“ആന്റി, മുടി വെട്ടിക്കളഞ്ഞോ?” ലിഫ്റ്റിൽ വച്ചു വസുധ ചോദിച്ചു.
“കളഞ്ഞില്ല”. മറുപടി കൊടുത്തു.
എൻ്റെ ഫ്ളോറിൽ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് വസുധയും എന്നോടൊപ്പം ഇറങ്ങുന്നത് ശ്രദ്ധിച്ചത്..
അതേ, ഞാൻ എൻ്റെ ഫ്ളോർ ബട്ടൺ പ്രെസ്സ് ചെയ്യാൻ മറന്നു പോയി.. എന്നൊരു ചിരിയും നൽകി എൻ്റെ തൊട്ടടുത്തു നിൽക്കുന്നു.
ഞാൻ പ്രതീക്ഷിച്ച ചോദ്യം വന്നു.
“അല്ല, മുടി കൊടുത്തൂന്ന് വച്ചാൽ എന്താ ?”
അതറിയാൻ സൂത്രത്തിൽ എന്നോടൊപ്പം ഇറങ്ങിയതാ.
ഞാൻ ഉള്ളിൽ ചിരിച്ചു.
“അത് കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കാൻ ചില സന്നദ്ധ സംഘടനകൾ മുടി ശേഖരിക്കും.
അങ്ങനെ അവർ ചോദിച്ചു, വെട്ടി എടുത്തോളാൻ പറഞ്ഞു. “
“എന്നാലും എൻ്റെ ആന്റി… എന്ത് നല്ല നീളത്തിൽ കിടന്ന മുടിയാണ്.. എന്നാലും തോന്നിയല്ലോ?. സ്നേഹം നിറഞ്ഞ പരിഭവം, കാണാൻ നല്ല രസം ആയിരുന്നു. “
“എൻ്റെ കൈയിൽ ഉള്ളതല്ലേ കൊടുക്കാൻ പറ്റു.” ഞാൻ ഉള്ളിൽ കരഞ്ഞു കൊണ്ട് ചിരിച്ചു പറഞ്ഞു.
“ന്നാ പോട്ടെ”… ഞാൻ നടന്നു ഫ്ലാറ്റിൽ കയറി കതകടച്ചു.
എത്ര നേരം ആ സോഫയിൽ തന്നെ ഇരുന്നോ…
ഓർമയില്ല..
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം.. 10 വയസ്സു കാണും.. എൻ്റെ അമ്മയുടെ അച്ഛന്റെ ദേഹവിയോഗത്തിന്, ഞങ്ങൾ നാട്ടിൽ പോയത് ഒരു ചലച്ചിത്രം പോലെ കാണാനാകുന്നു.
അമ്മയുടെ നാടായ തിരുനെൽവേലിയിൽ.
മരണാനന്തര ചടങ്ങുകൾ എല്ലാം താംബര ഭരണി പുഴയുടെ തീരത്താണ് നടക്കുന്നത്.
എന്തൊക്കെയാണ് ചടങ്ങുകൾ ? എന്നറിയില്ല.
ഞാനും ചേട്ടനും മാമൻ്റെ കുട്ടികളും ഒന്നിലും പങ്കെടുത്തില്ല. കുട്ടികൾ വിശന്നിരിക്കരുത്. അതുകൊണ്ട് ഞങ്ങളെ അടുത്തുള്ള ഒരു വീട്ടിൽ ആക്കി, അമ്മയും അച്ഛനും മാത്രം കുടുംബം വീട്ടിനുള്ളിൽ കയറി പോയി..
ആരോ എന്നെയും ചേട്ടനെയും തൊട്ടടുത്തുള്ള ഒരു വീട്ടിലേക്ക് കൊണ്ട് പോയി.
എന്തൊക്കയോ ചടങ്ങുകൾ കുടുംബവീട്ടിൽ നടക്കുന്നത് അവ്യക്തമായി കാണാൻ പറ്റുന്നുണ്ട്.
കുറച്ചു സമയം കഴിഞ്ഞു അച്ഛൻ വന്നു.. ഞങ്ങളോട് ചോദിച്ചു.. “താത്തയെ (അപ്പൂപ്പൻ ) നിങ്ങൾക്ക് കാണണോ” ??
“മമ്… എനിക്ക് കാണണം”.. ഞാൻ പറഞ്ഞു.
അവിടെ നിന്നിരുന്ന ആരോ പറഞ്ഞു “കുട്ടികളെ കാണിക്കണോ ?”
അച്ഛൻ രൂക്ഷമായി അവരെ നോക്കി.. “കാണിക്കണം.. അവരുടെ അപ്പൂപ്പനെ അവർ കാണട്ടെ.. ഇനി കാണാൻ പറ്റില്ല എന്ന്.. അറിയട്ടെ”
ഇരുകയ്യിലും ഞങ്ങളെ പിടിച്ചുകൊണ്ട് കുടുംബ വീട്ടിനുള്ളിൽ കയറി. ഞങ്ങൾ ചുറ്റും തിരിഞ്ഞു നോക്കി. ഒറ്റ കുട്ടികൾ അവിടെ എങ്ങും ഇല്ല..
ഞാൻ ആദ്യമായിട്ടാണ് ‘മരിച്ചു പോയി’ എന്നുപറഞ്ഞാൽ എന്താണ് എന്ന് അറിയുന്നത്.
തമിഴ് ബ്രാഹ്മണകുടുംബങ്ങളിൽ ഒത്തിരി ചടങ്ങുകൾ ആണ്.
താത്ത നല്ല സുന്ദരനായി വെറും നിലത്തു കിടക്കുന്നു. ചുറ്റും പുരുഷന്മാർ മാത്രം.. എൻ്റെ അമ്മ എവിടെ ?പാട്ടി (അമ്മുമ്മ ) എവിടെ ? എല്ലാരും എവിടെ പോയി ഒളിച്ചിരിക്കുന്നു?
ഉമിയും നെയ്യും കത്തുന്ന മണം മൂക്കിലും, അവ്യക്തമായ മന്ത്ര ജപങ്ങൾ കാതിലും പതിച്ചു കൊണ്ടേ ഇരുന്നു. ഞാൻ അച്ഛൻ്റെ കാലിൽ കെട്ടിപിടിച്ചു.. “അപ്പാ.. അമ്മ യെ കാണണം” ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു..
അപ്പാ ഞങ്ങളെ അമ്മയുടെ അടുത്തു കൊണ്ട് പോയി, നിറയെ സ്ത്രീകൾ ഇരിക്കുന്ന കൊട്ടിലിൽ (പണ്ട് പശുക്കളെ കെട്ടിയിരുന്ന സ്ഥലം ).
കുളിച്ചു ഈറൻ മാറാതെ അമ്മയും ചിറ്റയും പേരമ്മയും പാട്ടിയും ഒക്കെ ഇരിക്കുന്നു. ഞാൻ ഓടി അമ്മയുടെ തലയിൽ തൊട്ട് നോക്കി. നിലത്തു കളിമണ്ണ് തറയിൽ മുട്ടി കിടക്കുന്നു അമ്മയുടെ നീണ്ട മുടി. ഞാൻ പതുക്കെ എടുത്തു അമ്മയുടെ മടിയിൽ വച്ചു. അമ്മ അപ്പോൾ പൊട്ടി പൊട്ടി കരഞ്ഞു. പാട്ടിയുടെയും മുടി നിലത്തു കിടന്നു ചെളിയായിയിരിക്കുന്നു. അതിൽ പിടിച്ചു കൊണ്ടാണ് അമ്മ പൊട്ടിക്കരയുന്നത്.
താത്തയെ പൊതിഞ്ഞു കൊണ്ടു പോകുന്നു..
എന്തൊക്കയോ നടക്കുന്നു..
ഒന്നും മനസ്സിലാകുന്നില്ല. അമ്മ കരയുന്നു… അത്രയേ അപ്പോൾ എനിക്ക് മനസ്സിലായുള്ളു.
പിന്നെ ഞങ്ങൾ എല്ലാരും അടച്ച കാളവണ്ടിയിൽ പോയി പുഴയിൽ കുളിച്ചു വന്നു. അങ്ങനെ ഒൻപതു ദിവസം പിന്നിട്ടു.. അച്ഛൻ മരണ ദിവസം തന്നെ തിരുവന്തപുരത്തേക്കു മടങ്ങിയിരുന്നു. അമ്മയും ഞാനും ഏട്ടനും പാട്ടിയോടൊപ്പം ആണ് കിടക്കുന്നത്.
അമ്മ കരഞ്ഞുകൊണ്ടേ ഇരിക്കും. എന്തൊക്കയോ പറയും. ഒന്നും മനസ്സിലായില്ല.
എല്ലാവരും എന്തോ തിരക്കിലാണ്.. നാളെ ‘പത്താണ്. ‘ പത്താം ദിവസം.. അതിനെന്തോ പ്രത്യേകത ഉണ്ടെന്ന് മനസ്സിലായി. പശുകൊട്ടിലിൽ അടുപ്പ് കൂടിയിരിക്കുന്നു, നിറയെ മലക്കറികൾ തോട്ടത്തിൽ നിന്ന് പാണ്ടിയും, മുരുക കോനാരും കൊണ്ട് ഇട്ടിരിക്കുന്നു.
പാലിനു പറയുന്നു, വലിയ പാത്രങ്ങൾ കൊണ്ട് വയ്ക്കുന്നു.. എൻ്റെ മനസ്സിൽ ഒരു സദ്യയുടെ സന്തോഷം പതഞ്ഞു പൊങ്ങി. ചാക്ക് കൊണ്ടു മറച്ച ഒരു മറയ്ക്ക് പിന്നിൽ പാട്ടി പോയി ഇരുന്നു. അമ്മ വാവിട്ടു കരയുന്നു. പാട്ടിയുടെ സഹോദരൻ നാളെ ‘പത്ത്’ ആണ്, അതിനു എന്തൊക്കയോ ചെയ്യണം എന്ന് പറയുകയും കരയുകയും ചെയ്യുന്നു. പാട്ടി എല്ലാം മൂളി കേൾക്കുന്നു.
ഞാൻ ഉറങ്ങി തുടങ്ങിയിരുന്നു. ഒന്നും മനസ്സിലായില്ല. നാളത്തെ സദ്യ മാത്രം മനസ്സിൽ തങ്ങി നിൽക്കുന്നു.
പതിവു പോലെ കാളവണ്ടി വന്നു. പാട്ടിയും അമ്മയും ചിറ്റയും പേരമ്മയും ഞങ്ങളും കാളവണ്ടിയിൽ പുഴ കരയിലോട്ട് പോകുന്നു. പുഴയിൽ പാട്ടിയെ ആരും കാണാതെ മറച്ചു കൊണ്ട് പോയി കുളിക്കടവിൽ എത്തിക്കുന്നു. പുഴയിൽ മുങ്ങി നിവർന്ന വെളുത്തു തുടുത്ത എൻ്റെ പാട്ടി, എന്തു സുന്ദരി ആണ്. വെളുത്ത പഞ്ഞിക്കെട്ട് പോലുള്ള ആ മുടി എന്തു ഭംഗിയായാണ്. പാട്ടിയുടെ പ്രായം ആകുമ്പോൾ എൻ്റെ അമ്മയും ഇതുപോലെ നല്ല സുന്ദരിയായിരിക്കും.
എല്ലാവരും ഉറക്കെ കരയുന്നു..
ആരൊക്കയോ വന്നു പാട്ടിയെ കാവിമുണ്ട് പുതപ്പിച്ചു ഒരു വലിയ പാറയുടെ പിന്നിൽ കൊണ്ട് പോകുന്നു..
അമ്മ അപ്പോഴേക്കും പുഴയിൽ വീണുപോയി.
അച്ഛൻ ഓടിവന്നു അമ്മയെ മടിയിൽ കിടത്തി സാന്ത്വനിപ്പിക്കുന്നു. അച്ഛൻ എപ്പോൾ വന്നു? അതായിരുന്നു അപ്പോഴത്തെ ചിന്ത.
അച്ഛനോടൊപ്പം ഞങ്ങൾ വീട്ടിലേക്ക് നടന്നു. അമ്മ അപ്പോഴും പുഴ കടവിൽ തന്നെ നിൽക്കുന്നു
അച്ഛാ, അമ്മക്ക് എന്ത് പറ്റി ?
അത് ഇന്ന് പാട്ടിയുടെ മുടി മുഴുവനും മുറിച്ചു കളയും.
അയ്യോ!!
ഞാൻ ഞെട്ടി..
“പാട്ടിയുടെ എല്ലാ ആഭരണങ്ങളും ഊരി മാറ്റും. പൊട്ടൊന്നും ഇനി ഇടാൻ പറ്റില്ല…
അതൊക്കെ ഓർത്തു അമ്മക്ക് സങ്കടം വരുന്നതാ”.
അപ്പോൾ എനിക്കും സങ്കടം വന്നു..
വെളുത്തു സുന്ദരിയായി വലിയ പൊട്ട് കുത്തി കാതിൽ വർഷങ്ങളായി കിടക്കുന്ന തോടയും (വലിയ കമ്മൽ ) രണ്ടു മൂക്കിലും നക്ഷത്ര തിളക്കം ഉള്ള മൂക്കുത്തിയും, എല്ലാം മാറ്റുമോ? എൻ്റെ പാട്ടി ഇനി എങ്ങനെയായിരിക്കും… ആ പത്തു ദിവസത്തിനുള്ളിൽ അന്നാണ് താത്ത മരിച്ച ദുഃഖം ഞാൻ അറിഞ്ഞത്.
“താത്ത മരിച്ചത് കൊണ്ടാണോ?” ചേട്ടൻ ചോദിച്ചു.
“മ്…” അച്ഛൻ ഇരുത്തി മൂളി.
“അച്ഛാ നമുക്ക് നാട്ടിൽ പോകാം.. അമ്മ ഇവിടെ ഒത്തിരി കരയുന്നു.”
“മ്.. നമ്മൾ ഇന്ന് പോകും. അമ്മയെയും കൊണ്ട് പോകാം”
അച്ഛൻ കരയുന്നോ ?
അമ്മ ഇങ്ങനെ കരഞ്ഞു കൊണ്ടിരിക്കുന്നത് അച്ഛന് സഹിക്കുന്നില്ലായിരിക്കും.. ഞാൻ ഓർത്തു.
ഞങ്ങൾ വീട്ടിൽ എത്തി. ഈറൻ മാറി. അമ്മയുടെ വരവും കാത്തു മുറ്റത്തിരുന്നു.. അമ്മയാണ് ആദ്യം കാളവണ്ടിയിൽ നിന്ന് ഇറങ്ങിയത്. അച്ഛൻ ഓടിപോയി അമ്മയെ തൻ്റെ മാറിൽ ചേർത്തു നിറുത്തി.
അമ്മയുടെ കണംകാലിനു തൊട്ട് നിൽക്കുന്ന മുടിയിൽ കൈ ഓടിച്ചു… സാന്ത്വനത്തിൻ്റെ ഭാഷ.. ഞാൻ കണ്ടു.
പാട്ടിയെ ആരും കാണാത്ത രീതിയിൽ പൊതിഞ്ഞു വീട്ടിനുള്ളിൽ കൊണ്ട് പോയി..
എനിക്കു തിടുക്കമായി പാട്ടിയെ കാണാൻ.
എൻ്റെ ചുന്ദരിമണി, ആകെ മാറി യിരിക്കുന്നു.. എനിക്കു താങ്ങാൻ പറ്റിയില്ല, ഞാൻ പുറത്തോട്ട് ഓടി വന്നു, “അച്ഛാ…. അച്ഛാ” ഞാൻ “അയ്യോ” എന്ന് നിലവിളിച്ചു കരഞ്ഞു. പൊട്ടി പൊട്ടി കരഞ്ഞു. എൻ്റെ പാട്ടി ഇതല്ല.
കാലം അങ്ങനെ കടന്നു പോയി. എൻ്റെ വീട്ടിലും കുട്ടികളുടെ അച്ഛൻ മരിച്ച ഒൻപതാം ദിവസം രാത്രി വന്നു. ഒരു ഞെട്ടലോടെ അല്ലാതെ ഓർക്കാൻ കഴിഞ്ഞില്ല..
നാളെ ‘പത്ത്’.
ചില തീരുമാനങ്ങൾ എടുക്കണം.. ആരെങ്കിലും അവളോട് ഒന്ന് സംസാരിക്കു എന്ന് പുരോഹിതനും എൻ്റെ അമ്മാവനും പറയുന്നത് ഞാൻ അകത്തിരുന്നു കേൾക്കുന്നുണ്ടായിരുന്നു..
കുട്ടികൾ എന്തോ മനസ്സിലാക്കിയപോലെ എൻ്റെ അടുത്ത് ചേർന്നിരുന്നു കരയുന്നു.
എനിക്കു മനസ്സിലായി. എൻ്റെ മൗനം അവരെ ഭയപ്പെടുത്തുന്നു…
എൻ്റെ സഹോദരനും കുട്ടികളുടെ പേരപ്പനും എൻ്റെ മുന്നിൽ വന്നു നിന്ന് കരയുന്നു. പേരപ്പൻ (ഭർത്താവിന്റെ മൂത്ത സഹോദരൻ )
അവരുടെ കുടുംബ രീതി പറയും.
അതിനായി എൻ്റെ മുന്നിൽ നിൽക്കുന്നതാണ് എന്ന് എനിക്കു മനസ്സിലായി.
കുട്ടികളുടെ പേരപ്പൻ എൻ്റെ മുന്നിൽ ഒരു കസേര വലിച്ചിട്ടു ഇരുന്നു.
“മോളെ, നമ്മുടെ രീതികൾ നിനക്കു ഞാൻ പറഞ്ഞു തരണ്ടല്ലോ?” നിൻ്റെ ഇഷ്ടം എന്താണോ അത് ചെയ്യാം. നീ കൊച്ചു കുട്ടിയാണ് നമ്മുടെ കുടുംബത്തിൽ.
എൻ്റെ അനിയന് നിൻ്റെ മുടിമുറിച്ചു, നിന്നെ വികൃതമാക്കി മാറ്റാൻ ഇഷ്ടമുണ്ടാകില്ല. ഞാൻ അതൊന്നും പറയില്ല.. എൻ്റെ കുടുംബത്തിൽ എല്ലാവരും പത്താം ദിവസം മുടി മുറിച്ചു മുണ്ഡനം സ്വീകരിച്ചവരാണ്.. നിനക്ക് തീരുമാനിക്കാം” നിറഞ്ഞ കണ്ണുകളോടെ പറഞ്ഞവസാനിപ്പിച്ചു എൻ്റെ മുന്നിൽ നിന്ന് ഓടുകയായിരുന്നോ ??
എൻ്റെ മക്കൾക്ക് മനസ്സിലായി, അവർ വാവിട്ടു കരഞ്ഞു.
“നീ എന്താ ഒന്നും മിണ്ടാതെയിരിക്കുന്നത് ?”എൻ്റെ സഹോദരൻ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.. എന്തെങ്കിലും പറ. ബാർബറിനെ വിളിച്ചു വരാൻ പറയണം.
എൻ്റെ മകൻ ചാടി എണീറ്റു. “ആരും വരണ്ട”..
“അമ്മ എങ്ങനെ ആയിരുന്നോ.. അങ്ങനെ തന്നെ ഇനിയും”. “
ഒരു മാറ്റവും വരുത്തണ്ട.. അച്ഛനെയോ ഞങ്ങൾക്ക് കാണാൻ പറ്റുന്നില്ല, അമ്മയെങ്കിലും ഇങ്ങനെ തന്നെ വേണം.. ഒരു മാറ്റവും ഇല്ലാതെ”.
“അമ്മയോട് ഇങ്ങനെ ഒന്നും പറയരുത്.. “, അവൻ അന്നാണ് ഏറെ കരഞ്ഞത്..
വീണ്ടും നാളുകൾ കടന്നു പോയി. ഇപ്പോൾ എൻ്റെ മുടി മുറിച്ചു കൊടുത്തപ്പോൾ ഒരു സങ്കടവും തോന്നിയില്ല.
കാൻസർ രോഗ ബാധയിൽ നിന്ന് രക്ഷപ്പെടാൻ കീമോ തെറാപ്പി അനിവാര്യം ആണെന്ന് അറിയുമ്പോൾ മനസ്സിൽ വരുന്നത് മുടി കൊഴിഞ്ഞ അവളുടെ മുഖം തന്നെയായിരിക്കും. കീമോ കഴിഞ്ഞു, മുടി പൊഴിഞ്ഞു പോയ തൻ്റെ മുഖം തനിക്ക് തന്നെ കാണാൻ കഴിയാതെ വിഷമിക്കുന്ന ഏതോ സഹോദരിക്ക് എൻ്റെ മുടി ഉപകരിക്കുമെങ്കിൽ..
അവളുടെ മുടിയഴകായ് എൻ്റെ മുടിക്ക് മാറാൻ കഴിയുമെങ്കിൽ ഒരു വിധവയുടെ അധികാരം ഏറ്റെടുത്തു തല മുണ്ഡനം ചെയ്യാൻ ഞാൻ തയ്യാർ ആയിരുന്നു.
എൻ്റെ കേശഭാരം ഞാൻ ഇറക്കി വച്ചു..
✍️ജെകെ


14 Comments
മരണം – അത് ഒരനിവാര്യതയാണ്. പക്ഷെ അതിൻെറ പേരിൽ ജീവിച്ചിരിക്കുന്നവരെ കൊല്ലാതെ കൊല്ലുന്ന കുരേ അനാചാരങ്ങളുണ്ട്. ആചാരം എന്ന പേരിൽ മനുഷ്യർ കാട്ടിക്കൂട്ടുന്ന കുറേ പേക്കൂത്തികൾ. യാതൊരു യുക്തിയുമില്ലാത്തവ. ആരോ പണെടന്നോ ചെയ്തവ എന്തിനാണെന്നു പോലും അറിയാതെ തുടർന്നു പോരുന്നവ- അവയിൽ പലതും പുതു തലമുറ തിരസ്കരിച്ചു- ചിലത് ഇപ്പോഴും തുടരുന്നു- ഭാവിയിൽ അവയും തിരസ്കരിക്കപ്പെടുകതന്നെ ചെയ്യും. സ്വന്തം ഇഷ്ടത്തോടെ ചെയ്യുന്നതും മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ചെയ്യുന്നതും രണ്ടും രണ്ടാണ്.- കഥ വായിച്ചപ്പോൾ സങ്കടവും, ദേഷ്യവും, കൌതുകവും അങ്ങനെ പല വികാരങ്ങൾ ഉണ്ടാക്കി-❤️👍
വളരെ സന്തോഷം.. വായന അനുഭവം പറഞ്ഞു കേൾക്കുന്നത് കൂടുതൽ എഴുതാൻ പ്രേരണ ആകുന്നു. എന്റെ പച്ച താടി കൂടി വായിക്കുക 🙏
അടിച്ചേൽപ്പിക്കുന്നതും മനസ്സറിഞ്ഞു നൽകുന്നതും തമ്മിലുള്ള വ്യത്യാസം….
ഹൃദയത്തിൽ തൊടുന്ന എഴുത്ത് ഇനിയും എഴുതികൊണ്ടിരിക്കൂ.
സന്തോഷം. എഴുതാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
പുതമയുള്ള വിഷയം , നന്നായി അവതരിപ്പിച്ചു..
👌
മികച്ച എഴുത്ത് 👌👌👌
കാലഹാരണപ്പെട്ട ദുരചാരങ്ങളുടെ കാലങ്ങൾ എന്നേ കഴിഞ്ഞു. മകൻ ചെയ്തതാണ് ശരി. പൊട്ടുതൊട്ടതുകൊണ്ടോ, നിറമുള്ള വസ്ത്രം ധരിച്ചത് കൊണ്ടോ പ്രിയപ്പെട്ടവർ മനസ്സിൽ നിന്ന് പോവില്ല.
വീണ്ടും എഴുതുക.
പാരമ്പര്യമായി അനുഷ്ടിച്ച് വരുന്ന ആചാരങ്ങൾ
അടിച്ചേൽപിക്കുന്ന നടപടിക്രമങ്ങൾ
അവനൽകുന്ന ദുഃഖം
അനുഭവിക്കുന്നവർക്ക് മാത്രമല്ല
കൂടെയുള്ളവർക്കും ദഃഖം
കണ്ണുനീർ വായിക്കുന്നവർക്കുകൂടി വീതിച്ച്നൽകുന്നവിധം എല്ലാം നല്ല ഒന്നാന്തരമായി പറഞ്ഞിരിക്കുന്നു
നന്നായിട്ടുണ്ട് J K
മൂന്നാം തലമുറയിൽ ആചാരങ്ങൾ
വേണ്ടത് മാത്രം എടുത്താൽ മതി. അച്ഛൻ മരിച്ചു
അമ്മയെ കൂടി കൊല്ലാതെ
കൊല്ലണ്ട എന്ന മകൻ്റെ തീരുമാനം
കഥയല്ല ഇത് ജീവിതം
കൂടി
സന്തോഷം 💕
നല്ല വിഷയം. മികച്ച എഴുത്തും. ആചാരങ്ങൾ മുറുകെപ്പിടിക്കണോ, അവയ്ക്കു വഴിപ്പെടണോ, പാടേ നിരാകരിക്കണോ, എല്ലാം വ്യക്തികളുടെ choice ആയിരിക്കണം. വളരെ ഇഷ്ടപ്പെട്ടു👌👏❤️
I’m in awe of your skill and commitment. You’re awesome!”
“Congratulations on the amazing story.! Some of the characters touching the heart. ” This is an incredible milestone . I am proud of you.
ജെകെ,
കേശഭാരം വായിച്ചു… വായനക്കാരെ അനുഭവവേദ്യമാക്കുന്ന രീതിയിൽ ഉള്ള എഴുത്താണ്… ഞാനും അതിനോടൊപ്പം സഞ്ചരിച്ചു…. നമ്മുടെ പൂർവികർ എത്രയോപേർ മറിച്ചൊന്നും പറയാതെ ഇതൊക്കെ ചെയ്തു… ഇപ്പോൾ നമ്മെ കരുതാനും,” അമ്മ എങ്ങനെ ആണോ അങ്ങനെ ആയിക്കോട്ടെ” എന്ന് പറയാനും മക്കൾക്കു സ്വാതന്ത്ര്യം ഉണ്ട്… അവരത് ഉപയോഗിച്ചു…
ചിന്തക്ക് വക നൽകുന്ന എഴുത്ത്. ആചാര സംരക്ഷണത്തിനേക്കാൾ മനുഷ്യ സ്നേഹത്തിനാണ് പ്രാധാന്യമെന്ന് പറഞ്ഞ കഥ. ആചാരങ്ങൾ പാലിക്കണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമായിരിക്കട്ടെ.
..touching.