“രാധികേ, എഴുന്നേൽക്ക്, ഞാനിത്തിരി കഞ്ഞി കൊണ്ടു വരട്ടെ. ഇന്നലെ മുതൽ വെള്ളം പോലും കുടിക്കാതെ കിടക്കുകയല്ലേ. പോയവർ പോയി. മക്കൾക്ക് വേണ്ടി നീ എഴുനേറ്റല്ലേ പറ്റുകയുള്ളു.” നാത്തൂനാണ് വിളിക്കുന്നത്.
ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും അവർ മരണത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. പക്ഷെ, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം തകർന്നു പോയത് കൊണ്ടല്ലേ വിജയേട്ടൻ പോയത്. ഓർമ്മകൾ മനസ്സിലേക്ക് തിക്കി തിരക്കി വരികയാണ്.
മേശിരിപ്പണിക്കാരനായ വിജയേട്ടൻ എന്നെ വിവാഹം കഴിച്ചു കൊണ്ട് വന്നതും വാടക വീട്ടിലേക്കായിരുന്നു. വീട്ടിൽ അദ്ദേഹവും ഞാനും അച്ഛനും അമ്മയും. ശാരദേച്ചിയുടെയും സുമേച്ചിയുടെയും വിവാഹം കഴിഞ്ഞ് അവർ ഭർത്താക്കമാരുടെ വീടുകളിലായിരുന്നല്ലോ. ജീവിതം സുഖകരമായിരുന്നു. ഇരട്ടക്കുട്ടികളായി മോനും മോളും ജനിച്ചതോടെ ഞാൻ പൂർണ്ണ സംതൃപ്തയായി.
ആകെയുള്ളയൊരു വിഷമം വിജയേട്ടന്റെ സ്വന്തമായൊരു വീട് എന്ന അതിതായ മോഹം മാത്രമായിരുന്നു. വലുതും ചെറുതുമായ ഒരുപാട് വീടുകൾ നിർമ്മിച്ച വിജയേട്ടന് തനിക്കായി ഒരു ചെറിയവീട്, സ്വപ്നത്തിൽ താൻ കണ്ടു വച്ചിരിക്കുന്ന വീട്, ജീവിതത്തിലെ മോഹമായിരുന്നു. ആദ്യ രാത്രിയിൽ അദ്ദേഹം അത് എന്നോട് തുറന്നു പറഞ്ഞു. മോഹം നല്ലതാണെങ്കിലും നമ്മളെ കൊണ്ട് അത് കൂട്ടിയാൽ കൂടുമോയെന്ന് ഞാൻ അന്ന് തന്നെ സംശയം പ്രകടിപ്പിച്ചു.
“നടക്കും രാധികേ, ഒരഞ്ചു സെന്റ് ഭൂമി അച്ഛൻ തന്നത് കിടപ്പുണ്ട്. എല്ലാ മാസവും കൂലിയിൽ നിന്ന് മിച്ചം പിടിച്ച് ഞാൻ ഒരു തുക അടുത്തുള്ള സ്വകാര്യ ബാങ്കിലെ ചിട്ടിയിൽ അടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം അഞ്ചു ലക്ഷം രൂപ ചിട്ടി പിടിച്ചത് കിട്ടി. അതവിടെ തന്നെ ഡെപ്പോസിറ്റ് ചെയ്തു. വീണ്ടും ചിട്ടിയിൽ ചേർന്നിട്ടുണ്ട്. നാലു വർഷം കൂടി കഴിഞ്ഞാൽ പത്തു ലക്ഷം രൂപ കയ്യിൽ വരും. അതുകൊണ്ട് സുന്ദരമായ ഒരു കൊച്ചു വീട് പണിയാൻ എനിക്കാവും. എത്രയായാലും കുറെ വീടുകൾ പണിഞ്ഞതിൽ പങ്കാളി ആയ ആളല്ലേ ഞാൻ.”
അതോടെ എന്റെ മനസ്സിലും സ്വന്തമായ ഒരു വീട് എന്ന മോഹം കടന്നുകൂടി.
എല്ലാ ദിവസവും സന്ധ്യക്ക് ഞങ്ങൾ കെട്ടാൻ പോകുന്ന വീടിനെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി.
നാലുവർഷം തികയറായപ്പോൾ വിജയേട്ടൻ പരിചയമുള്ള ഒരു ആർക്കിടെക്ടിനെ കൊണ്ട് പത്തു ലക്ഷം രൂപക്കകത്തു നിൽക്കുന്ന ചെറിയൊരു വീടിന്റെ പ്ലാൻ വരച്ചു കൊണ്ടു വന്നു. പിന്നെ അത് വച്ചായി സന്ധ്യയിലെ സ്വപ്നം കാണൽ. അന്നത് വെറും സ്വപ്നമല്ലോ. മൂന്നു മാസം കൂടി കഴിയുമ്പോൾ രൂപ കയ്യിലെത്തും.
മൂന്നു വയസ്സുള്ള മക്കളും ചിലപ്പോൾ കൂടെ വന്നിരിക്കും. ഇതാണ് നമ്മൾ പണിയാൻ പോകുന്ന വീടെന്നു പറഞ്ഞ് വിജയേട്ടൻ അവരെ പ്ലാൻ കാണിക്കും. ഓരോ മുറികളെക്കുറിച്ചും വിശദമായി പറയും. ഒന്നുമറിയില്ലെങ്കിലും ഇതെന്റെ മുറിയെന്നൊക്കെ പറഞ്ഞ് അവർ വഴക്കിടുമ്പോൾ വിജയേട്ടൻ സന്തോഷം കൊണ്ട് ചിരിക്കും.
എല്ലാം അവസാനിച്ചില്ലേ. ഇന്നലെ ഉച്ച കഴിഞ്ഞാണ് കുഴഞ്ഞു വീണ വിജയേട്ടനെ കൂട്ടുകാർ ആശുപത്രിയിലാക്കിയെന്ന് വിളിച്ചു പറഞ്ഞത്. ഓടിയെത്തുമ്പോഴേക്കും അദ്ദേഹം വല്ലാത്ത അവസ്ഥയിലായിരുന്നു. തന്നെ കണ്ട് കുഴഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
“എല്ലാം പോയി രാധികേ. എനിക്ക് താങ്ങാൻ പറ്റുന്നില്ലല്ലോ. വീടെന്ന നമ്മുടെ സ്വപ്നം ആ ദുഷ്ടന്മാർ നശിപ്പിച്ചു .”
പെട്ടെന്ന് അദ്ദേഹത്തിന്റെ ബോധം പോയി. ICU വിലക്ക് മാറ്റുകയും ചെയ്തു.
എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പോഴാണ് വിജയേട്ടന്റെ കൂടെ പണിയുന്ന രവിയേട്ടൻ അടുത്ത് വന്നത്.
“രാധികേ, നീയിനി അതറിഞ്ഞല്ലേ പറ്റൂ. വിജയൻ പണം നിക്ഷേപിച്ചിരുന്ന ബാങ്ക് പൂട്ടിപ്പോയി. ഇന്ന് രാവിലെ ആ കെട്ടിടവും പൂട്ടിക്കെട്ടി എല്ലാവരും രക്ഷപ്പെട്ടു. അവിടെ ആട് കിടന്നതിന്റെ ഒരു പൂട പോലുമില്ല. ഞങ്ങൾ പണി ചെയ്തു കൊണ്ടിരിക്കെ ഒരു കൂട്ടുകാരൻ അവിടെ വന്ന് ഈ വിവരം പറഞ്ഞു. വിജയൻ അങ്ങോട്ട് ഓടുകയായിരുന്നു. ഞാനും പിറകെ ചെന്നു. സംഗതി ശരിയാണെന്നു മനസ്സിലായപ്പോൾ അവൻ കുഴഞ്ഞു വീണു. “
“ഈശ്വരാ, എനിക്കും തല കറങ്ങുന്നല്ലോ. വീടില്ലെങ്കിൽ വേണ്ട, വിജയേട്ടന് ഒന്നും പറ്റാതിരുന്നാൽ മതി .” ഞാൻ സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞു.
പക്ഷെ എന്റെ പ്രാർത്ഥന ദൈവങ്ങൾ കേട്ടില്ല. അന്ന്. അതായത് ഇന്നലെ വൈകുന്നേരം വിജയേട്ടൻ പോയി.
ശാരദേച്ചി കഞ്ഞിയും കൊണ്ട് അടുത്ത് വന്നിരുന്നു. കൂടെ എന്റെ മോനുമുണ്ടായിരുന്നു. അവൻ മടിയിൽ തല ചായ്ച്ചു കിടന്നു.
“നമുക്കൊന്നും വീടെന്ന സ്വപ്നം കാണാൻ വിധിയില്ല രാധികേ. ഇനി അതെല്ലാം മറന്ന് കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്ക്.” ശാരദേച്ചി പറഞ്ഞു.
“ഇല്ല, ഞാൻ വളർന്ന് വലുതാകുമ്പോൾ നല്ലൊരു വീട് വയ്ക്കാം അമ്മെ.” ഒന്നുമറിയില്ലെങ്കിലും ആ കുഞ്ഞു വായ അത് പറയുമ്പോൾ അവനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി.
“ശാരദ പറയുന്നതാണ് ശരി. നമുക്കൊന്നും മോഹിക്കാൻ കൂടി അവകാശമില്ല. കുഞ്ഞുങ്ങളുടെ ഉള്ളിലും ഇനി ഒരു മോഹവും ഉണ്ടാക്കേണ്ട രാധികേ. ” വിജയേട്ടന്റെ ശബ്ദം മനസ്സിൽ കേട്ടു.
“അതെ, അതു തന്നെയാണ് ശരി.” കണ്ണീർ തൂത്തിട്ട് കഞ്ഞി കുടിക്കുമ്പോൾ മനസ്സ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു
#കൂട്ടക്ഷരങ്ങൾ #എന്റെരചന മത്സരം #വീട് സ്വപ്നം കാണുന്നവർ


6 Comments
സങ്കടം ആയി
സ്വപ്‌നങ്ങൾ പൊലിഞ്ഞിട്ടും ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടി വരുന്ന അവസ്ഥ
എത്ര പേരുടെ ജീവിതങ്ങളാണ് ഇങ്ങനെ പൊലിഞ്ഞിരിക്കുന്നത്.
നന്നായിട്ട് എഴുതി
നോവുകൾ
ഹൃദയസ്പർശ്ശിയായ രചന.
❤️👍
നന്നായി എഴുതി