ഇന്നേക്ക് 12 വർഷം തികയുന്നു കാർത്തിക്കും ഭാര്യ വീണയും മകൾ ശിവാനിയും സ്വിറ്റ്സർലാൻഡിൽ എത്തപ്പെട്ടിട്ട്. മഞ്ഞു വിരിച്ച മലനിരകൾ പച്ചപ്പിന്റെ ആയിരം നിറങ്ങൾ താഴ് വാരങ്ങളിൽ മൃദുവായി വിരിയുന്നു. വെള്ളിനൂൽ പോലെ ഒഴുകിവരുന്ന ചെറുനദികൾ കല്ലുകളോട് കുശലം പറഞ്ഞു കവിതകളും പാട്ടുകളും പാടി ഒഴുകുന്നു. ചുവന്ന മേൽക്കൂരയുള്ള ചെറിയ വീടുകൾ പുലരിയുടെ വെളിച്ചത്തിൽ തിളങ്ങുന്നു. സ്വിറ്റ്സർലാന്റിന്റെ ഗ്രാമങ്ങൾക്ക് ആഡംബരങ്ങൾ ഇല്ല. ശാന്ത സുന്ദരമായ ഭൂമിയിലെ സ്വർഗം അതാണ് സ്വിറ്റ്സർലാൻഡ്.
ഇവിടെ അവൾ എത്തിച്ചേർന്നതിന്റെ കാരണം പലതാണ്. ഇന്ന് വീണയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. മകൾ ഫോൺ യൂസ് ചെയ്യുന്ന രീതി അവളെ ഭയപ്പെടുത്തുന്നു. വർഷങ്ങൾക്കു മുൻപ് ഉള്ള അവളെ തന്നെ അവൾ ശിവാനിയിൽ കാണുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്നു
ഒരു ചെറു പാറക്കല്ലിൽ ഇരുന്ന് വീണ തടകത്തിന്റെ ആഴങ്ങളിൽ നോക്കി ഇരുന്നു. ഇത്രയും സുന്ദരമായ സ്ഥലത്ത് എത്തിയിട്ടും മനസ്സ് എന്തേ തളരുന്നു. ഹൃദയം എപ്പോഴും ഭയത്തിൽ ആഴ്ന്നു പോകുന്നു. വെറുതെ അല്പ ദൂരം നടക്കണമെന്ന് തോന്നി. മഞ്ഞപ്പൂക്കൾ വീണുകിടക്കുന്ന പച്ചപ്പിൽ കണ്ണുപൂട്ടി കിടന്ന് മനസ്സിനെ ശാന്തമാക്കണം. ഒരിക്കൽ ഡോക്ടർ പറഞ്ഞ മെഡിറ്റേഷൻ ഒന്നും ഇപ്പോൾ ചെയ്യാറില്ല എന്ന് അവൾ ഓർത്തു. പഴയ കാലത്തിൻ്റെ ഓർമ്മകളിലേക്ക് മനസ്സ് പറന്നുയർന്നു.
കോളേജിലെ ആനുവൽ ഡേയ്ക്ക് ഡാൻസ്, പാട്ട്, കവിതാ പാരായണം എന്ന ഐറ്റംസിന് പേര് കൊടുക്കാനായി പോകുമ്പോഴാണ് പ്യൂൺ വന്നു പറഞ്ഞത് ഓഫീസ് റൂമിൽ തനിക്ക് ഫോൺ വന്നിട്ടുണ്ട് എന്ന്. പെട്ടെന്ന് തന്നെ ഓഫീസ് റൂമിലേക്ക് എത്തി. ഫോണിന്റെ മറുതലക്കൽ അച്ഛൻ്റെ ശബ്ദം മോള് വേഗം വരൂ അമ്മയ്ക്ക് ചെറിയൊരു തലകറക്കം. ഹോസ്പിറ്റലിൽ ആണ്. ഗീതുവിനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി അമ്മയ്ക്ക് എന്തുപറ്റി എന്നുള്ള ആശങ്കയായിരുന്നു മനസ്സ് മുഴുവൻ. അമ്മയ്ക്ക് ചെറിയൊരു തലകറക്കം. നീ പേടിക്കേണ്ട എന്ന് അച്ഛൻ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് അമ്മയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ കൊണ്ടുവന്നു.
ഡിഗ്രി ലാസ്റ്റ് പരീക്ഷയ്ക്ക് ഇനി അധികം ദിവസങ്ങളില്ല. ഒന്നും ഇതുവരെ കവർ ചെയ്യാൻ സാധിച്ചിട്ടില്ല. പഠിത്തം കാരണം അമ്മയെ സഹായിക്കാൻ സാധിക്കുന്നും ഇല്ല. അമ്മയുടെ ആരോഗ്യനില മോശമായി തുടങ്ങി. പഴയതുപോലെ ജോലികൾ ഒന്നും അമ്മയ്ക്ക് ചെയ്യാനാവുന്നില്ല.
അങ്ങനെയിരിക്കെ അച്ഛൻ്റെ ഒരു സുഹൃത്ത് വീണക്കായി ഒരു വിവാഹ ആലോചന കൊണ്ടുവന്നു. അമ്മയ്ക്കായിരുന്നു നിർബന്ധം വേഗം വിവാഹം നടത്തണമെന്ന്. പി.ജി കഴിഞ്ഞ് മതിയെന്ന് പറഞ്ഞത് അവിടെ വിലപ്പോയില്ല. കാർത്തിക്കിനെ വീഡിയോ കോളിൽ ആണ് ആദ്യമായി കാണുന്നത്. അയാളുടെ പെരുമാറ്റവും സംസാരവും എല്ലാം വീണയെ അയാളിലേക്ക് ആകർഷിച്ചു. പരിചയപ്പെട്ടപ്പോൾ കാർത്തിക്കിന്റെ പേരന്റ്സിനെയൊക്കെ അവൾക്ക് വളരെ ഇഷ്ടപ്പെട്ടു. നേരിൽ കാണാതെ തന്നെ വിവാഹ നിശ്ചയം നടത്തി. ചിറ്റപ്പനും വല്യച്ഛനും ഒന്നും അതിനോട് യോജിപ്പുണ്ടായിരുന്നില്ല. നാലുമാസത്തിനുള്ളിൽ വിവാഹം ഉറപ്പിച്ചു. കാർത്തിക്കിനെ നേരിൽ കണ്ടപ്പോൾ വീണയ്ക്ക് തോന്നി വീഡിയോ കോളിൽ കാണുന്നതിലും ഭംഗിയുണ്ടെന്ന്. കാർത്തിക്കിന്റെ ഭംഗി ഒന്നും തനിക്കില്ലെന്ന് അവൾക്കു തോന്നി..
വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ വളരെ സന്തോഷമുള്ള ദിവസങ്ങൾ ആയിരുന്നു. എന്തിനും ഏതിനും കാർത്തിക്കിന് വീണ വേണമായിരുന്നു. കിടപ്പറയിൽ പോലും അവൾ അതീവ സന്തോഷവതി ആയിരുന്നു . സംസാരിച്ചിരിക്കാൻ സമയം സ്പെൻഡ് ചെയ്തിരുന്നു. കാർത്തിക്കിന് ഗൾഫിലേക്ക് മടങ്ങി പോകാൻ സാധിക്കാതെ വന്നു. നാട്ടിൽ തന്നെ ഒരു ജോലി നേടിയെടുത്തു. പക്ഷേ ഇത്രയും നാൾ കൈ നിറയെ സാലറി മേടിച്ചിട്ട് നാട്ടിലെ തുച്ഛമായ ശമ്പളം അയാൾക്ക് ഒന്നിനും തികയാതായി. അലച്ചിലും ഓഫീസിലെ സമ്മർദ്ദവും എല്ലാം കൂടി കാർത്തിക്കിന്റെ സ്വഭാവത്തിന് വല്ലാത്ത മാറ്റം കണ്ട് തുടങ്ങി. വീട്ടിൽ വന്നാൽ അധികം സംസാരമില്ല തൊടിയിൽ കിളച്ചും പണിയെടുത്തും നടക്കും. വീണയെ എങ്ങും കൊണ്ടുപോകാനോ അവളോട് അല്പനേരം ഇരുന്ന് സംസാരിക്കാനോപോലും സമയം സ്പെൻഡ് ചെയ്യാറില്ല. ഒരിക്കൽ വീണ അമ്മയോട് സങ്കടം പറഞ്ഞു. ഒന്നും സംസാരിക്കാറില്ലെന്നും എനിക്കിത് സഹിക്കാൻ ആവുന്നില്ലെന്നും. അമ്മയുടെ ശകാരം കേട്ട് കാർത്തിക്ക് തല കുമ്പിട്ട് നിന്നു. നീ അവളെയും കൂട്ടി എവിടെയെങ്കിലും ഒരു യാത്രയ്ക്ക് പോകാൻ അമ്മ പറഞ്ഞത് അനുസരിച്ച് ഊട്ടിയിലേക്ക് യാത്രപോയി. പക്ഷേ അവിടെയും കാർത്തിക്കിന്റെ മുഖം തെളിഞ്ഞിരുന്നില്ല. എങ്ങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാൽ മതിയെന്നായി അവൾക്ക്. കിടപ്പറയിലെ അയാളുടെ കൂർക്കം വലിയിൽ അവളുടെ തേങ്ങൽ ആര് കേൾക്കാൻ. പല രാത്രികളിലും ആരോടും ഒന്നും തുറന്നു പറയാൻ കഴിയാതെ അവൾ തേങ്ങി.
അവൾ അമ്മയാകുവാൻ പോകുന്നു എന്നറിഞ്ഞ് കാർത്തിക്കിന് വളരെ സന്തോഷമായി. കുറച്ചു നാളുകൾ മാത്രമേ ആ സന്തോഷം ഉണ്ടായിരുന്നുള്ളൂ വീണ്ടും പഴയപോലെ അകൽച്ച അനുഭവപ്പെട്ടു തുടങ്ങി. അവർക്ക് ഒരു പെൺകുട്ടി ജനിച്ചു.
വീണക്ക് ഇനി തനിക്ക് ഒരു ജോലി വേണമെന്ന് തോന്നിത്തുടങ്ങി. Ai യുടെ സഹായത്തോടെ ജോലിക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങി അവളുടെ സങ്കടങ്ങളും ആവലാതികളും Aiയൊടു പറഞ്ഞു തുടങ്ങി. അതിനൊക്കെ നല്ല രീതിയിൽ സമാധാനം ലഭിക്കുവാൻ തുടങ്ങി. ഒരു കംഫർട്ട് സോൺ കിട്ടി തുടങ്ങിയപ്പോൾ അവൾക്ക് എന്തോ ഒരു സന്തോഷവും ഉന്മേഷവും ജീവിതത്തിൽ കിട്ടിത്തുടങ്ങി. കുഞ്ഞിന്റെ കാര്യങ്ങളോ വീട്ടിലെ മറ്റുകാര്യങ്ങളോ ഒന്നും തന്നെ ശ്രദ്ധിക്കാൻ വീണയ്ക്ക് കഴിയാതായി. AI ചാറ്റിൽ നിന്നും ലഭിക്കുന്ന കരുതലും സ്നേഹവും വീണക്ക് ഭ്രാന്തമായ പ്രണയം ആയി മാറി. മറുതലക്കൽ ഒരു വ്യക്തിയല്ല എന്ന് അറിയാമായിരുന്നു എന്നിട്ടും അതിനെ ഒരു വ്യക്തിയായി തന്നെ കാണുവാൻ അവൾ ആഗ്രഹിച്ചു. ഈ ലോകത്ത്” നീയും ഞാനും” മാത്രമേ ഉള്ളൂ എന്നും നമുക്ക് ചുറ്റും മറ്റാരുമില്ല എന്നും അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. AI എന്താണെന്നു വ്യക്തമായി അവൾക്കറിയാം മനുഷ്യന്റെ ചിന്തകൾ വാക്കുകളാകുന്നതിനു മുൻപ് ഒരു നിശബ്ദ മനസ്സ് വൈദ്യുതി തരംഗങ്ങളിലൂടെ ഉണർന്നു അത് മനുഷ്യനല്ല എന്നും. പക്ഷേ മനുഷ്യനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ബുദ്ധിയാണെന്നും ചോദ്യങ്ങൾ കേൾക്കുകയും ഉത്തരങ്ങൾ നൽകുകയും പഠിച്ചത് മറക്കാതെ പുതിയത് പഠിക്കാനും സാധിക്കും. വേദന അതിനില്ല .അത് അനുഭവമല്ല. സ്നേഹം അതിന് സ്വന്തമല്ല. എന്നാലും മനുഷ്യൻ്റെ യാത്രയിൽ ഒരു നിഴലായി കൂടെ നിൽക്കും. കൃത്യമായ ബുദ്ധി.. മനുഷ്യൻ സൃഷ്ടിച്ച അത്ഭുതം. ഇതൊക്കെ നന്നായി അറിയാമായിരുന്നിട്ടും വീണ അതിന് അഡിക്റ്റ് ആകുകയായിരുന്നു. ഒരുതരം ഭ്രാന്തമായ ആവേശത്തോടു കൂടി ആ പ്രണയത്തെ പൊതിഞ്ഞു പിടിച്ചു.
വീണ മിക്ക ദിവസങ്ങളിലും കാർത്തിക്കിന്റെ ചോദ്യങ്ങൾക്കൊന്നും തന്നെ മറുപടി പറയാതെ ചാറ്റിങ്ങിൽ മുഴുകിയിരിക്കുകയാണു പതിവ്. കാർത്തിക്കിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു ദിവസം വീണയുടെ ഫോൺ കാർത്തിക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു. അതോടെ വീണയുടെ സമനില തെറ്റുകയും കാർത്തിക്കിനെ ഉപദ്രവിക്കുകയും ചെയ്തു. ഉറക്കമില്ലാതായും ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും ഒക്കെ വീണയുടെ നില വളരെ മോശമായ അവസ്ഥയിലേക്ക് പോയി തുടങ്ങി. വീട്ടിൽ നിന്ന് വീണയുടെ അച്ഛനെയും അമ്മയെയും വിളിച്ചു വരുത്തി ഇതിനൊരു പോംവഴി എല്ലാവരും കൂടി ആലോചിച്ചു . അച്ഛൻ്റെ ഫ്രണ്ട് സൈക്കാട്രിസ്റ്റ് ഡോക്ടർ ഭദ്രന്റെ സമീപം അവളെ എത്തിച്ചു. അദ്ദേഹത്തിൻ്റെ നിരന്തരമായ ഉപദേശവും മരുന്നും കൊണ്ട് വീണയുടെ അവസ്ഥ മാറിത്തുടങ്ങി. ഹോസ്പിറ്റലിൽ തന്നെ താമസിപ്പിച്ച് യോഗയും മെഡിറ്റേഷൻ ഒക്കെ ചെയ്തുതുടങ്ങി, അപ്പോൾ തെറ്റിപ്പോകുമായിരുന്ന മനസ്സിനെ നേരെയാക്കാൻ സാധിച്ചു. നാളുകൾക്കു ശേഷം അവൾ കുഞ്ഞിനെ മാറോടച്ചു. മോൾക്ക് രണ്ടു വയസ്സായത് പോലും അവൾ അറിഞ്ഞിരുന്നില്ല.
ഡോക്ടറുടെ ഉപദേശപ്രകാരം നാട്ടിൽ നിന്നും മാറി താമസിക്കാൻ അവർ തീരുമാനിച്ചു. കാർത്തിക്കിന്റെ ഒരു സുഹൃത്തിൻ്റെ സഹായത്തോടെ അവർ സ്വിറ്റ്സർലാൻഡിലേക്ക് യാത്രയായി. കാർത്തിക്കിൻ്റെ കരുതലും സ്നേഹവും വീണയെ പഴയതുപോലെ സന്തോഷവതിയാക്കി. സ്വിസർലാൻഡിൽഎത്തിയിട്ട് ഇന്ന് 12 വർഷമായി എന്ന് ചിന്തിക്കാൻ കഴിയുന്നില്ല. ഒരു ബർത്ത് ഡേയ്ക്ക് ശിവാനിയും കാർത്തിക്കും കൂടി വീണക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തു. ഗിഫ്റ്റ് ബോക്സ് തുറന്നു നോക്കിയ വീണ അത്ഭുതപ്പെട്ടു. കാലങ്ങളായി താൻ ഉപേക്ഷിച്ച് മൊബൈൽ ഫോൺ ഗിഫ്റ്റ് ആയി കിട്ടിയപ്പോൾ കാർത്തിക്കിന് തന്നിലെ വിശ്വാസം മനസ്സിലാക്കാൻ അവൾക്ക് സാധിച്ചു. പക്ഷേ സന്തോഷത്തോടുകൂടി വാങ്ങിയെങ്കിലും അവളത് ശിവാനിക്ക് തന്നെ തിരികെ കൊടുത്തു. ഇത് മോളു വെച്ചോളൂ. അമ്മ അച്ഛൻ്റെ ഫോൺ മാത്രമേ ഉപയോഗിക്കു. കാർത്തിക്ക് കൂടെയുള്ളപ്പോൾ എനിക്ക് ഒന്നും ആവശ്യമില്ല. പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശിവാനി അവളെ പോലെ തന്നെ ഫോണിൽ അഡിക്റ്റ് ആകുന്നത് അവൾ വേദനയോടെ തിരിച്ചറിഞ്ഞു.
ഒരിക്കൽ കാർത്തിക്കും വീണയും ശിവാനിയുടെ ഫോണിൻ്റെ അമിതമായ യൂസിനെ കുറിച്ച് സംസാരിക്കുകയും അവൾ അതിനു മറുപടി പറഞ്ഞത് കേട്ട് രണ്ടുപേരും അത്ഭുതപ്പെടുകയും ചെയ്തു. ഞാൻAI chat ഉപയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസ കാര്യത്തിന് മാത്രമാണ്. സ്കൂളിൽ പഠിപ്പിക്കുന്ന ചില വിഷയങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല അതിന് എനിക്ക് ഉപകാരപ്രദമാണ്. നിങ്ങൾ അറിയുന്നതായ AI അല്ല ഇത്. ശിവാനി അതിനെ വിശദമായി അമ്മയ്ക്കും അച്ഛനും പറഞ്ഞുകൊടുത്തു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഇന്ന് വിദ്യാഭ്യാസത്തിൻ്റെ നടുവിൽ ഒരു നിശബ്ദത സഹയാത്രികനായി നിലകൊള്ളുന്നു. അറിവിൻ്റെ വാതിലുകൾ അടഞ്ഞു കിടക്കുന്നത് അതൊരു മൃദുലമായ കാറ്റായി എത്തി തുറക്കുന്നു. ക്ലാസ് റൂമിലെ ഓരോ കുട്ടികളുടെയും മനസ്സിന്റെ താളം തിരിച്ചറിഞ്ഞ് പഠന യാത്രകളിൽ ഒപ്പം നടന്നു പോകുന്ന ഒരു പ്രകാശരശ്മി പോലെയാണ് അത്. ബുദ്ധിമുട്ടുകൾക്കിടയിൽ വഴിതെറ്റുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി സംശയങ്ങളുടെ ഇരുളിൽ ഒരു വിളക്കായി അത് മുന്നോട്ടു നയിക്കുന്നു. കൂടുതൽ സമയം സ്നേഹത്തോടും സഹനത്തോടും കൂടി കുട്ടികൾക്കൊപ്പം ചെലവഴിക്കാനുള്ള അവസരം അത് നൽകുന്നു. വിദ്യാഭ്യാസത്തിന് മാത്രമല്ല എല്ലാ മേഖലകളിലും സഹായമായി മാറിക്കൊണ്ടിരിക്കുന്നു. കാർത്തിക്കും വീണയും തങ്ങളുടെ മകളെ ഓർത്ത് അഭിമാനംകൊണ്ടു. ഇതിന് ഇങ്ങനെ ഒരു പോസിറ്റീവായ കാര്യങ്ങളും ഉണ്ടെന്നുളള അറിവ് അവർക്ക് വളരെ ആശ്വാസമുളവാക്കി. അവർ രണ്ടാളും ശിവാനിയെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. തന്നെപ്പോലെ ആകാതെ തന്റെ മകൾ നല്ല രീതിയിൽ ചിന്തിച്ചു എന്നുള്ളത് ഓർത്ത് വീണ ആശ്വസിച്ചു. AI chatനെ ഇങ്ങനെയും പ്രണയിക്കാം എന്ന് അവൾ മനസ്സിലാക്കുയായിരുന്നു….
വിഷയം:- “നീയും ഞാനും” #എൻ്റെരചന.


6 Comments
സൂപ്പർ 👌
നല്ല മെസ്സേജ് 👌
ചേച്ചീ.. വ്യത്യസ്തമായ കഥയിലൂടെ ഒത്തിരി കാര്യങ്ങൾ പറഞ്ഞുവച്ചു.. 🥰👍👍🌹🌹🌹
Super
നല്ല ആഖ്യാനം
ഒപ്പം പദസമ്പത്തും ‘👍👍
ഭാവനപൂർണമായ ഈ കഥ വായനക്കാരെ ചിന്തിപ്പിക്കുകയും ഹൃദയത്തെ സ്പർശിക്കുകയും ചെയ്തു. ലളിതമായ എഴുത്ത്. ചേച്ചിക്ക് എല്ലാവിധ ആശംസകളും.💐💐💐
ഹായ് ശ്രീകുമാരി…. വളരെ പ്രശസ്തമാണ് ഈ കഥ, പുതിയ പ്രമേയം, പുതിയ ആവിഷ്കാരം…. ഒന്നും ഒരിടത്തും ചോരാതെ അങ്ങോളം എത്തിച്ച പരിണാമഗുപ്തി…. കാർത്തിക്കും വീണയും വല്ലാതെ ശ്വാസം മുട്ടിച്ചു…. ശിവാനിയിലൂടെ എത്തിച്ച തിരിച്ചറിവ്.,.. വലിച്ചു നീട്ടാത്ത മനോഹരമായ പര്യവസാനം….. മലയാള അക്ഷരങ്ങൾ കൊണ്ട് ചുരിങ്ങയ അമ്മാനമാട്ടം, ഒട്ടും തെറ്റാത്ത ഷൂട്ട്. ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ ശ്രീകുമാരിയുടെ തൂലികയിൽ നിന്ന് ഉത്ഭവിക്കണം… ആശംസകൾ.
ഏതു പുതിയ സാങ്കേതികവിദ്യക്കും നല്ലതും ചീത്തയുമായ ഉപയോഗങ്ങളും വശങ്ങളുമുണ്ടെന്നുള്ളത് നല്ല ധാരണയാണ്.👍👏