പോക്കുവെയിലും പടിയിറങ്ങി, അകത്തളത്തിൽ ഇരുട്ട് ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ തന്റെ ഏകാന്തതയെപ്പറ്റി ഗഹനമായി ചിന്തിക്കുവാൻ തുടങ്ങിയത്. ചിന്തകളെ പിടിച്ചു നിർത്തുവാൻ മറ്റാരെങ്കിലും അടുത്തുണ്ടാകണം. അല്ലാത്തപക്ഷം, സൂര്യന് കീഴിലുള്ള സകലതും ചിന്താമണ്ഡലത്തിലെത്തും.
ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഭഗവതിക്കാവിൽ നിന്ന് പൂരത്തിന്റെ രണനാദം കേൾക്കാം. മേടമാസത്തിലെ ചൂടിനെ വെല്ലുവിളിച്ച്, വിണ്ടു കീറിയ പാടത്തിനു നടുവിലൂടെ വെടിക്കെട്ട് കാണുവാൻ പോയത് അയാൾക്ക് ഓർമ്മ വന്നു. വെടിക്കെട്ടിനു ശേഷം, തല പിളരുന്ന വേദനയിലും, ആ പൊരിവെയിലിൽ പൂരപ്പറമ്പ് ആകമാനം അച്ഛന്റെ കൈ പിടിച്ചു നടന്നിരുന്നു.
ഓർമ്മകൾ പുനർജനിക്കുന്നത് ഏകാന്തതയിലാണ്, പുതിയ ചിന്തകൾ ഉണരുന്നതും. അങ്ങിനെ ഇപ്പോൾ അയാൾക്ക് തോന്നിയ ഒന്നാണ് ചെണ്ടകൊട്ട് പഠിക്കണം എന്നത്. പണ്ടേ മനസ്സിൽ കേറിപ്പറ്റിയ താളാത്മകത ആയിരുന്നു പൂതനും തിറയ്ക്കും അകമ്പടിയായ തുടി. പൂതനും തിറയും അക്ഷതം നൽകി അനുഗ്രഹിച്ചു മടങ്ങുമ്പോൾ പൂതത്തിന്റെ പിന്മുടിയിൽ നിന്ന് ഒരു പീലി കിട്ടിയിരുന്നെങ്കിൽ എന്നത് അയാളുടെ അനുജത്തിയുടെ ആഗ്രഹമായിരുന്നു. അവളതിന് ഒരിക്കൽ ഒരു വിഫല ശ്രമം നടത്തുകയും ചെയ്തിരുന്നു.അന്നത് തടഞ്ഞത് അച്ഛമ്മയാണ്.
” കുട്ടിക്ക് പീലി വേണം ന്നാ, സംഘടിപ്പിക്കാം. പൂതന്റെ പീലി എടുക്കേണ്ട. ”
പൂതത്തിന് ഉണ്ടക്കണ്ണുകളും നീണ്ട നാക്കും ഉണ്ടായിരുന്നെങ്കിലും അവൾ ശ്രദ്ധിച്ചത് മടങ്ങിപോകുമ്പോഴുള്ള പൂതത്തിനെയാണ്. മയിലുകൾ നാട് കാണാതിരുന്ന അക്കാലത്ത് എങ്ങിനെയും പീലി സംഘടിപ്പിച്ചു തരാമെന്ന് അച്ഛമ്മ അവളോട് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം നിറവേറ്റുവാൻ അച്ഛമ്മയ്ക്ക് സാധിച്ചില്ലെങ്കിലും ഇപ്പോൾ നടവഴിയിൽ എമ്പാടും മയിൽപ്പീലി കാണാം.
അസ്തമയ സൂര്യൻ യാത്ര പറഞ്ഞു ദൂരെയുള്ള മലയുടെ പിന്നിൽ മറയുമ്പോൾ എന്തിനെന്നില്ലാത്ത ഒരു വിഷാദം അയാളെ പിടി കൂടും. അടുക്കളയിലെ പാത്രക്കിലുക്കവും ഉമ്മറത്തെ സന്ധ്യാനാമവും സ്വീകരണ മുറിയിലെ ടെലിവിഷൻ ശബ്ദവും അയാൾ കേൾക്കാറില്ല. വായിക്കുവാനായി വായനശാലയിൽ നിന്ന് കൊണ്ടുവന്നതും വില കൊടുത്ത് വാങ്ങിയതുമായ പുസ്തകങ്ങൾ ആ നേരത്ത് മറിച്ചു നോക്കുവാൻ തോന്നാറുമില്ല. ആരെങ്കിലും ഫോൺ വിളിച്ചാലാകട്ടെ രണ്ട് വാക്കിൽ പറഞ്ഞവസാനിപ്പിക്കും. ഇതൊരു വല്യ പ്രശ്നമായി ചുറ്റുമുള്ളവർക്ക് തോന്നിയില്ലെങ്കിലും അയാൾക്ക് അതൊരു പ്രശ്നമായിരുന്നു.
അത്താഴം എന്ത് തന്നെ ആയാലും തീന്മേശയിൽ എടുത്ത് വച്ച ശേഷം അമ്മ വിളിക്കും. അച്ഛനും അയാളും അത് കഴിക്കും. വളരെ ചിട്ടയോടെ, മെല്ലെയാണ് അയാൾ കഴിക്കുക. ഒരു അരികിൽ നിന്ന് തുടങ്ങി, മതിയാകുമ്പോൾ നിർത്തും. ആഹാരം ബാക്കി ആക്കുന്നതിനു ഇപ്പോഴും അമ്മയുടെ വഴക്ക് കേൾക്കാറുണ്ടെങ്കിലും വിശപ്പറിഞ്ഞു ആവശ്യത്തിന് മാത്രം വിളമ്പിക്കഴിക്കുവാൻ അയാൾക്കറിയില്ല.
രാവിലെ ഓഫീസിൽ പോകുവാൻ ഇറങ്ങുമ്പോഴാണ് അച്ചന്റെ സുഹൃത്ത് കുശലന്വേഷണവുമായി വീട്ടിലെത്തുന്നത്. കയ്യിൽ ഒരു കെട്ട് വെറ്റിലയും പാക്കും ഉണ്ട്.ഇതൊക്കെ വായയിലും മോണയിലും പലവിധ രോഗങ്ങൾ ഉണ്ടാക്കുമെന്ന് അയാൾക്ക് അറിയാമെങ്കിലും അച്ഛനോടോ സുഹൃത്തിനോടോ അയാൾ ഒന്നും പറയാറില്ല. അച്ഛനോട് സംസാരിക്കുവാൻ അച്ഛന്റെ തരത്തിന് ഒരു നല്ല സുഹൃത്തെങ്കിലും ഉണ്ടല്ലോ.
സാമാന്യം തിരക്കുള്ള ഒരു കൃഷി ഓഫീസിലെ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ആണയാൾ. ക്ലറിക്കൽ പണിയും ഫീൽഡിലെ പണിയുമായി തിരക്കുള്ള ജോലി. വളരെ ചിട്ടയായും കൃത്യതയോടെയും തന്റെ ജോലികൾ ചെയ്യുകയും മറ്റുള്ളവരുടെ ജോലികൾ അവരെക്കൊണ്ട് ചെയ്യിക്കുകയും ചെയ്യുന്ന മേലുദ്യോഗസ്ഥനെ മാതൃകയാക്കാൻ അയാൾ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും ചില നേരങ്ങളിൽ അതിനു സാധിക്കാറില്ല.
കൃഷി ഓഫീസ് സ്ഥിതി ചെയ്യുന്ന ഇടത്തിൽ ആകെയുള്ളത് ഒരു ചായക്കടയാണ്. കൃത്യം 11.30 നു ചായ ഓഫീസിൽ എത്തും. സീനിയോരിറ്റി അനുസരിച്ചാണ് ചായ നൽകുന്നത്. 200 മീറ്റർ അകലെയുള്ള ചായക്കടയിൽ നിന്നും കടുപ്പത്തിലുള്ള ചായ അയാളുടെ അടുത്തെത്തുമ്പോഴേക്കും അതിന്റെ ചൂട് പോയിട്ടുണ്ടാവും. എത്ര ഉഷ്ണമാണെങ്കിലും ചായ ചൂടോടെ കുടിക്കുന്നത് അയാളുടെ ശീലമായിരുന്നു. എന്നാൽ ജോലി കിട്ടിയ ശേഷം ആ ശീലമൊക്കെ മാറി. മറ്റു പല ശീലങ്ങളും. ഇപ്പോൾ അയാൾ നല്ല ശീലങ്ങളുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. ഇനിയൊരു വിവാഹം കൂടി ആയാൽ അയാൾ പൂർണനാകും എന്നാണ് പൊതുവെ ഉള്ള സംസാരം. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ അയാൾ അപൂർണ്ണനായി തുടരുന്നത് ശരിയല്ല. എന്നാൽ തന്റെ പൂർണതയ്ക്ക് വേണ്ടി പല വീഥിയിലൂടെയും സഞ്ചാരിച്ചുവെങ്കിലും അയാൾ അപൂർണനായിത്തന്നെ മടങ്ങിവന്നു. ഹൈസ്കൂളിലുണ്ടായിരുന്ന സുഹൃത്തുക്കൾ മുതൽ ഇപ്പോഴുള്ള സഹപ്രവർത്തകർ വരെയുള്ള വഴികളിലൂടെ അയാൾ സഞ്ചരിച്ചുവെങ്കിലും തിരിഞ്ഞു നടക്കേണ്ടി വന്നു.
ഒരു ഫീൽഡിൽ പോയി മടങ്ങി വരുമ്പോഴാണ് ക്ഷേത്രത്തിനടുത്തുള്ള വായനശാലയിൽ ഒരാൾ ഒറ്റക്കിരിക്കുന്നത് കണ്ടത്. പ്രായത്തിൽ തന്നെക്കാൾ ചെറുപ്പമാണ്. സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി… അയാൾ പുസ്തകം വായിക്കുകയല്ല ചിന്തിക്കുകയാണ്. ഒന്നയാൾക്ക് ബോധ്യമായി, പലരും നിഷ്‌ക്രിയമായി പല ജോലികളും ചെയ്യുന്നുണ്ടെങ്കിലും ചിന്തയുടെ കാര്യത്തിൽ അവർ സജീവമാണ്. തന്റെ ചിന്താതലങ്ങളിലൂടെ കടന്നുപോകാത്ത കാര്യങ്ങൾ കുറവാണ്. എന്നാൽ അതിനൊത്തു താനെടുക്കുന്ന തീരുമാനങ്ങളും കുറവാണ്.
വായനശാലയ്ക്കപ്പുറം സുവർണ നിറമുള്ള നെൽപ്പാടങ്ങൾ കാണാം. പാടവരമ്പിലൂടെ അടി തെറ്റാതെ പോയാൽ പത്തു മിനിറ്റ് മുൻപേ വീട്ടിൽ എത്താം. അതിനയാൾ തയ്യാറായില്ല.വിഷാദത്തിന്റെ മാറാപ്പ് പേറുന്ന മണിക്കൂറിൽ വീട്ടിൽ നേരത്തെ എത്തി കതകടച്ചിരിക്കുവാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. ഇനി അങ്ങിനെ സംഭവിച്ചാൽ കതക് തുറക്കുവാനും. നെൽപ്പാടങ്ങളെ ചുറ്റിയുള്ള റോഡിലൂടെ നടക്കുമ്പോൾ പച്ച മുതൽ തവിട്ട് വരെയുള്ള നിറഭേദങ്ങൾ കാണാം. കിഴക്ക് നിന്ന് വീശിയടിക്കുന്ന കാറ്റ് വലിച്ചുകൊണ്ടുപോകുന്നതുപോലെയാണ് കാറ്റിന്റെ വേഗതയ്ക്കൊത്തുള്ള അയാളുടെ നടത്തം. സ്വന്തം വേഗതയും ചലനങ്ങളും വരെ അയാൾ മറന്നുതുടങ്ങിയിരുന്നു.
ഉമ്മറവാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ സാധാരണ അടഞ്ഞു കിടക്കാറുള്ള മറ്റൊരു വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. കൗതുകത്തിന്റെ പേരിൽ അകത്തു കടന്നു. മേശപ്പുറത്തു അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളും നോട്ടു ബുക്കുകളും. രണ്ട് കബോഡ് നിറയെ ഒതുക്കി വച്ചിരിക്കുന്ന ആഭരങ്ങളും മേക്കപ്പ് വസ്തുക്കളും. മുറിക്കുള്ളിലെ തുറന്ന അലമാരയിൽ അലക്കി തേച്ചു വച്ചിട്ടുള്ള ചുരിദാറുകൾ. കട്ടിലിൽ കിടക്കുന്ന ബെഡ്ഷീറ്റ് ആകട്ടെ ഒരു ചുളിവ് പോലുമില്ല. ഇത്രയ്ക്ക് ചിട്ടയുള്ള ഒരാളായിരുന്നു തന്റെ അനുജത്തി എന്ന തിരിച്ചറിവ് അയാൾക്ക് അപ്പോഴാണുണ്ടായത്. എം. എ. ഇംഗ്ലീഷ് അവസാന സെമസ്റ്റർ വിദ്യാർത്ഥിനിയായ അവൾ പഠിക്കുവാൻ കയറിയാൽ അകത്തുനിന്നും അടുക്കളയിലേക്കോ തുണി അലക്കുവാനോ പുറത്തിറങ്ങിയാൽ വെളിയിൽ നിന്നും ആ കതകിന് താഴിടും. അനാവശ്യമായി പെൺകുട്ടികളുടെ മുറിയിൽ കയറുന്നത് ശരിയല്ലെന്ന് ചിന്തിച്ചതിനാലോ അടഞ്ഞ വാതിലുകൾ തുറക്കേണ്ടതില്ല എന്ന തോന്നലുകൊണ്ടോ അന്നുവരെ ആ മുറി അയാൾക്ക് അന്യമായിരുന്നു. മേശപ്പുറത്തിരുന്ന നോട്ട്ബുക്കിന്റെ പേന വച്ചിരുന്ന താൾ മറിച്ചുനോക്കിയപ്പോൾ അതിൽ ഇങ്ങിനെ കുറിച്ചിരുന്നു….
“ഐ വാസ് എലോൺ, ഐ ആം എലോൺ, ഐ വിൽ ബീ എലോൺ”.


1 Comment
നല്ല രചന.