വീതി കുറഞ്ഞ മരപ്പലകകൾ കുറുകെ പാകിയ അടുക്കള ജനാലയുടെ അപ്പുറത്ത് നിന്നും എത്തി നോക്കുന്ന അമ്മൂമ്മയെ കണ്ടു ഭയന്ന് ” അമ്മേ “എന്നു വിളിച്ചു കൊണ്ട് അകത്തെ മുറിലേക്ക് ഓടി.
അമ്മ വന്നു നോക്കിയിട്ടു ശാസിച്ചു.
“ഈ പെണ്ണിന്റെ ഒരു കാര്യം… കല്യാണിയമ്മയെ ഇതിന് മുമ്പു കണ്ടിട്ടില്ലാത്ത പോലെ… കിടന്നു വിളിച്ചു കൂവുന്നോ..”
“അമ്മേ.. അവർക്ക് ഈ സന്ധ്യക്കേ വരാവൊള്ളോ? മനുഷ്യനെ പേടിപ്പിക്കാൻ… ”
“മിണ്ടാതിരിക്കെടി.. അവരു കേൾക്കും.
“ടീച്ചറെ… കപ്പ വേവിച്ചല്ലേ? കപ്പയും മീൻകറിയും… നല്ല രുചിയായിരിക്കും.” ജനാലക്കപ്പുറത്തു നിന്നു അമ്മൂമ്മ ചോദിച്ചു.
പുറത്തേക്കുപോകുന്ന പുകച്ചുരുളുകളുടെ ഇടയിൽ നിൽക്കുന്ന അവരുടെ മുഖം എന്നും എന്നെ പേടിപ്പിക്കാറുണ്ട്.
“കല്യാണി അമ്മേ… ചോറായിട്ടുണ്ട്.. ചോറും മീൻകറിയും തരട്ടെ.. ”
“കപ്പ കുറച്ചേ കിട്ടിയുള്ളൂ. സാറിന് കുഴച്ചുവേവിച്ച കപ്പ വലിയ ഇഷ്ടമാണ്. അതാ..” അമ്മ പ്ലേറ്റുമായി തിരിഞ്ഞു.
“ടീച്ചറെ.. നാളെ ചന്തയല്ലേ? സാറിന് നാളെ ചന്തയിൽ നിന്നു വാങ്ങിച്ചു കപ്പ ഉണ്ടാക്കി കൊടുക്കാം. എനിക്കിപ്പോൾ തന്നേക്കൂ.”
എനിക്കു കലശാലയ ദേഷ്യം ഉണ്ടായി. അടുക്കളയിലെ പാതകത്തിനടുത്തു ചെന്നു നോക്കി. നേരാംവണ്ണം വെളിച്ചെണ്ണയൊഴിച്ചു കടുക് വറത്തു വേവിച്ചു വെച്ചിരിക്കുന്ന കപ്പയുടെ നിറവും ആസ്വാദ്യകരമായ മണവും ആസ്വദിച്ചങ്ങനെ നിന്നു.
അമ്മ വന്ന് കൽച്ചട്ടിയിൽ നിന്ന് കപ്പയും ചട്ടിയിൽ നിന്നു മീൻകറിയും എടുത്തോണ്ട് പോയി അമ്മൂമ്മയ്ക്ക് കൊടുത്തു.
അമ്മയുടെ കണ്ണിൽച്ചോരയില്ലാത്ത ഈ പ്രവൃത്തിയിൽ പ്രതിഷേധിച്ചു അത്താഴപ്പട്ടിണി കിടന്നു.
രാത്രിയിൽ വിശപ്പുകാരണം ഉറക്കം വന്നില്ല. വെളുപ്പിനെ ഒന്നു മയങ്ങിയപ്പോൾ കല്യാണി അമ്മൂമ്മ സ്വപ്നത്തിൽ…
ഞാൻ അമ്മയെ ഉറക്കെ വിളിച്ചു.
അമ്മ ഓടി വന്നു ചോദിച്ചു.. “എന്താടി.. അത്താഴ പട്ടിണിക്കാരിക്ക് രാവിലെ തന്നെ വിശപ്പു തുടങ്ങിയോ?”
“എന്തായാലും ഇനി കിടക്കേണ്ട. എഴുന്നേൽക്ക്..സ്കൂളിൽ പോകണ്ടേ.. വല്ലതും വായിക്കാൻ നോക്ക്..”
മുഖം കഴുകാൻ കിണറ്റിൻകരയിൽ ചെന്നപ്പോഴും കണ്ണുകൾ ചുറ്റും പരതുകയായിരുന്നു. “അമ്മൂമ്മ അവിടെങ്ങാനും ഒളിച്ചു നിൽപ്പുണ്ടോ ”
എന്നും സ്കൂളിൽ പോകുന്ന വഴി കൃഷ്ണേട്ടന്റെ മുറുക്കാൻ കടയിൽ ഇരിക്കുന്ന അമ്മൂമ്മയെ കാണാറുണ്ട്.
ഞങ്ങൾ കുട്ടികളെ കാണുമ്പോൾ അവർ കണ്ണ് തുറിച്ചു മുഖം ചുളിച്ചു പേടിപ്പിക്കും. ഒരിക്കൽ പോലും അവരെ ഒന്നു ചിരിച്ചു കണ്ടിട്ടേ ഇല്ല.
സ്കൂളിൽ നിന്നും തിരികെ എത്തിയപ്പോൾ അമ്മയാണ് പറഞ്ഞത്… “കല്യാണി അമ്മൂമ്മ മരിച്ചു പോയി.”
അല്ല… അമ്മൂമ്മ എന്റെ സ്വപ്നത്തിൽ വന്നല്ലോ… ചിരിച്ചുകൊണ്ട്… അതെങ്ങനെ?
സ്വപ്നത്തിൽ…. ആദ്യം ചിരിച്ചെങ്കിലും പിന്നെ അവർ കരഞ്ഞു. പക്ഷേ എന്തോ എനിക്കു പേടി തോന്നിയില്ല.
അമ്മയോട് പറയണോ?
“എന്താടി? വാ.. നമുക്ക് അവിടെ വരെ ഒന്നു പോകാം.” അമ്മ എഴുന്നേറ്റു.
“ഞാനോ…..?”
“പേടിയുണ്ടോ? ഞാൻ കൂടെയില്ലേ?” അമ്മ ചേർത്തുപിടിച്ചു.
“പോയേക്കാം..” ഞാൻ സമ്മതിച്ചു.
അമ്മൂമ്മയുടെ വീട്ടിലേക്കു നടക്കുമ്പോൾ ഓർത്തു..
“ശരിയാണല്ലോ. ഇന്ന് അമ്മൂമ്മയെ കൃഷ്ണേട്ടന്റെ കടയിൽ കണ്ടില്ലല്ലോ..”
അപ്പോൾ ഒരു നെടുവീർപ്പോടെ അമ്മ പറയുന്നുണ്ടായിരുന്നു.
“കല്യാണിഅമ്മയുടെ അനിയത്തിയുടെ കൂടെ ആയിരുന്നു അവരുടെ താമസം. അനിയത്തി മരിച്ചു പോയപ്പോൾ അവർ ഒറ്റക്കായി.. ഇപ്പോൾ അനിയത്തിയുടെ മക്കൾ വന്നിട്ടുണ്ടെന്നു കേട്ടു.”
ഒരു നിമിഷം എന്തോ ഓർത്തിട്ട് അമ്മ തുടർന്നു.
“ഇന്ന് കൃഷ്ണന്റെ കടയിലും ചെന്നില്ല.ഉച്ച വരെ കാണാഞ്ഞതുകൊണ്ട് കൃഷ്ണൻ അന്വേഷിച്ചു ചെന്നതാ. അതിപ്പോ നന്നായി.”
ഒന്നും മിണ്ടാതെ അമ്മയുടെ പുറകേ നടന്നപ്പോൾ ആലോചിക്കയായിരുന്നു..
അമ്മൂമ്മയുടെ മുഖത്ത് ആ ചിരി കാണുമോ ആവോ…


4 Comments
നന്നായി എഴുതി.👌❤️
Thank you
👌👌
Thank you