നേരം പുലർന്ന് വരുന്നതേയുള്ളു.. ഡിസംബർ മാസത്തിന്റെ നേരിയ മഞ്ഞുള്ള പ്രഭാതത്തിൽ റോഡുകൾ പലതും വിജനമാണ്.
” ഓടിച്ചാടി മനുഷ്യൻ മടുത്തു… ഈ മുടിഞ്ഞ തടിയൊന്ന് കുറയ്ക്കാൻ എന്തൊക്കെ ചെയ്താലാണ്…” ജോഗിങ്ങിന്റെ ക്ഷീണം തീർക്കാനായി കയ്യിൽ കരുതിയ കുപ്പി തുറന്ന് വായിലേയ്ക്ക് കമഴ്ത്തിക്കൊണ്ട് അവൾ പിറുപിറുത്തു.
കിതപ്പ് അല്പമൊന്ന് മാറ്റാനായി അടുത്ത് കണ്ട തടിബെഞ്ചിൻമേലിരുന്ന് ഇരുവശത്തേയ്ക്കും സ്ട്രെച്ച് ചെയ്യുമ്പോഴാണ് പെട്ടന്ന് ആ കാഴ്ച അവളുടെ കണ്ണുകളിലുടക്കിയത്. തൊട്ടടുത്ത ബെഞ്ചിന്റെ താഴെ മനോഹരമായ ഒരു കുഞ്ഞു പാവ. ഇരുന്നു കൊണ്ട് തന്നെ കൈ എത്തി എടുക്കാൻ ഒരു ശ്രമം നടത്തി. പിന്നെ എഴുന്നേറ്റു ചെന്ന് പാവ കയ്യിൽ എടുത്തു. ശ്ശെടാ! ഈ പാവ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…. വിദേശ നിർമ്മിതമാണ്. ഇവിടെ അത്ര സാധാരണമല്ലാത്ത ഒന്നാണെന്നു തോന്നുന്നു..
ആ.. ഓർമ്മ വന്നു.. ഇത് പോലത്തെ ഒരെണ്ണം അപു മോളുടെ കയ്യിൽ ഉണ്ടല്ലോ..ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ കൂടെ കൊണ്ടു നടക്കുന്ന സുന്ദരി പാവ. അത് അവളുടെ അച്ഛൻ രഞ്ജിത്ത് പാരിസിൽ നിന്നും കൊണ്ട് വന്നതാണെന്ന് എല്ലാവരോടും പറയും. താഴെ വെയ്ക്കില്ല. ആരും തൊടാനും പാടില്ല.
ഇത് എന്തു ചെയ്യണം? ഇവിടെ ഇട്ടിട്ടു പോയേക്കാം. ഏതായാലും അപുമോളുടെ പാവ ഇവിടെ വരില്ലല്ലോ. വേറെ ആരുടെ എങ്കിലും ആയിരിക്കും..
ബെഞ്ചിൽ വെച്ചിട്ട് എഴുന്നേറ്റു. ഇന്നിനി ജോഗിങ് ഇല്ല. രണ്ടടി നടന്നിട്ട് ഒന്നു തിരിഞ്ഞു നോക്കി. ഇനി ആ പാവ അപു മോളുടെ ആണെങ്കിലോ… നെഞ്ചിൽ ഒരു പിടച്ചിൽ പോലെ.. ആ പാവ അവിടെ ഇട്ടിട്ട് പോകാൻ മനസ്സ് സമ്മതിക്കുന്നില്ല.. തിരികെ ചെന്ന് അത് എടുത്തു.. അപുമോളുടെ പാവ അല്ലെങ്കിൽ നാളെ ഇവിടെ കൊണ്ടിടാം..
ഫ്ലാറ്റിൽ ചെന്ന് കുളി കഴിഞ്ഞ് ബ്രേക്ഫാസ്റ്റ് എടുത്തു വെച്ചപ്പോൾ ആണ് പാവയുടെ കാര്യം ഓർത്തത്. ഉടനെ തന്നെ പുറത്തിറങ്ങി റിമിയുടെ ഫ്ലാറ്റിൽ ചെന്നു. അപുമോളുടെ പാവക്കുട്ടി എന്ത്യേ എന്ന് വെറുതെ ഒന്നന്വേഷിച്ചു.
“ചേച്ചീ…. അവൾ രഞ്ജിത്തിന്റെ വീട്ടിലേക്ക് പോയിരിക്കയാണ്.. പാവ അവളുടെ കയ്യിൽ കാണും.. അത് വിട്ടിട്ട് ഒരു കളിയില്ലല്ലോ…”.റിമി പറഞ്ഞു..
“ആഹാ.. എപ്പോൾ പോയി?”
“ഇന്നലെ വൈകുന്നേരം. ഇന്നും നാളെയും അവധി അല്ലേ. വീക്കെൻഡ് രഞ്ജിത്തിന്റെ കൂടെ ആണല്ലോ..”
“രണ്ടു ദിവസം നമ്മൾ അവളെ മിസ്സ് ചെയ്യുമല്ലോ.”
റിമി വിളറിയ ഒരു ചിരി ചിരിച്ചു…” കോടതി യുടെ ഓർഡർ അല്ലേ…”
അപുമോളുടെ പാവക്കുട്ടിയെ പോലെ ഒരു പാവക്കുട്ടിയെ പാർക്കിൽ നിന്നും കിട്ടിയെന്ന് കേട്ടപ്പോൾ റിമി അതിനെ കാണാൻ എന്റെ ഫ്ലാറ്റിലേക്ക് വന്നു. എന്റെ കയ്യിലിരുന്ന പാവയെ കയ്യിലെടുത്തിട്ട് റിമി പറഞ്ഞു.
” ചേച്ചീ… ഇത് മോളുടെ പാവക്കുട്ടിയെ പോലെ തന്നെ ഇരിക്കുന്നു. അവൾ കൊണ്ട് നടന്ന് കൊണ്ട് നടന്ന് അതിന്റെ ഉടുപ്പിന്റെ ഒരു കൈക്ക് നിറവത്യാസം ഉണ്ട്.. ദേ, ഇതിനും ഉണ്ട്. പക്ഷേ, അവളുടേത് പാർക്കിൽ വരാൻ ഒരു സാധ്യതയുമില്ലല്ലോ..”
“റിമി….താൻ രഞ്ജിത്തിനെ വിളിച്ച് ഒന്നു ചോദിച്ചേ.. നമുക്ക് ഒരു ഉറപ്പിന്…”
“അതു വേണ്ട ചേച്ചീ ഞാൻ രഞ്ജിത്തിനെ വിളിക്കാറില്ല. നിസ്സാരം ഒരു പാവയുടെ കാര്യം പറഞ്ഞ് വിളിക്കാൻ എനിക്ക് പറ്റില്ല. കുട്ടിയോടൊപ്പം കുട്ടിക്ക് പ്രിയപ്പെട്ട പാവയെയും ശ്രദ്ധിക്കേണ്ടതല്ലേ.. കളഞ്ഞു പോയെങ്കിൽ വേറെ വാങ്ങിച്ച് കൊടുത്തോളും..”
“മോളെ, നീ എന്തായാലും രഞ്ജിത്തിനെ ഒന്നു വിളിക്ക്.. അല്ലെങ്കിൽ വേണ്ട, ഞാൻ വിളിക്കാം..”
“ശരി ചേച്ചീ .”. റിമി സ്വന്തം ഫ്ലാറ്റിലേക്ക് പോയി.
രഞ്ജിത്തിനെ വിളിച്ച് കുശാലാന്വേഷണം നടത്തി. മോളുടെ കാര്യം ചോദിക്കാൻ തുടങ്ങിയപ്പോൾ രഞ്ജിത് പെട്ടെന്ന് പറഞ്ഞു “ചേച്ചീ, ഞാൻ ഒരു ബിസിനസ് മീറ്റിങ്ങിനു വേണ്ടി ചെന്നൈയിലാണ്. അതാണ് മോളെ ഇന്നലെ കൊണ്ടുപോരാഞ്ഞത്. അവൾ എന്തു പറഞ്ഞു? റിമിയെ പല പ്രാവശ്യം വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. മോളോട് അന്വേഷണം പറയണേ. ”
“രഞ്ജിത്തേ, ഫോൺ വെക്കല്ലേ, താൻ എന്താ പറഞ്ഞത്? മോൾ രഞ്ജിത്തിന്റെ കൂടെ ഇല്ലേ? റിമി പറഞ്ഞത് ഇന്നലെ രഞ്ജിത്ത് വന്നു കൊണ്ട് പോയെന്നാണല്ലോ.”
“അയ്യോ, ചേച്ചി എന്താ ഈ പറയുന്നത്? ഞാൻ ഇന്നലെ ചെന്നൈക്ക് പോന്നല്ലോ. ഞാൻ പല തവണ റിമിയെ വിളിച്ചിരുന്നു. അവൾ ഫോൺ അറ്റൻഡ് ചെയ്യാഞ്ഞതിനാൽ ഞാൻ വോയിസ് മെസ്സേജ് ഇട്ടിരുന്നു. അവൾ അത് കണ്ടെന്ന് മനസ്സിലായതോണ്ട് പിന്നെ ഞാൻ വിളിച്ചില്ല. ഞാൻ വിളിച്ചാൽ അവൾ ഫോൺ എടുക്കില്ലല്ലോ. വോയിസ് മെസ്സേജ് അവൾ ഓപ്പൺ ചെയ്ത് കാണില്ല.”
“അയ്യോ എന്റെ കുഞ്ഞ് എവിടെപ്പോയി? ഇനി എന്തു ചെയ്യും? അയ്യോ എന്റെ മോൾ…”
“ചേച്ചീ, എന്തെങ്കിലും ഒന്നു ചെയ്യണേ. ആരാണ് അവളെ കൊണ്ട് പോയത്? റിമി കണ്ടോ? സെക്യൂരിറ്റി ചേട്ടനോട് ഒന്നു ചോദിക്കണേ ചേച്ചീ.”
സ്തബ്ധയായി നിന്നു പോയ ഞാൻ ചാടി എണീറ്റ് താഴേക്ക് ഓടി. റിമിക്ക് ഉണ്ടാകാവുന്ന പരിഭ്രാന്തി ഓർത്തു അവളോട് പറയാൻ നിന്നില്ല. സെക്യൂരിറ്റി കാബിന്റെ അടുത്ത് ചെന്നപ്പോൾ മാത്തൻ ചേട്ടൻ ഓടി വന്നു കാര്യം തിരക്കി. കിതപ്പ് കാരണം വിക്കി .. മൂളി കാര്യം ധരിപ്പിച്ചു.
“ഇന്നലെ ഞാൻ തന്നെ ആയിരുന്നു ഡ്യൂട്ടിയിൽ. എന്നും വരുന്ന പോലെ 5 മണിക്ക് തന്നെ രഞ്ജിത്ത് സാറിന്റെ കാർ വന്നു. സാറിന്റെ കാർ എനിക്കറിയാവുന്നതല്ലേ. മോൾ എനിക്ക് ടാറ്റാ പറഞ്ഞിട്ട് പോയി കാറിൽ കയറുന്നതു ഞാൻ കണ്ടതല്ലേ.”
മാത്തൻ ചേട്ടൻ പറഞ്ഞു.
“ഇനി എന്തു ചെയ്യും മാഡം? പോലീസിൽ അറിയിക്കണ്ടേ?
കുട്ടി എവിടാണെന്ന് കണ്ടു പിടിക്കണ്ടേ? ”
“വേണം. മാത്തൻ ചേട്ടാ. ഞാൻ റിമിയെ അറിയിച്ചിട്ടില്ല. എന്തായാലും റിമിയോട് ഒന്നു സംസാരിക്കട്ടെ. എപ്പോഴായാലും അവളോട് പറയണോല്ലോ.”
എന്തു ചെയ്യണമെന്ന് ആലോചിച്ചു കൊണ്ട് ലിഫ്റ്റിൽ കയറി ഫ്ലാറ്റിൽ ചെന്നപ്പോൾ ഫോൺ റിങ്ങ് ചെയ്യുന്നു. ഓ…മൊബൈൽ എടുക്കാതെ ആണോ താഴോട്ട് പോയത്..
രഞ്ജിത്തിന്റെ കാൾ…. വേഗം അറ്റൻഡ് ചെയ്തു. രഞ്ജിത്തിനെ മാത്തൻ ചേട്ടൻ പറഞ്ഞ വിവരങ്ങൾ ധരിപ്പിച്ചു. രഞ്ജിത്ത് ഇങ്ങോട്ട് പുറപ്പെടാൻ നിൽക്കയാണ്. അച്ഛനെയും ബ്രദറിനെയും വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. അവർ പോലീസിൽ കംപ്ലയിന്റ് ചെയ്തോളും. ചേച്ചി റിമിയുടെ അടുത്ത് തന്നെ നിൽക്കണേ എന്നും പറഞ്ഞു.
ഞാൻ ഓർത്തു… റിമി പറയുന്നതു പോലെ രഞ്ജിത്ത് സ്നേഹമില്ലാത്തവനല്ലല്ലോ. റിമിയെ കുറിച്ച് നല്ല കരുതൽ ഉണ്ടല്ലോ. അവൻ റിമിയെ ഒന്ന് കുറ്റപ്പെടുത്തി പോലുമില്ല. ആർക്കും ആരുടെയും ഉള്ള് കീറി പരിശോധിക്കാൻ പറ്റില്ല എന്ന് പറയുന്നത് എത്ര വാസ്തവമാണ്..
റിമിയോടെന്തു പറയണമെന്നാലോചിച്ചു കൊണ്ട് റിമിയുടെ ഫ്ലാറ്റിലേക്ക് ചെന്നു.
വിവരം അറിഞ്ഞു രഞ്ജിത്തിന്റെയും റിമിയുടെയും വീട്ടുകാരിൽ ചിലർ ഒക്കെ എത്തിയിട്ടുണ്ട്. രഞ്ജിത്തും റിമിയും തമ്മിൽ പിരിഞ്ഞെങ്കിലും വീട്ടുകാർ തമ്മിൽ ഒരു പ്രശ്നവുമില്ല.
റിമി ഒരിടത്തും ഇരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടക്കുന്നു. മറ്റുള്ളവർ ഓരോരോ ആലോചനകളിലാണ്. റിമി തനിച്ചല്ല എന്ന് മനസ്സിലാക്കി പതുക്കെ തിരിച്ചു പോകാൻ ഒരുങ്ങിയപ്പോൾ റിമി എന്നെ കണ്ടു.
“എന്റെ ചേച്ചി, എന്റെ കുഞ്ഞിന്റെ പാവ ആയിരിക്കുമല്ലേ അത്. എന്റെ കുഞ്ഞിന് എന്തു പറ്റിയോ ആവോ? അത് എങ്ങനെ അവിടെ വന്നു?എന്റെ കുഞ്ഞ് എവിടെ ആണോ ഈശ്വരാ..”
റിമിയെ സമാധാനിപ്പിക്കാനായി അവളുടെ കയ്യിൽ പിടിച്ച് അവളെ സോഫയിൽ കൊണ്ട് പോയി ഇരുത്തി.
അപ്പോൾ മാത്തൻ ചേട്ടൻ പോലീസ് കമ്മീ ഷണറെയും മറ്റ് പോലീസുദ്യോഗസ്ഥരെയും കൂട്ടി കൊണ്ട് അങ്ങോട്ട് വന്നു. പോലീസുദ്യോഗസ്ഥർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ കയ്യിൽ ഇരുന്ന പാവ അവർ വാങ്ങി. മാത്തൻ ചേട്ടനോടും അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു..
രഞ്ജിത്തിന് വെള്ളിയാഴ്ച ചെന്നൈയിൽ ബിസിനസ് മീറ്റിംഗ് ഉണ്ടെന്നറിയാവുന്നവർ ആരൊക്കെ എന്ന നിലയിൽ കാര്യങ്ങൾ തിരക്കി കുറച്ചു പേരുടെ ഒരു പട്ടിക തയ്യാറാക്കി. അതിൽ രഞ്ജിത്തിന്റെ സ്റ്റാർട്ട് അപ്പ് കമ്പനിയിലെ കുറച്ചു പേർ മാത്രമേ വരുകയുള്ളു.
എല്ലാ വീക്കെൻഡിലും അപുമോളെ രഞ്ജിത്തിന് വിട്ടു കൊടുക്കണമെന്ന് കോടതി വിധി ഉണ്ടെന്ന് അറിയാവുന്നവരുടെയും ഒരു ലിസ്റ്റ് തയ്യാറാക്കി. ഏറ്റവും അടുത്ത ബന്ധുക്കളും ഓഫീസിലെ കുറച്ചാളുകളും മാത്രമേ അതിലും ഉൾപ്പെട്ടിട്ടുള്ളു.
രഞ്ജിത്തിന്റെ കാർ രഞ്ജിത്ത് വീട്ടിലില്ലാത്തപ്പോൾ ഓഫീസിലെ കാർ പാർക്കിങ്ങിലാണ് ഇടാറുള്ളത്. ഇന്നലെയും ഓഫീസിലെ പാർക്കിങ്ങിൽ ഇട്ടിട്ടു പോയ കാർ അപുമോളെ വിളിക്കാനായി റിമിയുടെ ഫ്ലാറ്റിൽ എത്തിയതായി മാത്തൻ ചേട്ടൻ പറയുമ്പോൾ വേറെ ആരോ ആ കാറും കൊണ്ട് വന്നതായിരിക്കാൻ ഒരു സാധ്യത തള്ളികളയാൻ പറ്റില്ല. പക്ഷേ ആര്? കുട്ടിക്ക് പരിചയമുള്ള ആരെങ്കിലുമല്ലെങ്കിൽ കുട്ടി ചിലപ്പോൾ ബഹളം വെച്ചേനെ. ഓഫീസിൽ മേശക്കുള്ളിൽ ആയിരിക്കുമല്ലോ കീ സൂക്ഷിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഒന്നുകിൽ വന്ന ആൾ രഞ്ജിത്തിന്റെ ഓഫീസിൽ ഉള്ള ആളായിരിക്കണം.. അല്ലെങ്കിൽ ഓഫീസിൽ ഉള്ള ആരെങ്കിലും അയാളെ സഹായിച്ചിരിക്കണം.
കമ്മീഷണറുടെ നിർദേശം അനുസരിച്ച് സ്ഥലത്തെ എല്ലാ സി സി ടി വി യും പരിശോധിച്ചു. രഞ്ജിത്തിന്റെ കാറിന്റെ ദ്ര്യശ്യങ്ങൾ എങ്ങും കണ്ടില്ല.
റിമിയോട് സംസാരിച്ചതി ൽ നിന്നും രഞ്ജിത്തിന്റയും റിമിയുടെയും ഡിവോഴ്സിന്റെ പശ്ചാത്തലം പോലീസ് ഓഫീസർമാർക്ക് മനസ്സിലായി. രഞ്ജിത്തിന് ഓഫീസിലെ രമ്യ എന്ന സ്ത്രീയുമായി വഴി വിട്ട ബന്ധം ഉണ്ടെന്ന് മനസ്സിലാക്കിയ റിമി ഡിവോഴ്സിന് ഒരുങ്ങുകയായിരുന്നു.
ഡിവോഴ്സ് കഴിഞ്ഞാൽ ഉടനേ രഞ്ജിത്തും താനും വിവാഹിതരാകുമെന്ന് രമ്യ ഓഫീസിൽ എല്ലാവരോടും പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഒരു വർഷത്തോളം ആയിട്ടും അവർ വിവാഹിതരായിട്ടില്ല.
ഒന്നു രണ്ടു പോലീസുദ്യോഗസ്ഥരെ ഫ്ലാറ്റിൽ ഇരുത്തിയിട്ട് മറ്റുള്ളവർ രമ്യയെ അന്വേഷിച്ചിറങ്ങി… രമ്യ യുടെ താമസസ്ഥലം കണ്ടു പിടിച്ച് അവരെ ചോദ്യം ചെയ്തപ്പോൾ ആദ്യം ഒന്നും അറിയാത്ത പോലെ പെരുമാറിയെങ്കിലും അവസാനം അവർ കുറ്റം സമ്മതിച്ചു.
“റിമിയുമായി വേർപിരിഞ്ഞാൽ രണ്ടു മാസത്തിനുള്ളിൽ നമുക്ക് വിവാഹിതരാകാം എന്നാണ് രഞ്ജിത്ത് സാർ എന്നോട് പറഞ്ഞിരുന്നത്. അവർ വേർപിരിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പോൾ വിവാഹത്തിന്റെ കാര്യം പറഞ്ഞാൽ സാർ ഒന്നും മിണ്ടുന്നില്ല. കുട്ടിയുടെ മേൽ തുല്യ അവകാശം ആവശ്യപ്പെട്ട് സാർ കുടുംബ കോടതിയിൽ ഹർജി കൊടുത്തെങ്കിലും എപ്പോൾ വേണമെങ്കിലും കുട്ടിയെ കാണാനും വീക്കെൻഡിൽ കൂടെ നിർത്താനും വിധി ഉണ്ടാകുമെന്ന് സാർ കരുതിയില്ല. പക്ഷേ ആ വിധി എന്റെ സ്വപ്നങ്ങൾ എല്ലാം തകർത്തു. ഇപ്പോൾ സാറിന് എല്ലാം അപൂർവ മോൾ ആണ്.
രണ്ടു ദിവസമെങ്കിൽ രണ്ടു ദിവസം അവൾ വീട്ടിൽ വരുമ്പോൾ രണ്ടാനമ്മയുടെ കൂടെ വേണ്ടേ കഴിയാൻ? അത് അപൂർവക്ക് ഇഷ്ടപ്പെടുമോ? അവൾക്ക് അത് എത്രത്തോളം ഉൾക്കൊള്ളാൻ കഴിയും? മകൾ സാറിൽ നിന്നും അകലുമോ? എന്നിങ്ങനെ ഉള്ള പല ആശങ്കകളും സാറിനുണ്ടെന്നു തോന്നുന്നു.
എന്റെ അവസ്ഥയോ? ഒരു കുടുംബം തകർത്തവൾ എന്ന പേര് മാത്രം എനിക്ക് സ്വന്തം… ഞാൻ ആരുമില്ലാത്തവൾ ആയി. ആ കുട്ടി ഉള്ളടത്തോളം കാലം എനിക്ക് സാറിന്റെ കൂടെ ഒരു ജീവിതം ഉണ്ടാകില്ലെന്ന് ഉറപ്പായി. അവളെ സാറിന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തിയാൽ ഞാൻ സ്വപ്നം കണ്ട ജീവിതം എനിക്കുണ്ടാകുമെന്ന് എനിക്ക് തോന്നി.
വ്യാഴാഴ്ച വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നിറങ്ങിയപ്പോൾ തന്നെ രഞ്ജിത് സാറിന്റെ കാറിന്റെ കീ കയ്യിൽ എടുത്തിരുന്നു. വെള്ളിയാഴ്ച ഞാൻ ലീവ് ആയിരുന്നു. വൈകുന്നേരം ഞാൻ ഓഫീസിൽ ചെന്ന് വണ്ടി എടുത്ത് 5 മണിക്ക് ഫ്ലാറ്റിന്റെ മുമ്പിൽ ചെന്നു. ആരും എന്നെ കാണാതിരിക്കാനായി മെയിൻ റോഡ് ഉപേക്ഷിച്ചിട്ട് ഒരു ഇടവഴിയിലൂടെ ആണ് പോയത്.
അപു മോൾ അച്ഛന്റെ വണ്ടി കണ്ടപ്പോൾ തന്നെ ഓടി വന്നു. ഞാൻ ഡോർ തുറന്നു കൊടുത്തു. കുട്ടി വണ്ടിയിൽ കയറി. എന്നെ അവൾക്ക് നല്ല പരിചയം ഉണ്ട്. “അച്ഛൻ വന്നില്ലേ ” എന്ന ചോദ്യത്തിന് അച്ഛൻ എന്നെ പറഞ്ഞച്ചതാണെന്ന് ഞാൻ പറഞ്ഞു. കുട്ടിയുമായി തൊട്ടടുത്തുള്ള പാർക്കിൽ പോയി. കുട്ടിക്ക് ഐസ്ക്രീമും കൂൾ ഡ്രിങ്ക്സും കൊടുത്തു. കൂൾ ഡ്രിങ്ക്സിൽ സ്ലീപ്പിങ് പിൽസ് ചേർത്തിരുന്നു. കുട്ടി ഉറങ്ങിയപ്പോൾ ഞാൻ എന്റെ കസിൻ സുദീപിനെ ഫോൺ ചെയ്തു വരുത്തി. കുട്ടിയെ അവനു കൈ മാറി ഞാൻ മുങ്ങി. കാർ കൊണ്ടു വന്ന് പാർക്കിങ്ങിൽ ഇട്ടു. ഓഫീസിന്റെ ഒരു സ്പെയർ കീ എന്റെ കയ്യിൽ ഉണ്ട്. കാറിന്റെ കീ കൊണ്ടു പോയി കീ ഹോൾഡറിലും ഇട്ടു.
സുദീപുമായി ഞാൻ നേരത്തെ തന്നെ ഈ കാര്യം സംസാരിച്ചിരുന്നു. അവസരം കിട്ടുമ്പോൾ അവനെ വിളിച്ചാൽ അവൻ വേണ്ടത് ചെയ്തോളമെന്ന് എന്നോട് പറഞ്ഞിരുന്നു.
“അയാളുടെ ജോലി എന്താണ്? പിന്നെ നിങ്ങളെ കോൺടാക്ട് ചെയ്തിരുന്നോ?”
കമ്മീഷണർ ചോദിച്ചു.
“സുദീപ് ഒരു പാർസൽ സെർവീസിൽ ജോലി ചെയ്യുന്നു. പിന്നെ എന്നെ വിളിച്ചില്ല സാർ.”
“അയാളുടെ ഓഫീസ് ഏതാണെന്ന് അന്വേഷിച്ചിട്ട് അവിടെ പോയി അയാളെ ട്രാക് ചെയ്യൂ. അയാൾ ഏത് സ്ഥലത്താണെന്ന് മനസ്സിലാക്കിയിട്ട് അവിടുത്തെ ലോക്കൽ പോലീസിന്റെ സഹായം തേടണം.”
കമ്മീഷണർ ഒരു ഉദ്യോഗസ്ഥനെ സുദീപിന്റെ കമ്പനിയുടെ ഓഫീസിലേക്ക് പറഞ്ഞു വിട്ടു
” നിങ്ങൾക്ക് ഒരു പിഞ്ചു കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ എങ്ങനെ മനസ്സ് തോന്നി? ഈ കുട്ടിയെ വല്ല ഭിക്ഷാടന മാഫിയക്കോ, അവയവ കൈമാറ്റ മാഫിയക്കോ വിൽക്കാൻ ആണോ നിങ്ങൾ ശ്രമിച്ചത്? നിങ്ങളുടെ കസിൻ ആ കുഞ്ഞിനെ പീഡിപ്പിച്ചാലോ എന്ന് ഒരു നിമിഷമെങ്കിലും നിങ്ങൾ ഓർത്തോ? ഇപ്പോൾ പിന്നെ അങ്ങനത്തെ വാർത്തകൾക്ക് ഒരു പഞ്ഞവുമില്ലല്ലോ. നിങ്ങളും ഒരു സ്ത്രീ അല്ലേ….”
കമ്മീഷണർ രോഷാകുലനായി.
“ആകെയുള്ള കുഞ്ഞിനെ നഷ്ടപ്പെട്ടാൽ ആ അമ്മയെങ്ങനെ സഹിക്കും എന്ന് എന്തേ ഓർക്കാതിരുന്നത്? വേണ്ട….. നിങ്ങളെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് തന്നിരുന്ന ആ കുട്ടിയുടെ അച്ഛനെ കുറിച്ച് നിങ്ങൾ ഓർത്തോ.?”
“സാറെ, എത്ര മാതാ പിതാക്കൾക്ക് കുട്ടികളെ നഷ്ടപ്പെടുന്നു? എത്ര കുട്ടികളെ കാണാതാവുന്നു? അവർ ഒക്കെ ജീവിക്കുന്നില്ലേ? വേറെ കുട്ടികൾ ഉണ്ടാവുമ്പോൾ അവർ പലതും മറക്കും.. സാറെ, അപുമോളെ ഇല്ലാതാക്കാൻ ഞാൻ പറഞ്ഞിട്ടില്ല. സുദീപ് പല നാടുകളിലും പോകുന്നവനാണ്. കുട്ടികളില്ലാത്ത ഏതെങ്കിലും ആളുകൾക്കു വളർത്താൻ കൊടുക്കാമെന്നാണ് അവൻ പറഞ്ഞത്.”
“കൊള്ളാം. നല്ല ഫിലോസഫി. ഏതായാലും, ഒരു കാര്യം പറയാം. നിങ്ങളും സുദീപിനൊപ്പം പ്രതിയാണ്. അവന്റെ കൂട്ടു പ്രതി. വകുപ്പുകൾ ഒക്കെ പിന്നീട് പറയാം.”
ചെന്നൈയിൽ നിന്നും എത്തിയ ഉടനെ തന്നെ രഞ്ജിത്തിനെ പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിട്ട് സുദീപിനെ മംഗലാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും, മോൾ അവന്റെ കൂടെ തന്നെ ഉണ്ടെന്നും ഞങ്ങൾ അങ്ങോട്ട് പോകയാണ്, നിങ്ങളാരെങ്കിലും കൂടെ വന്നാൽ നല്ലതായിരിക്കുമെന്നും പറഞ്ഞതിൻ പ്രകാരം രഞ്ജിത്തും ചേട്ടനും മംഗലാപുരത്തേക്ക് തിരിച്ചു.
റിമിയോട് പറഞ്ഞിട്ട് പതുക്കെ അവിടെ നിന്ന് ഇറങ്ങി.
ഫ്ലാറ്റിലെത്തി കുറച്ചു നേരം വെറുതെ കിടന്നു. ഭയങ്കര ക്ഷീണം… ചെറുതായി ഒന്നു മയങ്ങിയെന്നു തോന്നുന്നു..
രഞ്ജിത്തിന്റെ കാൾ ആണ് മയക്കത്തിൽ നിന്നും ഉണർത്തിയത്.
“ചേച്ചീ, എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. ചേച്ചിയുടെ കണ്ണിൽ ആ പാവ പെട്ടില്ലായിരുന്നുവെങ്കിൽ എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടമായേനെ. ചേച്ചിയാണ് എന്റെ കുഞ്ഞിനെ രക്ഷിച്ചത്.”
“നന്ദി ഞാൻ ഇവിടെ എത്തിയിട്ട് വാങ്ങിച്ചോളാം. മോൾ എന്ത്യേ. അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. അല്ലേ. നിങ്ങൾ ഇങ്ങോട്ട് പുറപ്പെട്ടോ.”
“അവളെ ഇവിടുത്തെ പോലീസുകാർ തന്നെ ഒരു ഹോസ്പിറ്റലിൽ കാണിച്ചിരുന്നു. കുറച്ചു ക്ഷീണം ഉണ്ടെന്നെ ഉള്ളു. അല്ലാതെ മിടുക്കിയായിട്ട് ഇരിക്കുന്നു.”
“ശരി, രഞ്ജിത്തേ, നേരിൽ കാണാം.”
പോലീസ് ഡിപ്പാർട്മെന്റിന്റെ ആത്‍മാർത്ഥതയും കാര്യക്ഷമതയും എടുത്തുപറയേണ്ടതാണ്. എത്ര വേഗത്തിലാണ് അവർ കാര്യങ്ങൾ നീക്കിയത്. അതുകൊണ്ടാണ് എല്ലാം ശുഭകരമായി അവസാനിച്ചത്.
അപുമോളെ കാണാൻ കണ്ണും മനവും തുടിക്കുന്നു . ആ കുഞ്ഞിനു വേണ്ടി അച്ഛനും അമ്മയും പഴയതെല്ലാം മറന്ന് വീണ്ടും യോജിക്കുമെന്ന് പ്രതീക്ഷിക്കാം… പല കുടുംബങ്ങളിലും ദാമ്പത്യം വിളക്കി ചേർക്കപ്പെടുന്നത് കുഞ്ഞുങ്ങളിലൂടെയാണല്ലോ..
അതിർത്തിയിൽ നിന്നും ജോധ്പുർ ആർമി സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ഒത്തിരിക്കുന്ന കെട്ട്യോന്റെ കൂടെ മാർച്ച് മാസത്തിൽ ജോധ്പൂരേക്ക് പോകാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് തടി കുറക്കലും ഈ കലാപരിപാടികളും. അദ്ദേഹം ഇത്രയും നാൾ അതിർത്തിയിൽ ആയിരുന്നതിനാൽ കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ജോലി സ്ഥലത്തേക്ക് ചേക്കേറുന്നത്.
വടക്കേ ഇന്ത്യക്കാരായ മിക്ക ആർമി ഓഫീസേർസിന്റെയും ഭാര്യമാർ മെലിഞ്ഞു കൊലുന്നെനെയുള്ളവരാണെന്നു അദ്ദേഹം മുന്നറിയിപ്പ് തന്നിട്ടുണ്ട്.
‘ലാവാറിസ് ‘എന്ന സിനിമയിലെ “ജിസ്കി ബീവി മോട്ടീ ഉസ്കാ ഫി ബഡാ നാം ഹേ ” എന്ന അമിതാബ് ബച്ചന്റെ പ്രസിദ്ധമായ. പാട്ട് അന്വർത്ഥം ആകേണ്ട എന്ന് കരുതിയാണ് ഈയുള്ളവൾ കൊച്ചു വെളുപ്പാൻ കാലത്തേ ഓടാനും ചാടാനും ഒക്കെ തുനിഞ്ഞിറങ്ങിയത്. തടി കാര്യമായി കുറഞ്ഞിട്ടില്ല. ആ… ഇനിയും സമയമുണ്ടല്ലോ…. ശ്രമം തുടരാം…..


17 Comments
വായിക്കാൻ നല്ല രസമുണ്ടായിരുന്നു. കുറച്ചു കൂടെ സസ്പെൻസ് ഒക്കെ ഇട്ടു ത്രില്ലിങ് ആക്കാമായിരുന്നു എന്ന് തോന്നി.
Suspense
ഇടാതെ പറഞ്ഞു. നിരീക്ഷണം കറക്റ്റ് ആണ്.. Thank you
നല്ല കഥ . ഇത്തരം സംഭവങ്ങൾ ഇപ്പോൾ ഒരു പാടുണ്ടല്ലോ.. നല്ലൊരു ത്രില്ലർ വായിച്ച സന്തോഷം.👌👏❤️
സന്തോഷം.
നല്ല ത്രില്ലർ. രണ്ടാം വിവാഹത്തിന് തടസ്സമാകാതിരിക്കാൻ കുഞ്ഞുങ്ങളെ കൊല്ലുന്ന വാർത്തകൾ വരെ നമ്മൾ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇതും സംഭവിക്കാവുന്നത്.
നന്നായി എഴുതി.👍
സന്തോഷം.
ഉള്ളിൽ തട്ടുന്ന എഴുത്ത്.. പക്ഷേ ഒരുത്രില്ലറിന്റെ ത്രിൽ സൂക്ഷിക്കാൻ കഴിഞ്ഞില്ല. തീർക്കാനുള്ള ധൃതിയിൽ എഴുതിയതു പോലേ തോന്നി..
എങ്കിലും കഥയെന്ന പേരിൽ നന്നായി കൈകാര്യം ചെയ്തു ആശംസകൾ.
വളരെ ശരിയാണ്. പിന്നീട് എനിക്കും തോന്നി. കറക്ട് നിരൂപണം. Thank you
മനോഹരം
വായിച്ചതാണെങ്കിലും വീണ്ടും വായിച്ചു ❤️
സന്തോഷം.
Thank you
നല്ല സ്റ്റോറി. നല്ല ക്യാപ്ഷൻ. പക്ഷെ തിടുക്കത്തിൽ ഫ്ലാറ്റ് ആയി പറഞ്ഞു അവസാനിപ്പിച്ചു. ഒരു ഇൻവെസ്റ്റിഗേഷൻ ആകുമ്പോൾ കുറച്ചു കൂടി ത്രില്ല് ആഡ് ചെയ്യാം.. കുറച്ചു സസ്പെൻസ് ഒക്കെ കീപ് ചെയ്തു വേണം എഴുതാൻ. നെക്സ്റ്റ് എന്തെന്ന് ഒരു ആകാംക്ഷ ക്രീയേറ്റ് ചെയ്യണം.. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🥰🥰
ശരിയാണ്. എങ്ങനെയൊക്കെയോ അവസാനിപ്പിച്ച പോലെ ഒരു പ്രതീതി ഉണ്ടായിട്ടുണ്ട്. ഇനി കൂടുതൽ ശ്രദ്‌ധിക്കാം. Thank you.
നല്ല കഥ ❤️
Thank you
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി