ഞാൻ ഓമനേച്ചിയെ കാണുന്നത് എന്റെ വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾക്ക് ശേഷമാണ്. വിവാഹത്തിനു ശേഷം ഹരിയേട്ടന്റെ അച്ഛൻ മാനേജർ ആയിട്ടുള്ള അവരുടെ തന്നെ യൂപി സ്കൂളിൽ ഞാൻ ടീച്ചറായി ജോയിൻ ചെയ്തിരുന്നു. സ്കൂൾ അടുത്തായതു കൊണ്ടു ഉച്ചക്ക് ഊണു കഴിക്കാൻ വരുന്ന പതിവുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം വരുമ്പോൾ ഉമ്മറത്തെ ചാരുപടിയിൽ അമ്മയോടൊപ്പം ഇരുന്നു സംസാരിക്കുകയായിരുന്നു ഓമനേച്ചി. എന്നെ കണ്ടപ്പോൾ അവർ ചിരിച്ചു കൊണ്ടു അടുത്തേക്ക് വന്നു.
അപ്പോൾ അമ്മ പറഞ്ഞു. “മോളെ ഇതു ഓമനേച്ചി.നമ്മുടെ കുടുംബത്തിലെ ഒരു അംഗം പോലെ തന്നെയാണ്. ഹരിയൊക്കെ ചെറുതായിരിക്കുമ്പോൾ ഞങ്ങൾ കുറേക്കാലം ഒന്നിച്ചു അടുത്തടുത്തു താമസിച്ചവരാണ്.”
അപ്പോൾ ഓമനേച്ചി പുഞ്ചിരിയോടെ പറഞ്ഞു.”കല്യാണത്തിന് വരാൻ പറ്റിയില്ല മോളെ. ഞാനപ്പോൾ ചെന്നൈയിൽ ഒരു ആശ്രമത്തിൽ ആയിരുന്നു.”
അവർ പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ചു. എന്റെ വിട്ടുകാരെ കുറിച്ചൊക്കെ അനേഷിച്ചു. ഞാൻ ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് വീണ്ടും ഇറങ്ങുമ്പോൾ എന്നോട് പറഞ്ഞു.
“വൈകുന്നേരം വന്നിട്ട് കാണാം മോളെ. ഹരിയെ കൂടി കണ്ടിട്ട് നാളെ രാവിലെയേ ഞാൻ പോവുന്നുള്ളു.”
ഞാൻ അവരെ ആദ്യമായിട്ടു കണ്ടതാണെങ്കിലും സംസാരിച്ചപ്പോൾ ഏറെക്കാലം പരിചയമുള്ളതു പോലെ തോന്നി
രാത്രി ഹരിയേട്ടൻ കൂടി എത്തിയപ്പോൾ ഞങ്ങൾ എല്ലാവരും കുറെ നേരം സംസാരിച്ചു. ഭക്ഷണം എടുത്തുവെക്കാനും കറികൾ വിളമ്പാനും ഒക്കെ ഓമനേച്ചി കൂടെ കുടുകയും ചെയ്തു. കിടക്കാൻ നേരം അവർ പറഞ്ഞു.
“ഞാൻ രാവിലെ അഞ്ചരയുടെ ട്രെയിനു ഇറങ്ങും. നിങ്ങൾ എല്ലാവരും കൂടി ഒരു ദിവസം തൃശൂർക്കു വരണം. എന്നിട്ട് ഗുരുവായൂരിൽ ഒക്കെ പോയിട്ട് തിരിച്ചു പോരാം.”
അടുത്തു തന്നെ വരാമെന്നു ഹരിയേട്ടൻ സമ്മതിക്കുകയും ചെയ്തു.
പിറ്റേ ദിവസം ഞങ്ങൾ ഉണർന്നു വരുമ്പോഴേക്കും ഓമനചേച്ചി പോയിരുന്നു.
അന്നു വൈകിട്ട് സ്കൂളിൽ നിന്നു എത്തിയ ശേഷം ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് അമ്മ ഓമനച്ചേച്ചിയുടെ ആ കഥ പറഞ്ഞത്.
അമ്മയേക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതൽ ഉണ്ടാവും ഓമനയേച്ചിക്ക്. അമ്മ കല്യാണത്തിന് ശേഷം അച്ഛന്റെ കൂടെ പുതിയ സ്ഥലത്തു എത്തുമ്പോൾ അവർ താമസിച്ച വീട്ടിന്റെ തൊട്ടടുത്തു താമസിക്കുകയായിരുന്നു ഓമനേച്ചിയും കുടുംബവും.അച്ഛനും അമ്മയും ഓമനേച്ചിയും ആയിരുന്നു വിട്ടിൽ ഉണ്ടായിരുന്നതു. ഒരു ചേച്ചി ഉള്ളത് കല്യാണം കഴിഞ്ഞു പോയിരുന്നു. ഓമനേച്ചിയുടെ മുറച്ചെറുക്കനായ മുരളിയുമായി അവരുടെ വിവാഹം ഉറപ്പിച്ചിരുന്നു
എന്തെങ്കിലും ഒരു ജോലി കിട്ടിട്ടു മതി എന്ന ഓമനേച്ചിയുടെ വാശിയിൽ അതു അങ്ങിനെ നീണ്ടു എന്നു മാത്രം. പ്രീ ഡിഗ്രി കഴിഞ്ഞു ബി കോം പഠിച്ചു കൊണ്ടിരുന്ന സമയത്താണ് ഒരു ഗ്രാമീണബാങ്കിൽ ജോലി ശരിയായത്. അതു കുറച്ചു ദൂരെ ആയിരുന്നു. എന്നും പോയി വരാൻ പറ്റില്ല.അപ്പോഴാണ് അവരുടെ ഒരു ബന്ധുവായ ദേവിഅമ്മായി അവരുടെ ഒരു ക്ലാസ്സ്‌മെറ്റു ആയ കനകഅമ്മയുടെ വിട്ടിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തത്.
അവരുടെ ഭർത്താവ് മരിച്ചു പോയിരുന്നു. രണ്ടു മക്കൾ ആയിരുന്നു അവർക്ക്. മോളു മാത്രമേ കൂടെ ഉള്ളു. മോൻ ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചതു കൊണ്ടുവിട്ടിൽ നിന്നും അകന്നു കഴിയുന്നു.
താമസിച്ചു തുടങ്ങിയപ്പോൾ തന്നെ ഓമനേച്ചിക്ക് ആ അമ്മയെയും മകളെയും ഇഷ്ടപ്പെട്ടു. എല്ലാ വീക്ക്‌എൻഡും ഓമനേച്ചി സ്വന്തം വീട്ടിലേക്കു പോവും. ആദ്യമൊക്കെ അവരുടെ മുരളിയേട്ടൻ വന്നു കൊണ്ടു പോകുമായിരുന്നു. പിന്നെപിന്നെ സ്വന്തമായി ടൗണിൽ എത്തുന്ന ഓമനേച്ചിയെ അവിടെ വന്നു മുരളിയേട്ടൻ കുട്ടിക്കൊണ്ടുപോവും.
അപ്പോഴേക്കും വർഷം ഒന്ന് ആവറായി. ഇനി കല്യാണം താമസിക്കേണ്ട വേഗം നടത്താം എന്നുള്ള തീരുമാനത്തിൽ ആയിരുന്നു ഓമനേച്ചിയുടെയും മുരളിഏട്ടന്റെയും വീട്ടുകാർ. ആ സമയത്തായിരുന്നു കനകമ്മയുടെ മോൾ ലതക്ക് ഒരു വിവാഹം ശരിയായി വന്നത്. പയ്യൻ ഗൾഫ്കാരൻ ആയതു കൊണ്ടു രണ്ടാഴ്ച കൊണ്ടു പെട്ടെന്ന് തന്നെ വേണം എന്നായിരുന്നു ആവിശ്യം. അങ്ങനെ ആ വിവാഹം നടന്നു.
വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ ഓമനേച്ചി സ്വന്തം നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടാൻ ഉള്ള ശ്രമം തുടങ്ങി. എന്നിട്ട് വേണമല്ലോ അവരുടെ വിവാഹം നടത്താൻ.
ലത കൂടി വിട്ടിൽ നിന്നു പോയപ്പോൾ കനകഅമ്മയും ഓമനേച്ചിയും മാത്രമായി വിട്ടിൽ. കനകഅമ്മക്കാണെങ്കിൽ പ്രഷർ ഷുഗർ തുടങ്ങിയ അസുഖങ്ങളും തുടങ്ങി. ഓമനേച്ചിക്കു പതിവായി വീക്ക്‌എൻഡിൽ ഉണ്ടായിരുന്ന വിട്ടിൽ പോക്ക് പലപ്പോഴും മുടങ്ങി. ഇതു അവരുടെ മുരളിഏട്ടന് വലിയ ദേഷ്യമായി മാറി. ഇതിനിടയിൽ ലത ഗർഭിണി ആയിരുന്നു.
ലതയെ പ്രസവത്തിനായി വിട്ടിൽ കൊണ്ടുവന്നു.. ആ സമയത്തു അവളുടെ ഭർത്താവ് ഗൾഫിലേക്ക് തിരിച്ചു പോയി. ലതയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത സമയത്തായിരുന്നു ആ ആപത്തു സംഭവിച്ചത്. ലതയുടെ ഭർത്താവ് ഒരു റോഡാപകടത്തിൽ ഗൾഫിൽ മരണമടഞ്ഞു. വിവരമറിഞ്ഞ ലത തളർന്നുപോയി. പ്രസവിച്ച ആൺകുഞ്ഞിനെ അവൾ ഒന്നു എടുക്കുക കൂടി ചെയ്തില്ല. ഒരു ഡിപ്രഷനിലേക്ക് പോയിരുന്നു അവൾ.
ട്രാൻസ്ഫർ വരുമ്പോൾ വരട്ടെ വിവാഹം ഇനി അധികം വൈകിക്കണ്ട. എന്നു മുരളിയേട്ടൻ നിർബന്ധിച്ചപ്പോൾ ഓമനേച്ചി ആകെ വിഷമത്തിലായി.കാരണം അസുഖക്കാരായ രണ്ടുപേരുടെ അടുത്തു ഒരു പിഞ്ചുകുഞ്ഞിനെ ആക്കിട്ടു പോവാൻ അവർക്കു പറ്റുമായിരുന്നില്ല.
കുഞ്ഞിനെ ഒന്നുതിരിഞ്ഞു പോലും നോക്കാതെ ഡിപ്രഷനിൽ ആയ ലത ഒരു ദിവസംഅടുത്തുള്ള ഒരു പുഴയിൽ ചാടി മരിച്ചു.
കുഞ്ഞിനെ വിട്ടിട്ടു വരാൻ മുരളിയേട്ടൻ ഓമനേച്ചിയെ നിർബന്ധിച്ചു. പക്ഷേ അതു അവർക്കു കഴിയുമായിരുന്നില്ല.
മുരളിയേട്ടന് ആകെ ദേഷ്യമായി.
ഒരാഴ്ച കൊണ്ടു വന്നില്ലെങ്കിൽ ഇങ്ങനെ ഒരാളെ ഞാൻ ഇഷ്ടപെട്ടില്ലെന്നു കരുതിക്കോളാം എന്ന ഭിഷണിയിൽ അയാൾ പോയപ്പോഴും ഓമനേച്ചിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
രണ്ടാഴ്ച്ചക്കുള്ളിൽ മുരളിയേട്ടൻ വിവാഹിതനായപ്പോൾ ജീവിതം നഷ്ടപെട്ട ഓമനേച്ചി പൊട്ടിക്കരയുക അല്ലാതെ എന്തു ചെയ്യാൻ.
മോളുടെ മരണത്തോടെ കനകമ്മ മനസ്സു താളം തെറ്റിയ അവസ്ഥയിൽ ആയി. കുഞ്ഞിനെ പോലും അറിയാത്ത സ്ഥിതി. ഓമനേച്ചിക്ക് ജോലിക്ക് പോലും പോവാൻ പറ്റാതെ ആയി.
എല്ലാം ഉപേക്ഷിച്ചു പോവാൻ പലരും നിർബന്ധിച്ചു എങ്കിലും ആ കുഞ്ഞു മുഖം അവരെ ഒന്നിനും അനുവദിച്ചില്ല. അവസാനം ആ കുഞ്ഞിനേയും കനകഅമ്മയെയും അനാഥമന്ദിരത്തിൽ ആക്കാൻ വേണ്ടി അവരുടെ മകനെത്തി.
അവരുടെ കുടുംബസ്വത്തിൽ അവകാശം പിടിച്ചെടുക്കാൻ വേണ്ടി കുഞ്ഞിന്റെ പേരും പറഞ്ഞു പറ്റിച്ചേർന്നു നിൽക്കുകയാണെന്ന് കുറ്റപ്പെടുത്തിയപ്പോൾ അവരാ വിട്ടിൽ നിന്നു ഇറങ്ങിപോവാൻ തീരുമാനിച്ചു. കുഞ്ഞു അപ്പോഴേക്കും ഓമനേച്ചിയെ അമ്മേ എന്നു വിളിച്ചു തുടങ്ങിയിരുന്നു.
കനക അമ്മ യെയും കൊണ്ടു മോൻ പോവുമ്പോൾ അവരെ തടയാൻ ഓമനേച്ചിക്ക് ആയില്ല.
എല്ലാവർക്കും ശല്യമായ ആ കുഞ്ഞിനെ കൂടെ കൂട്ടാൻ അവർ തീരുമാനിച്ചു. ബന്ധുക്കളും കൂട്ടുകാരും കൂടെപിറപ്പും ഒക്കെ അവരെ അവഗണിച്ചപ്പോൾ
മനുഷ്യത്വത്തിന്റെ പേരിൽ ആ അവഗണന സഹിക്കാൻ തന്നെ ആയിരുന്നു അവരുടെ തീരുമാനം.
അപ്പോഴേക്കും അവരുടെ നാട്ടിലേക്കുള്ള ട്രാൻസ്ഫർ ശരിയായി കിട്ടി. അതു അവർ തൃശൂർ ക്കു ചോദിച്ചു വാങ്ങി.
അങ്ങിനെ അവർ പ്രസവിക്കാതെ ഗോകുൽ എന്ന കണ്ണന്റെ അമ്മയായി. അവനു വേണ്ടി മാത്രം ജീവിച്ചു കൈമോശം വന്ന ആ സ്വന്തം ജീവിതത്തെ കുറിച്ചു പിന്നെ ഓർത്തതേ ഇല്ല. കണ്ണൻ ഇന്നു ഹൈദരാബാദിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആണ്. അതു അവന്റെ സ്വന്തം അമ്മയല്ലെന്നു അവനു അറിയാം. പക്ഷേ ലോകത്തിൽ ഇത്ര മേൽ സ്നേഹിക്കുന്ന ഒരു അമ്മയും മകനും ഉണ്ടാവില്ല. ഇനി അവന്റെ വിവാഹമാണ് ആ അമ്മയുടെ സ്വപ്നം. ഇപ്പോഴും തന്റെ പെൻഷനിൽ നിന്നു ഒരു ചെറിയത്തുക അവർ ആരോരും ഇല്ലാത്തവർക്കായി മാറ്റി വെയ്ക്കുന്നു. പല ആശ്രമങ്ങളിലും അവർ സന്ദർശക യാണ്. കണ്ണനോട് വിവാഹത്തെ കുറിച്ചു പറയുമ്പോൾ അവൻ സ്നേഹത്തോടെ വാശി പിടിക്കും അമ്മ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവുമെങ്കിൽ മാത്രേ എനിക്കു വിവാഹം വേണ്ടു. ആരും അല്ലാത്ത ഒരു കുഞ്ഞിന് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച ആ അമ്മയെ സ്നേഹിക്കാതിരിക്കാൻ നമുക്കും ആവില്ലല്ലോ.
ഓമനേച്ചിയുടെ കഥ പറഞ്ഞു നിർത്തിയ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ അമ്മയെ നോക്കി പുഞ്ചിരിച്ചു.
#എന്റെ രചന
പെണ്ണൊരുത്തി


7 Comments
നല്ല കഥ 👌
ആദ്രത നിറഞ്ഞ വരികൾ….ഇതുപോലെ സ്നേഹിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ…. ആശംസകൾ 🌹
Touching story👌👌
ഓമനാമ്മ ശരിക്കുമുള്ള സ്ത്രീ ആണോ? ദേവത 😍❤️
അപൂർവ്വമായ സ്നേഹബന്ധങ്ങൾ. നല്ല കഥ.👍
രക്തബന്ധത്തേക്കാൾ, കുടുംബ ബന്ധത്തേക്കാൾ ശക്തമായ സ്നേഹന്ധത്തിൻെറ കഥ- ഓമനേച്ചിയെ ഒരുപാടിഷ്ടമായി👌❤️👍
ഇതു പോലെ എല്ലാർക്കും എല്ലാരേയും സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നല്ലത് ആയിരുന്നു 🥰❤️
മനസ്സിൽ തട്ടിയ വരികൾ 👌