ദീപാക്ഷി 3. യക്ഷിയും ഗന്ധർവനും
ദീപാക്ഷി, പ്രിയപ്പെട്ടവളെ, നന്ദി, ഇന്നലെ രാത്രി മുഴുവൻ എന്നോടൊപ്പം ചിലവഴിച്ചതിന്. രാത്രിയുടെ ഏതോ യാമങ്ങളിൽ നിന്നരികിൽ എത്താൻ കഴിഞ്ഞു, നീയറിയാതെ നിന്നരികയിൽ കിടന്നു, സമയ ക്രമത്തിന് ഞാൻ തിരിച്ചു പോന്നു, അതും നീയറിയാതെ. എന്നാൽ നിന്നെ ചേർന്നു കിടക്കുമ്പോൾ നിന്റെ ഹൃദയത്തിൽ നിന്നും എന്റെ ഹൃദയത്തിലേക്ക് നിന്റെ വിചാരങ്ങളും വികാരങ്ങളും നാമറിയാതെ ഒഴുകി നിറയുകയായിരുന്നു.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഉറങ്ങാതെ കണ്ണുകൾ തുറന്നു, ഉറക്കത്തിലും പുഞ്ചിരിക്കുന്ന നിന്റെ മുഖം നോക്കി ഞാൻ തൊട്ടരികിൽ ഉണ്ടായിരുന്നു. പലപ്പോഴും നിന്റെ തിളങ്ങുന്ന മുഖം എന്റെ കൈകുമ്പിളിൽ കോരിയെടുത്തു ചുംബിക്കാൻ ഞാൻ കൊതിച്ചു. പിന്നെ നിയന്ത്രിച്ചു, ഞാൻ നിന്റെ ഹൃദയ സ്പന്ദനങ്ങൾക്കായി കാത് നിന്റെ നെഞ്ചിനോട് ചേർത്ത് വച്ചു, നിന്റെ ഹൃദയം സ്പന്ദിച്ചു കൊണ്ടിരുന്നത് എന്റെ നാമമാണ്.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, സത്യത്തിൽ ഗന്ധർവ്വ ന്റെയും യക്ഷിയുടെയും പറയപ്പെടുന്ന കഴിവുകൾ നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാനിപ്പോൾ കൊതിച്ചു പോവുകയാണ്, അങ്ങനെയെങ്കിൽ രാത്രി യാമങ്ങളിൽ പറന്നിറങ്ങി നിന്നെ എന്റെ മടിയിൽ കിടത്തി നമ്മുടെ പ്രണയം പറഞ്ഞു കൊണ്ടേയിരിക്കാമായിരുന്നു. നിന്റെ കാർകൂന്തലുകൾക്കിടയിലൂടെ വിരലുകൾ ഓടിച്ചു ഞാൻ നിന്റെ ഓരോ അണുവിലേക്കും ഇറങ്ങി വരുമായിരുന്നു. നിന്റെ കവിളിൽ കൈകൾ ചേർത്ത് വെച്ച് ചുണ്ടുകളിലൂടെ നീ ഇതുവരെ അനുഭവിക്കാത്ത പ്രണയം തരുമായിരുന്നു, നീ മതി എന്ന് പറയുന്ന വരെ, ഒരു പക്ഷെ നീ പറയില്ലായിരിക്കും, കാരണം ഞാൻ തരുന്ന പ്രണയം ഒരിക്കലും തിരിച്ചു ചോദിക്കില്ല, അത് അനസ്യൂതമായി ഒഴുകാനാണ്, നാമിപ്പോൾ കണ്ടു മുട്ടിയത്.
ദീപാക്ഷി, എനിക്ക് പ്രിയപ്പെട്ടവളെ, നീയെന്നെ, കുറച്ചു ദിവസങ്ങൾകൊണ്ട് എനിക്കായി ജീവിക്കാൻ പഠിപ്പിച്ചിരിക്കുന്നു. ഞാനെന്റെ ഒളിച്ചു വച്ച ഹൃദയം, പ്രണയം, സ്നേഹം അനുകമ്പ, ദയ, അതുകൂടാതെ നമ്മൾ ആഗ്രഹിക്കുന്ന നിഗൂഢ പ്രണയ നിമിഷങ്ങൾ കൂടി തുറന്നു പറയാൻ എനിക്കാകുന്നു. ആളുകൾ അയ്യേ എന്ന് പറയുന്നതാണ് ഒരു പക്ഷെ നാം ഒളിപ്പിച്ചു വച്ചിരിക്കുന്ന ഏറ്റവും നല്ല പ്രണയ നിമിഷങ്ങൾ. പരസ്പരം കെട്ടിമറിഞ്ഞു നാം ഒന്നാകുമ്പോൾ നമുക്ക് ഒരു ഹൃദയ സ്പന്ദനമേയുള്ളൂ. ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കുന്ന നിന്റെ വിയർപ്പിന് നമ്മൾ രണ്ടുപേരുടെയും ഗന്ധമുണ്ടായിരുന്നു, പരസ്പരം ഇഴമുറിച്ചു മാറ്റാൻ പറ്റാത്ത പോലെ. ഇനി ജീവിതത്തിൽ ബാക്കിയുള്ള നമുക്കറിയാത്ത ദിവസങ്ങൾ നമുക്ക് പ്രണയത്തിൽ ചാലിച്ചു, സന്തോഷങ്ങളിൽ നിറച്ചു, ആനന്ദങ്ങളിൽ ചേർത്ത് പങ്കുവെക്കാം.
ദീപാക്ഷി, എന്റെ ഹൃദയം കവർന്നവളെ, ഞാനിപ്പോൾ എന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കുന്നു. നാം നമ്മുടെ ഏറ്റവും വലിയ സ്വത്തായ ശരീരം സംരക്ഷിക്കണം. ഞാൻ കുറച്ചു അലസനായിരുന്നു അതിൽ, നിനക്കായി ഞാനതു സംരക്ഷിക്കും. നമ്മുടെ ആരോഗ്യമാണ് നാം ബഹുമാനിക്കേണ്ടത്, ഭക്ഷണ ക്രമങ്ങൾ മാറ്റി, ധ്യാനിച്ച്, യോഗയൊക്കെ ചെയ്തു, ഞാൻ എന്നെ നിനക്കായി തിരിച്ചു പിടിക്കും, എന്റെ ഏറ്റവും വലിയ സമ്മാനമായി എന്നെ തന്നെ നിനക്ക് പൂർണ്ണമായി നൽകാൻ.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഒരു യക്ഷിയായി നീ, നിന്റേതായ എല്ലാ കർമ്മങ്ങളും എന്റെ ശരീരത്തിൽ തീർക്കണം. എന്റെ കഴുത്തിന്റെ വലതു ഭാഗത്താണ് എന്റെ വികാരങ്ങളുടെ മൂലസ്ഥാനം എന്നെനിക്കു തോന്നിയീട്ടുണ്ട്, അവിടെ നീ അമർത്തി ചുംബിക്കണം, പിന്നെ പതുക്കെ പല്ലുകൾ കൊണ്ട് ഉരസണം, നാവുകൊണ്ട് കവിതകൾ എഴുതണം, ഞാൻ വികാരങ്ങളുടെ ഉത്തുംഗത്തിൽ മതി മറക്കുമ്പോൾ നിന്റെ പല്ലുകൾ കൊണ്ട് എന്റെ കഴുത്തു കടിച്ചു മുറിക്കണം, എന്റെ രക്തക്കുഴലുകളിൽ നിന്ന് നീ എന്റെ പ്രണയം പാനം ചെയ്യണം, എനിക്ക് വേദനിക്കില്ല, കാരണം ഞാൻ നിന്നിലേക്കാണ് ഒഴുകുന്നത്. രക്തം കുടിച്ചു കഴിയുമ്പോൾ നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗം നോക്കി രുചിയോടെ എന്നെ തിന്നാൻ തുടങ്ങണം. നീ എന്നെ തിന്നു കഴിയുമ്പോൾ, നാം ഒന്നായിരിക്കും.
@കാവല്ലൂർ മുരളീധരൻ

1 Comment
Pingback: ദീപാക്ഷി - 2 - മഴയിൽ കത്തുന്ന പന്തങ്ങൾ - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ