“ചേട്ടാ.. ചായ ആയോ?”
ചായയിടുന്ന സോസ്പാൻ സ്റ്റവിൽ നിന്ന് ഇറക്കി തിരിഞ്ഞു നോക്കുമ്പോൾ പ്രിയ ഭാര്യ പുറകിൽ. ഇന്നെന്താണാവോ ഇത്ര പ്രണയാതുരമായ ഭാവം. മനസ്സിൽ ഒരു കുളിരു കോരിയെങ്കിലും അടുത്ത നിമിഷം ബുദ്ധി മുന്നറിയിപ്പ് തന്നു.
സൂക്ഷിക്കണം. എന്തോ ഒരു ആപത്തു വരാനിരിക്കുന്നു.
“ആയല്ലോ.. ഭവതി അങ്ങോട്ടിരിക്കണം. ചായ ഇതാ എത്തി. “
രണ്ടു കപ്പുകളിൽ ചായ പകർന്നെടുത്തുകൊണ്ട് അടുക്കളയിൽ ഇട്ടിരുന്ന ടേബിളിലേക്ക് വെച്ചു. ഒരു കപ്പ് കയ്യിൽ എടുത്തു ചായ കുടിച്ചു തുടങ്ങിയ ശ്രീമതി പെട്ടെന്ന് എന്തോ ഓർത്തപോലെ അത് താഴെ വെച്ചിട്ട് സിങ്കിനടുത്തേക്ക് പാഞ്ഞു.
“അയ്യോ… അരിയിടാൻ താമസിച്ചു. “
പിന്നെ ഒരു ബഹളം ആയിരുന്നു. കുക്കറിൽ വെള്ളം എടുക്കുന്നു. സ്റ്റവ് കത്തിക്കുന്നു. അരി ഇടുന്നു. ഇടയ്ക്കിടയ്ക്ക് ചായയും കുടിക്കുന്നു.
എന്നും നടക്കുന്ന കലാപരിപാടി ആയത് കൊണ്ട് ചെവിയും കണ്ണും കൊട്ടിയടച്ചു കൊണ്ട് ചായ ആസ്വദിച്ചു കുടിച്ചു. ഒന്നുമില്ലെങ്കിലും ചായ എന്റെ അധ്വാനഫലം അല്ലേ.
പതുക്കെ രംഗം കാലിയാക്കുന്നതാണ് അഭികാമ്യം. എന്റെ വകുപ്പുകളിൽ പെട്ട ദോശ, ചട്ണി ഇത്യാദി കാര്യങ്ങൾ എപ്പോഴേ തയ്യാറായിരുന്നു.
സൂത്രത്തിൽ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നൊരു ചോദ്യം.
“പിന്നേ… ഷർട്ട് തേക്കുമ്പോൾ എന്റെ സാരിയെ കൂടി ഒന്നു പരിഗണിക്കുമോ?”
കേൾക്കാത്ത മട്ടിൽ നടന്നു പോയി.
ഓ. അപ്പോൾ അതായിരുന്നു രാവിലത്തെ സോപ്പ് ഇടീലിന്റെ പുറകിലെ ചേതോവികാരം.
എനിക്കിപ്പോ മനസ്സില്ല.
ഷർട്ട് തേച്ചു കൊണ്ടിരുന്നപ്പോൾ ടീവി യിലെ പരസ്യ വാചകമാണ് ഓർമ്മയിൽ വന്നത്.
“ഭാര്യയെ സ്നേഹിക്കുന്നവർ….
പിന്നെ അമാന്തിച്ചില്ല. അടുക്കളയിൽ എത്തി ചോദിച്ചു. ” ഏതു സാരിയാ തേക്കേണ്ടത്?
തിരിഞ്ഞു നോക്കാതെ കൈ കൊണ്ട് ‘അനങ്ങരുത് ‘എന്ന് ആംഗ്യം കാണിച്ചു.
എന്താണെന്ന് അറിയാൻ അടുത്തേക്ക് ചെന്നപ്പോൾ പറഞ്ഞു. “പ്ലീസ്. എന്റെ കോൺസെൻട്രേഷൻ (എകാഗ്രത) പോകും. ഞാൻ മോര് കാച്ചിക്കൊണ്ടിരിക്കുവാ. “
“ഞാനോർത്തു പത്താംക്ലാസുകാർക്ക് ബോർഡിൽ കണക്ക് ചെയ്തു കൊടുക്കുവാണെന്ന്. “
“അതേ നിങ്ങളോട് തർക്കിക്കാൻ എനിക്കു നേരമില്ല. ശ്രദ്‌ധിച്ച് ഇളക്കികൊണ്ടിരുന്നില്ലെങ്കിൽ മോര് പിരിഞ്ഞു പോകും. “
” നോക്ക്… ആ മജന്താ സാരിയില്ലേ. കഴിഞ്ഞ ഓണത്തിന് ‘എന്റെ ചേട്ടൻ ‘ വാങ്ങിച്ച് തന്നത്. അത് ആ അലമാരിയിൽ ഉണ്ട്. ഒന്നെടുത്തോളാമോ? എനിക്കു നേരമില്ലാഞ്ഞിട്ടാണ്. “
അലമാരിയിലെ സാരികൾക്കിടയിൽ നിന്ന് ‘ചേട്ടൻ’ വാങ്ങിച്ച മജന്താ സാരി എങ്ങനെ കണ്ടുപിടിക്കാനാണ്?
എനിക്കിപ്പോ മനസ്സില്ല.
തേപ്പു പെട്ടി ഓഫ് ചെയ്തിട്ട് കുളിക്കാൻ നോക്കാം.
ബാത്‌റൂമിലേക്ക് വെച്ചു പിടിച്ചപ്പോൾ വീണ്ടും പരസ്യ വാചകം.
ഭാര്യയെ സ്നേഹിക്കുന്നവർ….
അലമാരക്കുള്ളിൽ മജന്താ സാരി തെരയാനായി തിരിഞ്ഞപ്പോൾ അവൾ മുന്നിൽ.
“അതേ വേണ്ട കേട്ടോ. ടൂറിനു പോകുമ്പോൾ ചുരിദാർ മതിയെന്ന് ആലിസ് ടീച്ചർ പറഞ്ഞിരുന്നു. നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട. “
“രണ്ടു ദിവസത്തേക്കുള്ള ചോറ് ഉണ്ടാക്കിയിട്ടുണ്ട്. മോരും കാച്ചി വെച്ചു. തോരൻ ഫ്രിഡ്ജിൽ ഉണ്ട്. കടുക് മാങ്ങാ എവിടാ ഇരിക്കുന്നതെന്ന് അറിയാമല്ലോ? “
“പിന്നേ വേണേൽ പപ്പടം കൂടി കാച്ചിക്കോ. നിങ്ങൾക്ക് മാത്രം മതിയല്ലോ. “
“മനു ഈ ആഴ്ച വരുന്നില്ലെന്നല്ലേ പറഞ്ഞേ… “
ഞാൻ തല കുലുക്കി.
അവനോട് കഴിഞ്ഞ ആഴ്ച തന്നെ അമ്മ കുട്ടികളെയും കൊണ്ട് ടൂറിനു പോകുന്ന കാര്യം സൂചിപ്പിച്ചിരുന്നു.
“അമ്മ പോയിക്കഴിഞ്ഞ് ഞാൻ അങ്ങെത്തിക്കൊള്ളാം. രണ്ടു ദിവസം നമുക്ക് ചിൽ ചെയ്യാം അച്ഛാ.. ” എന്നു പറഞ്ഞ മോന്റെ ഉറപ്പിൽ അപ്പോഴേ മനസ്സിൽ ലഡ്ഡു പൊട്ടിയതാണ്.
“ഞാൻ ഒന്നു കുളിക്കട്ടെ. പോകുന്ന വഴി എന്നെ ഇവിടെ വന്നു കൂട്ടിക്കൊള്ളാമെന്നാ ആലീസ് ടീച്ചർ പറഞ്ഞിരിക്കന്നെ? ഇതിപ്പോ നിങ്ങക്ക് ഉപകാരം ആയല്ലോ അല്ലേ?അല്ലെങ്കിൽ എന്നെ സ്കൂളിൽ കൊണ്ടു വിടേണ്ടി വന്നേനെ. “
ഫാസ്റ്റ് പാസഞ്ചറിന്റെ സ്പീഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിന്റെ ഇടയിൽ ആണ് ഈ സൂക്തങ്ങൾ മൊഴിയുന്നത്.
“നിങ്ങൾക്ക് ഉച്ച ഭക്ഷണം ഞാൻ എടുത്തില്ല കേട്ടോ. ഈയിടെയായി കൊണ്ട് പോകാറില്ലല്ലോ. അതുകൊണ്ടാ. “
“വേണ്ടാ. ഞാൻ വല്ല പഴമോ മാറ്റി വാങ്ങി കഴിച്ചോളാം. ” ഞാൻ വിനയാന്വിതനായി.
തലേന്ന് ഒരു കലം ചോറ് ഒരുമിച്ചു ഉണ്ടാക്കി ഫ്രിഡ്ജിൽ കയറ്റി രാവിലെ അതു തിളപ്പിച്ചൂ റ്റി എനിക്കും.
രാവിലെ വെച്ച പുതിയ ചോറ് അവൾക്കും.
അവൾ സ്റ്റാഫ് റൂമിൽ മറ്റുള്ളവരുടെ കൂടെ ഇരുന്നു കഴിക്കുമ്പോൾ പഴയ ചോറ് കൊണ്ട് പോയാൽ നാണക്കേടാണ് എന്നൊരു വിശദീകരണവും.
എന്നാൽ വല്ല നല്ല കറിയെങ്കിലും ഉണ്ടെങ്കിൽ… പഴയ ചോറ് ആയാലും പോട്ടെന്നു വിചാരിക്കാം.
അവൾക്കു പിന്നേ ഒന്നോ രണ്ടോ കറികൾ മതി. ഇല്ലെങ്കിലും കുഴപ്പമില്ല. ആരുടെയെങ്കിലും കറികൾ കിട്ടും. എല്ലാവരും കൂടി കറികൾ പങ്കു വെച്ചാണല്ലോ കഴിക്കുന്നത്.
എനിക്കും ഓഫീസിനടുത്തുള്ള ‘വീട്ടിലെ ഊണ്’ ഹോട്ടലിൽ ചെന്നാൽ രുചിയേറിയ ചോറും കറികളും കിട്ടും. സ്പെഷ്യൽ പൊരിച്ച മീനും. സുഭിക്ഷമായ ഉച്ചയൂണ്. പിന്നെ ആർക്കു വേണം ഈ ‘വീട്ടിലെ ഊണ്’?
ഫോൺ ബെൽ അടിച്ചപ്പോൾ എടുത്തു നോക്കി. മനു.
‘എന്തടാ. ‘
‘അമ്മ പോയോ? അച്ഛൻ വിളിച്ചില്ലല്ലോ. ‘
“എടാ. ആഭ്യന്തര കാര്യങ്ങൾ സുഗമമാക്കിയിട്ടേ എക്സ്റ്റേണൽ അഫയേഴ്സിൽ (പുറമെയുള്ള കാര്യങ്ങളിൽ) ശ്രദ്ധിക്കാൻ ഒക്കൂ. ഞാൻ വിളിക്കാം. ഞാൻ പറഞ്ഞാൽ പറഞ്ഞതാടാ. “
ഡ്രെസ്സ് ചെയ്തു പുറത്തെത്തിയപ്പോൾ ആളെ കണ്ടില്ല. എന്നോടു പറയാതെ സ്ഥലം വിട്ടോ എന്നോർത്തു അടുക്കളയിൽ ചെന്നപ്പോൾ ദേ… അവിടിരുന്നു പച്ചക്കറി നുറുക്കുന്നു.
ചോദ്യഭാവത്തിലുള്ള എന്റെ നോട്ടം കണ്ടപ്പോൾ പുഞ്ചിരിയോടെ മൊഴിഞ്ഞു. “അതേ. സമയം നമ്മൾ ജുഡീഷ്യസ് (വിവേകത്തോടെ) ആയി ഉപയോഗിക്കണം എന്നു കേട്ടിട്ടില്ലേ. “
“കുറച്ചു സാമ്പാർ വെക്കാമെന്നു കരുതി കഷണങ്ങൾ ഒരുക്കുവാ. “
“നിനക്കിപ്പോ പോകേണ്ടേ? ബസ് വരാറായില്ലേ? അല്ലെങ്കിൽ തന്നെ രാവിലെ മോര് കാച്ചിയല്ലോ. “
സന്ദേഹത്തോടെ ഞാൻ ചോദിച്ചപ്പോൾ അവൾ തന്ന മറുപടിയിൽ ഞാൻ കോരിത്തരിച്ചു പോയി.
“സാമ്പാർ വേണ്ടെങ്കിൽ വേണ്ട ചേട്ടാ. ഇതു അവിയൽ ആക്കാം. “
“എങ്ങനാ അവിയൽ വെക്കേണ്ടതെന്ന് ഞാൻ ഫോൺ ചെയ്തു പറഞ്ഞു തരാം. നാളെ അവധിയല്ലേ. ചേട്ടന്റെ ബോറടി മാറുകേം ചെയ്യും. “
എന്റെ കണ്ണുകൾ പുറത്തേക്കു തള്ളിയ നിമിഷം.
‘അയ്യോ. ബസ് വന്നെന്നു തോന്നുന്നു. ഈ കഷണങ്ങൾ എടുത്ത് ഫ്രിഡ്ജിൽ വെച്ചേക്കണേ ചേട്ടാ. “
“പിന്നേ എനിക്കതല്ലേ പണി. ഇതെല്ലാം കൂടി ഞാൻ ആ തോട്ടിൽ കൊണ്ടിടും. “
അടുത്ത നിമിഷം ഓർത്തു. ഇത്രയും പച്ചക്കറിക്ക് എത്ര രൂപ കൊടുത്തതാ… എങ്ങനാ കളയുന്നത്,?
“ചേട്ടാ… ഇങ്ങോട്ടൊന്നു വന്നേ ആലീസ് ടീച്ചർക്ക് ഒന്നു കാണണമെന്ന്. “
“ഞാനില്ല. നിന്റെ കുട്ടികളുടെയും ടീച്ചറന്മാരുടെയും മുമ്പിൽ പ്രദർശന വസ്തു വായി നിൽക്കാൻ എന്നെ കിട്ടില്ല. “
“ചേട്ടൻ വന്നില്ലെങ്കിൽ ആലീസ് ടീച്ചർ ഇങ്ങോട്ടു വരും. “
അതൊരു ഭീഷണിയായി തോന്നിയത് കൊണ്ട് പുറത്തേക്കിറങ്ങി ചെന്നു.
“ആ. സാറിനെക്കുറിച്ചു ശൈലജ പറഞ്ഞുപറഞ്ഞു ഞങ്ങൾക്ക് സാറിനെ നല്ല പരിചയമാ. സാർ വീട്ടുജോലികളിൽ സഹായിക്കുന്ന കാര്യമൊക്ക ശൈലജ പറയാറുണ്ട്. “
“സാറിന് രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലേ ശൈലജേ.”
“ആ… ടീച്ചറെ… മോരും തോരനും മെഴുക്കു പുരട്ടിയും അവിയലും എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്.
ആലിസ് ടീച്ചറിന്റെ മുഖം വിടർന്നു.
പ്രിയതമയുടെ മുഖത്തേക്കു അതിശയത്തോടെ പാളി നോക്കിയപ്പോൾ തിരിച്ചറിയാനാവാത്ത ഒരു ഭാവം ആ കണ്ണുകളിൽ കണ്ടു. അഭിമാനമാണോ ‘കളിപ്പിച്ചേ’ എന്നാണോ ആവോ.
മനസ്സിൽ ഉടൻ പരസ്യ വാചകം തെളിഞ്ഞു. ഭാര്യയെ സ്നേഹിക്കുന്നവർ പ്രെസ്റ്റീജ് (ഭാര്യയുടെ) എങ്ങനെ വേണ്ടെന്നു വെക്കും?


3 Comments
അതു കലക്കി
Super. വായനാസുഖംതരുന്ന എഴുത്ത്
സന്തോഷം 🙏🏽