ഇന്ന് പുലർച്ചെ ഒരു കുഞ്ഞു കാറ്റ് വന്നു ജനാലയുടെ പാളിയെ തൊട്ട് ഒച്ചയുണ്ടാകാതെ മേല്ലെ എന്റെ കവിളിലിൽ തലോടി ഉണർത്തി..
പ്രഭാതം പൊട്ടി വിടർന്നില്ല..
ഇരുൾ മാഞ്ഞു തുടങ്ങിയില്ല..
ദൂരെ കറുത്ത ആകാശ കോണിൽ നിന്ന് അമ്മ പുഴയിൽ ചാടുന്നത് ഞാൻ കൗതുകത്തോടെ കണ്ടു..
ഒരു ചേല കൊണ്ട് മാറിനെ മറച്ചു ചുറ്റി, രണ്ടാം ചുറ്റിൽ അത് അരയ്ക്ക് ചുറ്റും ചുറ്റി എത്ര ആത്മ വിശ്വാസത്തോടെയാണ് അമ്മ താംബരണി നദിയിൽ ചാടുന്നത്…
എത്ര മനോഹരമായാണ് ജല കന്യക പോലെ നീന്തി തുടിക്കുന്നത്..
അമ്മയുടെ കാലുകൾ എത്ര ഭംഗിയാണ്..
കൈകൾക്ക് ഇത്രയും നീളമോ ന്നു അതിശയത്തോടെയാണ് ഞാൻ കാണുന്നത്..
എത്ര വശ്യതയാണ് ആ നീന്തൽ കാണാൻ..
പെട്ടെന്ന് അമ്മയെ കാണുന്നില്ലല്ലോ…
അമ്മ..
അമ്മ..
വലിയൊരു പാറയുടെ പിന്നിലൂടെ പിടിച്ചു കയറുന്ന ആ സൗന്ദര്യ ജലകന്യക എന്റെ അമ്മ യല്ലാതെ ആരാകാനാണ്.
ഹാവു. അമ്മ വലിയ കൂറ്റൻ പാറയിൽ കയറി നിന്ന് കൈയാട്ടി വിളിച്ചു…
ഇവിടെ വന്നോ..
നല്ലതാണ് ഇരിക്കാൻ..
പ്രഭാതം വെള്ള പൂശിയപ്പോൾ എന്റെ അമ്മയുടെ ചിത്രം മാഞ്ഞു പോയി..
കൺ കോണുകളിൽ നിന്ന് ഒഴുകി വീണ ജലം.. അമ്മയുടെ ചേലയിൽ നിന്ന് ഇറ്റ് വീണതാകും..
ഞാൻ അരുകിൽ ഇരുന്ന ഫോൺ കയ്യിൽ എടുത്ത് ചേച്ചിയെ വിളിച്ചു…
ഞാൻ ഇന്ന് പുലർച്ചെ അമ്മയെ കണ്ടു..
പറഞ്ഞു തീർന്നില്ല..
ഞാനും.
ചേച്ചിയും കണ്ടോ??
അതേടി..
‘ഞാനും കണ്ടു..’
‘നീ എന്താ കണ്ടേ?’
അമ്മ പുഴയിൽ ചാടി നീന്തുന്നത് കണ്ടു..
അതെയോ??
‘ഞാൻ കണ്ടത് നനഞ്ഞു നിൽക്കുന്ന അമ്മയെ ആണ്.. ‘
അയ്യോ അതെന്താ അങ്ങനെ??
രണ്ടു പേരും അമ്മയേയും പുഴയെയും ആണ് കണ്ടത്..
അതിനെന്തെങ്കിലും കാരണം കാണില്ലേ??
‘ഉണ്ട്.. ‘
ചേച്ചി പറഞ്ഞു..
ഇനിയും രണ്ടു ദിവസം കഴിഞ്ഞാൽ, മാശി മകം..
കുംഭ മാസത്തിലെ മകം ആണ് മാശി മകം എന്ന തമിഴ് ദിവസം.
നിനക്ക് നിലാ ച്ചോറു ഓർമ്മയുണ്ടോ മോളെ..
മ്മ്.
ഓർക്കുന്നു.
മാശി മാസം നല്ല ചൂടാണ് നാട്ടിൽ..
ഞങ്ങളുടെ വീട്ടിൽ നിന്ന് നടന്നു പോകാനുള്ള ദൂരമേ ഉള്ളു ആറ്റിന്റെ തീരത്ത് എത്താൻ..
വൈകുന്നേരം ആണ് ആറ്റിൽ ജലക്രീഡ..
രാവിലെ സ്കൂളിൽ പോകാനുള്ളത് കൊണ്ട് കിണറ്റിൽ നിന്ന് കോരി കുളിക്കും..
അമ്മാവൻമാരുടെ കുട്ടികളെയും ഞങ്ങൾ നാലുപേരെയും ഒരുമിച്ചു നിറുത്തി അമ്മയും അമ്മാവിയും ചിലപ്പോൾ ചിറ്റയും കൂടി കുളിപ്പിച്ച്,
വരി യായി നിലത്തു ഇരുത്തി മുടി ചീകി ഉടുപ്പിട്ട് പ്രാതലിനു ഇരുത്തും. ഇഡ്ഡലി, ഉപ്പുമാവ്, ധാന്യ കഞ്ഞി ഇതൊക്കെ യാണ് പ്രാതൽ..
ദോശയും ചപ്പാത്തിയും പൂരിയുമൊക്കെ ആഡംബര ആഹാരമാണ്.
പിന്നെ കഴുത്തിലും കാലിലും കിങ്ങിണി കെട്ടിയ ചെല്ല കുതിരയെ പൂട്ടിയ കുതിര വണ്ടിയിൽ സ്കൂളിൽ പോകും…
ആറ്റിൽ ചാടി തിമിർക്കുന്ന കുട്ടികളെ കാണുമ്പോൾ അസൂയ തോന്നും..
കുതിര വണ്ടിയിൽ സ്കൂളിൽ പോകുന്ന ഞങ്ങളെ കാണുമ്പോൾ ആ കുട്ടികൾക്കും അങ്ങനെ തോന്നിയിട്ടുണ്ടാവുമോ എന്തോ??
എനിക്ക് എപ്പോഴും ആറും അതിന്റ ഒത്ത നടുവിൽ പൊങ്ങി നിൽക്കുന്ന പാറ കൂട്ടങ്ങളും..
പുഴയുടെ അടിത്തട്ടിൽ സുഖ സുഷപ്തിയിൽ കിടക്കുന്ന വെളുത്ത മണ്ണും.. ഒരു ഹരമാണ്..
കുതിര വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി, കിണറ്റിൻ കരയിലെ അയയിൽ നിന്ന് ചുമന്ന കുറ്റാലം തോർത്തു മുണ്ട് വലിച്ചെടുത്തു, ചുമരിൽ സോപ്പ്പെട്ടി വയ്ക്കാൻ ഒരു ദ്വാരമുണ്ട് അതിൽ നിന്ന് പച്ച സോപ്പ് പെട്ടി യിലെ ചന്ദ്രിക സോപ്പു വലിച്ചെടുത്തൊരു ഓട്ടമാണ് ഞങ്ങൾ…
വയസ്സറിയുന്ന കാലം വരെ..
പുഴയിൽ നീന്തി കുളിക്കാൻ അനുവാദമുണ്ട്. പിന്നെ മാസ കുളി കഴിഞ്ഞ് അതിരാവിലെ കിടക്കയും മറ്റു തുണികളും കൊണ്ട് പെണ്ണുങ്ങളുടെ കടവിൽ പോയി മുങ്ങി നിവർന്നു കുളിച്ചു വരാം.
പുഴക്കടവിലെ പൂഴി മണ്ണിൽ കുട്ടിയും കോലും, സെവേൻറ്റീസ് , ഗോലി കളിയുണ്ട് ആൺകുട്ടികൾ മാത്രം..
ഇതിലൊന്നും എന്നേയും ശാന്തിയേയും , ഗീതയേയും കൂട്ടില്ല..
ഞങ്ങൾ വേഗം കുളിച്ചു വീട്ടിൽ എത്തുകയും വേണം..
എന്താ ഞങ്ങളും ഈ കളികൾ കളിച്ചാല്??
കാരണം അറിയില്ല..
വേഗം വീട്ടിൽ തിരിച്ചു എത്തണം..
അമ്മാവന്റെ മൂത്ത മകൻ കണ്ണൻ ചേട്ടനാണ് ഞങ്ങളുടെ സൂക്ഷിപ്പുകാരൻ.
വേഗം.. വേഗം..
എന്ന് വിരട്ടി കൊണ്ടേ ഇരിക്കും.
ഞങ്ങളെ കൂട്ടി കൊണ്ട് പോകാൻ കുതിര വണ്ടി വരും..
മറ്റു കുട്ടികളെ പോലെ നനഞ്ഞ തുണിയുടുത്ത് കാലിൽ മണ്ണ് പുരണ്ടു പുഴക്കരയിലെ ചെടികളോട് കിന്നാരം പറഞ്ഞ്, വഴിയിൽ കാണുന്ന എല്ലാവരോടും മിണ്ടി മിണ്ടി നടക്കാൻ ആണ് എനിക്ക് ഇഷ്ടം. പക്ഷേ പുഴയുടെ തീരത്ത് കാത്ത് നിൽക്കുന്ന കുതിര വണ്ടി യിലെ കുതിര കുളിച്ചു ഞങ്ങളെ കാത്തു നിൽക്കുമ്പോൾ എല്ലാ ഇഷ്ടവും പറന്നു പോകും.
അങ്ങനെ എന്റെ പ്രിയ പുഴ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആകുന്നത് മാശി മകം ദിവസമാണ്.
ആ ദിവസം വൈകുന്നേരം സ്കൂളിൽ നിന്ന് വിളിക്കാൻ കുതിര വണ്ടി വരില്ല..
അന്ന് കുതിര വണ്ടിക്ക് പുഴക്കരയിൽ മൂന്ന് നാല് തവണ പോകാനുള്ളതാണ്.
രാവിലെ സ്കൂളിൽ വിട്ടു പോകുമ്പോഴേ വൈകുന്നേരം വിളിക്കാൻ മുത്തു വരും, റോഡ് ന്റെ അരികേ കൂടി മുത്തു പറയുന്നത് കേട്ട് മിടുക്കി യായിട്ടു നടന്നു വരണമെന്ന് ഒരു കുഞ്ഞു ചിരിയോടെ പാശി മാമ പറഞ്ഞു വയ്ക്കും.
കൂട്ടത്തിൽ കുറുമ്പ് കാരി ഞാൻ ആണല്ലോ..
അതുകൊണ്ട് എല്ലാ നിർദേശങ്ങളും എന്റെ മുഖത്ത് നോക്കി കൊണ്ടാണ് പറഞ്ഞു വയ്ക്കുന്നത്.
ഞാൻ പാവം പോലെ തലയാട്ടും.
നിന്റെ തലയാട്ടു എനിക്ക് മനസ്സിലാകുന്നുണ്ട് എന്ന് പറയാതെ പാശി മാമൻ പറയും.
എനിക്ക് അന്ന് പത്തു വയസിനു താഴെ പ്രായം. അച്ഛൻ നാട്ടിൽ നിന്ന് വന്നതിന്റെ കൊഞ്ചൽ കാരണം ഞാൻ സ്കൂളിൽ പോയില്ല.
ഉച്ചയൂണ് കഴിഞ്ഞ് അച്ഛന്റെ നെഞ്ചിൽ കിടന്നു കഥകൾ കേട്ട്, അച്ഛന്റെ മുഖം നോക്കി കിടക്കാൻ എന്ത് സുഖമാണെന്നോ..??
അച്ഛന് നല്ല മണമാണ്. വെളുത്ത മുഖത്തെ, ചീകി മിനുക്കിയ മീശയുടെ അറ്റം പിടിച്ചു വലിക്കാൻ എനിക്ക് എന്താ ഇഷ്ടം…
വേദനച്ചാലും എന്റെ ആ ഇഷ്ടം.. സമ്മതിച്ചു തരും അച്ഛൻ.
അമ്മ,അച്ഛൻ കിടക്കുന്ന കയറ്റു കട്ടിലിനു താഴെ വന്നിരിക്കും..
അച്ഛൻ ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിക്കും.. ഒരു കൈ കൊണ്ട് അമ്മയുടെ തലയിൽ വിരൽ ഓടിക്കും..
അമ്മയുടെ മുഖം അന്നൊക്കെ എന്ത് ഭംഗിയായിരുന്നു.
ഇടയ്ക്ക് വരാത്തതിൽ അമ്മ പരിഭവം പറയും..
എന്ന് വന്നില്ലെങ്കിലും മാശി മകത്തിനു വരുന്നതിൽ അമ്മ യ്ക്ക് എന്തോന്നില്ലാത്ത സന്തോഷമാണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്.
നിന്റെ നീന്തൽ കാണാൻ അല്ലെ ഞാൻ ഓടി വരുന്നത്.. എന്നച്ചൻ ചിരിച്ചു കൊണ്ട് പറയും..
അപ്പൊ അപ്പ എന്നെ കാണാൻ അല്ലേ വരുന്നത്??
നിന്നെ കാണാനും…
എന്ന് കൂട്ടി ചേർക്കും.. അരുമയായ ഒരു തലോടലൂടെ എന്നെ ഉറക്കും.
വൈകുന്നേരം ഏകദേശം 4 മണിയോടെ അമ്മ യും അച്ഛനും ഞാനും രണ്ടു കുടവും,അലക്കിയ വണ്ണാൻ മണമുള്ള വെളുത്ത മുണ്ടും, വേറെ കുറേ പാത്രങ്ങളും കേറ്റി പാശി മാമൻ കുതിര വണ്ടിയിൽ പുഴക്കടവിൽ എത്തിച്ചു.
മാശി മകമല്ലേ.. ഒത്തിരി കുതിര വണ്ടികളിൽ ഞങ്ങളെ പോലെ കുറെ കുടുംബങ്ങൾ പുഴക്കരയിൽ ഉണ്ട്..
എന്നെ കുതിര വണ്ടിയിൽ തന്നെ ഇരുത്തി അച്ഛനും അമ്മയും മാത്രം പുഴയിലോട്ട് നടന്നു നീങ്ങി..
അച്ഛനു നീന്തൽ അറിയില്ല..
അതുകൊണ്ട് പുഴ യിലൂടെ നടന്നു നടുക്കുള്ള പാറ യിൽ എത്താനുള്ള വഴി അമ്മ കാണിച്ചു കൊടുക്കും..
അച്ഛന്റെ കയ്യിൽ കുറേ സാധനങ്ങൾ കാണും..അതും കൊണ്ട് നടന്നു പുഴ കടക്കൽ പാടാണ്..ഞങ്ങൾ കുളിച്ചു വന്ന ശേഷം മാറാനുള്ള വസ്ത്രം നനയാതെ പാറയിൽ കൊണ്ട് വയ്ക്കാൻ അച്ഛൻ കുറേ കഷ്ട്ടപെടുന്നത് എനിക്ക് കാണാമായിരുന്നു.
അമ്മയുടെ മുന്നിൽ വലിയ ആൾ കാണിക്കാൻ ഒത്തിരി പാട് പെടുന്നത് അന്നൊന്നും എനിക്ക് മനസ്സിലായില്ല..
ഇപ്പോൾ ഓർക്കുമ്പോൾ ചിരിച്ചു പോകുന്നു ഞാൻ.
ഒരു ചേല കൊണ്ട് മാറിനെ മറച്ചു ചുറ്റി, രണ്ടാം ചുറ്റിൽ അത് അരയ്ക്ക് ചുറ്റും ചുറ്റി അമ്മ പുഴയിൽ ഇറങ്ങുന്നത് ഒരു സൗന്ദര്യ കാഴ്ച്ചയാണ്. എല്ലാ സ്ത്രീകളും അങ്ങനെ തന്നെയാണ് പുഴയിൽ ഇറങ്ങുന്നത്.. എന്നാൽ എന്റെ അമ്മ ജല കന്യക യാണെന്ന് അച്ഛൻ പറഞ്ഞു.. കേട്ടു കേട്ട്.. അമ്മ ഒരു ദേവത യാണെന്ന് വരെ തോന്നിയിട്ടുണ്ട്.
രണ്ടു വലിയ കുടത്തിന്റ വായ അലക്കിയ വെള്ള മുണ്ട് കൊണ്ട് മൂടി കെട്ടി, രണ്ടു കുടവും കൊണ്ട് ഏറ്റവും ആഴം കൂടിയ പുഴയിലോട്ട് അമ്മ ആയാത്തിൽ ചാടി വെള്ളത്തിനടിയിൽ മുങ്ങിത്താണ് രണ്ടു കുടം വെള്ളവും കൊണ്ട് പൊങ്ങി വരുന്ന കാഴ്ച ദൂരെ കുതിര വണ്ടിയിലിരുന്ന് ശ്വാസം അടക്കി പിടിച്ചു ഇരുന്നു ഞാൻ കണ്ടു..
പുഴയുടെ ഒത്ത നടുക്കുള്ള കൂറ്റൻ പാറയിൽ നനഞ്ഞു കയറി അമ്മ കൊടുക്കുന്ന കുടം വാങ്ങി വയ്ക്കാൻ അച്ഛൻ കാത്തു നിൽക്കുന്നതും..
അതുകഴിഞ്ഞു അമ്മയുടെ നീന്തൽ കണ്ടു ആസ്വദിക്കുന്നതിന്റ പ്രണയ സാരസ്യം അന്നെനിക്ക് അറിയില്ലായിരുന്നു.
വീണ്ടും കുതിര വണ്ടി വീട്ടിൽ വന്ന് അമ്മാവിയേയും കുറെ ആഹാര സാധനങ്ങളെയും കൊണ്ട് വീണ്ടും പുഴക്കരയിൽ വരും.. അങ്ങനെ മൂന്ന് നാല് പ്രാവശ്യം കുതിര വണ്ടി വീടിനും പുഴയ്ക്കും ഇടയിൽ പോയി വരും. എന്നാലും
അമ്മാവൻ നടന്നു തന്നെ പുഴക്കരയിൽ വരും.
എല്ലാവരും വെയിൽ താഴും മുന്നേ പുഴ കരയിൽ എത്തും..
സ്കൂളിൽ നിന്ന് കുട്ടികളെ മുത്തു വിളിച്ചു പുഴ ക്കരയിൽ എത്തിക്കും..
അങ്ങനെ ഞങ്ങൾ എല്ലാവരും കടവിൽ എത്തുന്നത് വരെ.. അമ്മയുടെ നീന്തൽ തുടരും.. അച്ഛൻ അത് കണ്ടു സന്തോഷത്തോടെ പാറയിൽ ഇരിക്കും.
പിന്നെ ഞങ്ങളുടെ ജലക്രീഡ..
അതുകഴിഞ്ഞു എല്ലാവരും ആ വലിയ പാറയിൽ കയറും.
പാവം അച്ഛനും അമ്മാവനും നനഞ്ഞ തുണി മാറ്റി, വെള്ളം തീണ്ടാത്ത ഉടുപ്പുകൾ ഇടീക്കും.
അമ്മയും അമ്മായി യും ഈറൻ മാറി വന്നു പാറയിൽ ഇരിക്കും..
ആകാശം കറുത്ത് തുടങ്ങും..
പാശി മാമൻ രാന്തൽ വിളക്ക് കത്തിച്ചു തലയിൽ വച്ചുകൊണ്ട് പുഴയിലൂടെ നെഞ്ചറ്റം വെള്ളത്തിൽ നനഞ്ഞു വന്നു വിളക്ക് തരും.
ഞങ്ങളെ വട്ടത്തിലിരുത്തി പിച്ചള തൂക്കു പാത്രത്തിൽ നിന്ന് ചിത്രാന്നം ( തേങ്ങ, പുളി, നാരങ്ങ, മാങ്ങാ, എള്ളു, തൈര് എന്നീ രുചികളിൽ ഉണ്ടാക്കുന്ന ചോറ് ) പല പല കറികളുടെ രുചി ബേധത്തോടെ കൈയിൽ വച്ചു തരും..
അത് കഴിക്കാൻ മത്സരമാണ്..
പുഴയുടെ നടക്കുള്ള എല്ലാ പാറകളിലും കുറേ കുടുംബങ്ങൾ ഉണ്ടാകും..
പകൽ പൂർണ മായി മറഞ്ഞു ഇരുട്ട് വീണു തുടങ്ങുമ്പോൾ പാറകളിലിൽ എല്ലാം രാന്തൽ വിളക്കുകൾ കത്തി നിൽക്കുന്ന പ്രകാശവും.. പുഴയിൽ പതിക്കുന്ന നിലാവിന്റെ പ്രകാശവും പുഴയുടെ കള കള ശബ്ദവും..
നിലാ ചോറ് എന്ന മാശി മകം ഓർമയിൽ മായത്ത മനോഹരചിത്രം വരച്ചിട്ടുണ്ട്.
നിലാവിന്റെ വെളിച്ചത്തിൽ ചോറ് കഴിക്കുന്ന സുഖം ഒന്ന് വേറെ തന്നെ.
നിലാ ചോറ്…
നിലാവിനെ വെള്ളത്തിൽ കണ്ടു കൊണ്ട് ചോറ് ഉണ്ണുക..
എത്ര മനോഹരമാണ്..
ഓർമയിൽ പൂത്തിരി കത്തിച്ചു നിൽക്കുന്നു.
അച്ഛൻ കുടത്തിന്റ വായുടെ കെട്ടു അഴിച്ച് കുടിക്കാൻ വെള്ളം തരുമ്പോൾ..
എന്റെ അമ്മ യുടെ സ്നേഹം അതിലൂടെ ഒഴുകി വരും..
വെള്ളം അരിച്ചു കുറേ നേരം അനക്കാതെ വച്ചിരുന്ന്, വളരെ സൂക്ഷ്മയോടെ അച്ഛൻ പിച്ചള ഗ്ലാസിൽ ചുണ്ടോടു ചേർത്ത് പിടിച്ചു തരുന്ന വെള്ളം ദാഹം അല്ല തീർക്കുന്നത്..
ഒരു ഗ്രാമത്തിന്റ നന്മയും ഇനി വരും തലമുറക്ക് പുഴകളെയും തടകങ്ങളെയും എത്ര സൂക്ഷ്മതയോടെ സംരക്ഷിക്കണം എന്ന ബോധം കൂടിയാണ് പകർന്നു തന്നത്. അന്നും ഇന്നും മറ്റാർക്കും കിട്ടാത്ത സൗഭാഗ്യം എനിക്ക് കിട്ടി എന്നല്ല..
അവർക്ക് കിട്ടിയില്ലല്ലോ എന്ന് ദുഖമാണ് എനിക്ക്..
എന്താടി.. മിണ്ടാതെ ഇരിക്കുന്നത്??
ചേച്ചി…
ഞാൻ നിലാച്ചോർ ഓർത്ത് നിന്ന് പോയി..
ഇനി അങ്ങനെ ഒരു ഒത്തു കൂടൽ ഉണ്ടാകില്ല അല്ലേ ചേച്ചി??
നീ ഇങ്ങു പോരെ..
നമുക്ക് എന്റെ വീട്ടിൽ.. ടെറസിസിൽ രാന്തൽ കത്തിച്ചു വച്ചു.. കൂട്ടുകാരെയും വിളിച്ചു.. നിലാച്ചോർ കഴിക്കാം..
അമ്മയും അച്ഛനും നമ്മളെ കാണാൻ വരും..
എടി… നീ കരയുന്നോ???
കരയണ്ട മോളെ..
മറുതലക്ക് ഒരു വിങ്ങൽ ഞാനും കേട്ടു..
✍️ജെകെ
27/02/26


10 Comments
ജെ കെ,
ഒരു സ്വപ്നം ഒരു കഥയ്ക്ക് വഴിമരുന്നായി.👍 ഹൃദയഹാരിയായ ഒരു കഥ. കഥ മാത്രമല്ല അത് ഒരാചാരത്തിന്റെ വെളിപ്പെടുത്തൽ കൂടിയായിരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത… വേറിട്ട ഒരു ആചാരം. അച്ഛനെ അമ്മയും കുടുംബാംഗങ്ങളെയും കൂട്ടുകാരെയും സ്കൂളിൽപ്പോന്ന വഴിയും കുതിരവണ്ടിയും അങ്ങനെയെല്ലാം ❤️കാണിച്ചു തന്നതിന് ഹൃദയം നിറഞ്ഞ സ്നേഹം🤗🤝 ആദരവ്.
പ്രിയപ്പെട്ട ജെകെ
നിലാച്ചോറ് ഞാനും ഉണ്ടത് പോലെ നൊസ്റ്റാൾജിക് ആയി. എത്ര മനോഹരം ആ പഴയ കാല ആചാരങ്ങൾ
വളരെ മനോഹരമായ എഴുത്ത്
Very much heart touching. It brings so nostalgic feelings and memories of the golden time and life we have really LIVED.
മാശിമകവും നിലാച്ചോറും ഇതുവരെ അറിയാത്ത ആചാരങ്ങൾ പരിചയപ്പെടുത്തിയ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.👍👏
ജെ.കെ. മാശിമകവും നിലാ ചോറും തമിഴ്നാടിൻ്റെ ആഘോഷങ്ങളാണല്ലേ
ഞാൻ ഇത് വരെ കേട്ടിട്ടില്ല
അച്ചൻ്റെയും അമ്മയുടെയും പ്രണയവും
അമ്മയുടെ നീന്തലും
എല്ലാമെല്ലാം വീണ്ടും ജെ.കെയുടെ മനസ്സിൽ ജനിച്ചു. കഥ പറഞ്ഞ് പോകുന്ന
ശൈലി നന്നായിട്ടുണ്ട്.
എൻ്റെ പിതാവിൻ്റെ വീട് ആറിൻ്റെ തീരത്തായിരുന്നു
വീട്ടിൽ നിന്നും ആറിലേക്കിറങ്ങാൻ പടികൾ. അവിടെയിരുന്ന് വെള്ളത്തിൽ
അനങ്ങുന്ന അമ്പിളിമാമനെ കാണുന്ന
ഓർമകളിലേക്ക് ജെ.കെ എന്നെ കൊണ്ട് പോയി
മാശി മകവും, നിലാച്ചോറും…. കണ്മുന്നിൽ കണ്ടു… അനുഭവിച്ചു… മനസ്സിൽ തൊടുന്ന എഴുത്ത്.. മനോഹരമായ അനുഭവങ്ങൾ ആയിരുന്നു അല്ലേ കുട്ടിക്കാലം.. കൂട്ടുകുടുംബത്തിലെ സുഖം… പുഴകൾ, ഗോലി കളി,…. എല്ലാം ഓർമ്മകൾ.. ടെറസ്സിൽ റാന്തൽ കത്തിച്ചു നിലാച്ചോറ് kകഴിക്കാം അതേ നിവൃത്തിയുള്ളു.. ഇന്ന് രാവിലെ കുഞ്ഞുകാറ്റ് എന്നെയും ഉണർത്തിയപ്പോൾ ആദ്യം നിലാച്ചോറ് കഴിക്കാൻ പറ്റി… ആദരവ് ജെകെ.. 🥰
വായിച്ചു അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി..
എന്റെ എഴുത്തിൽ എന്റെ ഗ്രാമവും എന്റെ ഓർമകളുമാണ് പ്രധാന കഥാ പാത്രങ്ങൾ.. അവരിൽ നിന്ന് എന്നെ മാറ്റി നിറുത്താൻ കഴിയുന്നില്ല 😪
ഇഷ്ടമായി ഈ എഴുത്ത്. തനിക്കു കിട്ടി എന്നതിലല്ല, വരും തലമുറക്കു കിട്ടാതെ പോയതിലുള്ള ഖേദം , ശരിക്കും relate ചെയ്യാൻ പറ്റി. ഒരു ഭ്രമാത്മക ചുറ്റുപാട് കഥയിലുടനീളം പുലർത്തിക്കണ്ടു. അത് വളരെ ഹൃദ്യമായി തോന്നി. സ്നേഹം, നല്ലൊരു വായനാനുഭവം നൽകിയതിന്.
പ്രിയ ജെ കെ
‘നിലാ ചോറ്’ എന്ന ഈ കഥ എന്നെ ചെറുപ്പകാലത്തേക്ക് കൊണ്ടുപോയി. പെരിയാറിന്റെ തീരത്താണ് ഞാൻ ജനിച്ചു വളർന്നത്. താമസം ഇക്കരെയും കൃഷിഭൂമി വനത്തിനോട് ചേർന്നു അക്കരെയുമായിരുന്നു. സ്കൂളിൽ പോകുന്നതിനു മുമ്പും സ്കൂൾ വിട്ടു വന്നതിനുശേഷവും പുഴകടന്ന് ആടുകളെയും കാലികളെയും മേയാൻ വിടുന്നതിനും തിരിച്ച് കൂട്ടിൽ കയറ്റുന്നതിനും മിക്ക ദിവസവും പുഴ കടന്നു പോകേണ്ടിയിരുന്നു. സീസൺ അനുസരിച്ച് പുഴയിലെ വെള്ളത്തിൻറെ ഒഴുക്കും താഴ്ചയും ഭാവവും എല്ലാം മാറിക്കൊണ്ടിരിക്കും. വനത്തിലേക്ക് തുറന്നു വിട്ടിരിക്കുന്ന കാലികളെ കണ്ടെത്തി കൂട്ടിൽ കയറ്റി തിരിച്ചെത്തുമ്പോഴേക്കും ചില ദിവസങ്ങളിൽ കടത്തുകാരൻ പോയി കഴിഞ്ഞിരിക്കും. അങ്ങനെയുള്ള ദിവസങ്ങളിൽ ഒറ്റയ്ക്ക് പുഴ മുറിച്ച് നീന്തികേറേണ്ടി വരും. പകൽ പോലും സൂര്യപ്രകാശം നടക്കാത്ത ഒരു നിബിഡ വന പ്രദേശത്തുകൂടെയാണ് പുഴയിലെത്തേണ്ടത്. അവിടെ എത്തുമ്പോൾ പേടി കൊണ്ട് കണ്ണടച്ച് ആയിരിക്കും ഓടുന്നത്. ഓരോ കല്ലും കുറ്റിയും കുഴിയും മനപ്പാഠം ആയതുകൊണ്ട് തട്ടിത്തടഞ്ഞു വീഴില്ല. പുഴക്കരയിലെ അരണ്ട നാട്ടു വെളിച്ചത്തിൽ എത്തുമ്പോഴാണ് സമാധാനം ആവുക.
ചൂട് കൂടിയ വേനൽക്കാലങ്ങളിൽ ഇങ്ങേക്കരയിൽ രാത്രിയും പുഴയിൽ ആളുണ്ടാവും.
കല്യാണം കഴിഞ്ഞു ഭാര്യയോടൊപ്പം രാത്രിയിലാണ് മിക്ക ദിവസവും കുളിക്കാൻ പോകാറ്. വിജനമായ വഴിയിലൂടെ ഇരുട്ടത്ത് കൈയും പിടിച്ച് നടന്നതും മറ്റ് ചില്ലറ കുസൃതികളും ഒക്കെ ഓർമ്മ വന്നു. ഇന്ന് അവളുടെ ഓർമ്മ ദിവസമാണ്.
ആദരവ് സ്നേഹം
Lovely story with a living memory.
But nostalgic too.
Very good