പഴനി മുരുകൻ!! പെട്ടെന്ന് ഉണ്ടായ ഒരു ആഗ്രഹമാണ്. ( സത്യം പറഞ്ഞാൽ ഒരു തുടക്കത്തിലുള്ള നേർച്ച).
പ്രിയതമനോട് അവതരിപ്പിച്ചു. ” വേറെ പണിയില്ലേ നിനക്ക്, പഴനി മല കേറാനൊന്നും വയ്യ. ” പ്രതീക്ഷിച്ച ഉത്തരം. കാര്യം നേടിയെടുക്കാനുള്ള എൻ്റെ ആയുധം പ്രയോഗിക്കാൻ തീരുമാനിച്ചു. മൗനം.
മുഖഭാവത്തിൽ അത് ഏറ്റു എന്ന് തോന്നി. കൂർഗിൽ ഞങ്ങളും വേറെ രണ്ട് കൂട്ടുകാരും ഭാര്യമാരും പോയിരുന്ന ഒരു കാർ ഡ്രൈവറെ വിളിക്കാൻ തീരുമാനിച്ചു. മൂപ്പര് റെഡി. വിചാരിച്ച ദിവസം ഓട്ടം ഇല്ല. ഉടൻ റൂം ബുക്ക് ചെയ്യാൻ തയ്യാറെടുത്തു.
തൈപൂയ്യ മഹോത്സവം ആണ് ഒരാഴ്ച കഴിഞ്ഞാൽ. ഭാഗ്യത്തിന് ഒരു എ. സി ഡീലക്സ് റൂം അമ്പലത്തിന് അടുത്തുള്ള ഹോട്ടലിൽ കിട്ടി. സന്തോഷം അടക്കാൻ ആയില്ല. ഒരു ശനിയാഴ്ച്ച രാവിലെ പോയി ഞായറാഴ്ച്ച തിരിച്ചു വരണം. ഇഡ്ഡലിയും ചമ്മന്തിയും വെള്ളവും ചായയും എടുത്തു യാത്രയായി.
തണുപ്പ് വിടാത്ത ഒരു രാവിലെ. ഒരു നല്ല സുഹൃത്ത് ആണ് ഞങ്ങളുടെ ഇബ്രാഹിം എന്ന ഡ്രൈവർ. യാത്രയിൽ ഉടനീളം പലതും സംസാരിച്ച് നീങ്ങി. ഇടക്ക് നിർത്തി ചായയും ഇഡ്ഡലിയും കഴിച്ചു. എൻ്റെ ഇഡ്ഡലി, ചമ്മന്തി നൂറു ശതമാനം മാർക്ക് നേടി. ഉച്ചക്ക് ശേഷം പഴനി എത്തി. ഗൂഗിൾ ചേച്ചിയോട് ചോദിച്ചു, ഹോട്ടൽ കണ്ട് പിടിച്ചു. ഡ്രൈവർക്കുകൂടി ഒരു സിംഗിൾ റൂം കിട്ടി. വേറൊരു മതസ്ഥർ ആയത് കൊണ്ട് മൂപ്പർക്ക് പഴനി കയറാൻ താൽപര്യമില്ല സുഖമായി റസ്റ്റ് ചെയ്യട്ടെ എന്ന് വിചാരിച്ചു. കുളിച്ച് ശുദ്ധമായി സൗകര്യ പ്രദമായ ഡ്രസ് ഇട്ട് ഞങ്ങൾ അമ്പലത്തിലേക്ക്.
പഴയ പഴനിയൊന്നും അല്ല. വർഷങ്ങൾക്ക് മുമ്പ് പോയതാണ്. ഒരുപാട് മാറിപ്പോയിരിക്കുന്നു. സൗകര്യങ്ങളും. പക്ഷേ തിരക്കോട് തിരക്ക്. ചെരുപ്പ് ഒരു സൂക്ഷിപ്പ് സ്ഥലത്ത്, മൊബൈൽ വേറൊരു സ്ഥലത്ത്. എല്ലാം ക്ഷേത്ര ദേവസ്വം വക.
മല കേറാൻ തുടങ്ങി. ” മുരുകാ സഹായിക്കണേ” ആദ്യ പടിയിൽ തൊട്ട് പ്രാർത്ഥിച്ചു. ഷുഗറും ബി. പി യുടെയും മറ്റ് അസ്വസ്ഥതകൾ ഒന്നും ഇല്ലെങ്കിലും അച്ചൻ്റെ വാതരോഗം ഇടയ്ക്ക് തലപൊക്കും. പോരാത്തതിന് വലത്തെ തോൾ വർഷങ്ങൾക്ക് മുമ്പ് കൂറയെ കണ്ട് ഓടി ഡിസ്ലോക്കേറ്റു ചെയ്തതിൻ്റെ ബാക്കി പത്രവും. ഹസ്ബണ്ടിൻ്റെ കൈ മുറുക്കി പിടിച്ച് കയറാൻ തുടങ്ങി. തമിഴ് സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഓടി കയറുന്നത് കണ്ട് അസൂയയോടെ നോക്കി നടന്നു. അങ്ങനെ മുക്കിയും മൂളിയും. രണ്ടാളും മുകളിലെത്തി. അതിശയവും സന്തോഷവും. സാധിച്ചെടുത്തല്ലോ ഞങ്ങൾ. പഴയ തട്ടിപ്പും വെട്ടിപ്പും ഒന്നും ഇല്ല. എല്ലാം ചിട്ടയോടെ. നൂറു ഉറുപ്പികയുടെ ക്യൂവിൽ കേറി കുറച്ചു നടന്ന ഉള്ളു, നല്ല വിശാലമായ ഇരിപ്പിടങ്ങൾ ഉള്ള വ്യത്യസ്ത ഏരിയകൾ വിശ്രമിക്കാൻ. നട തുറക്കാൻ സമയമായില്ല. രസകരമായ കാഴ്ചകൾ കണ്ടിരുന്നു. മൊട്ടയടിച്ച് ചന്ദനം തേച്ച കുട്ടിത്തലകളും വലിയ തലകളും ധാരാളം.
തമിഴ് കേൾക്കാൻ അതി സുന്ദരമായ ഭാഷയാണ്. കുട്ടികൾ ഓടിക്കളിക്കുന്നു. അവരുടെ കൈയ്യിലെ ഭക്ഷണ പാക്കറ്റ് ക്ഷണ നേരം കൊണ്ട് തട്ടിപ്പറിച്ച് കൊണ്ടുപോകുന്ന കുരങ്ങന്മാർ. ചിരി വന്നു. നട തുറന്നു എന്ന് മനസ്സിലാക്കി കൊണ്ട് “ഹര ഹാരോ ഹര” വിളികൾ.
പിന്നെയാണ് കഥ. അപാര ക്യു. ഉന്തും തള്ളും ഒക്കെ കഴിഞ്ഞു ഭഗവാനെ ഒന്ന് നന്നായി കാണാൻ കഴിഞ്ഞില്ല. ( ഉള്ളിലുണ്ടല്ലോ). പുറത്തിറങ്ങി, ലഡ്ഡു, പഞ്ചാമൃതം വാങ്ങി. പുറത്ത് കടന്നപ്പോൾ ഇരുട്ടിയിരിക്കുന്നു. നല്ല മഴ പെയ്തിരുന്നു. നിലം വഴുതാനും തുടങ്ങി. നടക്കുക വല്ല്യ പ്രയാസം. പെട്ടെന്നാണ് കാര്യങ്ങള് മാറി മറഞ്ഞത്. രഥം എഴുന്നള്ളത്ത് തുടങ്ങി. എൻ്റമ്മേ എന്തൊരു തിരക്ക്.
ഈ തമിഴ് നാട്ടിലെ മനുഷ്യരുടെ ഭ്രാന്ത് ശരിക്കും അറിഞ്ഞു. ഞാൻ കരഞ്ഞു പോയി. ”മുരുകാ, ഹര ഹാരോ ” വിളികൾ മുഴങ്ങി. ആണും പെണ്ണും തിക്കോട് തിക്കു.. ശരിക്കും ഞാൻ അവിടെ വീണ് ചവുട്ടി കൂട്ടി പോവും എന്ന് വിചാരിച്ചു. ഒരു രക്ഷയും ഇല്ലാ. എങ്ങോട്ടും പോവാനുള്ള വഴി ഇല്ല. രഥം പോവുന്ന വരെ അങ്ങോട്ടും ഇങ്ങോട്ടും കൈ മുറുക്കി പിടിച്ച് ഞങ്ങൾ നിന്നു. രഥം പോയതും ആയിരക്കണക്കിന് മനുഷ്യർ പടി ഇറങ്ങാൻ തുടങ്ങുന്നു. അത്ര തന്നെ പേര് പടി കയറാനും. മുഴുവൻ ബ്ലോക്ക്, പോരാത്തതിന് വഴുക്കും. ലഡ്ഡു, പ്രസാദം കൗണ്ടറിന് മുന്നിൽ ഒതുങ്ങി നിന്നു. പിന്നെ രണ്ടും കൽപ്പിച്ച് തിക്കി മുന്നോട്ട് നടന്നു.
പടി കണ്ടൂ പിടിച്ചു. ഇറങ്ങൽ അതി കഠിനം വഴുതിയിട്ട്. പടിയൊക്കെ ഗ്രാനൈറ്റ്, കരിങ്കല്ല് കൊണ്ടാണ്. ഓരോ പടി നോക്കി സാവധാനം ഇറങ്ങി. ”അയ്യാ,, വാങ്കോ,, മുരുകാ,, ശീഘ്രം വാ ഡാ ” ഇങ്ങനെ ഉള്ള ഉച്ചത്തിൽ പറയുന്നത് പശ്ചാത്തല സംഗീതം പോലെ. മുകളിൽ പഞ്ച വാദ്യവും ഒച്ചയും വേറെ.
കാവടി എടുത്ത് വാദ്യ മേളത്തിൽ.. ആഘോഷിക്കുന്ന നിഷ്കളങ്കരായ മനുഷ്യർ.
ആകെ ജഗ പോക. താഴെ ഇറങ്ങി. ചെരിപ്പു വാങ്ങി ഇട്ടപ്പോൾ കുറെ( ചെരുപ്പ് ഇടാതെ നടന്ന് ശീലമില്ല) സമാധാനം. മൊബൈൽ കിട്ടി. ഡ്രൈവറെ വിളിച്ചു. നല്ല മഴ. ” സാറും, മേം കുടി എങ്ങനെ മല കേറി എന്ന് ഞാൻ ആലോചിക്കുക ആയിരുന്നു ” എന്ന് ഇബ്രാഹിം ( ഞങ്ങളുടെ ഡ്രൈവർ)
“താഴെ ആയിരക്കണക്കിന് ആൾക്കാർ കയറാൻ കാത്ത് നിൽക്കുന്നത് കണ്ട് പേടിയായി. ഈ അമ്പലങ്ങളൊക്കെ എന്തിനാ ഇത്ര ഉയരമുള്ള മലേടെ മോളിൽ കൊണ്ട് വെക്കുന്നത്”. ചിരിച്ചു കൊണ്ട് ഇബ്രാഹിം.
“ഇനി ഭക്ഷണം കഴിച്ച്, സുഖമായി ഉറങ്ങൂ” ഇബ്രാഹിമിൻ്റെ ഉപദേശം.
അന്നപൂർണ ഹോട്ടലിൽ നിന്ന് രുചികരമായ നൈറോസ്റ്റ് കഴിച്ചു. നല്ലൊരു കാപ്പിയും. യാതൊരു വേദനയും ഇല്ലാതെ രാവിലെ എണീറ്റ് തിരിച്ച് യാത്ര. വരും വഴി പാലക്കാട്ട് സുഹൃത്തിൻ്റെ വീട്ടിൽ കയറി, സുഖമായി തിരിച്ച് വീട്ടിൽ എത്തി.. വൈകുന്നേരം.
വർഷങ്ങൾക്ക് മുമ്പ് പോയതാണ് പഴനിയിൽ. ഒരു പാട് ആഗ്രഹിക്കുന്ന കൊച്ചു കാര്യങ്ങള് എനിക്ക് എങ്ങനെയാണ് ഇങ്ങനെ സാധിച്ചു കിട്ടുന്നത് എന്ന് അറിയില്ല. ഒരുപാട് വലിയ മോഹങ്ങൾ ഇല്ലാത്തതാവാം. യാത്രകൾ എന്നും സുഖപ്രദമാകണം എന്നില്ല. ഇങ്ങനെയും ആസ്വാദനം മനുഷ്യനുണ്ട് എന്ന് അറിയണ്ടേ. ഇനി മുരുകൻ്റെ അടുത്തേക്ക് ഒരു പോക്ക് ഉണ്ടാവും എന്ന് തോന്നുന്നില്ല.. കൊറോണയ്ക്ക് ഒരു മാസം മുമ്പ് ശബരി മല കയറിയ എന്നോടാ കളി.
എല്ലാറ്റിനും ഇനിയും ഒരു ബാല്യം ഉണ്ടാവും തീർച്ച
– സുധി


14 Comments
നല്ല എഴുത്ത് സുധീ
പഴനി മലയും തിരക്കും ഭക്തിയും feel ചെയ്ത എഴുത്ത്. 👍👏
ഒന്ന് ആഗ്രഹിച്ചാൽ പ്രപഞ്ചം അതിന് വഴിയൊരുക്കും എന്നല്ലേ..👍
ആഗ്രഹം മുരുക ഭഗവാൻ സാധിച്ചു തന്നില്ലേ? നല്ലെഴുത്ത്👌👏❤️
ജോയ്,സുനന്ദ, താര ,നന്ദി
മാലിനി….ഒരുപാട് സ്നേഹത്തോടെ
പഴനിയിൽ പോയ പോലെ 👌🏽
Very nice narrative…great will power! Keep writing
അങ്ങനെ സുധിയുടെ കൂടെ അങ്ങനെ പഴനി മലയും കേറി. വിവരണം as usual👌👌.
നന്ദി ലിസ്,ലൈല, ലേഖ….
എഴുതണം ഇനിയും
രസകരമായ ഒരു യാത്ര വിവരണം.. Loved reading it Sudhi 🌹🌹🌹🌹. Keep going
രസകരമായ ഒരു യാത്ര വിവരണം. Loved reading it Sudhi. Keep going
You are a strong and determined person. Quite inspiring! Also,lucky that you are able to fulfil your wishes. As always,enjoyed reading it. Some of your views and observations regarding our ‘ neighbours’- I fully endorse!
Looking forward to reading more like this!
മാലിനി….ഒരുപാട് സ്നേഹത്തോടെ