തീർച്ചയായും എന്റെ അമ്മ തന്നെയാണ്, എനിക്ക് ജീവിതത്തിൽ പ്രചോദനമായിട്ടുള്ളത്.
അത് കഴിഞ്ഞേ മറ്റുള്ളവർ ഉള്ളൂ.
ജീവിതത്തിൻ്റെ വഴികാട്ടിയും അമ്മയാണ്. എങ്ങനെ ലളിതമായി ജീവിക്കാം എന്ന് കാണിച്ചു തന്നതും പഠിപ്പിച്ചു തന്നതും അമ്മയാണ്. ഉള്ളത് കൊണ്ട് എങ്ങനെ ജീവിക്കണം?
എങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം?
എങ്ങനെ വായിക്കണം? എത്ര പെട്ടെന്ന് വായിച്ചു തീർക്കാം?
എങ്ങനെ രസകരമായി ഒരു കഥ പറയാം എന്നൊക്കെ അമ്മയുടെ ജീവിതമാണ് വഴികാട്ടി.
അച്ഛനുണ്ടെങ്കിലും ഇല്ലാത്ത പോലെയായിരുന്നു ഞങ്ങൾക്ക്. ഞങ്ങൾ മൂന്ന് മക്കളെ വളർത്തിക്കൊണ്ടുവരിക എന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. അമ്മയ്ക്ക് എങ്ങനെ അതിന് കഴിഞ്ഞു എന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്.
ഞങ്ങൾ പണ്ട് മുതലേ തറവാട് വീട്ടിൽ ആയിരുന്നു താമസം. അവിടെ അമ്മയുടെ മുത്തശ്ശിയാണ് ഉള്ളത്. അമ്മയുടെ അമ്മ മരിച്ചു. മുത്തശ്ശിക്കാണെങ്കിൽ നടക്കാനൊക്കെ ബുദ്ധിമുട്ടുണ്ട് പിന്നീട് അവരും എന്റെ കുട്ടിക്കാലത്ത് തന്നെ മരിച്ചു.. അടുത്തുള്ള അമ്പലത്തിൽ കഴകം ഉണ്ടായിരുന്നു അമ്മയ്ക്ക്.
അടിച്ചു തളിക്കുക, മാലകെട്ടുക, പൂക്കൾ പുഷ്പാഞ്ജലിയ്ക്ക് തയ്യാറാക്കുക. വിറക് കൊണ്ട് കൊടുക്കുക തുടങ്ങിയ അനേകം പണികൾ അമ്പലത്തിൽ ചെയ്യണം. അതിന് ശമ്പളം എന്ന് പറയുന്നത് പണ്ട് നെല്ല് ആണ് ദേവസ്വത്തിൽ നിന്നും തരുന്നത്. അത് കുത്തി ഉണക്കലരിയാക്കി അമ്പലത്തിൽ കൊണ്ടുപോയി കൊടുക്കണം. അപ്പോൾ നിവേദ്യം വച്ച് ആ ചോറ് തരും. കുറേ വർഷങ്ങൾ അങ്ങനെ ആയിരുന്നു. പിന്നീട് ദേവസ്വം ബോർഡ് ചെറിയ തോതിൽ ശമ്പളം നൽകിത്തുടങ്ങി.
അത് കൊണ്ടാണ് ഞങ്ങളെ വളർത്തിയത്.
അച്ഛൻ തമിഴ് നാട്ടിൽ ഒരു ഹോട്ടൽ നടത്തുന്നുണ്ട്.
ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒന്ന് വരും.
വല്ലതും നൂറോ ഇരുന്നൂറോ രൂപ തരും.
അത്ര തന്നെ. പിന്നീട് കാണുന്നത് രണ്ട് വർഷം കഴിഞ്ഞ്.
മക്കൾ പഠിക്കുന്നുണ്ടോ? എത്രയിൽ ആണ്? അവർക്ക് സ്കൂളിൽ പോകാൻ വല്ല വസ്ത്രങ്ങളും ഉണ്ടോ? ഭക്ഷണം കഴിക്കാൻ വല്ലതും കിട്ടുന്നുണ്ടോ? ഇതൊന്നും അച്ഛൻ അന്വേഷിക്കാത്തത് കൊണ്ട് അമ്മ തന്നെ എല്ലാ കാര്യത്തിനും മറുപടി കണ്ടെത്തണം.
വീട്ടിൽ കുറച്ചു സ്ഥലം ഉള്ളതിനാൽ അവിടെ ചില്ലറ കൃഷികൾ അമ്മ തന്നെ ചെയ്യും. വാഴ. ചേമ്പ്, ചേന, കിഴങ്ങ്, പയർ. മറ്റ് പച്ചക്കറികൾ. ഇവയൊക്കെ കൃഷി ചെയ്തു വന്നു.
എത്രയോ വാരം പയർ ഒക്കെ അമ്മ തന്നെ നടുമായിരുന്നു. പിന്നെ മുതിര, ഉഴുന്ന്, തുവര ഇവയൊക്കെ വളപ്പിൽ നടും. ചുരുക്കത്തിൽ പച്ചക്കറികളൊന്നും എത്രയോ വർഷം വാങ്ങേണ്ടി വന്നിട്ടില്ല.
ഉണക്കലരിച്ചോറ് പപ്പടം കാച്ചിയ വെളിച്ചെണ്ണ ചേർത്ത് ഉരുളയാക്കി ഞങ്ങൾക്ക് അമ്മ തരും.
അതിൻ്റെ സ്വാദ് മറ്റൊരിടത്തും ഒരു സദ്യയിലും കിട്ടിയിട്ടില്ല.
അന്ന് മഴപെയ്യുമ്പോൾ പാത്രങ്ങൾ നിരത്തി വച്ച് ഞങ്ങൾ ഉറങ്ങാതെ ഇരിക്കും. കാരണം മേൽക്കൂര മുഴുവൻ ചോർച്ചയാണ്. അതൊക്കെ ഇളക്കി മേയണമെങ്കിൽ പണം വേണ്ടേ? ചിതൽ പിടിച്ചു വീണ് പോയ പട്ടികകൾക്ക് പകരം തെങ്ങിന്റെ പട്ട വയ്ക്കും ഓടുകൾ വീഴാതിരിക്കാൻ.
ഈ കഷ്ടപ്പാടുകൾക്കിടയിലും അമ്മ അതൊന്നും ഒരു സങ്കടവും പറയാതെ ഞങ്ങളെ വളർത്തി. എനിക്ക് ഒരു ചെറിയ ജോലി ആയശേഷമാണ് വീടൊക്കെ പുതുക്കി പണിതത്. ഒറ്റയ്ക്ക് ശക്തമായി ജീവിതത്തെ അഭിമുഖീകരിച്ചു അമ്മ.
ഇങ്ങനെ അമ്പലത്തിലെ ജോലികൾ, പല സ്ഥലങ്ങളിലും പോയി അമ്പലത്തിൽ മാല കെട്ടാൻ വേണ്ട പൂക്കൾ കൊണ്ട് വരൽ, വീട്ടിൽ അടുക്കള ജോലികൾ, അതിനിടെ കൃഷി. വെള്ളം അകലെ അമ്പലകിണറ്റിൽ നിന്നും അമ്പലക്കുളത്തിൽ നിന്നും കൊണ്ട് വന്ന് നനയ്ക്കൽ, വിറക് എന്തെങ്കിലും വളപ്പിൽ തന്നെ ഉണ്ടാകും. അത് അമ്മ തന്നെ കീറിയെടുക്കും.
തെങ്ങിൻ്റെ ഓലമെടയും.
രാപ്പകൽ ഈ ജോലികൾ ഒരു മടിയും കൂടാതെ ചെയ്തു.
വലുതായപ്പോൾ ഞാൻ സഹായിച്ചിരുന്നു എല്ലാറ്റിനും. അനിയനും അനിയത്തിയും പഠിക്കാൻ പോകും. അവർ രണ്ട് പേരും ഡിഗ്രിയൊക്കെ എടുത്തു.
എനിക്ക് കോളേജിൽ ഒന്നും പോകാൻ പറ്റിയില്ല. അന്ന് വളരെയധികം ബുദ്ധിമുട്ട് ആയിരുന്നു.
ഇതിനിടെ അമ്മ വായനശാലയിൽ നിന്നും പുസ്തകങ്ങൾ കൊണ്ട് വന്ന് വായിക്കുമായിരുന്നു.
രാത്രിയിൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ പാതിരാ നേരത്ത് വായിക്കും. ഒരു നോവൽ ഒക്കെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തേ ഉറങ്ങൂ.
എനിക്കും അനിയനും ഒക്കെ ഈ വായനയും എഴുത്തും എല്ലാം ഒരു കഴിവായി വരാൻ കാരണം അമ്മയുടെ ഈ വായനാശീലം തന്നെ. ഞങ്ങളൊക്കെ വളരെ ചെറിയ കുട്ടിക്കാലം മുതൽ വായന തുടങ്ങി.
അത് പോലെ ധാരാളം സിനിമകൾ തിയേറ്ററിൽ പോയി കാണുമായിരുന്നു. ഞങ്ങളേയും കൊണ്ട് പോകും. അന്ന് നാലഞ്ചു കിലോമീറ്റർ നടന്നാണ് പോകുന്നത്. ബസ്സിലൊക്കെ അപൂർവമായേ പോകൂ!
അമ്മ ഒരു കാര്യം പറയുമ്പോൾ കഥ പറയുന്നത് പോലെയാണ് പറയുക. അത് പോലെ സിനിമ കണ്ട് വന്ന് ഞങ്ങളോട് കഥപറയും.
പിന്നെ ടെലിവിഷൻ വന്നപ്പോൾ സീരിയൽ കാണുമായിരുന്നു. എല്ലാ സീരിയലും. പിന്നീട് വയ്യാതെയായി കിടന്നപ്പോൾ റേഡിയോ കേൾക്കണം എപ്പോഴും.
അമ്മ എന്ന നിലയിൽ അല്ല ഒരു സുഹൃത്ത് എന്ന നിലയിൽ ആയിരുന്നു അമ്മ. എല്ലാ കാര്യങ്ങളും പറയും. അഭിപ്രായം ചോദിക്കും. അതനുസരിച്ചാണ് ചെയ്യുക. അച്ഛന്റെ നിസ്സഹകരണവും സ്നേഹമില്ലായ്മയും അമ്മയുടെ മനസ്സിൽ വല്ലാത്ത ദുഃഖം ഉണ്ടാക്കിയെങ്കിലും അതൊന്നും കാണിക്കാതെ ജീവിതത്തിൽ മുഴുകി.
അവസാനകാലത്ത് അമ്മയ്ക്ക് ഒരു കൂട്ടാവട്ടെ ഇനി എങ്ങോട്ടും പോകണ്ട, ജോലി ഉപേക്ഷിച്ച് വരൂ എന്ന് അച്ഛനോട് പറഞ്ഞപ്പോൾ ഉണ്ടായിരുന്ന കച്ചവടം ഉപേക്ഷിച്ച് അച്ഛൻ തിരിച്ചു വന്നു. കുറച്ച് വർഷങ്ങൾ വീട്ടിൽ തന്നെ ഇരുന്നു.
പക്ഷേ എന്തോ പറഞ്ഞു അമ്മയോട് തല്ലു കൂടി അച്ഛൻ നാട് വിട്ടു പോയി.
എന്നിട്ട് തിരിച്ചു വന്നതേയില്ല.
ആ വേദനയൊക്കെ ഉള്ളിൽ ഒതുക്കിയാണ് പിന്നീട് അമ്മ ജീവിച്ചത്.
ആ അമ്മയെ മറ്റ് ചിലർ പറ്റിച്ചു എന്നത് വേറെ കാര്യം. അതൊന്നും പറയുന്നില്ല.
2021ൽ എൺപത്തി ഒമ്പതാമത്തെ വയസ്സിൽ ആണ് അമ്മ മരിച്ചത്.
മരിക്കുന്നതിൻ്റെ ഏതാനും സമയം മുൻപ് വരെ ഞാനുമായി സംസാരിച്ചിരുന്നതാണ്.. വെറുതെ ഒന്ന് കിടന്നതാണ്. പിന്നെ ഉണർന്നില്ല. ആ ഓർമ്മകൾക്ക് മരണമില്ല.
എന്റെ ജീവിതത്തിൽ ഓരോ കാര്യങ്ങളിലും അമ്മയുടെ സ്വാധീനം ഇപ്പോഴും അനുഭവപ്പെടുന്നു.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_പെണ്ണൊരുത്തി
#ഓർമ്മക്കുറിപ്പ്_ജീവിതത്തിന്പ്രചോദനമായഎന്റെഅമ്മ
#രചന_രാമചന്ദ്രൻടിവി


8 Comments
അമ്മ തന്നെയാണ് ആദ്യ ഗുരു ❤️
നന്ദി സ്നേഹം സന്തോഷം
അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ എന്നും തെളിമയോടെ കൂടെ ഉണ്ടാവട്ടെ
നൊമ്പരവും ആദരവും
അമ്മയോടു ആദരവും സ്നേഹവും തോന്നിയ എഴുത്ത്. 🙏❤️
ജീവിതത്തോട് പടവെട്ടി ജയിച്ച ആ അമ്മയെ കുറിച്ച് അഭിമാനിക്കുക. ആ അമ്മ പകർന്നു തന്ന വായനയുടെ വെളിച്ചം ജീവിത കാലം മുഴുവൻ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും വഴികാട്ടട്ടെ👌.. ആശംസകൾ ❤️👍
അഭിമാനവും സന്തോഷവും തന്ന വായനാനുഭവം . അമ്മയ്ക്കു തുല്യം മറ്റെന്താണ് നമുക്കുള്ളത് അല്ലേ?👌👌👏👏❤️❤️
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും സ്നേഹത്തിനും പിന്തുണക്കും എല്ലാവർക്കും നന്ദി സ്നേഹം സന്തോഷം