തൻ്റെ ജീവിതത്തിനെപ്പോലെ ഇത്രയധികം കഷ്ടതകൾ അനുഭവിച്ച ആരെങ്കിലും ഉണ്ടാകുമോ? മറ്റുള്ളവരൊക്കെ ആണെങ്കിൽ എന്നേ ആത്മഹത്യ ചെയ്തേനെ!
എന്നാൽ അവയൊക്കെ തരണം ചെയ്തു ഇന്നത്തെ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണമേയുള്ളൂ. അത് “ഞാൻ തോല്ക്കില്ല ” എന്ന പിടിവാശിയാണ്. അതിന് നന്ദി പറയേണ്ടത് പൂച്ചയോടാണ്. ആര് എങ്ങനെ പൂച്ചയേ മുകളിലേക്ക് എറിഞ്ഞാലും അത് നാല് കാല് കുത്തിയേ താഴെ വീഴൂ.
സന്ദീപിൻ്റെ ചിന്തകളങ്ങനെ കാട് കയറി പോകുന്നത് പതിവാണ്. സത്യത്തിൽ തന്നെ ഇത് പോലെ ശക്തമാക്കി നില നിർത്തുന്നത് ആ ചിന്തകളാണല്ലോ!
സന്ദീപ് ഓർമ്മകളിലേക്ക് പോയി. ജനിച്ചത് മുതൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ. സത്യത്തിൽ ആ ദുരനുഭവങ്ങളാണ് തന്നെ ഇങ്ങനെ ആക്കി ത്തീർത്തത്.
വീട്ടിൽ അമ്മയും അമ്മൂമ്മയും മാത്രമേയുള്ളൂ. അച്ഛൻ വർഷങ്ങൾ കൂടുമ്പോൾ വരും അത്രമാത്രം. ഇത്രയും ഉത്തരവാദിത്തം ഇല്ലാത്ത ഒരാളെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഭാര്യയും മക്കളും എങ്ങനെ ജീവിക്കുന്നു? അവർക്ക് ജീവിക്കാൻ വല്ല വരുമാനവും ഉണ്ടോ? അവർക്ക് വേണ്ട സംരക്ഷണം കിട്ടുന്നുണ്ടോ? കുട്ടികൾ നന്നായി വളരുന്നുണ്ടോ?
അവർക്ക് ഭക്ഷണം കിട്ടുന്നുണ്ടോ? ഏത് ക്ളാസിൽ ഒക്കെയാണ് അവർ പഠിക്കുന്നത്?
ഇതൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. അത് അറിയണം എന്ന് ആഗ്രഹം ഉണ്ടായിട്ട് വേണ്ടേ?
സ്കൂളിൽ പഠിക്കാൻ മിടുക്കില്ലാത്തതിനാൽ തന്നെ അദ്ധ്യാപകരുടെ കയ്യിൽ നിന്നും നല്ല ശിക്ഷ കിട്ടാറുണ്ട്.
ആരറിയുന്നു അതൊക്കെ. പിന്നെ മറ്റ് കുട്ടികളുടെ വക അടിയും ഇടിയും മർദ്ദനങ്ങളും ചീത്ത വിളിയുമൊക്കെ.
എല്ലാം ഏറ്റ് വാങ്ങാറേ പതിവുള്ളൂ . ആരോടും മിണ്ടാതെ പരാതി പറയാതെ സ്കൂൾ ജീവിതം അങ്ങനെ കഴിഞ്ഞു. പണമില്ലാത്തതിനാൽ തന്നെ, മറ്റ് കുട്ടികൾ നല്ല നല്ല വസ്ത്രങ്ങൾ ധരിച്ച് വരുമ്പോൾ വീണ്ടും വീണ്ടും അലക്കി വെളുപ്പിച്ച കോട്ടൺ ഷർട്ടുംട്രൗസറും പിന്നീട് ഒറ്റ മുണ്ടും ധരിച്ച് പത്താം ക്ലാസ്സ് വരെ പോയി. ചെറിയ ക്ളാസുകളിൽ വീട്ടിൽ പോയി ഭക്ഷണം കഴിയ്ക്കുക പതിവാണ്. എന്നാൽ ഹൈസ്കൂളിൽ ആയപ്പോൾ ഉച്ചയ്ക്ക് പട്ടിണി തന്നെ ആയിരുന്നു. അതിലൊന്നും ഒരു പരാതിയും ഉണ്ടായിരുന്നില്ല.
പിന്നീട് കോളേജിൽ പോകാൻ കഴിയാതിരുന്നിട്ടും അച്ഛൻ ഒരു വാക്ക് ചോദിച്ചില്ല. അതിന് അമ്മയ്ക്ക് കഴിവില്ലാത്തത് കൊണ്ട് തന്നെ ആയിരുന്നു. കോളേജിൽ പോയി പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പത്തിൽ തോറ്റു എങ്കിലും വീണ്ടും എല്ലാം എഴുതി വിജയിച്ചതാണ്. അതിന് വേണ്ടി മറ്റെല്ലാ കൂട്ടുകാരും പോയപ്പോൾ സന്ദീപ് മാത്രം ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ കംപ്യൂട്ടർ പഠിക്കാൻ പോയി. ബേസിക് കാര്യങ്ങളൊക്കെ പഠിച്ചു.
കോഴ്സ് കഴിഞ്ഞ് പിന്നീട് പല ജോലികളും ചെയ്തു. രക്ഷയില്ലാതെ ചെറിയച്ഛന്റെ സഹായത്തോടെ മുംബൈയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പോയി. ചെറിയച്ഛൻ, ചെറിയമ്മയും മൂന്ന് മക്കളും. അവരോടൊപ്പം താമസം. ചെറിയച്ഛൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ ജോലി ശരിയാക്കി താല്ക്കാലിക ജോലിക്ക് ആളുകളെ എടുക്കുന്നുണ്ടായിരുന്നു.
അവിടെ ഒരു നരകം തന്നെ ആയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. മറ്റെല്ലാ ജോലിക്കാർക്കും അഞ്ച് മണി കഴിഞ്ഞാൽ വീട്ടിൽ പോകാം.
തനിക്ക് മാത്രം അവിടെ ഇരിക്കണം. എപ്പോഴാണ് തന്റെ ബോസ് വീട്ടിൽ പോകുക അത് വരെയാണ് പണി.
രാത്രി പത്ത് പന്ത്രണ്ട് മണിയായാലും അയാൾ വീട്ടിൽ പോകില്ല.
പി. ഡബ്ളി. യു. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് . സർക്കാരിൻ്റെ സ്ഥാപനം. പക്ഷേ വെറും ഒരു സീനിയർ ഡ്രാഫ്റ്റ്സ്മേൻ ആയ അയാളുടെ വകയാണെന്നാണ് ഭാവം.
അയാൾ പറയുന്നതേ എക്സിക്യൂട്ടീവ് എഞ്ചിനീയർ വരെ കേൾക്കൂ. ധാരാളം കോൺട്രാക്റ്റർമാർ ഉണ്ട്. അവരുടെ വർക്കുകൾ, എസ്റ്റിമേറ്റുകൾ തയ്യാറാക്കി കൊടുക്കണം.
അതെല്ലാം തയ്യാറാക്കി കോപ്പി എടുത്ത് കൊടുക്കണം.അവ മാറ്റിയും മറിച്ചും അയാൾ നേരം വെളുപ്പിക്കും. കുറ്റം പറയരുതല്ലോ അയാൾ ഭക്ഷണം കഴിക്കാൻ പോകില്ല. പകരം ചായയും പലഹാരങ്ങളും ഇങ്ങനെ തിന്നു കൊണ്ടിരിക്കും. അതൊക്കെ എല്ലാവർക്കും കിട്ടും. സന്ദീപിനും .
നല്ല ടേസ്റ്റ് ഉള്ള കച്ചോരി, സമോസ,പഫ്സ്, നമ്ക്കീൻ, പാനി പൂരി.
തീറ്റയും കുടിയും നടക്കും.
അങ്ങനെ പണികൾ ചെയ്ത് പുലർച്ചെയാണ് വീട്ടിൽ പോകുക. വീണ്ടും പത്ത് മണിയോടെ അടുത്ത ദിവസം ജോലി ആരംഭിക്കും. ശമ്പളം എല്ലാവർക്കും ഒരു പോലെ തന്നെ. സന്ദീപിൻ്റെ കഷ്ടകാലം. കോൺടാക്റ്റർ മാർ ഇടക്കിടെ കിമ്പളം തരുന്നത് ലാഭം.
ചെറിയച്ഛൻ്റെ വീട്ടിൽ ആണ് താമസം എന്ന് പറഞ്ഞല്ലോ അവർ വേറെ ഒരു തരം. ആദ്യമൊക്കെ നല്ല പെരുമാറ്റവും സംസാരവും ഒക്കെ ആയിരുന്നു. പിന്നീട് മിണ്ടാട്ടമില്ല. ഭക്ഷണം അവിടെ വച്ചിരിക്കുന്നത് കഴിക്കാം. ഒരു മുറി കിടക്കാനുണ്ട്. ചെന്നപ്പോൾ വാങ്ങി തന്ന രണ്ടു ജോഡി ഷർട്ടും പാൻ്റും ചെരിപ്പും. രണ്ട് വർഷത്തിനുള്ളിൽ വേറെ ഒന്നും വാങ്ങി തന്നില്ല.
പോകുമ്പോൾ കയ്യിലുണ്ടായ പഴയവ മാത്രമേ ഉള്ളൂ.
അപ്പോൾ ചോദിക്കും ശമ്പളം കിട്ടുന്നതല്ലേ? ഇഷ്ടം പോലെ വാങ്ങിക്കൂടെ? വേറെ സ്ഥലം നോക്കി പോയിക്കൂടെ? എന്നൊക്കെ.
പക്ഷേ കിട്ടുന്ന ശമ്പളം ഒരു പൈസ പോലും കുറയാതെ അവിടെ കൊടുക്കണം.ഒരു പത്ത് രൂപ പോലും പോക്കറ്റ് മണി തരില്ല. അവർ പറയുന്നത് എല്ലാം കേൾക്കണം.അമ്മ കരഞ്ഞു കാൽ പിടിച്ചിട്ട് കൊണ്ട് വന്നതാണ്.
ആ അമ്മയ്ക്ക് ഒരു നൂറു രൂപ പോലും രണ്ടു വർഷത്തിനിടെ അയച്ചു കൊടുത്തിട്ടില്ല. മകന് ഒരു ജോലി ആയതല്ലേ? ചെറിയച്ഛന് അങ്ങനെ ഒരു ചിന്ത ഇല്ല തന്നെ. സ്വന്തം കാര്യത്തിനും ഭാര്യക്കും മക്കൾക്കുമൊക്കെ വേണ്ട ഡ്രസ്സുകളോ മറ്റ് എന്തും വാങ്ങി കൊടുക്കാൻ ഒരു മടിയും ഇല്ല. താൻ അന്യനാണല്ലോ! അച്ഛന്റെ അനിയനാണ്. പറഞ്ഞിട്ട് എന്ത് കാര്യം? അത്ര അത്യാവശ്യം ഉള്ളത് മാത്രമേ സംസാരിക്കൂ. ചെറിയമ്മ പിന്നെ മിണ്ടുകയേയില്ല. എന്തോ ഒരു വൈരാഗ്യം വച്ച് പെരുമാറുന്ന പോലെ.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പി.എ ആണ് ചെറിയച്ഛൻ. എന്ത് കാര്യം? ഓഫീസിൽ നടക്കുന്ന എന്നോട് എന്റെ ബോസ് ചെയ്യുന്ന അക്രമങ്ങൾ ചോദിക്കുകയേയില്ല. എങ്ങനെ ചോദിക്കും? അങ്ങോരുടെ സ്വഭാവവും മോശമല്ലല്ലോ!
മറ്റ് ഓഫീസിലെ മലയാളികൾ ആയവർ കുറച്ച് പേരുണ്ട്. സന്ദീപിന്റെ പോലെ വന്നവർ. രഘുവാണെങ്കിൽ അമ്മാവൻ്റെ കുടെ താമസിക്കുന്നു. അവന് ഒരു ബുദ്ധിമുട്ടും ഇല്ല. ഒറ്റയാനാണ് അമ്മാവൻ. വിവാഹം കഴിച്ചിട്ടില്ല. മരുമകനെ എത്ര സ്നേഹത്തോടെയാണ് നോക്കുന്നത്. അവന്റെ വീട്ടിൽ പോകാറുണ്ട് ഇടയ്ക്കിടെ. അവിടെ നിന്ന് ഭക്ഷണവും കഴിക്കും.
ഓഫീസിൽ നിന്ന് നേരത്തെ മുങ്ങും. കൂടുതൽ നേരം പണി എടുക്കാതിരിക്കാൻ.പക്ഷെ എന്ത് കാര്യം? രാത്രി യൊക്കെ വന്ന് വിളിച്ചു കൊണ്ട് പോകും. അപ്പോൾ രാത്രി രണ്ട് മൂന്ന് മണിവരെ ഇരിക്കേണ്ടി വരും.
അതിനിടെ ഒരു മാസം ശമ്പളം കിട്ടിയപ്പോൾ ആ പണം ചെറിയച്ഛന് മുഴുവൻ കൊടുത്തില്ല. ഉള്ള പാൻ്റും ഷർട്ടും കീറിത്തുടങ്ങി. ഒരെണ്ണം എങ്കിലും വാങ്ങിയില്ലെങ്കിൽ ശരിയാവില്ല. അങ്ങനെ പോയി റെഡിമെയ്ഡ് പാൻ്റും ഷർട്ടും വാങ്ങി. ഒരു ഷുവും.
വീട്ടിൽ വന്ന് പണം കൊടുത്തപ്പോൾ
“ഇത് മുഴുവൻ ഇല്ലല്ലോ.. ബാക്കി എവിടെ?” ചെറിയച്ഛന്റെ ചോദ്യമാണ്.
ചെറിയമ്മ അതെല്ലാം കേട്ട് നിൽക്കുന്നുണ്ട്.
“ഞാൻ ഒരു പാൻ്റും ഷർട്ടും വാങ്ങി. ഒരു ഷൂവും. പഴയത് എല്ലാം കേടായി.”
“ആരോട് ചോദിച്ചാണ് ഇതെല്ലാം ചെയ്തത്? ഇവിടെ എന്താണ് ചെലവ് എന്നറിയാമോ ഇവിടെ താമസിക്കാൻ നല്ല ചെലവുണ്ട്. ആകെ നിസ്സാരമായ കാശേ കിട്ടുന്നുള്ളൂ. അത് ഇങ്ങനെ തോന്നിയ പോലെ കാട്ടിയാൽ പറ്റില്ല “ചെറിയച്ഛൻ.
“നിന്റെ ചെറിയച്ഛൻ ആയത് കൊണ്ട് മാത്രമാണ് ഇവിടെ താമസിപ്പിക്കുന്നത്”
ചെറിയമ്മയുടെ വക പിന്നേയും കുറെ ചീത്തകൾ.
അവർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ തോന്നിയില്ല.
” എന്താടാ കഴിക്കാത്തത്! നിനക്ക് അത്രയ്ക്കായോ
ഇനി ഇവിടെ നിനക്ക് ഒന്നുമില്ല. എവിടെ നിന്നെങ്കിലും തിന്നോ? “
പറഞ്ഞ പോലെ പിറ്റേന്ന് കാലത്ത് ഓഫീസിൽ പോകാൻ നോക്കിയപ്പോൾ സന്ദീപിൻ്റെ മേശമേൽ ഒന്നും വച്ചിട്ടില്ല.
ഒന്നും ചോദിച്ചില്ല.
ഓഫീസിൽ ഒന്നും കഴിക്കാതെ പോയി.
ഉച്ചയ്ക്ക് ക്വാർട്ടേഴ്സിൽ വന്ന് കഴിക്കാറാണ് പതിവ്.
അന്ന് വാശി പിടിച്ച് ഉച്ചയ്ക്കും പോയില്ല.
വൈകിട്ട് ഓഫീസ് കഴിഞ്ഞ് നേരെ രഘുവിൻ്റെ വീട്ടിലേക്കാണ് പോയത്.അവിടെ അവരോട് എല്ലാം പറഞ്ഞു.
“നീ വേറെ വല്ല ജോലിയും കണ്ടു പിടിച്ചു മാറാൻ നോക്ക്. അതാണ്നല്ലത്. ഇങ്ങനെ വഴക്ക് കൂടി എങ്ങനെ ഒരുമിച്ച് കഴിയും “
അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് പോന്നത്.
പറഞ്ഞ പോലെ രാത്രി വീട്ടിൽ എത്തിയപ്പോൾ ചെറിയച്ഛൻ വിളിച്ചു.
” കാര്യം പറയുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. പട്ടിണി കിടന്നിട്ട് എന്താണ് ഗുണം? കഴിച്ചു കിടക്കാൻ നോക്ക് “
അന്ന് അവിടെ അവന്റെ മേശമേൽ ഭക്ഷണം വച്ചിരുന്നു.
തല്ക്കാലം ഇങ്ങനെ പോകട്ടെ. അതിനിടെ വേറെ ജോലി കണ്ട് പിടിച്ച് മാറണം.അന്ന് രാത്രി അവൻ തീരുമാനിച്ചു.
ഇനി ബോസ് രാത്രി വിളിച്ചാൽ പോകില്ല എന്ന് വച്ചു.അങ്ങനെ ഇപ്പോൾ അവരുടെ അടിമയായി കഴിയേണ്ട.മറ്റ് പലരും ജോലി ചെയ്യുന്നത് പോലെ തന്നെ ചെയ്താൽ മതി.
സന്ദീപ് ദൃഢനിശ്ചയമെടുത്തു.
തന്റെ ജീവിതവും മാറി മറിയുമായിരിക്കും. എല്ലാം ശരിയാകും എന്ന് ഒരു പ്രതീക്ഷ എപ്പോഴും വേണമല്ലോ!
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_എല്ലാംശരിയാകും
#കഥ_ശരിയാക്കാൻ പറ്റാത്തൊരു ജീവിതമോ ?
#രചന_രാമചന്ദ്രൻടിവി

