“ലതേ, ശ്രീജയാണ് വിളിച്ചത്. കുടുംബക്കാവിലെ വാർഷിക പൂജക്ക് ദേവകി അമ്മായിയെ നാളെ ഇവിടെകൊണ്ടാക്കുന്നുവെന്ന് .”
” ഇനി അഞ്ചു ദിവസം കഴിഞ്ഞല്ലേ പൂജ. ഈ പീഡി അമ്മായിയെ എന്തിനാ നേരത്തെ കൊണ്ട് വിടുന്നത്. പൂജയുടെ തലേന്ന് വന്നാൽ മതിയെന്ന് ഉണ്ണിയേട്ടന് പറഞ്ഞു കൂടായിരുന്നോ.” എനിക്ക് ദേഷ്യവും സങ്കടവും വന്നു.
“ഇങ്ങോട്ട് വരുന്നുവെന്ന് പറയുമ്പോൾ പിന്നെന്തു ചെയ്യും. അനുഭവിക്കാം. ഏട്ടൻ അകത്തേക്ക് പോയി.
വീടിനോട് ചേർന്ന ഉണ്ണ്യേട്ടന്റെ കുടുംബക്കാവിലെ വാർഷിക പൂജക്ക് വിളക്കിൽ ആദ്യ തിരി കൊളുത്തേണ്ടത് തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് . ഇപ്പോൾ ദേവകി അമ്മായിയാണ് മൂത്ത ആൾ. ആരെക്കുറിച്ചും ദൂഷണം മാത്രം പറയുന്ന അമ്മായി എല്ലാവരുടെയും പേടിസ്വപ്നമാണ്. അമ്മാവൻ മരിച്ചതിൽ പിന്നെ അവർ മകൾ ശ്രീജക്കൊപ്പമാണ് താമസം. മകൻ കുടുംബമായി ബാംഗ്ലൂരിൽ താമസമെങ്കിലും അവർ അമ്മായിയെ കൂടെ താമസിപ്പിക്കില്ല. നിർബദ്ധം മൂലം വല്ലപ്പോഴും കൊണ്ട് പോയാലും മൂന്നാലു ദിവസം കഴിയുമ്പോൾ തിരികെ കൊണ്ടാകും. പിന്നെ കുറെ നാൾ ബന്ധുക്കളോടെല്ലാം മരുമകളുടെയും കുട്ടികളുടെയും കുറ്റം പറഞ്ഞു നടപ്പാണ് തൊഴിൽ. പത്താം ക്ലാസ്സിലും പ്ലസ് ടു വിലും പഠിക്കുന്ന കുട്ടികൾ അൽപ്പവസ്ത്രധാരികളാണെന്നും മരുമകൾ അഹങ്കാരിയാണെന്നുമൊക്കെയാണ് ചാർജുകൾ. ഇവിടെയുമുണ്ടല്ലോ രണ്ടുകുട്ടികൾ. എൻജിനീയറിങ്ങിന് പഠിക്കുന്ന മോനും പ്ലസ് ടു ക്കാരി മോളും. ഇനി അവരുമായിട്ടാണ് ഗുസ്തി. പിള്ളേർ വിട്ടുകൊടുക്കത്തുമില്ല. കഴിഞ്ഞ വർഷം വരെ അമ്മായിയുടെ ചേച്ചിയായിരുന്നു വിളക്ക് കൊളുത്തിയിരുന്നത്. വളരെ ശാന്തയും സൗമ്യയുമായ വല്യമ്മായിയെ എല്ലാവർക്കും എന്തിഷ്ടമായിരുന്നു. അവർ മരിച്ചത് കൊണ്ടാണ് ദേവകി അമ്മായിക്ക് ഈ നിയോഗം കിട്ടിയത്. ഏതായാലും എന്റെ സമാധാനം പോയിക്കിട്ടി.
പിറ്റേന്ന് ഒരു മൂന്നു മണിയായിക്കാണും, വീട്ടിൽ ഞാൻ മാത്രമുള്ളപ്പോഴാണ് അവരുടെ കാർ മുറ്റത്തു വന്നുനിന്നത്. മോഹനും ശ്രീജയും അമ്മായിയും കാറിൽ നിന്നിറങ്ങി.
“തെങ്ങിലൊന്നും കായ്‌ഫലമില്ലല്ലോ ലതേ. തൊടിയൊക്കെ കാടു പിടിച്ചു. ഇതൊന്നും ശ്രദ്ധിക്കാൻ നിങ്ങൾക്ക് സമയമില്ലേ. ” വന്നിറങ്ങിയുടൻ അമ്മായി കുറ്റങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങി.
“ഇവിടത്തെ തൊടി പരിശോധിക്കാനാണോ അമ്മ വന്നത്. അകത്തേക്ക് കയറിയാട്ടെ .” ശ്രീജ അമ്മായിയെ അകത്തേക്ക് പിടിച്ചു കൊണ്ട് വന്നു.
“വരൂ അമ്മായീ, മുറിയൊക്കെ ഒരുക്കിയിട്ടുണ്ട്.” ഞാൻ അവരെ അവിടേക്ക് കൂട്ടികൊണ്ടു പോയി.
മുറി സസൂഷ്മം പരിശോധിച്ചിട്ട് തെളിച്ചമില്ലാത്ത മുഖത്തോടെ അമ്മായി കട്ടിലിൽ ഇരുന്നു.
” ചായ കുടിച്ചാലോ.” ഞാൻ ചോദിച്ചു .
“ഞാനൊന്നു നടുവ് നിവർക്കട്ടെ അത് കഴിഞ്ഞു മതി ചായയും പലഹാരവും.” അമ്മായി കൽപ്പിച്ചു.
ചായകുടി കഴിഞ്ഞപ്പോൾ തന്നെ ഇനി പൂജയുടെ തലേന്ന് വരാമെന്ന് പറഞ്ഞ് മോഹനും ശ്രീജയും രക്ഷപ്പെട്ടു.
മോൾ കോളേജിൽ നിന്ന് വന്നപ്പോൾ കട്ടിലിൽ കിടക്കുന്ന അമ്മായിയെ കണ്ട ഒച്ച വച്ചു.
” ഓ, ഈ പീഡി അമ്മായി എത്തിയോ. ഇനി മനുഷ്യന് ഒരു സമാധാനവും തരില്ലല്ലോ അമ്മെ.”
പരദൂഷണത്തിന് പിള്ളേർ ഇട്ടിരിക്കുന്ന ചുരുക്കപ്പേരാണ് പീഡി. അത് അമ്മായിക്ക് മനസ്സിലായിട്ടില്ല.
“എന്തെങ്കിലുമൊക്കെ പറഞ്ഞാലും എതിർത്ത് പറയല്ലേ മോളെ, പ്രായമായവരല്ലേ.”ഞാൻ അവളെ അനുനയിപ്പിക്കാൻ നോക്കി.
ഉം, നടന്നത് തന്നെ എന്ന് പറഞ്ഞവൾ അകത്തേക്ക് പോയി.
പിന്നെ ഡൈനിങ്ങ് റൂമിലിരുന്ന് അവൾ ചായ കുടിക്കുമ്പോൾ അമ്മായി ഇറങ്ങി വന്നു.
“ആഹാ, ഇവൾ വന്നോ. ഇതെന്തൊരു വേഷമാടീ കൊച്ചെ. നീയും ആ ബാംഗ്ലൂരുകാരികളെപ്പോലെ വേഷം കെട്ടിത്തുടങ്ങിയോ.”
“എന്താ ഈ വേഷത്തിനു കുഴപ്പം. വന്നു കയറിയപ്പോൾ തന്നെ ഈ പീഡി കുറ്റങ്ങൾ കണ്ടു പിടിച്ചു തുടങ്ങിയോ.”മോൾ ചൂടായി.
“അയ്യോ, ഈ പെണ്ണ് നാക്കിൽ പിടിക്കാൻ വരുന്നല്ലോ. എടി ലതേ, പിള്ളേരെ മര്യാദക്ക് വളർത്താത്തതിന്റെ കുഴപ്പമാണ്.” അമ്മായി നിർത്താൻ ഭാവമില്ല.
എന്റെ കണ്ണുകളിലെ ദയനീയ ഭാവം കണ്ടാവാം മോൾ അവിടുന്ന് പോയി. ചായകുടി കഴിഞ്ഞ് അമ്മായി പുറത്തേക്കിറങ്ങി.
“ലതേ, ഞാൻ കാവിൽ വരെ പോകുകയാണ്. ഒരുക്കങ്ങൾ എല്ലാമൊന്ന് നോക്കട്ടെ.”
ഈശ്വരാ, അവിടെ അയലത്തെ രാധയുടെ ‘അമ്മ വിളക്ക് വയ്ക്കാൻ വന്നു കാണും. അമ്മായിക്ക് ചേരുന്ന മുതലാണ്. നാളെ പൂജയായതു കൊണ്ട് വേറെ അയൽക്കാരും തൊഴാൻ വരും. ഇതുങ്ങൾ രണ്ടും കൂടി എന്തൊക്കെ ഒപ്പിക്കുമോ .”
“ഇപ്പോൾ കാവിലേക്ക് പോകണോ അമ്മായീ. സന്ധ്യയാവുന്നു.” ഞാനൊന്ന് തടയാൻ നോക്കി. അതൊന്നും ശ്രദ്ധിക്കാതെ അവർ കാവിലേക്ക് പോയി.
കുറച്ചു കഴിഞ്ഞ് മോൾ വിളിച്ചു പറഞ്ഞു.
“അമ്മെ, കാവിൽ ഒരു ബഹളം കേൾക്കുന്നുണ്ട്. അമ്മായി ആരുടെയോ കൂടെ വഴക്ക് കൂടുകയാണെന്നാ തോന്നുന്നത്. ”
ഞാൻ കാവിലേക്കോടി. പൊടിപൂരം തന്നെ. മറ്റൊരു അയൽക്കാരിയായ ശ്രീമതി ചേച്ചിയോട് രണ്ട് പരദൂഷണക്കാരികളും കൂടി വഴക്ക് കൂടുകയാണ്.
എന്നെ കണ്ട ശ്രീമതി ചേച്ചി പറഞ്ഞു.
“എന്റെ ലതേ, സന്ധ്യക്ക് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാൻ വന്നതാ. ഇതുങ്ങൾ രണ്ടും കൂടി വീട്ടുകാരെ കുറ്റം പറയുന്നത് കേട്ടപ്പോൾ ത്രിസന്ധ്യക്ക് ഇങ്ങനെ പരദൂഷണം പറയാതെ സന്ധ്യാനാമം ജപിച്ചു കൂടെയെന്ന് ഞാനൊന്നു ചോദിച്ചു പോയി. അതിന്റെ പ്രതികരണമാ ഈ കേൾക്കുന്നത്.”
“എന്റെ പൊന്നമ്മായീ, വീട്ടിലേക്ക് പോകാം. ദൈവങ്ങളുടെ മുന്നിലിരുന്ന് ഇങ്ങനെയൊന്നും പറയല്ലേ.”ഞാൻ കാല് പിടിച്ചു.
” ഹം, ഇവളാരാ ഞങ്ങളോട് കൽപ്പിക്കാൻ. എനിക്കറിയാത്തതൊന്നുമല്ലല്ലോ. ദേവകീ, ഈ ശ്രീമതിയുടെ കൊണവതിയാരമൊക്കെ ഞാൻ പറഞ്ഞു തരാം. ” മറ്റേ അമ്മായിയുടെ ശബ്ദം ഉയർന്നു.
ഞാൻ തലയിൽ കൈ വച്ചു നിന്നുപോയി.
“എന്റെ ലതേ, ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് പൂജ നടത്തേണ്ടി വരില്ല. ദൈവങ്ങൾ ഇവിടുന്ന് എഴുനേറ്റ് അവരുടെ പാട് നോക്കി പോകും. ”
കൊണ്ടുവന്ന എണ്ണ വിളക്കിലൊഴിച്ചിട്ട് ചേച്ചി പോയി.
അപ്പോഴും അവിടെ വീശുന്ന കാറ്റിൽ പരദൂഷണങ്ങൾ നിറഞ്ഞു നിന്നു.
#എന്റെരചന ബ്ലോഗ് മത്സരം #പരദൂഷണം ഒരു കലയാണോ ?


10 Comments
ദൈവങ്ങൾ എഴുന്നേറ്റോടുന്ന പരദൂഷണം.
😃
നന്നായി എഴുതി. 👌
സ്നേഹം…. നന്ദി ജോയ്സ്❤️🙏
പീഡി അമ്മായിയെക്കൊണ്ട് തോറ്റു. നല്ലെഴുത്ത് മിനി.ഇഷ്ടമായി.👌👏❤️
നല്ല രസകരമായ കഥ അഭിനന്ദനങ്ങൾ ആശംസകൾ ഇത് പോലെ ഉള്ള അമ്മായിമാർ എല്ലാ നാട്ടിലും വീട്ടിലും ഉണ്ട്. അവരുടെ കാര്യങ്ങളിൽ ആരും ഇടപെടാൻ സമ്മതിക്കില്ല. എന്നാൽ അവർ എല്ലാവരുടെയും കാര്യത്തിൽ ഇടപെടുകയും ചെയ്യും.
പീഡി അമ്മായി കൊള്ളാം കേട്ടോ മിനി.
സ്നേഹം…. നന്ദി താരാ❤️🙏
സ്നേഹം…. നന്ദി മാഷേ❤️🙏
സൂപ്പർ. നന്നായി എഴുതി. ഇന്ന് ഇതുപോലുള്ള അമ്മമാരും അമ്മായിമാരും ഉണ്ട്. നാളെ നമ്മൾ ഇങ്ങനെ ആവാതിരിക്കാൻ നല്ലതാ വായന. Good
സ്നേഹം…. നന്ദി ലക്ഷ്മീ❤️🙏
സ്നേഹം…. നന്ദി താരാ❤️🙏