അടുത്ത ദിവസങ്ങളിൽ വായിച്ച ഒരു പുസ്തകം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. അതിന്റെ ആസ്വാദനമാണ് ഇന്നെന്റെ എഴുത്ത്. വായിച്ചതിൽ എനിക്കു മനസ്സിൽ തോന്നിയ കാര്യങ്ങൾ.
സ്വന്തം ജീവിതം നഷ്ടംപ്പെടുത്തി ലോക ജനതയെ വെളിച്ചത്തിലേയ്ക്ക് നയിച്ചവരാണ് നമ്മളിന്ന് ആഘോഷിക്കുന്ന ഒട്ടുമിക്ക മഹാത്മാക്കളും. സ്വന്തം കുടുംബം രാജ്യം സന്തോഷം ഒക്കെയും അവർ മറക്കുമ്പോൾ അവരോടൊപ്പം അതു നഷ്ടപെടുന്നത് അവരെ സ്നേഹിക്കുന്നവർക്ക് കൂടിയാണ്.
ബുദ്ധൻ ജനതയെ വെളിച്ചത്തിന്റെ നന്മയിലേയ്ക്ക് നയിച്ച ലോകത്തിനു ശാന്തിയുടെയും സമാധാനത്തിന്റെയും മന്ത്രങ്ങൾ പകർന്നു നൽകിയവൻ. അതിനുമപ്പുറം സിദ്ധാർത്ഥന്റെ ജീവിതമോ? ആ ജീവിതത്തിന്റെ നേർകാഴ്ചയാണ് “ബുദ്ധനും ഞാനും “എന്ന രാജേന്ദ്രൻ ഏടത്തുകരയുടെ പുസ്തകം.
പിറവിയിലേ അമ്മ മരിച്ചവനെ ഈറ്റില്ലത്തിൽ നിന്നും മകനായി ഏറ്റു വാങ്ങിയ സ്വന്തം മകന്റെ മുലപ്പാൽ പകുത്തു നൽകി അമ്മയേക്കാൾ സ്നേഹിച്ച പോറ്റമ്മ, ജീവനേക്കാൾ രാജ്യത്തെക്കാൾ തന്റെ വംശത്തിന്റെ കുലദീപമായി കണ്ടു മകനെ സ്നേഹിച്ച മഹാരാജാവ് ചേട്ടനപ്പുറം ലോകമില്ലാത്ത സഹോദരൻ ഇതായിരുന്നു സിദ്ധാർഥൻ. ചെറുതിലെ മറ്റാരെക്കാളും സഹാനുഭൂതിയും ദയയും ഉണ്ടായിരുന്നവൻ. പതിമൂന്ന് വർഷം ഗോപയോടൊപ്പം സന്തോഷത്തോടെ ജീവിച്ചു മകനെ പ്രസവിച്ച ദിവസം ആരോടും പറയാതെ ഇറങ്ങി പോയ സിദ്ധാർഥൻ. അതിനുശേഷമുള്ള കഥയാണ് ഈ പുസ്തകം. യാത്ര പറയാതെ ഇറങ്ങി നടന്നവൻ ഭിക്ഷുവായി ബോധോദയം ലഭിച്ചു അനുയായികൾക്ക് ബുദ്ധനായി.
പക്ഷെ അവനെ സ്നേഹിച്ചവർ അനാഥരായി ഗോപ കൊട്ടാരത്തിൽ വിരഹിണിയായി രാജ്യം അനാഥമായി. തിരികെ ഭിക്ഷുവായി എത്തിയ കുമാരൻ ബാല്യം പിന്നീടാത്ത മകനെയും രാജ്യത്തിന്റെ ആശ്രയമായ അനിയനെയും രാജ്യത്തെ ആൺ പ്രജകളെയും അനുയായികളായി തന്റെ വഴിയിൽ കൂടെകൂട്ടി.കരയുന്ന പെണ്മനസ്സിന്റെയും എരിയുന്ന പെണ്ണുടലിന്റെയും വിലാപം മഹാനായവന്റെ ചെവികളിൽ പതിഞ്ഞില്ല ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു ഗതികേടിന്റെ അന്ത്യത്തിൽ അഭയം ചോദിച്ചു പാലായനം ചെയ്തു വരുന്ന അമ്മയെ ഭാര്യയെ ബന്ധുക്കളെ ശിഷ്യരുടെ നിർബന്ധത്തിൽ ഭിക്ഷുണികൾ ആക്കി തീർത്തു.
കണ്ണീരിന്റെ പ്രണയത്തിന്റെ തന്റെ സഹോദരിയുടെ ഏകാന്ത ജീവിതത്തിന്റെ പകരം ചോദിക്കുന്ന പ്രതികാരത്തിന്റെ മനപ്പൂർവം നിഷേധിക്കപ്പെടുന്ന പെൺവാത്സല്യത്തിന്റെ കഥ. ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ചെറിയ കഥ. ഒറ്റ വായനയിൽ പെണ്മനസ്സിന്റെ വേദന മനസ്സിനെ കൊളുത്തി വലിച്ചു കൊണ്ടേയിരിക്കും.


1 Comment
♥️♥️