പേര് പറയണോ… വേണ്ട.
ഞാൻ അവരെ വിളിക്കുന്ന പേര് പറയണോ… അതും വേണ്ട.
എന്റെ കൂടെയുള്ള ആളാണ് — അത്ര മാത്രം മതി.
എന്റെ കുട്ടിക്കാല ഓർമ്മകളിൽ അവരുടെ സാന്നിധ്യം വളരെ കുറവാണ്.
കാരണം, ഞാനും എന്റെ കൂടപ്പിറപ്പും അമ്മയും അച്ഛനും ഒരുമിച്ച്
ഈ പറഞ്ഞ ആൾ… വേറെ ഒരു വീട്ടിൽ.
എന്തിനെന്ന് ഇന്നുവരെ അറിയില്ല.
ആരോടും ചോദിച്ചിട്ടില്ല… ഇനി ചോദിക്കാനും പോണില്ല.
കാലം കടന്നുപോയി.
ഞാൻ വലുതായി.
അതിനൊപ്പം ചിന്തകളും വലുതായി.
അപ്പോ ഞാൻ ചിന്തിക്കും —
ആ വേറെ വീട്ടിൽ അവർ എങ്ങനെ കഴിഞ്ഞു?
സന്തോഷത്തോടെയോ… അല്ലെങ്കിൽ സങ്കടം ഒളിപ്പിച്ചോ?
ആർക്കറിയാം.
ഞാൻ ചോദിച്ചിട്ടില്ല. ഇനി ചോദിക്കേം ഇല്ല..
ചിലപ്പോൾ ദേഷ്യവും തോന്നിയിട്ടുണ്ട്.
എന്റെ കാര്യങ്ങളിൽ അവർ ആവശ്യമില്ലാതെ ഇടപെട്ടോ എന്ന് സംശയിച്ചിട്ടുണ്ട്.
അതേ സമയം,
എന്റെ ജീവിതത്തിലെ ചില വലിയ തീരുമാനങ്ങൾ വന്നപ്പോൾ
“ഇതിൽ ഒന്ന് ഇടപെടാമായിരുന്നില്ലേ ?” എന്ന ചിന്തയും വന്നിട്ടുണ്ട്.
ഞാൻ ഒരു സ്വാർത്ഥയാണ്
എനിക്ക് എന്റെ ജീവിതം മാത്രം മതി.
ജീവിതം വഴികളിലൂടെ ഒഴുകുമ്പോ,
അതിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന ആളാണ് —
പിടിത്തം വിട്ടുപോകാതെ എങ്ങനെ മുന്നോട്ട് പോകാം എന്ന് മാത്രം.
പക്ഷേ…
ഓരോ പ്രാവശ്യവും ഞാൻ ശ്വാസം എടുക്കാൻ തല ഉയർത്തുമ്പോ
അവരുണ്ടായിരുന്നു.
സ്നേഹം മാത്രം കിനിയുന്ന കണ്ണുകളോടെ
എന്നെ നോക്കി നിൽക്കുന്ന ഒരാൾ.
ഞാൻ വാശിക്കാരിയാണ്.
എന്റെ കാര്യം ഞാൻ തന്നെ നോക്കണം എന്ന് വിശ്വസിക്കുന്നവൾ.
കരയേണ്ടിവന്നാലും,
രാത്രി 11 കഴിഞ്ഞ് എല്ലാവരും ഉറങ്ങുന്നത് കാത്ത് കരയുന്നവൾ .
അങ്ങനെ ഉള്ള എന്നെ
തോൽപ്പിക്കാൻ അവർ ശ്രമിക്കുകയാണ്…
സ്നേഹത്തോടെ…
ഒരു പാട് സ്നേഹിച്ചിച്ചിരുന്നവർ പകൽ മാന്യത കാട്ടിയപ്പോ കഴുത്തറക്കാൻ തോന്നി.. അന്ന്… അതിന് തുനിഞ്ഞു തിരിഞ്ഞു നോക്കിയപ്പോ അവിടെയും ഇവരുണ്ടായിരുന്നു.. ഞാൻ വെട്ടിയാൽ പൊലിയുന്ന ചങ്കുമായി..
ഒന്നും ചെയ്യാതെ തിരിച്ചു വന്ന്, ഇന്നും ആ കയ്പ്പുനീർ കുടിച്ച് വറ്റിക്കുമ്പോ എടക്കൊക്കെ ഓർക്കും അവരില്ലായിരുന്നെങ്കിൽ ഞാൻ ആരാകുമായിരുന്നു ന്ന്…..
ഇന്നും കൂടെ ഉണ്ട്.. അടുത്തൊന്നുമല്ല.. ഒരുപാട് ദൂരെയാണ്.. പക്ഷെ എപ്പോ ശ്വാസം എടുക്കാൻ പൊങ്ങി വരുമ്പോളും എനിക്ക് കാണാം ആ സ്നേഹം കിനിയുന്ന കണ്ണുകൾ


4 Comments
👍
😍❤️
👏❤️
♥️♥️