വീട് ഒരു വിഷയമാവുമ്പോൾ
‘വെയർ എവർ ഐ ഗോ ഐ ടെയ്ക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്നു പറഞ്ഞത് ഒരുന്നതവിദ്യാഭ്യാസമന്ത്രിയാണ്. അതുകേട്ട് വിഡ്ഡിത്തരം പറയുന്നതിന് വിദ്യാഭ്യാസം ഒരു തടസ്സമല്ലെന്നും വിദ്യാഭ്യാസമില്ലാത്തവർക്കും മന്ത്രിണിയാകാമെന്നും പറഞ്ഞവരുണ്ട്. തലയിൽ അറിവ് എന്ന പാണ്ഡിത്യമില്ലാത്തവർക്ക് എല്ലാം അരിയാഹാരം തിന്നാനുള്ള ഒരു വിടുവായത്തം മാത്രം. അവരെ ചുമക്കുന്നവർക്ക് വിദ്യാഭ്യാസമുള്ളവരെ കാണുമ്പോഴുണ്ടാകുന്ന ചൊരുക്കാണ് വെളിവില്ലാത്തരം വിസ്തരിക്കുന്ന ന്യായീകരണ പുരാവൃത്തം. സാധാരണക്കാർക്ക് ഇത്തരം വർത്തമാനങ്ങൾ മാത്രമേ രുചിക്കൂവെന്നു പറയുന്നിടത്ത് വിദ്യാഭ്യാസം വെറും പരിഹാസ പച്ചപ്പരിഷ്കാരം.
വീടുവിട്ടു പോവേണ്ടി വന്നവർ
പ്രവാസികളാണ് ഏറ്റവും കൂടുതൽ വീട്ടുസ്വപ്നങ്ങൾ കാണുന്നത്. നാട്ടിൽ ചുവടുറപ്പിക്കാനുള്ള ഇത്തിരിയിടം. കൂടൊരുക്കാനുള്ള കുഞ്ഞു സ്വപ്നം. കുടുംബം കെട്ടിപ്പടുക്കാനുള്ള ത്യാഗം. ഇതൊക്കെയാണ് അവരെ മണലാരണ്യത്തിലും മരംകോച്ചുന്ന തണുപ്പിലും ഭ്രാന്തു പിടിപ്പിക്കുന്ന ഏകാന്തതയിലും ആടുജീവിതങ്ങളിലും തളച്ചിടുന്നത്. ഹൗസിങ്ങ് ലോണും പ്രോപ്പർട്ടി ലോണും വാഹന ലോണും വിദ്യാഭ്യാസ ലോണും വിവാഹലോണും പോലുള്ള ഗഡുക്കളുടെ EMI അടച്ചടച്ച് ഇല്ലാതാവുന്ന ഹോം എലോണുകൾ. ഒടുവിൽ കരിന്തിരി കത്തി നാട്ടിൽ തിരിച്ചെത്തുമ്പോൾ അവരാർക്കും വേണ്ടാത്ത ഒരു സാധനമായിട്ടുണ്ടാവും. അല്ലെങ്കിൽ രോഗാതുരമായി ഒരെടുക്കാച്ചരക്കായി തീർന്നിട്ടുണ്ടാവും. അങ്ങനെയാണവർ വീടെന്ന സ്വപ്നത്തിൽ കിടന്നുരുകി നശിച്ചു തീരുന്നത്. ജീവിക്കാനറിയാത്തവർ എന്നു പറഞ്ഞ് നമുക്കവരെ എഴുതിത്തള്ളാം. മറ്റുള്ളവർക്കു വേണ്ടി ജീവിതം കളഞ്ഞ വിഡ്ഡിയന്മാർ എന്നവരെ വായിച്ചു വലിച്ചെറിയാം. കണ്ടവൻ്റെ കൂടെപ്പോയ ഭാര്യയേയും കണ്ടമാനം നടക്കുന്ന മക്കളേയും കണ്ടപോലെ ചിലവഴിച്ചു തീർത്ത സമ്പാദ്യത്തേയും നിസ്സംഗതയോടെ നോക്കാം. പത്തേമാരി കയറിപ്പോയ നാരായണന്മാർ ഒരു തുടർക്കഥയായി ഇന്നും എന്നും ഫ്ലൈറ്റു കയറിക്കൊണ്ടിരിക്കും. കാരണം വീടെന്ന സ്വപ്നം അത്ര ചെറുതല്ല, അതിനെ വ്യാഖ്യാനിക്കാൻ ജീവിതംപോലൊരു വലിയ എഴുത്തും വേണം. വിമർശിക്കാനം വായിക്കാനും എല്ലാം എളുപ്പമാണെന്നേയുള്ളൂ.
വീടു വീടാന്തരം
വാടകവീടുകളുടെ വിപര്യയം ഞാൻ പണ്ടെങ്ങോ വായിച്ച ഒരു കഥയിലുണ്ട്, ‘ഗൃഹാർത്ഥം’, ആരാണതെഴുതിയതെന്നതു മറന്നുപോയി. ഓരോ കാലാവധിക്കും പുതിയ വീടന്വേഷിക്കേണ്ടി വരുന്ന, പുതിയ സ്ഥലം തേടേണ്ടി വരുന്ന, പരിസരങ്ങൾ ഇഷ്ടപ്പെട്ടു വരുമ്പോഴേക്കും ഉപേക്ഷിക്കേണ്ടി വരുന്ന, കുത്തിവരച്ച കുട്ടികളുടെ ചുവരുകളും കുശലവും രുചികളും കൈമാറുന്ന അയൽപക്കവും പെട്ടെന്ന് അന്യമാവുന്ന ഒരു തരം വീട്ടുവിചാരം. എന്നാണിനി സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിയുകയെന്നു നിരൂപിക്കുന്ന വീട്ടുകാരനും ഭാര്യയും മക്കളും കൂടി ഒരുറക്കത്തിൽ പ്ലാനും എസ്റ്റിമേറ്റും പണിയലും പ്ലോട്ടും സ്വന്തമാക്കുന്ന ദു:സ്വപ്നത്തിലൊടുങ്ങുന്നത്. പഴയൊരു ബാലചന്ദ്രമേനോൻ്റെ സിനിമ ‘അച്ചുവേട്ടൻ്റെ വീട്’ കണ്ടപ്പോൾ ഈ കഥയാണ് മനസ്സിലേക്കോടിയെത്തിയത്.
അമ്മയുടെ മണവും രുചിയും
ഇ. ഹരികുമാറിൻ്റെ ‘ഡോക്ടർ ഗുറാമിയുടെ ആശുപത്രി’യെന്നൊരു കഥയുണ്ട്. ഫിഷ്ടാങ്കിൽ പുതുതായി പ്രസവിച്ച കുട്ടികളെ ഉടനെ അമ്മയുടെ അടുത്തു നിന്നും മാറ്റാൻ നോക്കുന്ന മകനെ അയാൾ തടയുന്നു. അവ കുറച്ചു ദിവസം കൂടി അമ്മയുടെ മണം പറ്റി കിടക്കട്ടേയെന്നുപദേശിച്ചുകൊണ്ട്.
പിന്നീട് അമ്മ മരിച്ച വീട്ടിൽ നിന്നും ഓർമ്മകളിൽ നിന്നും ഓടിയൊളിക്കാൻ വീടുമാറാനൊരുങ്ങുന്ന അയാളോട് മകൻ പറയുന്നു, നമുക്കു വീടു മാറണ്ട ഇവിടെ എൻ്റെ അമ്മയുടെ മണമുണ്ടെന്ന്.
ആമിയുടെ ‘നെയ്പ്പായസം’ പറയുന്നത്, പെട്ടെന്ന് ഒരു ദിവസം ഭർത്താവിൻ്റേയും മക്കളുടേയും ഇടയിൽ നിന്നും മരണത്തിലേയ്ക്കിറങ്ങിക്കിടന്ന ഭാര്യയുടെ അവസാനത്തെ രുചിയായ നെയ്പ്പായസം അവളുടെ അടക്കിനു ശേഷം കഴിക്കുന്ന കുട്ടികളുടെ ജീവിതത്തിൻ്റെ കയ്പ്പിനേക്കുറിച്ചാണ്.
ഒരു സാധാരണക്കാരൻ്റെ ജീവിതത്തിലെ മണവും രുചിയും പൊറുപ്പും കറുപ്പും വെറുപ്പും വിങ്ങലും ചേർന്നതാണയാളുടെ വീടെന്ന സ്വപ്നം.
ഹൗസിങ്ങ് കോളനി
ഭൂമിയിൽ വേരുപിടിപ്പിക്കുന്ന മനുഷ്യരുടെ വിങ്ങലാണ് കുടിയൊഴിക്കലുകളും യുദ്ധങ്ങൾ തീർക്കുന്ന അഭയാർത്ഥി പ്രവാഹങ്ങളും കാലുകുത്താനിടമില്ലാത്ത മഹാനഗരത്തിലെ ആൾക്കൂട്ടങ്ങളും. സ്വകാര്യവും സ്വന്തമായതുമായ ഇടങ്ങളിൽ മൗനമുദ്രിതമായിപ്പോവുന്ന മനുഷ്യ ഇടപാടുകൾക്കിടയിൽ ഈർപ്പം നഷടപ്പെട്ട് നമ്മുടെയൊക്കെ സ്നേഹവും വിനിമയവും ഇല്ലാതാവുന്നു. വെറും വീട്ടുമൃഗങ്ങളായി അധ:പതിക്കുന്ന നാം വേണ്ടാത്ത കാര്യങ്ങൾക്ക് വഴക്കിട്ടും തമ്മിൽത്തമ്മിൽ കൊന്നു കൊലവിളിച്ചും ആരുടെയൊക്കെയോ അജണ്ടകളിൽ വാർന്നു വീണും പരുവപ്പെടുമ്പോൾ പതിയെപ്പതിയെ നമുക്കു ചുറ്റും മരുഭൂമികൾ ഉണ്ടാവുന്നുവെന്നു പറഞ്ഞത് ആനന്ദാണ്.
ഒറ്റയ്ക്കൊറ്റയ്ക്കായിപ്പോവുന്ന മനുഷ്യർ ആധുനിക ഇലക്ഷൻ സെൻസസിലെ ഹൗസ് നമ്പറുകൾക്ക് പുറത്തായ ഒരു കണക്കാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ ലൈഫ് മിഷൻ. അവരെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാനാവുന്നു എന്നതാണ് സോഷ്യൽ മീഡിയയിലെ ലിവിങ്ങ് ടുഗദർ എന്നു പറയുന്ന നൂതന ആശയം. കമ്മിറ്റ്മെൻ്റ് എന്ന കടലാസു വീടുകളിലിരുന്ന് കഥയെഴുതുന്ന കാല്പനികർ. അവർ പറയുന്നതും എഴുതുന്നതും വായിക്കുന്നതും മനസ്സിലായി വരുമ്പോഴേക്കും നമുക്ക് വീട് ഒരു സ്വപ്നം പോലുമല്ലാതാകും.
നന്ദി.


1 Comment
നല്ല രചന.👏