#എല്ലാംശരിയാകും
പാവപെട്ട അച്ഛന്റെ മകനായി ജനിച്ചു, കുട്ടിക്കാലത്ത്, ദാരിദ്ര്യം, പട്ടിണി, ഒക്കെ അനുഭവിച്ചു, വലുതാകുമ്പോൾ സ്വന്തം പരിശ്രമം കൊണ്ട് വലിയ ഒരു നിലയിൽ എത്തി, അമ്മയെയും അച്ഛനെയും, കൂടപ്പിറപ്പുകളെയും എല്ലാം നല്ല രീതിയിൽ സംരക്ഷിക്കുന്ന ആൾക്കാരെ നമ്മൾ നാട്ടിലും കുടുംബത്തിലും ഒക്കെ കണ്ടിട്ടുണ്ടാകും.
അത് പോലെ വലിയ പണക്കാരന്റെ മകനായി ജനിച്ചു അച്ഛന്റെ മരണ ശേഷം ബിസിനസ്സ് ഒക്കെ പൊളിഞ്ഞു തകർന്നു പോയ മകന്റെ ജീവിതവും നമ്മൾ നേരിൽ കണ്ടിട്ടുണ്ടാകും. അതാണ് പറഞ്ഞത് ചിലരുടേത് ശരിയാകും, ചിലരുടെ ശരിയാകൂല്ല.
എല്ലാം ശരിയാകും ഈ ഒരു പ്രതീക്ഷയിൽ ആണ് ഓരോരുത്തരും പിറന്ന നാട്ടിൽ നിന്നും ഒരു അന്യ നാട്ടിലേക്ക് പറക്കുന്നത്.
2006 ഡിസംബർ 31 ന് രാത്രി മലയാള മണ്ണിൽ നിന്നും പറന്നുയർന്നു, 2007 എന്ന പുതുവർഷത്തിൽ അറബി മണ്ണിലേക്ക്(ഖത്തർ)പറന്നിറങ്ങിയവനാണ് ഞാൻ. അത്രയും കാലം മലയാള മണ്ണിൽ ജീവിച്ച എന്റെ ജീവിതത്തിന്റെ തിരക്കഥ മാറിയ വർഷം.
2006 ന്റെ ഒടുക്കം 2007 ന്റെ തുടക്കം.
ഒരു പ്രവാസി ആയത് കൊണ്ട് തന്നെ ഞാൻ എനിക്ക് ചുറ്റും കണ്ട ജീവിതങ്ങൾ, എല്ലാം ശരിയാകും എന്ന വിഷയവുമായി ഏറെ ചേർന്ന് നിൽക്കുന്നതാണ്. ആമുഖം നീട്ടുന്നില്ല. നേരെ വിഷയത്തിലേക്ക് കടക്കാം.
പ്രധാനമായും പ്രവാസികൾ മൂന്ന് വിഭാഗമാണ് ഉള്ളത്. ഇതിൽ, ഒന്നാമത്തെ വിഭാഗം.
നാട്ടിൽ ഉള്ള അയൽവാസിയോ, ബന്ധുവോ നൽകിയ വിസയിൽ ഗൾഫിൽ എത്തി, വിസ തന്ന ആളുടെ ഷോപ്പിൽ തന്നെ കിട്ടുന്ന ശമ്പളത്തിന് ഒരു പാട് വർഷം ജോലി ചെയ്യുന്നവർ.
ഈ വിഭാഗത്തിൽ പെട്ടവർക്ക് 12 മണിക്കൂർ, അല്ലെങ്കിൽ അതിലും കൂടുതൽ ടൈം ജോലി ഉണ്ടാകും. മറ്റുള്ളവർക്ക് വെള്ളിയാഴ്ച, പെരുന്നാൾ പോലെ ഉള്ള ദിവസങ്ങളിൽ അവധി കിട്ടുമ്പോൾ ഇവർക്ക് ആ ദിവസങ്ങളിൽ പതിവിലും കൂടുതൽ ജോലി ആയിരിക്കും. ഓവർ ടൈം ജോലി ചെയ്തതിനു എക്സ്ട്രാ സാലറിയോ നാട്ടിൽ പോകുമ്പോൾ ലീവ് സാലറി ഒന്നും തന്നെ ഉണ്ടാകില്ല. ഹോട്ടലിനുള്ളിൽ കിച്ചണിലോ, അല്ലെങ്കിൽ പുറത്തോ ആണ് ജോലി എങ്കിൽ പുറത്തെ ചൂടും ഹ്യൂമിഡിറ്റിയും ഒക്കെ അനുഭവിക്കണം..
രണ്ടാമത്തെ വിഭാഗം, ഈ പറഞ്ഞ പോലെ തന്നെ ആരെങ്കിലും നൽകിയ വിസയിൽ ഗൾഫിൽ എത്തി, അവരുടെ കൂടെ ഒന്നോ രണ്ടോ വർഷം ജോലി ചെയ്ത്, ആ ബിസിനസ്സിൽ നിന്ന് കിട്ടുന്ന ലാഭം ഒക്കെ മനസ്സിലാക്കി, ഈ ബിസിനസ്സ് സ്വന്തമായി ചെയ്യണം എന്ന് ബുദ്ധിപൂർവ്വം ചിന്തിച്ചു, നാട്ടിൽ നിന്ന് ഭാര്യയുടെയോ, മറ്റോ സ്വർണം ഒക്കെ വിറ്റ് സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നവർ.
ഇവർ കുറഞ്ഞ വർഷം കൊണ്ട് തന്നെ സാമ്പത്തികമായി നല്ലൊരു നിലയിൽ എത്തിച്ചേരുന്നു.
ഇവർ സ്വന്തമായി ബിസിനസ്സ് തുടങ്ങുന്ന സമയത്ത് ഇവരെ ഗൾഫിലേക്ക് കൊണ്ട് വന്നു ജോലി കൊടുത്തവർക്ക് വലിയ ദേഷ്യം ആയിരിക്കും. അവരുടെ കുറ്റങ്ങൾ ഒക്കെ പറഞ്ഞ് നടക്കും. എന്റെ പണം മോഷ്ട്ടിച്ചാണ് അവൻ പോയത് എന്ന് വരെ പറഞ്ഞേക്കാം. പക്ഷേ പോയവൻ രക്ഷപ്പെട്ടു ഒരു നിലയിൽ എത്തി കഴിഞ്ഞാൽ പിന്നെ ഇവർക്ക് ദേഷ്യം ഒന്നും ഇല്ല. ഒരാൾ പണക്കാരൻ ആകുന്നതോട് കൂടി അയാൾ എല്ലാവർക്കും ബഹുമാന്യൻ ആയി. പിന്നെ ആർക്കും ശത്രുത ഇല്ല. അതാണ് പണത്തിന്റെ പവർ.
മൂന്നാമത്തെ വിഭാഗം നന്നായി പഠിച്ചു ഉയർന്ന ശമ്പളത്തിന് ഏതെങ്കിലും കമ്പനിയിൽ അകൗണ്ടന്റ് ആയോ മറ്റോ ജോലി ചെയ്യുന്നവർ.
ഇത്തരക്കാർക്ക് തുടക്കത്തിൽ വലിയ ശമ്പളം കിട്ടിക്കൊള്ളണം എന്നില്ല. പക്ഷേ പിന്നീട് അവർക്ക് എക്സ്പീരിയൻസ് ഒക്കെ ആകുമ്പോൾ കുറച്ചു കൂടി ബെറ്റർ ആയ ഒരു കമ്പനിയിലേക്ക് ചാൻസ് കിട്ടും. ഇവർക്ക് ആഴ്ചയിൽ ഒന്നോ, രണ്ടോ ലീവ് ഉണ്ടാകും. മാക്സിമം 8 മണിക്കൂർ മാത്രമേ ഡ്യൂട്ടി ഉണ്ടാകൂ. അതിൽ കൂടുതൽ ചെയ്‌താൽ ഓവർ ടൈം സാലറി, നാട്ടിൽ പോകുമ്പോൾ ടിക്കറ്റ്, നാട്ടിൽ നിൽക്കുന്ന ഒന്നോ രണ്ടോ മാസം വരെയുള്ള ലീവ് സാലറി ഒക്കെ കിട്ടും. കൂടാതെ ഓഫീസിനുള്ളിൽ ഏസി മുറിയിൽ ഇരുന്നു ചെയ്യുന്ന ജോലി ആയത് കൊണ്ട് പുറത്തെ ചൂടോ, ഹ്യൂമിഡിറ്റിയോ ഇവർക്ക് അനുഭവിക്കേണ്ടി വരില്ല.
എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ ഉള്ളത് ഇതിൽ ഒന്നാമത്തെ വിഭാഗം ആണ് എന്ന്.
വലിയൊരു ശമ്പളം ഒന്നും ഇല്ലാതെ ദീർഘ നേരം ഉള്ള കഠിനജോലി ചെയ്യുന്നവർ.
ഇവർ വർഷങ്ങളോളം ഒരേ മുതലാളിയുടെ കീഴിൽ ജോലി ചെയ്യുന്നു.
സാലറി കൂട്ടിതരുമോ എന്നൊക്കെ മുതലാളിയോട് ചോദിച്ചാൽ, അല്ല ഉസ്മാനെ, ഇപ്പോൾ ബിസിനസ്സ് ഒക്കെ കുറവല്ലേ എന്നായിരിക്കും മറുപടി.
എങ്കിലും മുതലാളി ഏത് പുതിയ ഷോപ്പ് തുറക്കുമ്പോഴും ഉസ്മാനോട് അഭിപ്രായം ചോദിക്കും. അല്ല ഉസ്മാനെ ഞമ്മക്ക് അവിടെ ഒരു ഷോപ്പ് തുടങ്ങിയാൽ നല്ല കച്ചോടം കിട്ടൂല്ലേ.
ആരുടെ എങ്കിലും മുമ്പിൽ വെച്ചായിരിക്കും മുതലാളിയുടെ ചോദ്യം.
കേൾക്കുന്ന ആള് വിചാരിക്കുക, ഉസ്മാനും അതിൽ ഷെയർ ഉണ്ടെന്നാണ്.
പക്ഷേ മുതലാളിക്ക് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉസ്മാനെ ഒന്ന് സുഖിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ഒരു ഷോപ്പ് തുറക്കുമ്പോൾ അവിടെ ഒന്ന് സെറ്റ് ആകുന്നത് വരെ ഉസ്മാൻ ആവശ്യം ആണ്. പുതിയ പണിക്കാർക്ക് ഒന്നും പണ്ടേ എന്റെ കൂടെ ഉള്ള ഉസ്മാന്റെ അത്ര ആത്മാർഥത ഇല്ല. ഒന്ന് പൊക്കി പറഞ്ഞാൽ ഉസ്മാൻ തനിക്ക് വേണ്ടി വീണ് മരിക്കും.
പാവം ഉസ്മാൻ.
മുതലാളി എന്ത് തുടങ്ങുമ്പോഴും എന്നോട് അഭിപ്രായം ചോദിക്കും.
നിഷ്കളങ്കനായ ഉസ്മാൻ മനസ്സിൽ ചിന്തിക്കുന്നത് അതായിരിക്കും.
എങ്കിലും പ്രവാസ ജീവിതം 25 വർഷം ഒക്കെ കടന്നു പോയിട്ടും പ്രാരാബ്ദങ്ങളിൽ നിന്ന് കരകയറാതെ വരുമ്പോൾ, ചുരുങ്ങിയ വർഷം കൊണ്ട് പലരും സമ്പന്നർ ആകുന്നത് കാണുമ്പോൾ, ഈ ഉസ്മാനും മടുക്കും. ഒടുവിൽ ഉസ്മാനും പണി രാജിവെച്ചു മറ്റൊരു സ്ഥലത്തേക്ക് പോകും. അവിടെയും ഉസ്മാന് വലിയ സാലറി ഒന്നും ഉണ്ടാകില്ല. എങ്കിലും ഇത്രയും കാലം കൂടെ നിന്നിട്ടും, തനിക്ക് സാലറി കൂട്ടി തരാത്ത മുതലാളിയുടെ അടുത്ത് നിന്ന് ഇറങ്ങി പൊന്നല്ലോ എന്നൊരു അഭിമാനം ഉസ്മാന് ഉണ്ടാകും.
നാട്ടിലെ, പൈസയെക്കാൾ മൂല്യം ഇവിടുത്തെ റിയാലിന് ഉള്ളത് കൊണ്ടാണല്ലോ പലരും കടൽ കടന്നു ഇങ്ങോട്ടേക്ക് പറക്കുന്നത്. എന്നാൽ ഇവിടെ പണത്തിനു മാത്രം അല്ല മൂല്യം. ഇവിടുത്തെ ചൂടിനും, തണുപ്പിനും എല്ലാം നാടിനെക്കാൾ ഒരു പാട് മൂല്യം കൂടുതൽ ആണ്. ഇതൊക്കെ നന്നായി അനുഭവിക്കുന്നതിനു ഇടയിൽ നമ്മളോട് വിടപറഞ്ഞു പോയ തലമുടികൾക്കിടയിൽ നിന്നും വെളുത്ത തലമൊട്ട പുറത്തു നോക്കി ചിരിക്കാൻ തുടങ്ങിയിട്ടുണ്ടാകും. പേരറിയാത്ത ഈ നൊമ്പരത്തെ കഷണ്ടി എന്നാരോ വിളിച്ചു.
കഷണ്ടിയും, നരയും, കൂടാതെ ഷുഗറും, പ്രഷറും ഒക്കെ ആയി പ്രവാസ ജീവിതം അവസാനിപ്പിച്ചു ജീവിതത്തിന്റെ സായാഹ്നത്തിൽ നാട്ടിൽ ഒതുങ്ങി ജീവിക്കുമ്പോൾ ഈ ഉസ്മാൻ നേരിടുന്ന ഏറ്റവും വലിയ ഒരു ചോദ്യം ആണ്, നീ ഇത്ര കാലം കൊണ്ട് എന്ത് നേടി എന്നത്. ആ ചോദ്യം ഒരു പക്ഷേ ഉണ്ടാകുന്നത് ജീവന്റെ പാതി(ഭാര്യ)യിൽ നിന്ന് തന്നെ ആകും.
ഇവിടെ ഈ മൂന്ന് വിഭാഗത്തെ പറയുമ്പോൾ രണ്ട് വിഭാഗം വിജയിച്ചവർ ആണ്. എന്നാൽ പരാജയപ്പെട്ട ഉസ്മാൻ വിഭാഗം ആണ് കൂടുതലും പ്രവാസ ലോകത്ത് ഉള്ളത്.
എല്ലാം ശരിയാകുക എന്ന് പറഞ്ഞാൽ പണം ഉണ്ടാകുക എന്ന് മാത്രമല്ലല്ലോ. പണം ഒരു ധൈര്യം തന്നെ ആണ്.
എന്നാലും കുടുംബ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകുക എന്നതൊരു വലിയ കാര്യം ആണ്. എല്ലാം ഉണ്ടായിട്ടും കുടുംബ ജീവിതം ഹാപ്പി അല്ലെങ്കിൽ എല്ലാം പോയി. അത് പോലെ ആരോഗ്യവും. ബാങ്കിൽ കുറേ ബാലൻസ് ഉണ്ടെങ്കിലും നമ്മൾ ഒരു നിത്യ രോഗി ആണെങ്കിൽ, എന്ത് സന്തോഷം ഉണ്ടാകാനാണ്.
എന്നാലും എന്ത് പ്രതിസന്ധികൾ ഉണ്ടായാലും എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയിൽ ജീവിതം മുമ്പോട്ട് കൊണ്ട് പോകുക എന്നത് തന്നെ ആണ് പ്രധാനം. താൻ പാതി ദൈവം പാതി എന്നാണല്ലോ. എല്ലാം ശരിയാകാൻ ഉള്ള പരിശ്രമം നമ്മുടെ ഭാഗത്ത് ഉണ്ടാകണം. ശരിയായില്ലെങ്കിൽ, അതും നമ്മുടെ നന്മക്ക് വേണ്ടി ആയിരിക്കാം എന്ന് ചിന്തിക്കണം. സംഭവിച്ചത് ഒക്കെ നല്ലതിന് ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്, എന്ന പോസിറ്റീവ് മൈൻഡ് ഉള്ളത് എപ്പോളും നല്ലതാണ്. അല്ലാതെ, ഒന്നും ശരിയാകുന്നില്ല, ഞാൻ എന്നും തോൽവിയാണ് എന്ന ചിന്തയിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയല്ല വേണ്ടത്,
ആത്മഹത്യ ചെയ്യാനുള്ള ധൈര്യത്തിന്റെ പകുതി ധൈര്യം പോലും വേണ്ടല്ലോ ജീവിതത്തിലെ പ്രശ്നങ്ങളോട് പൊരുതി ജയിക്കാൻ. അത് കൊണ്ട് എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോകുക
✍️
ജിനാസ്. വേലാണ്ടി.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ.


5 Comments
നല്ല രചന
നല്ല രചന. പല തട്ടിൽ ജോലി ചെയ്യുന്ന പ്രവാസികളെ കുറിച്ച് നന്നായി അറിഞ്ഞെഴുതി. പ്രതീക്ഷകൾ ജീവിപ്പിക്കുന്നു. 👍👏
Joyce vargees
Thanks for Reading and commenting
❤️❤️
ഇഷ്ടപ്പെട്ടു ജിനാസ് . കാര്യങ്ങൾ നന്നായി മനസ്സിലാക്കി വിലയിരുത്തിയുള്ള എഴുത്ത്👌👏
ഞാൻ കണ്ടു കൊണ്ടിരിക്കുന്ന ജീവിതങ്ങൾ, എന്റെയും ജീവിതം.
വായനക്കും അഭിപ്രായത്തിനും നന്ദി