“ഉമ്മ ഒരു പരാതി എഴുതി തന്നാ മതി.. ബാക്കി കാര്യം ഞാനേറ്റു..”
“വേണ്ട മോനെ.. ഉമ്മാക്ക് ആരോടു ഒരു പരാതീം ഇല്ല. മോൻ അമ്മേനോട് പോയി പറ ഇക്ക് ഇച്ചിരി പൊടീരി ഇട്ട് കഞ്ഞെച്ച് തരാൻ.. തടി തളര്ണ് ഉമ്മാക്ക്..”
സുധീർ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. കണ്ണുകൾ ചോർന്നൊലിക്കുന്നുണ്ടായിരുന്നു.
കദീജുമ്മ കട്ടിലിന്റെ ഓരത്ത് ചുരുണ്ടു കിടന്നു. കണ്ണടച്ചാലും തുറന്നാലും അലിമോൻ മാത്രമാണ്. അല്ലെങ്കിലും ഉമ്മാക്ക് അലിയും അലിക്ക് ഉമ്മയും മാത്രമായിരുന്നല്ലോ എന്നും.
ബാപ്പയെ കാണാത്ത മോനാണ്. ദുബായിൽ നിന്നും മോനെ കാണാനുള്ള യാത്രയിലാണ് അലിക്ക് ബാപ്പാനെ നഷ്ടമാക്കിയ അപകടം ഉണ്ടായത്.
മുറുക്കാൻ ചവച്ചു തുപ്പുന്നതിന്റെ കൂടെ “കുട്ടീന്റ ജന്മദോഷം കൊണ്ടാ വാപ്പാ മയ്യത്തായെ..” എന്ന വിഷവും തുപ്പി പടിയിറങ്ങി പോയി ബാപ്പാടെ ബന്ധുക്കൾ.
പിന്നെ ജീവിതം ഒരു യുദ്ധമായിരുന്നു. അലിയെ വളര്‍ത്തി. ഉമ്മാന്റെ പൊന്നുമോനായി അവൻ വളർന്നു, പഠിച്ച് സർക്കാർ സ്ഥാപനത്തിൽ ചെറിയൊരു ജോലി നേടി.
അലിയുടെ ഉറ്റ ചങ്ങാതിയാണ് തൊട്ടടുത്ത വീട്ടിലെ സുധീർ. അവൻ പോലീസിലാണ്.
ഉമ്മയും അലിയും സുധീറും കൂടെ പോയാണ് റെജീനയെ പെണ്ണുകണ്ടത്. ഇരുകൂട്ടർക്കും ഇഷ്ടമായി. ഒറ്റനോട്ടത്തിൽ നല്ല സ്വഭാവഗുണമുള്ള പെൺകുട്ടി. പരസ്പരം തൃപ്തിയോടെ കല്യാണം ഉറപ്പിച്ചു.
കല്യാണസാരിയും മഹറും വാങ്ങി അലമാരയിൽ കൊണ്ട് വെച്ച അന്ന് രാത്രി ഫോണുമായി മുറ്റത്തു നിന്ന് കയറി വന്ന അലി കട്ടിലിൽ ഉമ്മാന്റെ അടുത്ത് ഇരുന്നു.
“ഉമ്മാ.. നമുക്കീ കല്യാണം വേണ്ട..”
“ഇയ്യെന്താ മോനെ ഈ പറയുന്നെ..? നാട്ടാരേം വീട്ടാരേം ഒക്കെ വിളിച്ച് കൂട്ടീട്ട്..?”
“അതല്ല.. ഫോൺ വിളിച്ചാ ഓള്ക്ക് ഇന്നോട് ഒരു താല്പര്യല്ല്യാത്ത പോലെ. വല്ലാത്ത അകൽച്ച.. മുണ്ടലേ ഇല്ല.. “
“അത് ഓള് നല്ല അച്ചടക്കള്ള മോളല്ലേ അലിയേ.. അയിന്റെയാ..”
“അയിന്റെ അല്ല മ്മാ.. ഓള്ക്ക് ഇഷ്ടല്ലങ്കി നമ്മക്ക് ഇതൊയിവാക്കാ..”
“അനക്കെന്ത് പിരാന്താ മോനേ.. രണ്ടീസം കയിഞ്ഞാ നിക്കാഹാണ്.. ഇയ്യ് പോയി കെടന്നൊറങ്ങ്.. പന്തല് പണിക്കാര് നാളെ പെലച്ചക്ക് എത്തുന്ന് പറഞ്ഞിക്ക്..”
അലി പിന്നെ ഒന്നും മിണ്ടിയില്ല. തന്റെ മകനെ എങ്ങോട്ടാണ് യാത്രയാക്കുന്നതെന്ന് ആ ഉമ്മയും അറിഞ്ഞില്ല.
വിചാരിച്ചതിനേക്കാൾ ഭംഗിയായി വിവാഹചടങ്ങുകൾ നടന്നു. പുയ്യാപ്ലയും പുതുപെണ്ണും അവളുടെ വീട്ടിൽ എത്തുമ്പോൾ മഗ്‌രിബിനോടടുത്തിരുന്നു. അലി അണിയിച്ച മഹർ റജീനയുടെ കഴുത്തിൽ തിളങ്ങി കിടന്നു. അവൾ അതീവ സന്തോഷത്തിലാണെന്നതു കണ്ട് അലിയുടെ മനസ് തെളിഞ്ഞു. ഭാര്യവീട്ടുകാരുടെ സ്നേഹവാത്സല്യസൽക്കാരത്തിൽ അവിടെ വിളമ്പിയ വിഭവങ്ങളുടെ സ്വാദ് അവൻ ആവോളം ആസ്വദിച്ചു.
മണിയറയിൽ തന്റെ പ്രിയതമയെ കാത്തിരുന്ന അലി മുറിയിലെ ഇശൽപ്പാട്ടിനൊപ്പം കട്ടിലിൽ കെട്ടിയ മുല്ലപ്പൂമാലയിൽ താളം പിടിച്ചു.
കയ്യിൽ പാല് ഗ്ലാസുമായി മുറിയിലേക്ക് വന്ന റജീന ഇളംകളർ സാരിയിൽ എന്തൊരു സുന്ദരിയായിരിക്കുന്നു എന്ന് അവൻ സാകൂതം നോക്കി. അവളുടെ കണ്ണുകളിലെ തിളക്കം കണ്ട് “റജീനയെ താൻ തെറ്റിദ്ധരിച്ചതാണെന്നും ഉമ്മ പറഞ്ഞതുപോലെ ഓള് നല്ല അച്ചടക്കോള്ള കുട്ടിയാണെന്നു”മൊക്കെ ഉമ്മാനെ വിളിച്ചു പറയണമെന്നു തോന്നി.
അവൾ ഗ്ലാസിലെ പാൽ നാണത്തോടെ അവനു നേരെ നീട്ടി. അവനതു വാങ്ങി പകുതി കുടിച്ച് ബാക്കി പകുതി അവളുടെ ചുണ്ടുകളിലേക്കടുപ്പിച്ചു. കൈകൾ വിറക്കുന്ന പോലെ.. തല കറങ്ങുന്നു.. അവൾ ഗ്ലാസു വാങ്ങി മേശപ്പുറത്തേക്ക് വെച്ചു. അവൻ കിടക്കയിലേക്ക് ചെരിഞ്ഞു വീണു. അവൾ അവന്റെ കാലുകൾ കട്ടിലിലേക്ക് എടുത്തുവച്ചു നേരെ കിടത്തി. അലി പിടയുകയായിരുന്നു. അവൾ ലൈറ്റണച്ച് കിടന്നു. മണിയറയിൽ ഒപ്പനപ്പാട്ടുകളുടെ താളം മുറുകി.
ഒന്നുറങ്ങി എണീറ്റതിന്റെ ആലസ്യം വരുത്തി അവൾ പാതിരാവിൽ കട്ടിലിൽ നിന്നും ഇറങ്ങി മുറി തുറന്നോടി.. “അള്ളാഹ്.. ഉമ്മാ.. ഓടി വായോ.. ഇക്ക അനങ്ങുന്നില്ല..”
പെണ്ണുങ്ങൾ കുശുകുശുത്തു, “ആദ്യരാത്രിയിലെ ആക്രാന്തം.. പാവം പെങ്കൊച്ച്..”
ആരൊക്കെയോ അലിയെ താങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോൾ പറയുന്നുണ്ടായിരുന്നു.. “കഴിഞ്ഞുന്നാ തോന്നണേ. അറ്റാക്കാവും..”
വണ്ടിയിൽ നിന്ന് ഇറക്കാതെ തൊട്ടടുത്ത ആശുപത്രിയിലെ നേഴ്‌സും പൾസ് നോക്കി അതുതന്നെ പറഞ്ഞു, ”കഴിഞ്ഞു.. കൊണ്ടോയ്ക്കോ.. അറ്റാക്കാണ്. ഇവിടെ ഇറക്കിയാൽ കുറെ ഫോർമാലിറ്റീസ് ഉണ്ടാവും.. അതിനൊന്നും നിക്കണ്ട.. വിട്ടോ..”
വിവാഹരാത്രിയിൽ മണിയറയിൽ നിന്ന് അലങ്കാരം അഴിക്കാത്ത കല്യാണപ്പന്തലിലേക്ക് എത്തിയ മോന്റെ മയ്യത്ത് കണ്ടു കദീജുമ്മ കുഴഞ്ഞു വീണു.
അലിയുടെ വീട്ടിലേക്ക് അന്നോ അതിൽ പിന്നെയോ ഒരിക്കൽ പോലും റജീന എത്തിനോക്കിയില്ല. ആളുകൾ പറഞ്ഞു, “ഓൾക്ക് ഓന്റെ മരണത്തിന്റെ ഷോക്കാവും..”
കദീജുമ്മ മാത്രം ഒന്നും പറഞ്ഞില്ല.
രണ്ടുമാസം കഴിഞ്ഞിരിക്കുന്നു. ഇന്ന് ഓളുടെ കല്യാണമാണെന്ന് പറയാനാണു സുധീർ ഉമ്മാന്റെ അടുത്തെത്തിയത്. ഉമ്മ അതുകേട്ട് പ്രതികരിച്ചതേയില്ല.
സുധീർ ആവർത്തിക്കുന്നുണ്ട്, “ഉമ്മ ഒരു പരാതി എഴുതി തന്നാ മതി.. ബാക്കി കാര്യം ഞാനേറ്റു..”
“വേണ്ട മോനെ.. പരാതി കൊടുത്താ ഇക്കെന്റ മോനെ കിട്ട്വോ..? ഇയ്യ് പറ.. കൊന്നേങ്കി കൊന്നോരെ ഇന്റ റബ്ബിന്റെ കോടതി ശിക്ഷിക്കും. ഇക്കുറപ്പുണ്ട്. ഞാൻ ഈ നാട്ടീന്ന് പോവ്വാ മോനെ.. അലിമോന്റെ വാപ്പ ഇന്നെ ഇങ്ങട്ട് കൊണ്ടന്നത് വട്ടയത്തെ എത്തീംഗാനേന്നാ.. ഈ വീടുമ്പറമ്പും എത്തീംഗാനക്ക് കൊട്ത്ത് ഉമ്മ അങ്ങോട്ട് പോവ്വാണ്.. മോനും അമ്മയും കൂടെ ഉമ്മാനെ അവടെ കൊണ്ടാക്കി തരണം..”
അലിയുടെ ഗന്ധം നിറഞ്ഞുനിൽക്കുന്ന അവന്റെ ഓർമ്മകളും വാക്കുകളും പ്രതിധ്വനിക്കുന്ന മുറിയിൽ തനിച്ചിരിക്കുന്ന ഉമ്മയുടെ കണ്ണീർ കാണാനാവാതെ, ആ വീട് പോലും അപ്രത്യക്ഷമാവാൻ പോവുന്നു എന്ന യഥാർഥ്യത്തെ ഉൾക്കൊള്ളനാവാതെ സുധീർ ഇറങ്ങി നടന്നു..
©shafia
#എന്റെരചന
#വിവാഹരാത്രി


4 Comments
അയ്യോ.. പാവം
നല്ല കഥ. ഇപ്പോൾ ഇങ്ങനെ എന്തൊക്കെ സംഭവങ്ങളാണില്ലേ ?👌👏❤️
നല്ല കഥ ❣️❣️ . വിവാഹത്തിൽ ബലിയാടാക്കപ്പെട്ടവർ.❣️
നോവു പടർത്തിയ രചന.😰