പെങ്ങന്മാരുടെയൊക്കെ കല്യാണം കഴിഞ്ഞ്, അച്ഛൻ മരിച്ചതിൻ്റെ ഉത്തരവാദിത്തങ്ങളും തീർത്ത്, ബോംബെ ജീവിതത്തിൻ്റെ വടുക്കളും മരണാസന്നതകളും തൂത്തെറിഞ്ഞ്, ആരുടെയൊക്കെയോ പുണ്യം കൊണ്ട് ഒരു സർക്കാർ ജോലിക്ക് കയറിയപ്പോഴാണ് വയസ്സായ അമ്മയ്ക്കും ഇരുട്ടിലായ വീടിനും ഏകാന്തമായ ഒരുപ്പോക്കിനും വിരാമമിടാൻ ഒരു കല്യാണം കഴിക്കാമെന്നു ചിന്തിച്ചത്.
ബന്ധത്തിൽപ്പെട്ട ഒരു കുട്ടിയുമായി കാര്യങ്ങൾ ഒത്തുവന്നു. കുറച്ചു കടബാധ്യത തീർക്കാനും മറ്റുകാര്യങ്ങൾക്കുമായി അല്പം സ്ത്രീധനം വാങ്ങി. എല്ലാം തീർത്തു വന്നപ്പോൾ കല്യാണം ഒതുക്കത്തിലും ചുരുക്കത്തിലും പിശുക്കിയുമായിപ്പോയി. പന്തലുകാരുടേയും കാറ്ററിങ്ങുകാരുടേയും ഫോട്ടോഗ്രാഫറുടേയും ബസ്സുകാരുടേയും കണക്കു തീർത്തു വന്നപ്പോഴേക്കും രാത്രിയായി. ഉറക്കം വന്നു കണ്ണുമൂടുന്നുണ്ടായിരുന്നു. രണ്ടു വാതിലുകളുണ്ടായിരുന്ന മുറിയുടെ പിറകുവശത്തെ ഡോറടയുന്നില്ല, മുകളിലേയ്ക്കു നോക്കിയപ്പോൾ കൊത്തിയും വാക്കത്തിയും കോടാലിയുമൊക്കെ തിരുകി വച്ചിരിക്കുന്നു. കട്ടിലിനാണെങ്കിൽ കിരു കിരാന്ന് നല്ല ഒച്ചയോടെയുള്ള ആട്ടവും. ബൾബിന് ലൈറ്റു പോരെന്നു തോന്നി. ഫാനൊന്നും ഉഷാറായിട്ട് കറങ്ങുന്നുമില്ല.
അടുത്തു വന്നു ചേർന്നു കിടന്ന പെൺകുട്ടിയോടു പറഞ്ഞതിത്രമാത്രം, അമ്മയും ഞാനും മാത്രമേയുള്ളൂ. എൻ്റെ ജോലിയാണെങ്കിൽ ഒന്നിനും സൗകര്യവും സമയവും ലീവും തരാത്ത ഒരു കാലമാടൻ ഓഫീസറുടെ കീഴിലും, പ്രൊബേഷൻ കാലയളവിലും. എല്ലാം മനസ്സിലാക്കി ജീവിക്കണം. അടുത്തു നിന്ന് ഒരു മൂളൽ മാത്രം. പിന്നെ ആദ്യരാത്രിയിൽ എന്തൊക്കെയോ ചെയ്ത് ഉറങ്ങിപ്പോയി.
പിറ്റേന്ന് കാലത്ത് ലീവായതിനാ എഴുന്നേൽക്കാൻ വൈകി. ഉണർന്നപ്പോൾ കണ്ടത് തലയ്ക്കൽ കസേരയിൽ ഒരു ഗ്ലാസ് പാല് മൂടി വച്ചിരിക്കുന്നു. അമ്മയോ പെങ്ങന്മാരോ കൊണ്ടുവച്ചതാണ്, പുള്ളിക്കാരിയും ഞാനുമറിഞ്ഞിരുന്നില്ല. പിന്നെ ആരുംകാണാതെ കാലത്തുതന്നെ അതെടുത്തു മോന്തി. ദൈവാധീനം, ചീത്തയായിട്ടുണ്ടായിരുന്നില്ല.
എല്ലാം കൂടി കണക്കു കൂട്ടി നോക്കിയപ്പോൾ ഒരു പത്തയ്യായിരം രൂപ ബാക്കിയുണ്ട്. അടുത്ത ശമ്പള ദിവസം വരെ പിടിച്ചു നിൽക്കാം.
നാലു ദിവസം മാത്രമേ കാഷ് ലീവനുവദിച്ചിരുന്നുള്ളൂ. കൂടുതൽ വേണമെങ്കിൽ മെഡിക്കൽ ലീവെടുക്കാൻ ആക്രോശിച്ചു മഹാനായ ഓഫീസർ. ML എടുത്താൽ പ്രൊബേഷൻ നീളും അതു പിന്നെ സർവ്വീസിൽ വല്ല കുഴപ്പവുമുണ്ടാക്കിയാലോന്ന് പേടിച്ച് വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞു. കല്യാണം കഴിഞ്ഞ് നാലാംദിവസം എന്നെ ടിയാൻ ഓഫീസിൽ പാറാവ് ഡ്യൂട്ടിക്കിട്ടു. പിറ്റേന്ന് ലീവു കിട്ടുമായിരുന്നതു കൊണ്ട് ഞാൻ വിസമ്മതം പറഞ്ഞുമില്ല. ആ ലീവിനാണ് ഭാര്യയേയും കൊണ്ട് അവളുടെ വീട്ടിലേയ്ക്ക് വിരുന്നു പോയത്. പിറ്റേന്ന് അവിടന്ന് രാവിലെ ഓഫീസിലേയ്ക്കു പോന്നു.
മെയിൻ ബസ് സ്റ്റോപ്പല്ലാത്ത ഒരു സ്ഥലത്തിറങ്ങി കുറച്ചു നടക്കണം ഭാര്യവീട്ടിലേയ്ക്ക്. ഞാൻ ഡ്യൂട്ടിയും കഴിഞ്ഞ് രാത്രി സ്റ്റോപ്പിലിറങ്ങി നടന്ന് കുറേക്കഴിഞ്ഞപ്പോൾ ആകെ സംശയമായി. പെട്ടെന്ന് അമ്മായിയപ്പൻ്റെ ശരിക്കുള്ള പേരും മറന്നുപോയി. ഞങ്ങൾ വേറെ പേരിലാണ് ആളെ വിളിച്ചിരുന്നത്. അടുത്തുകണ്ട പെട്ടിക്കടയിൽ കയറി കടക്കാരനോട് ചോദിച്ചു, ഇവിടെയടുത്ത് ഇങ്ങനെയൊരു വീട്ടുകാരെ അറിയുമോയെന്ന്.
ആള് എന്നെ അടിമുടി നോക്കി കള്ളനാണോ കൊള്ളക്കാരനാണോ എന്ന സംശയത്താൽ പിന്നെ ചോദ്യശരങ്ങളായി.
അവിടെ ആരെക്കാണാനാണ്? ബന്ധുക്കളാണോ? ഈ രാത്രി അങ്ങനെ അവിടേക്കാരും വരേണ്ടതില്ലല്ലോ? എവിടന്നു വരുന്നു? എന്താ കാര്യം? എന്നൊക്കെ.
അപ്പോൾ ഞാൻ സങ്കോചത്തോടെ പറഞ്ഞു അവിടെ ഇന്നയാളുടെ, ശരിക്കും പേരറിയില്ല, മകളുടെ കല്യാണമുണ്ടായിരുന്നില്ലേ നാലു ദിവസം മുമ്പ്. ഞാനാണവരെ കല്യാണം കഴിച്ചത്.
അയാളാകെ അമ്പരന്നു. അമ്മായിയപ്പൻ്റെ പേരറിയില്ല വീടറിയില്ല എന്തൊക്കെയോ കള്ള ലക്ഷണമുണ്ടല്ലോ?
‘നിൽക്കു പുള്ളേ, കട പൂട്ടി ഞാനും വരുന്നു, ഇവിടെ അടുത്താണ് വീട്, ഞാനും ആ വഴിക്കാണ്, ഇരുട്ടത്തു തനിയെ പോകണ്ട. ഞാൻ വിളക്കുമായി വരാം.’
അങ്ങനെ ആള് എന്നേയും കൂട്ടി ഭാര്യവീട്ടിലെത്തി. വീടു കണ്ടപ്പോൾ എനിക്കു മനസ്സിലായി. ‘ശരി ചേട്ടാ ഉപകാരമായി ഇനി ഞാൻ പൊയ്കൊള്ളാം’, എന്നു പറഞ്ഞിട്ടും പുള്ളി പോയില്ല.
അമ്മായിയപ്പനെ വിളിച്ചു വരുത്തി, ‘ഇങ്ങേരെ അറിയുമോ, ഇരുട്ടത്ത് വഴി തെറ്റി വന്നതാണ്’ എന്നു പറഞ്ഞുറപ്പിച്ചിട്ടേ ആളു സ്ഥലം വിട്ടുള്ളൂ.
ഞാനാകെ ചമ്മി ഒരു പരുവത്തിലായി. അവരൊക്കെ കുറേക്കാലത്തേക്ക് ഇതും പറഞ്ഞ് കളിയാക്കി ചിരിക്കുമായിരുന്നു.
നന്ദി.


1 Comment
രസകരം 😄