സംഗീതം, നൃത്തം ചിത്രകല, ശിൽപ്പകല അങ്ങനെ മനുഷ്യൻ കണ്ടെത്തിയ കലകൾ പലതുണ്ട്. പക്ഷെ ഏറെക്കാലമായി പ്രചാരത്തിൽ ഉള്ളതും നാളിതുവരെ മടുക്കാത്തതും കോട്ടം തട്ടാത്തതും എന്നാൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടാതെ പോയ ഒരു കല കൂടിയുണ്ട് – പരദൂഷണം. അവശകലാകാരന്മാർക്ക് പെൻഷൻ ഒന്നുമില്ല കേട്ടോ. ഇനിയാരും കേട്ടപാതി കേൾക്കാത്ത പാതി അതന്വേഷിച്ചു ചെല്ലണ്ട. പരദൂഷണകല ഓരോ മനുഷ്യരിലും അന്തർലീനമായ ഒന്നെന്നു വേണം പറയാൻ. പക്ഷെ, അതൊന്നു പറഞ്ഞു ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം. അഭ്യാസം വേണം. സമയബോധം വേണം. വാക്കുകൾ തിരഞ്ഞെടുത്തുപയോഗിക്കാനുള്ള ബുദ്ധിയും ചാതുരിയും വേണം. ചിലർക്കത് സ്വാഭാവികമായി വരും; ചിലർ ക്രമേണ ഡോക്ടറേറ്റ് എടുക്കും.
സാധാരണ ഇതിന്റെ തുടക്കം വളരെ ലളിതമാണ്. അല്പം ക്ലിഷേ ആണെങ്കിലും കാലാകാലങ്ങളായി മുഖവുരകൾ മാറ്റമില്ലാതെ തുടരുന്നു. “എടീ, നീ വേറാരോടും പറയരുതേ”, “നിന്നോടായതുകൊണ്ടാ ഞാൻ പറയുന്നത്”, “എനിക്ക് ഉറപ്പില്ല, പക്ഷെ…” ഈ പക്ഷെയാണ് യഥാർത്ഥ കലയിലേക്കുള്ള പ്രവേശന കവാടം. പിന്നീടങ്ങോട്ട് , ഒരു ജീത്തു ജോസഫ് പടം കണ്ട പ്രതീതി. മൊത്തം സസ്പെൻസ്, ട്വിസ്റ്റ് , ഇൻവെസ്റ്റിഗേഷൻ. അവിടേം ഇവിടേം തൊടാത്ത ചില വിവരങ്ങൾ , പകുതി സത്യമോ പൂർണമായും കലാകാരന്റെ ഭാവനയിൽ വിരിഞ്ഞതോ ആയ “കൊസാറാക്കൊള്ളി വർത്തമാനങ്ങൾ, ഏഷണി കഥകൾ ഇതൊക്കെയാണ് പരദൂഷണ കലയുടെ ആത്മാവ്. അതിനൊപ്പം കുറച്ച് നാടകീയത, പൊടിപ്പും തൊങ്ങലും ആവശ്യത്തിന് പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു മറ്റാരും കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തൽ. കൂടാതെ, അവസരോചിതമായി ശബ്ദം കുറച്ച് താഴ്ത്തി രഹസ്യ സ്വഭാവം കൂടി നിലനിർത്തിയാൽ ലക്ഷണമൊത്ത പരദൂഷണം പൂർത്തിയായി.
ഈ “തള്ളൽ” പ്രസ്ഥാനത്തിന്റെ ഉത്ഭവം മനുഷ്യരിൽ നിന്നാണ് എന്ന് മാത്രമല്ല , ഇതിനങ്ങനെ ആൺ-പെൺ ഭേദമൊന്നുമില്ലെന്നേ, വേലിയരികിലും അയല്പക്കത്തെ തിണ്ണകളിലും അടുക്കള യുദ്ധത്തിനിടക്കുള്ള ചെറിയ വിശ്രമ വേളകൾ ആന്ദകരമാക്കിയിരുന്ന സ്ത്രീകളിലേക്കാണ് അനൗദ്യോഗിക കണക്കുകൾ വിരൽ ചൂണ്ടുന്നതെങ്കിൽ കൂടി!
ഒരു കാലത്ത് പരദൂഷണം ചായക്കടകളിൽ ആയിരുന്നു. ഒരേ സമയം കുടുംബശ്രീകളിലും “നന്ദന” ത്തിലെ കുമ്പിടിയെ പോലെ പ്രത്യക്ഷപെട്ടു. ഇന്നാണെങ്കിൽ അത് വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. “ഫോർവേഡഡ് ആസ് റിസീവ്ഡ്” എന്നും പറഞ്ഞു കൈ കഴുകാം. മേമ്പൊടിക്ക് കുറച്ച് ഇമോജികളുടെ അകമ്പടി കൂടെയായാൽ സംഗതി ഉഷാർ. എന്നാലും എന്തുകൊണ്ടായിരിക്കും ഈ കഥകൾ നമ്മൾ ആസ്വദിക്കുന്നത്?
വിരസത മാറ്റാനോ? അതോ സ്വന്തം ജീവിതത്തിലെ നിശബ്ദത ഭേദിക്കാൻ മറ്റുള്ളവരുടെ ജീവിതം ഒരു റിയാലിറ്റി ഷോ പോലെ കണ്ടു രസിക്കാനോ? അതുമല്ലെങ്കിൽ നമ്മൾ നല്ലവരാണെന്ന തോന്നൽ മറ്റൊരാളെ മോശമാക്കികൊണ്ട് നേടാനുള്ള എളുപ്പ വഴിയോ? സത്യത്തിൽ പരദൂഷണം ഒരു കലയാണോ? ആണെങ്കിൽ ഈ ആട്ടം നമ്മളെല്ലാം ആടിത്തീർക്കും ഒരിക്കൽ എങ്കിലും. പ്രേമസംഗീതത്തിൽ ഉള്ളൂർ പാടിയത് നമ്മളെല്ലാം ഭൂമിയിലെ അഭിനേതാക്കൾ എന്നല്ലേ.
“അരങ്ങുലയ്ക്കാനരചൻ മതിയാ, മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.”
ഉള്ളൂർ പറഞ്ഞത് ദൈവം നമുക്ക് നിശ്ചയിച്ച വേഷം നന്നായി അഭിനയിക്കണമെന്നാണ്. എന്നാൽ സാമൂഹിക അരങ്ങിൽ നാം മറ്റുള്ളവർക്കുള്ള വേഷങ്ങൾ കൂടി എഴുതികൊടുക്കുന്നു.
മനുഷ്യരെ ക്യാൻവാസ് ആക്കി വാക്കുകളെന്ന ബ്രഷ് കൊണ്ട് മറ്റുള്ളവരിൽ മായാത്ത പാടുകൾ തീർക്കാൻ ചില കൊതിയും നുണയുമൊക്കെ മതി. നമ്മൾ ചിരിക്കുന്ന കഥകളിൽ ഇടക്കൊക്കെ നമ്മളും കഥാപാത്രങ്ങളാവും. “അവൾ അങ്ങനെ ആണേ”, “അയാൾ നമ്മൾ വിചാരിച്ച പോലെ അല്ല” എന്നൊക്കെ നാളെ നമ്മളെക്കുറിച്ചും പറയാം. ഒരേ ദിശയിലുള്ള ഒഴുക്ക് ഇവിടെ സാധ്യമല്ല.
എന്നാലും… നാളെ ആരെങ്കിലും ഒരു പുതിയ “വാർത്ത” പറഞ്ഞാൽ കേൾക്കില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നില്ലേ!
“ നരാഖ്യമങ്ങേ നർത്തകഗണമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം”.
#എന്റെരചന #പരദൂഷണം ഒരു കലയാണോ
#കൂട്ടക്ഷരങ്ങൾ


5 Comments
രസകരമായി എഴുതി👍❤️
സത്യം👌❤️
ഇതിന്റെ ഓൺലൈൻ course അവൈലബിൾ ആണോ?? 🤣
👍
നന്നായിട്ടുണ്ട്ട്ടോ 👌👌🥰