രാത്രി ഏറെ വൈകിയിട്ടും ആയിഷക്ക് ഉറക്കം വന്നില്ല. നാളത്തെ യാത്രയെ കുറിച്ച് ആലോചിച്ചിട്ടാണോ എന്നറിയില്ല. അല്ലെങ്കിലും ചിന്തകകൾ മനസ്സിൽ കയറിയാൽ ഉറക്കം ഓടി ഒളിക്കുമല്ലോ.
ഓർമ്മകൾ ജനിച്ചു വളർന്ന ആ പഴയ തറവാട് വീട്ടിലേക്ക് തിരിച്ചു പോകുന്നു.
ഉമ്മയും ഉപ്പയും അനിയത്തിയും ഉമ്മാമയും(ഉമ്മയുടെ ഉമ്മ )ഒക്കെ ഉള്ള മുൻവശം ഓടിട്ടതും, പുറകു വശം ഓല മേഞ്ഞതുമായ എന്റെ മേലേ പറമ്പിൽ തറവാട് വീട്.
ഞാൻ ജനിച്ചതും വളർന്നതും ഉമ്മാന്റെ തറവാട് വീട്ടിൽ ആയിരുന്നു. ഉപ്പാന്റെ തറവാട് വീട്ടിൽ കുട്ടിക്കാലത്തു പോയ ഓർമകളെ ഉള്ളൂ. ഉപ്പ കൂടുതലും ഭാര്യ വീട്ടിൽ തന്നെ ആയിരുന്നു. ഞങ്ങളെ മേലേ പറമ്പിൽ തറവാട്ടു വീട്ടിൽ.
എനിക്ക് കിട്ടിയത് ഉമ്മാന്റെ കറുപ്പ് നിറം ആയിരുന്നു. അനിയത്തി ആമിനക്ക് ഉപ്പാന്റെ വെളുപ്പ് നിറവും. കുട്ടിക്കാലം മുതലേ കറുപ്പ് നിറം കാരണം ഞാൻ അവഗണിക്കപെടുന്നുണ്ടോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അത് വെറുമൊരു തോന്നൽ ആയിരുന്നില്ല എന്ന് മനസ്സിലായത് കല്യാണ പ്രായം ആയപ്പോൾ ആണ്.
പലരും പെണ്ണ് കാണാൻ വന്നു ഇഷ്ടപ്പെടാതെ പോയി. അപ്പോഴൊക്കെ ഉമ്മാമ സമാധാനിപ്പിക്കും.
“മോളേ ആയിഷാ നീ വിഷമിക്കണ്ട. നിനക്ക് നല്ല ഒരു പുയ്യാപ്ലയെ തന്നെ കിട്ടും. എല്ലാം ശരിയാകും. ഈ ഉമ്മാമ നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്.”
അവസാനം ഒരു ദുബായ്ക്കാരൻ വന്നു. അയാൾ ഇഷ്ട്ടപെട്ടോ എന്നോ ഇഷ്ടപ്പെട്ടില്ല എന്നോ പറഞ്ഞില്ല.
വൈകുന്നേരം കല്യാണ ബ്രോക്കർ അന്ത്രൂക്കാ വീട്ടിൽ വന്നു.
“അന്ത്രൂക്കാ എന്തായി അയാൾക്ക് എന്റെ മോളേ ഇഷ്ടമായോ??”
ഉപ്പ ആകാംക്ഷയോടെ ചോദിച്ചു.
അന്ത്രൂക്കാ അല്പ നേരം മുഖം താഴ്ത്തി നിന്നു.
ഉപ്പാന്റെ മുഖത്തേക്ക് നോക്കാതെ അന്ത്രൂക്ക പറഞ്ഞു.
“കുട്ടിയെ അയാൾക്ക് ഇഷ്ട്ടമായി. ആയിഷയെ അല്ല. ഓൾടെ അനിയത്തി ആമിനയെ.”
“അതെങ്ങനെ ശരിയാകും. മൂത്തമോൾ കെട്ടാതെ അനിയത്തിയെ കെട്ടിക്കാൻ പറ്റൂല്ല.”
ഉപ്പ ദേഷ്യത്തിൽ പറഞ്ഞു.
“യൂസൂക്കാ ഇങ്ങള് ശരിക്ക് ആലോചിച്ചു ഒരു തീരുമാനം എടുക്ക്. പുയ്യാപ്ല ദുബായ്ക്കാരൻ ആണ്. ഓളെയും അങ്ങ് ദുബായിലേക്ക് കൂട്ടും. അല്ലാതെ മൂത്തതിനെ കെട്ടിച്ചിട്ടേ അനിയത്തിയെ കെട്ടിക്കൂ എന്ന് പറഞ്ഞാൽ, നല്ലോരു പുയ്യാപ്ലയെ ഇങ്ങള് ഒഴിവാക്കല്ലേ എനിക്ക് അതേ പറയാനുള്ളൂ.”
ഉള്ളിൽ നിന്ന് ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു
“ഉപ്പാ ഓൽക്ക് ഇഷ്ടപ്പെട്ടത് ആമിനയെ ആണെങ്കിൽ അത് നടക്കട്ടെ ഉപ്പാ. ഞാൻ കാരണം എന്റെ അനിയത്തിക്ക് കിട്ടുന്ന നല്ല ജീവിതം ഇല്ലാണ്ടാകരുത്.” വാതിൽക്കൽ വന്നു അതും പറഞ്ഞു ഞാൻ അകത്തേക്ക് പോയി.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
അനിയത്തി ആമിനയുടെ കല്യാണത്തിനായി വീട് ഒരുക്കാൻ തുടങ്ങി. ചുമരിൽ പെയിന്റ് അടിക്കാൻ ഉള്ള ആളും, മണിയറ ഒരുക്കാൻ ഫർണിച്ചർ വർക്കറും, ആശാരിയും ഒക്കെ ആയി വീടുണർന്നു. അങ്ങനെ മേലെ പറമ്പിൽ തറവാട്ടു മുറ്റത്ത് കല്യാണ പന്തൽ ഒരുങ്ങി. എന്റെ അനിയത്തി കുട്ടിയുടെ കല്യാണം. ജ്യേഷ്ട്ടത്തി കെട്ടാതെ വീട്ടിലിരിക്കുമ്പോൾ അനിയത്തിയെ കെട്ടിക്കുന്നത് ശരിയാണോ?. കല്യാണത്തിന് പങ്കെടുക്കാൻ വന്ന ആരൊക്കെയോ അടക്കം പറയുന്നത് കേട്ടു.
ഒന്നും കേട്ടില്ല, കണ്ടില്ല എന്ന് നടിച്ചു മാറി നിന്നു.
പക്ഷേ അനിയത്തി കുട്ടി മണവാട്ടിയായി ഇറങ്ങി പോയപ്പോൾ സഹിക്കാൻ പറ്റാതെ തറവാട് വീടിന്റെ മുകളിലെ മുറിയിൽ പോയി കിടന്നു ഒരു പാട് കരഞ്ഞു.
ഞാൻ മുകളിൽ പോകുന്നത് കണ്ടിട്ടാകും ഉമ്മാമയും മുകളിലേക്ക് വന്നു.
“മോളേ കരയണ്ട മോളേ. എല്ലാം ശരിയാകും. മോള് ക്ഷമിക്ക് ഉമ്മാമയല്ലേ പറയുന്നത്.”
അതിന് ശേഷം ഒരു ദുബായ്ക്കാരന്റെ ആലോചന എനിക്കും വന്നു.
അയാൾക്ക് എന്റെ കറുപ്പ് നിറം ഒന്നും പ്രശ്നം ഇല്ല. അയാളും കറുത്തിട്ടാണ്. പക്ഷേ അയാൾക്ക് നല്ലൊരു തുക സ്ത്രീധനം വേണം. അനിയത്തിയെ കല്യാണം കഴിപ്പിച്ചു വിട്ടതിന്റെ കടത്തിൽ ആണ് ഉപ്പ. അത് കൊണ്ട് തന്നെ ഉപ്പയുടെ കയ്യിൽ പണം ഇല്ല. സഹായിക്കാൻ ഉപ്പ ഉപ്പാന്റെ അനിയന്മാരോടും ഏട്ടന്മാരോടും എന്റെ അമ്മാവന്മാരോടും എല്ലാം അപേക്ഷിച്ചു. ഉപ്പാന്റെ അവസ്ഥ അവർക്ക് ഒക്കെ അറിയാം. കൊടുത്താൽ ഉടനെ ഒന്നും തിരിച്ചു കിട്ടില്ല എന്ന്. പല കാരണങ്ങൾ പറഞ്ഞു അവർ ഉപ്പാക്ക് പൈസ കൊടുത്തില്ല. അങ്ങനെ ആ ആലോചനയും മുടങ്ങി.
അപ്പോഴും ഉമ്മാമ എന്നെ സമാധാനിപ്പിച്ചു.
“മോളേ നീ സമാധാനിക്ക് എല്ലാം ശരിയാകും.”
ഒടുവിൽ ഒരു ആലോചന വന്നു. ഗൾഫുകാരൻ ഒന്നും അല്ല. നാട്ടിൽ ചായകടയിൽ ജോലി ഉണ്ട്. പേര് അസീസ്. എന്നെ പോലെ മെലിഞ്ഞ ശരീരം ഒന്നും അല്ല. നല്ല തടിച്ച ശരീരം.
അയാൾക്ക് എന്നെ ഇഷ്ടമായി. എന്റെ ഇഷ്ടത്തിന് അവിടെ പ്രസക്തി ഇല്ല. കുടുംബക്കാർ ഒക്കെ സഹായിച്ചു നടത്തേണ്ട കല്യാണം ആണ്. എതിർ അഭിപ്രായം പറഞ്ഞാൽ മൂലക്കിരിക്കേണ്ടി വരും. ഞാൻ ഒന്നും മിണ്ടിയില്ല.
വലിയ ആഘോഷം ഒന്നും ഇല്ലാതെ ചെറിയ രീതിയിൽ കല്യാണം. രാത്രിയിൽ ആയിരുന്നു കല്യാണം. മഗ്‌രിബ് നിസ്കാരത്തിനു ശേഷം(സന്ധ്യാസമയം)നികാഹ് കർമം നടന്നു. ഞാൻ അസീസിന്റെ ഭാര്യയായി.
ഉമ്മാമ പറഞ്ഞ പോലെ എല്ലാം ശരിയായി എന്ന് കരുതി മണിയറയിൽ എത്തിയ ഞാൻ പുക വലിച്ചു ഊതുന്ന അയാളെ ആണ് കണ്ടത്. നല്ല ക്ഷീണം എന്ന് പറഞ്ഞു അയാൾ കിടന്നു. നല്ല കൂർക്കം വലിയുടെ ശബ്ദം.
ആ കൂർക്കം വലിയും കേട്ട് ഞാൻ ഉറങ്ങാതെ കിടന്നു. എന്തൊക്കെയോ ആലോചിച്ചു ഞാൻ കരഞ്ഞു പോയി. അയാളുടെ കൂർക്കം വലിയിൽ എന്റെ കരച്ചിൽ ആരും പുറത്തു കേട്ടില്ല.
താമസിയാതെ എനിക്ക് മനസ്സിലായി. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരൻ ആണ് അയാൾ. കല്യാണം കഴിഞ്ഞാൽ സ്വഭാവം മാറി എല്ലാം ശരിയാകും എന്ന് ആരോ പറഞ്ഞതിന് ഒരു പരീക്ഷണം ആയി ആണ് ഈ വിവാഹം. അവരുടെ പരീക്ഷണ വസ്തു ആണ് ഈ ഞാൻ.
അയാൾക്ക് നാട്ടിൽ ജോലി ഉണ്ടെങ്കിലും ഇടക്കിടക്ക് ലീവ് ആണ്. ഇപ്പോഴും എന്റെ ചിലവുകൾ ഉപ്പ തന്നെ നോക്കണം. ചിലവിനു തരാതെ ഭാര്യ വീട്ടിൽ വന്നു തിന്നും കുടിച്ചും പോകാൻ അയാൾക്ക് ഒരു നാണവും ഇല്ല. പാവം എന്റെ ഉപ്പ. വയസാം കാലത്തും ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുകയാണ്.
സംശയ രോഗം കൂടി ഉള്ള അയാൾ ഒരു ദിവസം എന്നോട് പിണങ്ങി പോയി. പിണക്കം മാറ്റാൻ ആരും പോയതും ഇല്ല. പക്ഷേ അപ്പോഴേക്കും ഞാൻ അയാളിൽ നിന്നും ഗർഭിണി ആയിരുന്നു.
അയാൾ ഒരു ഉപ്പ ആകാൻ പോകുന്നു എന്നറിഞ്ഞിട്ടും അയാൾ പിണക്കം മാറ്റാൻ ഇങ്ങോട്ട് വന്നില്ല. ഒടുവിൽ കേസ് ആയി.
എങ്ങനെ എങ്കിലും അയാൾ ഒഴിഞ്ഞു കിട്ടിയാൽ മതി എന്നായിരുന്നു ഞങ്ങൾക്ക്. കേസുമായി മുമ്പോട്ട് പോകാൻ കഴിയാത്തത് കൊണ്ട് നഷ്ടപരിഹാരം ഒന്നും വാങ്ങാതെ വിവാഹ മോചനം നേടി.
ഒമ്പത് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ മോളെ പ്രസവിച്ചു.
എന്റെ അമീറ മോളെ കിട്ടിയ അന്ന് മുതൽ ആണ് ഞാൻ കുറച്ചെങ്കിലും സന്തോഷത്തോടെ ജീവിച്ചത്. കാലം മുമ്പോട്ട് പോകുന്നതിനു ഇടയിൽ ഉമ്മാമ, ഉമ്മ, ഉപ്പ എല്ലാം ഈ ലോകം വിട്ട് പോയിരുന്നു.. കുടുംബക്കാർ എല്ലാം ചേർന്ന് പഴയ തറവാട് പൊളിച്ചു പുതിയ വീട് പണിത് തന്നു.
എന്റെ അമീറ മോള് വളർന്നു വലുതായി. എന്റെ അവസ്ഥ പോലെ ആകരുത് എന്ന് കരുതി ആകും, ഒരു ഖത്തറുകാരൻ പുയ്യാപ്ലയെ കിട്ടിയപ്പോൾ കുടുംബക്കാർ എല്ലാം അറിഞ്ഞു സഹായിച്ചു. അമീറ മോളുടെ കല്യാണം ഭംഗിയായി നടന്നു.
എന്റെ മോള് എന്നെ പോലെയായില്ല. അൽഹംദുലില്ലാഹ്. നല്ലോരു സ്നേഹമുള്ള മരുമകൻ പേര് ബഷീർ
കുട്ടിക്കാലത്ത് തന്നെ ഉപ്പ മരിച്ചു. കഷ്ടപ്പാട് അറിഞ്ഞു വളർന്നവൻ. ഖത്തറിൽ പോയി സ്വപ്രിയത്നം കൊണ്ട് ചെറിയ പ്രായത്തിൽ തന്നെ സ്ഥലം വാങ്ങി വീടെടുത്തു.
ഇപ്പോൾ, ബഷീറിന് ഉമ്മയും ഇല്ല. എന്നെ സ്വന്തം ഉമ്മയെ പോലെ ആണ് കാണുന്നത്. എനിക്കും അവൻ മകളുടെ ഭർത്താവ് അല്ല. എന്റെ സ്വന്തം മോനേ പോലെ ആണ്. ഇപ്പോൾ എന്റെ മോൾക്കും ഒരു കുഞ്ഞായി. ഫിദ മോള്. ഞാൻ ഒരു ഉമ്മാമ ആയി.
ഉമ്മാമാ. ഉറക്കിൽ നിന്നും എഴുനേറ്റ് ഫിദ മോള് കരയാൻ തുടങ്ങിയപ്പോൾ ആയിഷ ഓർമ്മകളിൽ നിന്നുണർന്നു.
ഫിദ മോളുടെ ഉമ്മയും ഉപ്പയും അപ്പുറത്തെ മുറിയിൽ ഉറങ്ങുന്നുണ്ട് എങ്കിലും ഫിദ മോള് ഉറങ്ങുന്നത് എന്റെ കൂടെ ആണ്. എനിക്കും എന്റെ കുട്ടിക്കാലത്ത് ഉമ്മാമയായിരുന്നു ഏറ്റവും പ്രിയപ്പെട്ട ആൾ. ഇപ്പോൾ എന്റെ മകളുടെ മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഉമ്മാമ ആണ് ഞാൻ.
പക്ഷേ മോളും മരുമകനും പേര കുട്ടിയും എല്ലാം ഖത്തറിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ ആകെ വിഷമം തോന്നി. വീണ്ടും ജീവിതത്തിൽ ഒറ്റപെടുകയാണോ റബ്ബേ എന്ന് പേടിച്ചു പോയി.
അപ്പോഴാണ് ആ സന്തോഷ വാർത്ത അറിഞ്ഞത്. പോകുമ്പോൾ എന്നെയും കൂട്ടുന്നുണ്ട്. നാളെ ഞാനും പോകും അവരോടൊപ്പം ഖത്തറിലേക്ക്.
പിറ്റേന്ന് നേരം പുലർന്നു. എയർപോർട്ടിൽ പോകാൻ ആയിഷയും ഒരുങ്ങി. പാസ്പോർട്ടും എയർടിക്കറ്റും എല്ലാം ഒരു ഹാൻഡ് ബാഗിൽ വെച്ചു. പെട്ടികൾ എല്ലാം കാറിനുള്ളിൽ ഒതുക്കി വെച്ചു. ബഷീറിന്റെ കൂട്ടുകാരൻ ആണ് എയർപോർട്ടിൽ കൊണ്ട് വിട്ടത്. എയർപോർട്ടിലെ ചെക്കിങ് എല്ലാം കഴിഞ്ഞു അവരോടൊപ്പം ആയിഷയും ഫ്ളൈറ്റിൽ കയറി.
ആയിഷയുടെ മടിയിൽ ആയിരുന്നു ഫിദ മോള്. ആയിഷ വിൻഡോ ഗ്ലാസിന്റെ അടുത്താണ് ഇരുന്നത്. നടുവിലെ സീറ്റിൽ അമീറയും, ലാസ്റ്റ് സീറ്റിൽ ബഷീറും. അമീറ ഏറെ സന്തോഷത്തിൽ ആണ്. ബഷീർ ഖത്തറിലേക്ക് പോകുമ്പോൾ പൊട്ടി കരയുന്നവൾ ആണ്. ഇപ്പോൾ കൂടെ പോകുന്നത് കൊണ്ട് ആ കരച്ചിൽ ഇല്ല. സന്തോഷം. മോളുടെ സന്തോഷം കാണുമ്പോൾ ആയിഷക്ക് അതിലേറെ സന്തോഷം. ഫിദ മോളും പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയാണ്.
ജീവിതത്തിൽ ഇങ്ങനെ ഒരു ഫ്ലൈറ്റ് യാത്ര ഉണ്ടാകും എന്ന് കരുതിയതല്ല.
വിമാനം പറന്നുയർന്നു. താഴെ മലയാള നാടിന്റെ പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗി ആയിഷ നോക്കി രസിച്ചു. കാഴ്ചകൾ മറഞ്ഞു. ചുറ്റും മേഘങ്ങൾ മാത്രം.
പുറത്തേക്ക് നോക്കി കൊണ്ട് ആയിഷ ഉമ്മാമ പറഞ്ഞ വാക്കുകൾ ഓർത്തു.
മോളേ പടച്ചോൻ എല്ലാം കാണുന്നുണ്ട്. എല്ലാം ഒരു നാൾ ശരിയാകും
✍️
ജിനാസ്. വി.
#എന്റെരചന
#എല്ലാം ശരിയാകും
#കൂട്ടക്ഷരങ്ങൾ


5 Comments
നല്ല കഥ. ❤️👌🌹
നല്ല രചന👍🌹
വായിച്ചു അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി
നല്ല രചന👍
നല്ലെഴുത്ത് 😍