരോ മൊഴിഞ്ഞു.
“കല്യാണം കഴിഞ്ഞതാണെന്നാണല്ലോ മാഡം പറഞ്ഞത്. 4 വയസ്സുള്ള ഒരു മോളും ഉണ്ട്. “
“അതിനെന്താ? കല്യാണം കഴിഞ്ഞവർ എല്ലാം മര്യാദക്കാരാണോ. “
ഇവർ ഇതെന്തൊക്കെയാണ് പറയുന്നത്? ഇതെങ്ങോട്ടാണ് പോകുന്നത്?
പെട്ടെന്ന് എനിക്ക് എന്തോ കത്തി. അപകടം മണത്തു. ഞാനല്ലാതെ ഉള്ള ഏക പുരുഷപ്രജയെ… ഷാജിയെ.. ഞാൻ തെരഞ്ഞു. അത് ശരി… അങ്ങേര് കുറച്ചു മാറി എല്ലാം വീക്ഷിച്ചുകൊണ്ട് നിൽക്കുന്നു.
എന്റെ മനസ്സിൽ നാളെ ചാനലുകളിൽ വരാൻ പോകുന്ന ബ്രേക്കിങ് ന്യൂസിലെ വില്ലന്റെ മുഖം…. തെളിഞ്ഞു വന്നു.
ലൈൻ ലൈൻ ഇട്ട, പകുതി ഹൈഡ് ചെയ്ത മുഖം.
ഞാൻ മുഖം കഴുകാൻ വാഷ്ബാസിന്റെ അടുത്തു ചെന്നപ്പോൾ കണ്ണാടിയിൽ കണ്ടു. ഒന്ന് ഞെട്ടി… അത് എന്റെ മുഖം ആയിരുന്നു.
എന്തെങ്കിലും ചെയ്തേ പറ്റു. മാനേജർ വരാൻ നോക്കിയിരിന്നാൽ ചിലപ്പോൾ എല്ലാം കയ്യിൽ നിന്ന് പോകും.
മുഖം തുടച്ചിട്ട് ഞാൻ അവർ ഇരിക്കുന്ന സ്ഥലത്തേക്ക് ചെന്നു. ഉറച്ച ശബ്ദത്തോടെ ഞാൻ വിളിച്ചു. “ഗ്രേസി… എന്താണ് ഭക്ഷണം കഴിക്കാത്തത്? ടെൻഷൻ മാറിയില്ലേ? മാറിയിരുന്ന ഗോൾഡ് പായ്ക്കറ്റ് കിട്ടിയില്ലേ. ഇനി എന്തിനാണ് സങ്കടം?”
ഗ്രേസി പെട്ടെന്ന് തല ഉയർത്തി എന്നെ നോക്കി ചിരിച്ചു. “ഇപ്പോഴാണ് സാറെ ഞാൻ ഒന്ന് റിലാക്സ്ഡ് ആയത്. കഴിഞ്ഞ ഒന്നര ദിവസം ഞാൻ ഉരുകുകയായിരുന്നു. ആരോടൊക്കെ ഞാൻ സമാധാനം പറയണം? ആരുടെയൊക്കെ മുമ്പിൽ ഞാൻ തല കുനിക്കണം. ആ പായ്ക്കറ്റ് എന്റെ കയ്യിൽ തടഞ്ഞപ്പോൾ….. ശരിക്കും എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല. സന്തോഷമോ, സങ്കടമോ, ആശ്വാസമോ… അങ്ങനെ എന്തൊക്കെയോ….. ഞാൻ ഉറക്കെ കരഞ്ഞുപോയി. സാറിനോട് ഒരു താങ്ക്സ് പോലും പറഞ്ഞില്ല.”
ഗ്രേസിയുടെ ചുറ്റിനും കൂടി നിന്ന പല മുഖങ്ങളിലും വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു. ചിലർ മാത്രം ഒരു തരം നിസ്സംഗത മുഖത്ത് അണിഞ്ഞു നിൽക്കുന്നു.
മായ ചോദിച്ചു. “ഗ്രേസി നീ എന്തിനാ വലിയ വായിൽ കരഞ്ഞത്? ഞങ്ങൾ പേടിച്ചു പോയല്ലോ. “
” എന്താണ് ഇവിടെ പ്രശ്നം? സുധ എന്നോട് എന്താ അത്യാവശ്യമായി വരാൻ പറഞ്ഞത്? എനിക്ക് ഒന്ന് രണ്ട് ലോൺ പാർട്ടിക്കാരെ കൂടി കാണാമായിരുന്നു. ഇവിടെ അക്കൗണ്ടന്റ് ഇല്ലായിരുന്നോ. അത്ര അത്യാവശ്യകാര്യമായിരുന്നുവെങ്കിൽ അദ്ദേഹത്തോട് പറയാമായിരുന്നല്ലോ. “
ബ്രാഞ്ചിലേക്ക് ധിറുതിയിൽ കടന്നു വന്ന മാനേജർ സുധയോട് ചോദിച്ചു.
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
പിന്നെ മായ പറഞ്ഞു. “മാഡം, ഗ്രേസി വലിയ വായിൽ കരഞ്ഞുകൊണ്ട് സ്ട്രോങ്ങ് റൂമിൽ നിന്നും ഇറങ്ങി വന്നു. ഞങ്ങൾ ചോദിച്ചിട്ട് ഒന്നും മിണ്ടിയില്ല. അതാണ് മാഡത്തിനോട് വരാൻ ആവശ്യപ്പെട്ടത്. “
എന്താണ് ഗ്രേസി പ്രശ്നം? എന്തായാലും നമുക്ക് പരിഹാരമുണ്ടാക്കാമെടോ. വന്നേ, ഞാൻ ചോദിക്കട്ടെ.
മാനേജർ ഗ്രേസി യുടെ കയ്യിൽ പിടിച്ചുകൊണ്ട് കാബിനുള്ളിലേക്ക് പോയി. ബാക്കിയുള്ളവരെല്ലാം ഭക്ഷണം കഴിക്കാനും മറ്റുമായി പോയി.
എന്തെങ്കിലും ചെറുതായി കഴിക്കാമെന്ന് വിചാരിച്ച് പുറത്തേക്കിറങ്ങി. “സാറെ ഒന്ന് നിന്നേ, ഞാനും വരുന്നു. “
തിരിഞ്ഞു നോക്കി. ഷാജി ആണ്.
“ഷാജിസാർ ഊണ് കഴിച്ചില്ലേ. ?”ഞാൻ ചോദിച്ചു.
“ഇന്ന് കൊണ്ട് വന്നില്ല സാറെ. “
ഷാജി എന്നോടൊന്ന് സംസാരിക്കാൻ വേണ്ടി വന്നതാണെന്ന് എനിക്ക് മനസ്സിലായി.
ഒത്തിരി കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. ഞാൻ എല്ലാം മൂളികേട്ടതെയുള്ളു. അഭിപ്രായം ഒന്നും പറഞ്ഞില്ല.
തിരിച്ച് ബ്രാഞ്ചിൽ എത്തി മാഡത്തിന്റെ മുറിയിൽ കയറി. മാഡം എന്നെ കാത്തിരിക്കയായിരുന്നു.
“മാഡം, ഗോൾഡ് ചെക്ക് ചെയ്തു കഴിഞ്ഞു. ഇനി ക്യാഷ് കൂടി ചെക്ക് ചെയ്താൽ മതി. എന്നാൽ അത് തുടങ്ങട്ടെ. “
ഞാൻ അനുവാദം ചോദിച്ചു.
“ആ…. അതൂടി കഴിഞ്ഞാൽ എനിക്ക് ചാർജ് ഹാൻഡ് ഓവർ ചെയ്യാമല്ലോ. ലോൺ റിക്കവറിക്കു ഇറങ്ങിയേ ഒക്കുകയുള്ളു സാറെ. പലരും ഇൻസ്റ്റാൾമെന്റ് മുടക്കുന്നു. “
“ഗ്രേസി എന്നോട് ഗോൾഡ് പായ്ക്കറ്റ് മിസ്പ്ലേസ്ഡ് ആയ കാര്യവും തിരിച്ച് കിട്ടിയതും എല്ലാം പറഞ്ഞു. അതെങ്ങാനും കിട്ടിയില്ലായിരുന്നെങ്കിൽ… പിന്നീട് എന്തൊക്കേ പൊല്ലാപ്പായിരുന്നേനെ. ഞാനും കുടുങ്ങിയേനെ. “
“ഗ്രേസിയാണെങ്കിൽ ഒരു പാവം ആണ്. ഒരു വെപ്രാളക്കാരി. ഹസ്ബൻഡ് വിദേശത്താണ്. കുടുംബഭാരവും വർക്ക് പ്രഷറും എല്ലാം കൂടി പാവത്തിനെ തളർത്തുന്നു. കാഷ്യർ -ക്ലാർക്ക് ആണ്. അതുകൊണ്ട് ക്യാഷിൽ നിന്നും ഒരു മാറ്റം ഇല്ലല്ലോ. “
“പിന്നെ നിഷ എന്നോട് പറഞ്ഞു ഉച്ചക്ക് ചില അനാവശ്യ പ്രശ്നങ്ങളും കുശുകുശുക്കലുകളും ഒക്കെ ഉണ്ടായെന്ന്. എല്ലാ ഓഫീസകളിലെയും പോലെ കുറച്ച് പൊളിറ്റിക്സ് ഒക്കെ ഇവിടെയും ഉണ്ട്. എന്ന് വെച്ച് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ആരും ഇവിടെയില്ല. ട്രാൻസ്ഫർ പേടിച്ച് പ്രൊമോഷന് പോകാതെ കുറച്ച് സീനിയർ സ്റ്റാഫ് ഉണ്ട്. അവരെ ഒന്ന് കൂടുതൽ കൺസിഡർ ചെയ്തേക്കണം. അത്രേയുള്ളൂ. “
“ഒരു കാര്യം കൂടി. ഷാജി പറഞ്ഞു കാണും ഇതൊരു വനിതാ ബ്രാഞ്ച് ആണ്. പുരുഷന്മാരെ ഇവിടെ വെച്ചുപൊറുപ്പിക്കത്തില്ല എന്നൊക്കെ. ഷാജി തന്നെയാണ് ആ പ്രൊപ്പഗണ്ട (പ്രചരണം )നടത്തുന്നത്. ഷാജിയുടെ പല വർക്കുകളും അവരെ സോപ്പ് ഇട്ട് അവരെ കൊണ്ട് ചെയ്യിക്കാറുണ്ട്. “
ശരി മാഡം. ഞാൻ എഴുന്നേറ്റു. വിടർന്ന ഒരു ചിരിയോടെ ഞാൻ പുറത്തിറങ്ങി സ്ട്രോങ്റൂമിന്റെ താക്കോൽ എടുത്തിട്ട് ഞാൻ ഗ്രേസിയെ ക്യാഷ് ചെക്ക് ചെയ്യാനായി വിളിച്ചു.
ഗ്രേസിയുടെ മുഖഭാവത്തിൽ നിന്നും അവിടെ ഉണ്ടായ ഒരു സംഭവവും ഗ്രേസി അറിഞ്ഞിട്ടില്ലെന്നു മനസ്സിലായി. ചില മുഖങ്ങളിൽ ജാള്യതയുടെ ഒരു നേരിയ ലാഞ്ചന ഉണ്ടോന്ന് ഒരു സംശയം മാത്രം ബാക്കി.


4 Comments
പലരുടെയും അനുഭവമാണിത് …..നന്നായെഴുതി👍❤️
ജോലി സ്ഥലത്തെ politics, work pressure, വിവേകമുള്ള പെരുമാറ്റം ഇതെല്ലാം നന്നായി അവതരിപ്പിച്ചു.👏👍
കഥ നന്നായിരിക്കുന്നു. 👌ഇങ്ങനെയൊരവസരത്തിലുണ്ടാകുന്ന ടെൻഷനുകളെല്ലാം ഭംഗിയായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങൾ❤️👌🌹
സന്തോഷം.. Thank you