ഞാൻ മലബാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോഴായിരുന്നു… രാവിലെ
ഏഴര മണിയോടെ കോളേജ് വാൻ എത്തും. തൊണ്ടയാട് ഓവർ ബ്രിഡ്ജിനു താഴെ എന്റെ ശകടം കൊണ്ടു ചെന്നു പാർക്ക് ചെയ്‌തു ഞാൻ കാത്തുനിൽക്കും (ഒന്നോ രണ്ടോ പേരു കൂടി ഉണ്ടാവാറുണ്ട്) ഇന്നത്തെ ഓവർബ്രിഡ്ജ് പണി തുടങ്ങിയ കാലം. ഈ ബ്രിഡ്ജ് വന്നത് മുതൽ ഒരു രണ്ടേ മുക്കാലോടെ അതിന്റെ എതിർ വശത്ത് കോളേജ്
വാൻ ഞങ്ങളെ ഇറക്കി വിട്ടു പോകും.
ഈ കൊറോണ എല്ലാം മാറ്റിയപ്പോൾ ഇതും മാറി. പലപ്പോഴും ഞാൻ മാത്രമായി പോക്ക്. കൂടെ ഉളളവർ പലരും ലീവ് എടുത്തു. ചിലർ വാനിൽ വരാതായി. ഒരുദിവസം വരുമ്പോൾ (കാറിനു അടുത്ത് എത്താൻ കുറച്ചു നടക്കണം ഉച്ചക്ക്), പോകുന്ന വഴിയിൽ ഒരു വെള്ളയിൽ കറുപ്പു ഉള്ള ഒരു നായ( നായ എന്നു പറയാൻ മനസ്സു സമ്മതിക്കുന്നില്ല). ഞാൻ അവനെ.’കിട്ടു’ എന്നു വിളിക്കട്ടെ. വണ്ടി തട്ടിയാണ് എന്നു തോന്നി.. പാവം ഇടത്തേ തുടയെല്ല് പൊട്ടി പുറത്ത് വന്ന് കിടക്കുന്നു.
ദയനീയമായി എന്നെ നോക്കി അവൻ ഞെരങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഒന്നു രണ്ടു നിമിഷം ഞാൻ അവനെ നോക്കി നിന്നു.
” എങ്ങനെ നിനക്കിത് വന്നു. എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.”
അന്ന് ഞങ്ങൾ തമ്മിൽ മനസ്സുകൊണ്ട് വല്ലാണ്ട് അടുത്തു. പിറ്റേ ദിവസം അവൻ കുറച്ചുകുടി മാറി കിടക്കുന്നു. ലോക്ക് ഡൗണ് കഴിഞ്ഞു തുറന്നുവിട്ട മലയാളി തനി സ്വഭാവം കാണിക്കാൻ തുടങ്ങിയിരുന്നു. ബ്രിഡ്ജിനു അടിയിൽ കാർ നിർത്തി ഭക്ഷണം കഴിച്ചു ചുറ്റും വലിച്ചെറിയൽ. അത് തേടിയായിരിക്കും അവൻ നീങ്ങിയത്.
വീണ്ടും എന്റെ കണ്ണുകളിലേക്കു അവൻ ദയനീയമായി നോക്കി. ഞാൻ ശരിക്കും കരഞ്ഞു പോയി.( എന്റെ വീട്ടിലും ഉണ്ടല്ലോ ഇവന്റെ ഒരു ബന്ധു, ഞങ്ങൾ പുന്നാരിക്കുന്നത്)
മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കണ്ടു, അവൻ എഴുന്നേറ്റു നിൽക്കുന്നു.
ഞാൻ ആശ്വാസത്തോടെ അവനെ നോക്കി.( എന്റെ സ്ട്രോക്ക് പേഷ്യന്റ് എഴുന്നേറ്റു നീൽക്കുമ്പോൾ ഉണ്ടാവുന്ന അതേ ആനന്ദം).
ഞാൻ അവനെ നോക്കി ചിരിച്ചു .അതിശയമായി!!
അവൻ തിരിഞ്ഞു എന്റെ കൂടെ നടക്കാൻ ശ്രമിക്കുന്നു.
കണ്ണുകളിൽ ഒരു സൗഹൃദം നിറഞ്ഞു നിൽക്കുന്നു.
ദിവസങ്ങൾ കൊണ്ട് അവൻ ഞൊണ്ടി നടക്കാൻ തുടങ്ങി. തുടയെല്ല്, “എന്നെ കണ്ടോ?” എന്ന മട്ടിൽ കുറച്ചു പുറത്തേക്കു നിൽക്കുന്നു. എന്തായാലും അവനു ആഹാരം
മുട്ടുന്നില്ല എന്ന് കണ്ട് ഒരു സമാധാനം. പരിസര വൃത്തി എന്താണ് എന്ന് അറിയാത്ത വിദ്വാന്മാർ നിർദാക്ഷിണ്യം ഭക്ഷണം വലിച്ചെറിയുന്നുണ്ടായിരുന്നു.
പക്ഷെ എന്നെ തളർത്തിയത് എന്തായിരുന്നെന്നോ? ഞാൻ വാനിൽ നിന്നു ഇറങ്ങി റോഡിൽ കയാറുമ്പോഴേക്കും അവൻ എവിടുന്നാ എന്നറിയില്ല. ഞൊണ്ടി ഞൊണ്ടി എന്റെ അടുത്തെത്തും( ആദ്യം ഞാൻ പേടിച്ചു പോയി). അവന്റെ സ്നേഹത്തോടെ ഉള്ള നോട്ടം എന്റെ പേടി ഇല്ലാതാക്കി. എന്റെ കാറു വരെ അവൻ വരും. ആദ്യ ദിവസങ്ങൾ മണിച്ചത്രത്താഴിൽ ഇന്നസെന്റ് നടന്ന മാതിരി തിരിഞ്ഞു നോക്കി കൊണ്ടാ ഞാൻ നടന്നത്. കാറിൽ കയറും വരെ അവൻ എന്നെ നോക്കി നിൽക്കും.
പിന്നെ പതുക്കെ പോവും.
ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മ ബന്ധം!
ബാക്കി എത്രയോ പേർ നടന്നു പോകുന്നു. എന്തേ അവൻ അവരേ കാത്ത് നിൽക്കാത്തത്? അവരുടെ കണ്ണുകളിലേക്കു സ്നേഹത്തോടെ നോക്കാത്തത്?
ഞങ്ങൾ തമ്മിൽ മുജന്മ ബന്ധമുണ്ടോ?
ഭ്രാന്താണ് എന്നു തോന്നാം.
പക്ഷെ അവന്റെ കണ്ണിലെ തീക്ഷ്ണത.. .അത് പറഞ്ഞറിയിക്കാൻ പറ്റില്ല.
എന്റെ കൊച്ചു നായക്കുട്ടിയെ പുന്നാരിക്കുമ്പോൾഞാൻ വിചാരിക്കും, “രണ്ടും ഒരേ വർഗം. എത്ര വ്യത്യാസപ്പെട്ട ജീവിതം”
എനിക്ക് കിട്ടുവിനെ ഒന്നു തലോടാൻ തോന്നാറുണ്ട്.. പക്ഷെ, ചെയ്യാൻ പറ്റില്ലല്ലോ..
എന്നിട്ടും അവൻ എന്തിനാ എന്നെ ഇങ്ങനെ സ്നേഹത്തോടെ നോക്കുന്നത്?
കൂടെ ഒരു അംഗരക്ഷകനെ പോലെ വരുന്നു.. ഇന്നും അവനെ കണ്ടു. എനിക്ക് ഒരു ഫോട്ടോ എടുക്കാൻ അവൻ നിന്നു തന്നു.( അതു പോസ്റ്റ് ചെയ്യുന്നു)
എനിക്ക് ഒരു സിനിമ പാട്ട് ഓർമ വരുന്നു.
” നിൻ മൃദുമേനി ഒന്നു തലോടിയില്ല
എങ്കിലും നീയറിഞ്ഞു.. എൻ
മനമെന്നും നിൻ മനമറിയുന്നതായി
എന്റെ ചെമ്പനിർ പൂക്കുന്നതായ് നിനക്കായ്…”
എത്ര ദിവസങ്ങൾ അവൻ ഇതു തുടരും ആവോ. യുഗ യുഗാന്തരങ്ങളായി അവന്റെ കൂട്ടർ മനുഷ്യന് കൂട്ടായിരുന്നല്ലോ.
സന്തോഷം തോന്നും എന്റെ കിട്ടുവിനെ എന്നും കാണുമ്പോൾ.. ദൂരെ നിന്ന് എന്നെ നോക്കി നിൽക്കും. കാർ പാർക്ക് ചെയ്യുന്ന സ്ഥലം ഇപ്പോൾ പൊതുവെ വിജനമാണ്. കാറിൽ ഇരുന്നു എന്തൊക്കെയോ തിന്നു വലിച്ചെറിയുന്ന ‘”നല്ല'” മനുഷ്യർ ഇല്ല, സൊറ പറഞ്ഞു ഇരിക്കുന്നവർ ഇല്ല. അതുകൊണ്ടാവണം കിട്ടുവുവിനും ഒരു ഡിപ്രെഷൻ ഉള്ള മാതിരി രണ്ടു ദിവസം മുമ്പ്.
അവനെ കണ്ടു.അവശനായി കിടക്കുന്നു..
വല്ലാത്ത വിഷമം തോന്നി.
ഞാനും കാറിനു അടുത്തേക്ക് ഒരു വല്ലാത്ത വിഷമത്തോടെ ആണ്എന്നും നടന്നു പോവുക(ആകെമൊത്തം ഒരു സങ്കടമല്ലേ?) കൊറോണ ഏൽപ്പിച്ച പ്രഹരം.
ഇതും കൂടെ കണ്ടപ്പോൾ സഹിച്ചില്ല, തിന്നാൻ ഒന്നും കിട്ടുന്നില്ല എന്ന് തോന്നുന്നു.
വീട്ടിൽ വന്ന് തിരുമാനിച്ചു, നാളെ പോവുമ്പോൾ അവനു തിന്നാൻ എന്തെങ്കിലും എടുക്കണം എന്ന്. രാവിലെ കാർ നിർത്തി. അവനെ കണ്ടപ്പോൾ ആകെ ദുഃഖം തോന്നി.
അവന് തിന്നാൻ എടുക്കാൻ മറന്നു പോയി. അവൻ എന്നെ നോക്കി നിൽക്കുന്നു.
ഇന്നലെ ഒപിയിൽ ഇരിക്കുമ്പോഴും എന്തോ കിട്ടു മനസ്സിലേക്ക് പല വട്ടം കയറി വരുന്നു. ഉച്ചക്ക് അവൻ എന്നെ കാത്തു നിക്കില്ലേ? എങ്ങനെ അവനെ ഫേസ്
ചെയ്യും. പിന്നെ ചിന്തിച്ചില്ല ഹോസ്പിറ്റലില് അകത്തു ഒരു സ്നാക്ക് പീടിക ഉണ്ട് *ക്യൂബസ്* അവിടന്നു ഒരു വലിയ മുട്ട പഫ്സ്സ് വാങ്ങി. അവൻ അവിടെ ഉണ്ടാവും
എന്നറിയാം. കാറിനടുത്തു എത്തിയപ്പോൾ അവൻ ദൂരെ നിന്ന് നോക്കുന്നു. ഞാൻ കൈ മാടി വിളിച്ചു, അനുസരണയോടെ എന്റെ മുന്നിൽ നിന്നു. അവന്റെ മുഖത്തെ പ്രതീക്ഷ ഞാൻ കണ്ടു, ദയനീയതയും….
വയർ ഒട്ടി കിടക്കുന്നു.
ഫോയിൽ തുറന്നു പഫ്സ്സ് അവനു മുന്നിൽ ഇട്ടു. എന്നെ ഒന്ന് നോക്കിയ
ശേഷം നിലത്തു ഇരുന്നു മാന്യമായി അത് തിന്നാൻ തുടങ്ങി. ഇടക്ക് ഒന്ന് എന്നെ നോക്കി അവൻ എന്താണാവോ പറയുന്നത്? ആ നോട്ടത്തിൽ?
ഔ.!! വല്ലാത്ത ഒരു സന്തോഷവും ദുഖവും(അതിനു വേറെ പല കാരണങ്ങളും ഉണ്ടല്ലോ)
കലർന്ന വികാരത്തോടെ കാറിലേക്ക് കയറി. ഇനി എന്നും എന്തെങ്കിലും അവനു തിന്നാൻ എടുക്കണം എന്ന് തീരുമാനിച്ചു…
ബന്ധങ്ങളും അതു തരുന്ന സന്തോഷവും അതൊന്നു വേറെയാണ്
വീണ്ടും ഓർമ വരുന്ന പാട്ട്
*ഒരു ചെമ്പനിർ പുവിറുത്തു*
*ഞാനോമനെ*…
അങ്ങിനെ ആണ് ചില ബന്ധങ്ങൾ…
കൊറോണയുടെ കോലാഹലം ഒരുവിധം അവസാനിച്ചു. അപ്പോഴേക്കും ആളും ബഹളവും വീണ്ടും. എൻ്റെ കിട്ടുവിനെ കാണാതായി. ആരോഗ്യം വന്നപ്പോൾ, അവൻ വേറെ മേച്ചിൽപുറങ്ങൾ തേടി പോയിട്ടുണ്ടാവും.
സ്വാഭാവികം..
എൻ്റെ മനസ്സ് അവനോട് ക്ഷമിച്ചു.
ബന്ധങ്ങൾ ഒന്നും ശാശ്വതം അല്ലല്ലോ..
*സമർപ്പിക്കുന്നു എല്ലാ *അനാഥരായ കിട്ടുമാർക്കും വേണ്ടി*🙏🏼
സുധി


3 Comments
A source of unconditional love 👌👌❤️
മനസ്സിലെ ഈ നന്മ എന്നും നിലനിൽക്കട്ടെ❤️👍
നിസ്സഹായനായ ജീവിയോടു തോന്നിയ അനുകമ്പ എഴുത്തിൽ ഉടനീളമുണ്ടായിരുന്നു.
👍