“മുരളി… എന്റെ വീട് വാടകയ്ക്ക് എടുത്ത ആളെ കണ്ട് ഈ മാസം വീടൊഴിയാൻ ഒന്നു റിക്വസ്റ്റ് ചെയ്യണം. അദ്ദേഹം വിസമ്മതിച്ചാൽ എനിക്ക് ഒരു ചെറിയ വാടക വീട് സംഘടിപ്പിച്ചു തരണം.”
വാട്സ്ആപ്പിൽ നോട്ടിഫിക്കേഷൻ വന്നതറിഞ്ഞു മൊബൈൽ എടുത്തു നോക്കിയ മുരളി ചിന്താധീനനായി.
” ജോസ് സാറിന്റെ മെസ്സേജ്… എന്തു പറ്റി? മകനെയും കുടുംബത്തെയും വിസിറ്റ് ചെയ്യാൻ യു കെ യിലേക്ക് പോയിട്ട് നാലു മാസം അല്ലേ ആയുള്ളൂ. ഒന്നു വിളിച്ചു നോക്കിയാലോ? അല്ലെങ്കിൽ വേണ്ട. ഇപ്പോൾ എല്ലാവരും വീട്ടിൽ കാണും. ടൈം അഡ്ജസ്റ്റ് ചെയ്തു വിളിക്കാം.”
അധികം കാത്തിരിക്കേണ്ടി വന്നില്ല. ജോസ് സാർ വിളിച്ചു.
“മുരളി.. എന്റെ മെസ്സേജ് കണ്ടില്ലേ?” ഗൗരവപൂർണമെങ്കിലും ചിലമ്പിയ സ്വരം..
“എന്താ സാറെ? പ്രശ്നം വല്ലതുമുണ്ടോ?” മുരളി ഉദ്വേഗഭരിതനായി ആരാഞ്ഞു.
“നേരിൽ കാണുമ്പോൾ സംസാരിക്കാം ഞങ്ങൾ മറ്റന്നാൾ നെടുമ്പാശ്ശേരിയിൽ എത്തും. ദോഹ വഴിയാണ് ഫ്ലൈറ്റ്.”
“ഞാൻ കൂട്ടാൻ വരണോ?” മുരളി ചോദിച്ചു.
“വേണ്ടടോ. ജെസ്സിയുടെ ബ്രദർ വരും. എടോ, ഞാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലിരിക്കണേ.”
“ശരി സാർ. ” മുരളി വീണ്ടും ആലോചനയിൽ മുഴുകി.
ജോസ് സാറുമായി എത്രയോ വർഷത്തെ പരിചയമാണ്. മുപ്പത്തഞ്ചു വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ വർഷമാണ് ബാങ്കിൽ നിന്നും ഇറങ്ങിയത്. ഇരുപത്തഞ്ചാമത്തെ വയസ്സിൽ ക്ലാർക്ക് ആയി ജോലിക്കു കയറി ഒരു സ്‌കെയിൽ ത്രീ ബ്രാഞ്ചിന്റെ മാനേജർ ആയി റിട്ടയർ ചെയ്തു..
സ്വസ്ഥമായി ശിഷ്ട കാലം സന്തോഷത്തോടെയുംസമാധാനത്തോടെയും കഴിയുമാറാകട്ടെ എന്നുള്ള സഹപ്രവർത്തകരുടെ ആശംസയിൽ സംതൃപ്‌തനായാണ് ജോസ് സാർ വിശ്രമജീവിതം തുടങ്ങിയത്.
കൃത്യം ഒരു മാസം കഴിഞ്ഞതോടെ ലണ്ടനിലുള്ള മകൻ നോബി വീഡിയോകാൾ ചെയ്തു.
“പപ്പാ, ഞാൻ പപ്പക്കും മമ്മിക്കും വിസക്ക് അപ്ലൈ ചെയ്യുവാ. ഇത്രയും നാൾ ജോലി… ജോലി എന്നു പറഞ്ഞല്ലേ ഇങ്ങോട്ടു വരൻ കൂട്ടാക്കാതിരുന്നത്. പപ്പയെ തനിച്ചാക്കി വരുകില്ല എന്നു പറഞ്ഞു മമ്മിയും ബലം പിടിച്ചു. ഇനി അത് വേണ്ടല്ലോ. രണ്ടു പേരും കൂടി വരണം. ”
“എല്ലാവരുടെയും പേരെന്റ്സ് മക്കളുടെ അടുത്തുവരുമ്പോൾ ഞങ്ങൾക്കും ആഗ്രഹമില്ലേ? അല്ലെങ്കിൽ ഞങ്ങളുടെ ഫ്രണ്ട്സ് ഒക്കെ കരുതും ഞങ്ങൾക്ക് മാത്രം ആരും ഇല്ലെന്ന്. ഞങ്ങൾ അനാഥരാണെന്ന്…”
മകന്റെയും മരുമകളുടെയും വികാര നിർഭരമായ പരിദേവനങ്ങൾ കേട്ടപ്പോൾ തന്നെ ജെസ്സിച്ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു.
“മോനേ നീ വിഷമിക്കേണ്ട, ഞാൻ പപ്പയെകൊണ്ട് സമ്മതിപ്പിക്കാം.” ഭർത്താവിനെ നോക്കികൊണ്ട് അവർ പറഞ്ഞു.
ജോസ് സാറിന് വലിയ താല്പര്യമൊന്നുമില്ലായിരുന്നെങ്കിലും ഭാര്യയും മകൾ നിവ്യയും ഒക്കെ നിർബന്ധിച്ചു പറഞ്ഞതുകൊണ്ട് ടിക്കറ്റ് എടുക്കാൻ സമ്മതിച്ചു.
വിസയും ഫ്ലൈറ്റ് ടിക്കറ്റും ഒരു മാസത്തിനുള്ളിൽ ശരിയായി. യാത്ര തിരിക്കുന്നതിനു ഒരാഴ്ച മുമ്പ് നോബി മമ്മിയെ വീഡിയോ കാൾ ചെയ്തു. പപ്പ എന്നും പുറത്തു നടക്കാൻ പോകുന്ന സമയം നോക്കിയാണ് വിളിച്ചത്.
ഞങ്ങൾക്ക് ഇവിടെ ഒരു വീട് വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ടെന്നും ഈ എം ഐ കിട്ടുമെന്നും പക്ഷേ ആദ്യം ഒരുതുക നമ്മൾ മാർജിൻ മണി കൊടുക്കണമെന്നും അതിനായി പപ്പയുടെ സഹായം മമ്മി പറഞ്ഞു ശരിയാക്കണമെന്നും വീടിനോടുള്ള മോഹം കൊണ്ടൊന്നുമല്ല വാടക കൊടുത്ത് മുടിഞ്ഞിട്ടാണെന്നും ഒക്കെ കുറച്ചു സെന്റിമെന്റ്സും വേദനയും കലർത്തി പറഞ്ഞുകേൾപ്പിച്ചു.
സംസാരത്തിനിടയിൽ പപ്പക്ക് റിട്ടയർമെന്റ് ബെനഫിറ്റ്സ് എത്ര കിട്ടിയെന്ന് വളരെ കാഷ്വൽ ആയി മകൻ ചോദിച്ചതിന് ‘എന്നോടു ഒന്നും പറഞ്ഞിട്ടില്ലെടാ’ എന്നു പറഞ്ഞു ജെസ്സി തടി തപ്പി.
യഥാർത്ഥത്തിൽ കറക്റ്റ് എമൗണ്ട് ജെസ്സിയോട് ജോസ് സാർ പറഞ്ഞിട്ടില്ലായിരുന്നു. ബാങ്കിലെ പല സുഹൃത്തുക്കളുടെയും അനുഭവങ്ങൾ കണ്ടും കേട്ടും അറിഞ്ഞ ജോസ് സാറിനറിയാമായിരുന്നു മക്കൾ അമ്മ വഴി വില പേശുമെന്ന്.
ഭർത്താവ് വന്നപ്പോൾ നോബി പറഞ്ഞ കാര്യങ്ങൾ ജെസ്സി ധരിപ്പിച്ചു.
ജോസ് സാർ ചിന്താധീനനായി. എന്തോ ഒരു പന്തികേട് പോലെ.
വിസയും ടിക്കറ്റും എടുക്കാൻ അനുവാദം കൊടുക്കേണ്ടിയിരുന്നില്ല എന്നുള്ള ചിന്ത ശക്തമായി.
കിടക്കാൻ നേരം ജെസ്സി നോബിയുടെ ആവശ്യത്തെക്കുറിച്ച് ഓർമിപ്പിച്ചു.
“നമുക്കുള്ളതെല്ലാം അവനുള്ളതല്ലേ?
അവർക്ക് നിവൃത്തിയില്ലാഞ്ഞിട്ടല്ലെ പപ്പയോട് ചോദിക്കുന്നെ?
ജോസ് സാർ മിണ്ടിയില്ല.
പിറ്റേന്ന് കണ്ടപ്പോൾ ജോസ് സാർ പറഞ്ഞിരുന്നു.
.
“മുരളി…. ഈ യാത്ര വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു.”
“എന്താ സാറെ? ഈ അവസാന നിമിഷത്തിൽ അങ്ങനെ ഒരു ചിന്ത?”
“എടോ എന്റെ റിട്ടയർ മെന്റ് ബെനിഫിട്സ് എത്രയാണെന്ന് അറിയാനും അവനു ലണ്ടനിൽ വീട് വാങ്ങിക്കാൻ പൈസ കൊടുക്കാൻ റെക്കമണ്ട് ചെയ്യാനുമായി ഇന്നലെ നോബി ജെസ്സിയെ വിളിച്ചിരുന്നു.”
“ഇന്നലെ മുതൽ ജെസ്സി എനിക്കു സ്വൈര്യം തന്നിട്ടില്ല.”
“സാറിനോടല്ലേ നോബിക്ക് ധൈര്യമായി സഹായം ചോദിക്കാൻ പറ്റു. എന്തെങ്കിലും ചെയ്തേര് സാറെ. ഇപ്പോഴത്തെ പിള്ളേരല്ലേ. അല്ലെങ്കിൽ എനിക്ക് ആവശ്യം വന്നപ്പോൾ പപ്പ മുഖം തിരിച്ചു നിന്നില്ലേന്നൊക്കെ എന്നെങ്കിലും കംപ്ലയിന്റ് പറയും.” മുരളി ഉപദേശിച്ചു.
പോകുന്നതിന്റെ തലേന്ന് കണ്ടപ്പോൾ നോബിക്ക് പൈസ അയച്ചുകൊടുത്തത് മുരളിയോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു..
ജോസ് സാർ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ തന്നെ മുരളിക്കു മെസ്സേജ് ചെയ്തു. “റീച്ഡ് സേഫിലി.”
പിറ്റേന്ന് രാവിലെ തന്നെ മുരളിയെ കാണാൻ ബാങ്കിലെത്തിയ ജോസ് സാറിനെ പഴയ സഹപ്രവർത്തകരെല്ലാം കൂടി സ്വീകരിച്ചു.
ലണ്ടൻ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ സഹപ്രവർത്തകരുടെ ഊഷ്മളമായ സ്നേഹപ്രകടനങ്ങളുടെയും നർമ്മസംഭാഷണങ്ങളുടെയും അവസാനം മുരളിയോടൊത്തു ഒരു കപ്പ് കോഫി കുടിക്കാനായി ജോസ് സാർ പുറത്തേക്കിറങ്ങി.
പണ്ട് സ്ഥിരമായി ചെന്നിരിക്കാറുള്ള കോഫി ഷോപ്പിൽ ചെന്നപ്പോഴേ മുരളി ആകാംഷയുടെ കൊടുമുടിയിൽ ആയിരുന്നു. എങ്കിലും ഒട്ടും ധിറുതി കാണിക്കാതെ ക്ഷമയോടെ ജോസ് സാറിന്റെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു.
കോഫി വന്നപ്പോഴേക്കും ജോസ് സാർ ഊർജ്ജസ്വലനായി. ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം മൊഴിഞ്ഞു.
“മുരളി… ഈ സ്വാതന്ത്ര്യത്തിന്റെ വിലയും മതിപ്പും നമുക്കു മനസ്സിലാകണമെങ്കിൽ അന്യ നാട്ടിൽ നിന്നും നമ്മുടെ ജന്മനാട്ടിൽ തിരിച്ചെത്തണമെടോ.. നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റ് ഇറങ്ങി സ്വന്തം മണ്ണിൽ കാലുകുത്തിയപ്പോൾ അനുഭവിച്ച ഒരു സംതൃപ്തി… സമാധാനം…. തന്നോടു പറഞ്ഞറിയിക്കാൻ എനിക്കു സാധിക്കില്ല.. അതൊരനുഭൂതിയാണ്.”
തന്റെ വികാരവിക്ഷോഭങ്ങൾ ഒന്നു മറയ്ക്കാനാണെന്നു തോന്നുന്നു… സാർ കോഫി എടുത്തു ഒന്നു സിപ് ചെയ്തു.
“സാർ എന്താ പെട്ടെന്നു തിരിച്ചു പോന്നത്? മുരളി ചോദിച്ചു.
“നോബി കഴിഞ്ഞ ആഴ്ച ഒരു ദിവസം വാട്സാപ്പിൽ മെസ്സേജ് ചെയ്തു. പപ്പക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് എടുക്കാൻ പോകുവാണെന്ന്..”
“അതെന്താ നിങ്ങൾ ഒരു വീട്ടിൽ അല്ലേ താമസിച്ചത്? നേരിട്ട് പറഞ്ഞാൽ പോരെ?”
മുരളിയുടെ ചോദ്യത്തിന് സാർ മറുപടി പറഞ്ഞില്ല.
ഞാൻ തിരിച്ചു വാട്സാപ്പിൽ തന്നെ ചോദിച്ചു.
“മമ്മിയോ?”
പിന്നെ കുറച്ചുനേരം ഞങ്ങൾ ചാറ്റ് ചെയ്തു.
മമ്മിയെ ഇപ്പോൾ വിടുന്നില്ലെന്നും എന്റെ അമ്മയുടെ കാര്യം എനിക്കും തീരുമാനിക്കാമെന്നും അവൻ പറഞ്ഞതിന്ന് നിന്റെ ഭാര്യയുടെ കാര്യം നിനക്കു തീരുമാനിക്കാമെന്നും എന്റെ ഭാര്യയുടെ കാര്യം ഞാനാണ് തീരുമാനിക്കുന്നതെന്നും ഞാൻ പറഞ്ഞു. അവളില്ലാതെ ഞാൻ നാട്ടിലോട്ടില്ലെന്ന് തറപ്പിച്ചുപറഞ്ഞു.
രണ്ടു ദിവസം നോബിയും അവന്റെ ഭാര്യയും കൂടി ആലോചിച്ചിട്ട് ഞങ്ങൾ രണ്ടുപേർക്കും ഉള്ള ടിക്കറ്റ് എടുത്തു.
“അതെന്താ സാറെ പെട്ടെന്നു സാറിനെ മാത്രം നാട്ടിലേക്കയക്കാൻ ഉത്സാഹം? ചെന്നപ്പോൾ തന്നെ ഇൻഡിഫെറെന്റ് ആയായിരുന്നോ പെരുമാറ്റം?”
“അല്ല.ചെന്നപ്പോൾ നല്ല സ്നേഹവും കരുതലും ആയിരുന്നു. സന്തോഷവും കളിചിരികളുമായി മുന്നോട്ടുപോയി.
“അവരുടെ ഫ്രണ്ട്സ് ഇങ്ങോട്ടു സന്ദർശനത്തിന് വരുന്നു….. ഞങ്ങളെ ചില സുഹൃത്തുക്കളുടെ വീടുകളിൽ കൊണ്ടു പോകുന്നു…”
“പക്ഷേ കഷ്ടി ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ കൊച്ചു കുഞ്ഞിന്റെ പരിപാലനവും അടുക്കള കാര്യങ്ങളും എല്ലാം ജെസ്സിയുടെ ചുമലിലായി.”
“മൂത്ത കുട്ടിയെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടു വരുന്ന ജോലി എനിക്കും അവന്റെ കുളി, ഭക്ഷണം ഇത്യാദി കാര്യങ്ങൾ ജെസ്സിക്കും ആയി വീതം വെച്ചു തന്നു.”
“വീടിന്റ ശുചിത്വം പരിശോധിക്കാൻ ഇടക്കിടക്ക് ഉദ്യോഗസ്ഥന്മാർ വരും. എന്തെങ്കിലും കുറവ് കണ്ടുപിടിച്ചാൽ ഫൈൻ അടക്കണംപോലും. നോബി ആദ്യമേ തന്നെ എല്ലാം വിശദമായി പറഞ്ഞിരുന്നു.”
“നോബിക്കും സിനിക്കും ജോലിക്കു പോകേണ്ടതിനാൽ വേണ്ട സഹായം ചെയ്യുന്നതിന് ഞങ്ങൾക്കു രണ്ടുപേർക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളു.
“പക്ഷേ ഒരു മാസത്തിനുള്ളിൽ അവരു രണ്ടു പേരും എല്ലാത്തിൽ നിന്നും ടോട്ടലി കൈയെടുത്തു. എല്ലാ പ്രശ്നങ്ങളും ജെസ്സിയുടെ ചുമലിലായി. എനിക്കു സഹായിക്കുന്നതിനു പരിധി ഉണ്ടായിരുന്നു.”
“നോബി ജോലി കഴിഞ്ഞു വന്നാൽ പോലും സിനിയെ കാണാറില്ലായിരുന്നു. അവൾ എവിടെ എന്നുള്ള അന്വേഷണത്തിന് അവൾ “ഓവർടൈം ചെയ്യുവാ മമ്മി ” എന്നായിരുന്നു നോബി പറഞ്ഞിരുന്നത്. ചുരുക്കത്തിൽ സിനി കൂടുതൽ സമയവും വീടിനു പുറത്തായിരുന്നു.”
“സിനിയുടെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന റിൻസി ഒരിക്കൽ ഞങ്ങളെ കാണാൻ വീട്ടിൽ എത്തിയപ്പോൾ സിനിയെ അന്വേഷിച്ചു. സിനിക്ക് ഡബിൾ ഡ്യൂട്ടി ആണെന്ന് ജെസ്സി പറഞ്ഞപ്പോൾ റിൻസി സംഭാഷണ മദ്ധ്യേ സൂചിപ്പിച്ച ഒരു കാര്യം ശരിയാണെന്നു എനിക്കു ബോധ്യമായി.”
“ഡ്യൂട്ടി കഴിഞ്ഞാലും മനപ്പൂർവം അവൾ താമസിക്കുന്നതാണ്. ജെസ്സി ജോലികൾ തീർത്തു വെച്ചിട്ടു കയറാനായി…”
“അവധി ദിവസങ്ങളിൽ പോലും അവൾ വീട്ടിലിരിക്കില്ല. എന്തെങ്കിലും പ്രോഗ്രാം തലേന്നെ പ്ലാൻ ചെയ്തിട്ടാണ് അവൾ വീട്ടിലോട്ടു കയറുന്നതു തന്നെ. ഇനി ഒരു ദിവസം അവൾ പോകുന്നില്ല എന്നു തീരുമാനിച്ചാൽ പോലും നോബി തള്ളി വിടും.”
“അവൾ വല്ലാതെ കഷ്ടപ്പെട്ടു ജോലി ചെയ്യുവല്ലേ മമ്മി. വീക്കെണ്ടിലെങ്കിലും ഒന്നു റിലാക്സ് ചെയ്തോട്ടെ.” ന്ന്.
“തനിക്കു ബോറടിക്കുന്നോടോ” ജോസ് സാർ കണ്ണാടി എടുത്തു തുടച്ചുകൊണ്ടു ചോദിച്ചു.
“ഇല്ല സാറെ. സാർ പറഞ്ഞോ”. മുരളി മുന്നോട്ടാഞ്ഞിരുന്നു.
നോബിയെക്കാളും സാലറി സിനിക്കായതുകൊണ്ട് അവളുടെ സാലറിയിൽ നിന്നാണ് ഈ എം ഐ പിടിക്കുന്നത് എന്ന് ഇതിനിടയിൽ ഞാൻ അറിഞ്ഞു. അപ്പോൾ വീടിന്റെ രജിസ്ട്രേഷൻ ന്യായമായും അവളുടെ പേരിലായിരിക്കുമല്ലോ.
അതറിഞ്ഞപ്പോഴേ എന്റെ മനസ്സൊന്നു അസ്വസ്ഥമായെന്നുള്ളത് നേരാ.
ഒന്നുമില്ലേലും ഞാൻ ഒരച്ചായൻ അല്ലേടോ?
അതെന്റെ മനസ്സിൽ ഒരു കരടായി കിടന്നു.
നോബിയെ തനിയെ കിട്ടിയപ്പോൾ ഞാൻ ആ വിഷയം എടുത്തിട്ടു.
“പപ്പാ, അവൾക്കു കിട്ടുന്ന സാലറി എനിക്കില്ല.”
“അതെന്താ? നിനക്ക് നാട്ടിലെ എഞ്ചിനീയറിംഗ് ഡിഗ്രിക്കു പുറമേ ഇവിടത്തെ ഡിഗ്രിയും ഇല്ലേ?” എന്ന എന്റെ ചോദ്യത്തിന് അവൻ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു..
ഞാൻ ഇവിടെ പഠിക്കാൻ വന്ന കോഴ്സ് എനിക്കു കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല.
“അപ്പോൾ നാട്ടിൽ നിന്നെടുത്ത ലോൺ എമൗണ്ട് വെറുതെ പോയോ?”
ഇല്ല. ഞാൻ ആ പൈസ കൊടുത്ത് ഒരു ജോബ് വിസ സംഘടിപ്പിച്ചു. കെയർ ഹോമിൽ.. അവിടെ വെച്ചാണ് സിനിയെ പരിചയപ്പെട്ടത്. അവളും അവിടെ വർക്ക് ചെയ്യുകയായിരുന്നു.
അധികം താമസിയാതെ അവൾക്ക് ഇപ്പോഴത്തെ ഈ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി കിട്ടി.
എല്ലാം കേട്ട് ഞാൻ തരിച്ചിരുന്നു പോയി.കുറച്ചു നേരത്തേക്ക് എനിക്കു ശബ്ദിക്കാനേ പറ്റിയില്ല.
“കോഴ്സ് കംപ്ലീറ്റ് ചെയ്തില്ലെന്നു നീ എന്താ ഞങ്ങളോടു പറയാതിരുന്നത്?”
“പപ്പാ വഴക്ക് പറയുമെന്ന് വിചാരിച്ചാണ്.”
ഒന്നു നിർത്തി അവൻ ചോദിച്ചു, “അതിനിപ്പോ എന്തു പറ്റി? എനിക്കിപ്പോൾ ഒരു ജോലിയും ഒരു കുടുംബവും ആയില്ലേ?”
ജോസ് സാർ ഒന്നു നിർത്തി. എന്നിട്ട് സാവധാനം പറഞ്ഞു.
“മുരളി…. തനിക്കറിയാമല്ലോ ആ ലോൺ ഞാനാണ് അടച്ചു തീർത്തത്. ”
അവൻ എന്നെ കളിപ്പിച്ചു എന്ന തോന്നൽ എനിക്കു സഹിക്കാവുന്നതിലും അധികമായിരുന്നു. അതോടെ ഞാൻ മാനസികമായി വല്ലാതെ അകന്നു.
ഇതിനിടയിൽ ക്ലൈമറ്റ് മാറിയതു കൊണ്ടാണോ എന്തോ ജെസ്സിക്ക് വല്ലാത്ത ഒരു ചുമ പിടിപെട്ടു. വീട്ടു ചികിത്സകൾ ഒക്കെ ചെയ്തിട്ടും അത് മാറിയില്ല. ഇൻഷുറൻസ് ഉണ്ടെങ്കിലേ അവിടെ ഹോസ്പിറ്റലിൽ ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ സാധിക്കൂ. മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു കിട്ടുകയുമില്ല. അവസാനം നോബിയുടെ മൂത്ത മോന്റെ കഫ് സിറപ്പ് ബാക്കി ഇരുന്നത് വരെ കഴിച്ചു നോക്കി. രണ്ടാഴ്ചയോളം അവൾ വല്ലാതെ ബുദ്ധിമുട്ടി.
ആ സമയത്തു വീട്ടുജോലികളും കുഞ്ഞിനെ നോക്കലുമെല്ലാം അവതാളത്തിലായി. ജെസ്സി കിടപ്പിലായല്ലോ.
ഒരു ദിവസം അടുക്കളയിൽ എന്തോ ജോലി ചെയ്തിട്ട് സിനി പിറുപിറുക്കുന്നത് കേട്ടു. “നാശം.. ഇത്രയും പൈസ മുടക്കി രണ്ടെണ്ണത്തിനെയും ഇങ്ങോട്ട് എഴുന്നള്ളിച്ചിട്ട് വല്ല പ്രയോജനവുമുണ്ടോന്ന് നോക്ക്. എല്ലാം ഞാൻ തന്നെ ചെയ്യണം”.
അപ്രതീക്ഷിതമായി അതുവഴി കടന്നു പോയപ്പോൾ എന്റെ ചെവിയിൽ തറഞ്ഞതാണത്.
ഈ കാര്യം ഞാൻ ജെസ്സിയോട് സൂചിപ്പിച്ചു പോലുമില്ല. എന്താണെന്നു വെച്ചാൽ വയ്യാത്ത അവൾ ഇതറിഞ്ഞാൽ എണീറ്റു ചെന്നു അടുക്കളയിൽ കയറുമെന്ന് എനിക്കറിയാമായിരുന്നു.
ഞാനുമായുള്ള സംഭാഷണ കാര്യങ്ങൾ നോബി സിനിയോട് അപ്പപ്പോൾ പറഞ്ഞിട്ടുണ്ടെന്ന് എനിക്കു മനസ്സിലായത് അവളുടെ നിഷേധ ആറ്റിറ്റ്യൂടും എനിക്കു മുഖം തരാതെയുള്ള പെരുമാറ്റവും കണ്ടപ്പോഴാണ്. ജെസ്സിയെ കളിപ്പിക്കുന്ന പോലെ എന്നെ കളിപ്പിക്കാൻ പറ്റില്ല എന്നിവർക്ക് മനസ്സിലായി കാണണം.
പിറ്റേന്ന് ജെസ്സി പറഞ്ഞു “പപ്പാ, നോബി പറയുവാ.. നിങ്ങളുടെ പെൻഷനും വീടിന്റെ വാടകയും കൂടി നിങ്ങളുടെ അക്കൗണ്ടിൽ കിടക്കുന്ന പൈസ ഇനി മുതൽ ഇങ്ങോട്ടയക്കാൻ വേണ്ട അറേഞ്ച്മെൻറ്സ് ചെയ്താലോന്ന്. നമ്മൾ ഇനി ഇവിടല്ലേന്നു..”
“എന്നാരു പറഞ്ഞു? നിനക്ക് ഇവിടെ താമസിക്കാനാണോ താല്പര്യം?”
എന്റെ ചോദ്യത്തിന് അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
“പക്ഷെ, ഈ കൊച്ചുകുഞ്ഞിനെ ഇട്ടിട്ട് എങ്ങനെ പോകും? അവർ എന്തു ചെയ്യും?”
“ആദ്യത്തെ കുഞ്ഞിനെ എങ്ങനാ വളർത്തിയത്? “ഞാൻ ചോദിച്ചു.
“അവൻ ജോലിക്കു പോകാതെ കുഞ്ഞിനെ നോക്കി വീട്ടിൽ ഇരുന്നു.”
“അവരെങ്ങനെ എങ്കിലും വളർത്തിക്കോളും. അല്ലെങ്കിൽ സിനിയുടെ അമ്മയെ കൊണ്ടുവന്നാൽ മതിയല്ലോ.”
“അവർക്ക് തണുപ്പ് പറ്റില്ലെന്നാ നോബി പറഞ്ഞത്.”
“എന്തായാലും നാട്ടിലേക്ക് പോകുന്ന കാര്യം ഞാൻ നോബിയുമായി സംസാരിക്കട്ടെ.”
ഒന്നു നിർത്തി ജോസ് സാർ പറഞ്ഞു.
അന്ന് രാത്രിയിൽ ആണെടോ അവൻ എനിക്കു മെസ്സേജ് തന്നത്. എന്റെ ടിക്കറ്റ് റെഡി ആയിട്ടുണ്ടെന്ന്. പിന്നീട് നടന്നാതെല്ലാം ഞാൻ പറഞ്ഞല്ലോ.
“അപ്പോൾ നിങ്ങളുടെ സംസാരം നോബിയോ സിനിയോ കേട്ടിരിക്കും.” മുരളി പറഞ്ഞു.
“അറിയില്ലെടോ. ചിലപ്പോൾ എന്നെ ഒഴിവാക്കി ജെസ്സിയെ കുട്ടി വളരുന്നതു വരെ അവിടെ നിർത്താൻ പ്ലാൻ ഇട്ടിരിക്കും.”
“നിങ്ങളെ എയർപോർട്ടിൽ കൊണ്ടു വിട്ടോ? സൗഹൃദമായിട്ടാണോ പിരിഞ്ഞത്?”
“ഉം…നോബി കൊണ്ടു വിട്ടു. അമ്മയെ കെട്ടിപിടിച്ചു ഉമ്മയൊക്ക കൊടുത്താണ് യാത്രയാക്കിയത്.”
“എനിക്കൊരു സംശയമുണ്ടായിരുന്നു… അവൻ ഇടഞ്ഞാൽ സഹായിക്കാനായി ഞാൻ റിൻസിയുടെ ഹസ്ബന്റിന്റെ സഹായം തേടിയിരുന്നു. പക്ഷേ വേണ്ടി വന്നില്ല.”
ജോസ് സാർ തുടർന്നു. “എടോ ജോബ് വിസയിൽ ഒക്കെ കൊണ്ടു പോകുന്ന ഏജന്റുമാരുടെ ചതിയിൽ അകപ്പെട്ടു സ്വന്തം നാട്ടിൽ തിരിച്ചെത്താൻ സാധിക്കാത്തവരുടെ കാര്യം ഒന്നോർത്തെ.
ഹോ… അവിടെയിരുന്നപ്പോൾ ഇതൊക്ക എന്റെ ചിന്തയിൽ വന്നെടോ. ”
മുരളി ജോസ്സാറിന്റെ രണ്ടു കൈകളും അമർത്തി പുഞ്ചിരിച്ചു.
എന്നിട്ടു പറഞ്ഞു. “സാറെ ഈ ആഴ്ച അവസാനം വാടകക്കാർ ഇറങ്ങും.”
“മതിയെടോ ഒരാഴ്ച ജെസ്സിയുടെ വീട്ടിൽ കൂടാം.”
“പിന്നെ മുരളി.. അവർക്കു കോംപൻസേഷൻ കൊടുക്കാനും ഞാൻ തയ്യാറാണ് കേട്ടോ.”
“ചോദിക്കാം സാർ. നിവ്യ വിളിച്ചോ?”
ഉം. അവളാണ് പറഞ്ഞത്. സിനിയുടെ അമ്മയെ ആദ്യത്തെ കുഞ്ഞുണ്ടായപ്പോഴേ അങ്ങോട്ടു വിളിച്ചതാണെന്നും അവളുടെ ആങ്ങള സമ്മതിക്കാഞ്ഞതാണെന്നും.
“‘പൊന്നുമോളെ… നീ ഇപ്പോൾ വിളിച്ചോണ്ട് പോവും. എന്തെങ്കിലും ഒരു മേലായ്ക വന്നാൽ അപ്പോഴേ തിരിച്ചും പായ്ക്ക് ചെയ്യും. എന്റെ അമ്മ എന്റെ അടുത്ത് നിൽക്കുന്നതാണ് സുരക്ഷിതം’ എന്നു പറഞ്ഞ് അവൻ വിടാഞ്ഞതാണെന്നാ നോബി അവളോടു പറഞ്ഞെന്ന്.
ഇപ്പോൾ എനിക്കൊരു സംശയം.. തമിഴ് നാട്ടിൽ എഞ്ചിനീയറിംഗിന് ചെലവാക്കിയ തുക വെറുതെ പോയൊന്ന്.. അവൻ പാസ്സായായിരുന്നോ ആവോ. ഒരു വർഷം കൂടുതൽ എടുത്താണ് കംപ്ലീറ്റ് ചെയ്തത്.”
“അത് സാരമില്ല സാറെ.. സാർ ചെയ്യാനുള്ളതെല്ലാം ചെയ്തല്ലോ.. അങ്ങനെ സമാധാനിക്ക്.”
“ഉം…പോട്ടേടോ. തന്നെ കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു.”
ജോസാർ പോകാൻ ഇറങ്ങി.
മുരളി പറഞ്ഞു. “പ്രോഫിറ്റ് ആൻഡ് ലോസ്സ് അക്കൗണ്ടിൽ (ലാഭ നഷ്ട അക്കൗണ്ടിൽ ) ലാഭത്തിന്റെ കോളമോ നഷ്ടത്തിന്റെ കോളമോ ആണ് ആഡ് ചെയ്യുന്നതെങ്കിലും ബാലൻസ് ഷീറ്റ് പ്രിപേർ ചെയ്ത് ടാലി ആക്കിയല്ലേ പറ്റു…..
ജീവിതത്തിലും അങ്ങനെ വേണമെന്നു കരുതിയാൽ മതി.”
ജോസ് സാർ ഒന്നു പുഞ്ചിരിച്ചു.
“താനാടോ യഥാർത്ഥ സുഹൃത്ത്.. ഇങ്ങനെയുള്ള നല്ല സുഹൃത്തുക്കളുടെ സ്നേഹവും കരുതലും മതി ഏതു നഷ്ടവും ലാഭമാവാൻ..”
മുരളിയുടെ കരങ്ങളിൽ അമർത്തിയിട്ട് അദ്ദേഹം മുന്നോട്ടു നടന്നു.
.


10 Comments
സന്തോഷം. നന്ദി
വായനക്കും നല്ല വാക്കുകൾക്കും നന്ദി
പലയിടത്തും സംഭവിക്കുന്നു.
നല്ല രചന.👍
സന്തോഷം
വളരെ നല്ല എഴുത്ത്
സന്തോഷം. നന്ദി
Thank you
ജോസ് സാറിൻെറ ജീവിജ അനുഭവം ഒരു ഒറ്റപ്പെട്ട ഒന്നല്ല. ഇന്ന് പല മിഡിൽ ക്ലാാസ്സ്- അപ്പർ മിഡിൽ ക്ലാസ്സ് കുടുംബങ്ങളിലേയും അച്ഛനമ്മമാർ ഇതൊക്കെ അനുഭവിക്കുന്നുണ്ട്. ഉള്ള പണമെല്ലാം ചെലവാക്കി മക്കളെ പഠിപ്പിച്ച് വിദേശങ്ങളിലയക്കും. അവർ അവിടെ ജോലി നേടി അവിടെ നിന്ന് പരിചയപ്പെട്ടവരെ കെട്ടി അവിടെ സെറ്റിൽ ചെയ്യും. മക്കളെ നോക്കാൻ മാതാപിതാക്കളെ അങ്ങോട്ടേക്ക് കൊണ്ടു പോകും. അവിടെ ചിറകൊടിഞ്ഞ പക്ഷികളെ പോലെ കാലം കഴിച്ചു കൂട്ടേണ്ട അവസ്ഥയാകും മാതാപിതാക്കൾക്ക്. ഇനി അങ്ങോട്ട് പോകാൻ വിസമ്മതിച്ചാൽ വീട്ടിൽ ഒതുങ്ങിപ്പോവുകയോ അല്ലെങ്കിൽ വല്ല ഓൾഡേജി ഹോമിലും അഭയം തേടേണ്ട ഗതിയാകും അവർക്ക്.
വായിച്ചു തുടങ്ങിയാൽ നിർത്താൻ തോന്നാതെ വായിക്കാൻ തെന്നുന്ന രചനാ രീതി. ഇഷ്ടമായി കഥയും കഥാ കഥന രീതിയും. 👌 ആശംസകൾ❤️👍
റാണീ നല്ല എഴുത്ത്. പുറം നാട്ടിൽ ആണെങ്കിലും നമ്മുടെ സ്വന്തം നാട്ടിൽ ആണെങ്കിലും ഇപ്പോഴത്തെ തലമുറ അമ്മമാരെ അച്ഛന്മാരെ മുതലെടുക്കുന്നവർ തന്നെ ആയിട്ടാണ് കാണപ്പെടുന്നത്
സന്തോഷം. നന്ദി