Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉണങ്ങാത്ത പാടുകൾ
കഥ ജീവിതം ബന്ധങ്ങൾ

ഉണങ്ങാത്ത പാടുകൾ

By ASHA NAIRMarch 22, 2026Updated:April 14, 20263 Comments13 Mins Read375 Views
Bookmark Now
Please login to bookmark Close

No account yet? Register

അരുണിന്റെ ജീവിതം പുറത്തുനിന്ന് നോക്കുന്ന ഏതൊരാൾക്കും അതൊരു സ്വപ്നതുല്യമായിരുന്നു. ഉയർന്ന വരുമാനമുള്ള ഒരു ജോലി, അത്യാധുനികമായ ജീവിതരീതി, വലിയ സുഹൃദ്‌വലയം – ഇതെല്ലാം അവൻ സ്വയം ഉണ്ടാക്കിയെടുത്തതാണ്. കൂട്ടുകാരോടൊപ്പം കറങ്ങാനും പുതിയ സിനിമകൾ കാണാനും റെസ്റ്റോറന്റുകളിൽ സമയം ചെലവഴിക്കാനും അവൻ ഇഷ്ടപ്പെട്ടു. പുതിയ തലമുറയുടെ എല്ലാ സന്തോഷങ്ങളും അവനുണ്ടായിരുന്നു. അവന്റെ കുടുംബം വളരെ സമ്പന്നമായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ…​ അവന് ഒരു തടസ്സവും ഇല്ലായിരുന്നു. ജീവിതത്തിലെ ഓരോ ദിവസവും നിറങ്ങൾ നിറഞ്ഞതായിരുന്നു. അവനതിൽ പൂർണ്ണമായും സംതൃപ്തനായിരുന്നു.

എന്നിട്ടും സ്വന്തം ജീവിതം ഒരു മുറിക്കുള്ളിൽ ഒതുങ്ങിപ്പോകുന്നുണ്ടോ എന്നൊരു തോന്നൽ ഇടയ്ക്കിടെ അവന്റെ മനസ്സിൽ വന്നു. അതിന്റെ പ്രധാന കാരണം മാലിനിയായിരുന്നു.

​വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചാണ് അരുണും മാലിനിയും ഒരുമിച്ച് ജീവിതം തുടങ്ങിയത്. അവരുടെ ബന്ധത്തിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന കുറച്ചു കൂട്ടുകാരുടെ സഹായത്തോടെ അവൻ ആദ്യം രജിസ്റ്റർ വിവാഹം നടത്തി. അടുത്ത ദിവസം അടുത്തുള്ള ഒരു ചെറിയ ക്ഷേത്രത്തിൽ വെച്ച് അരുൺ മാലിനിയുടെ കഴുത്തിൽ താലി ചാർത്തി. ലളിതമായ ചടങ്ങായിരുന്നുവെങ്കിലും അവരുടെ ഹൃദയത്തിൽ ആ നിമിഷം ആഴത്തിൽ പതിഞ്ഞു. അവരുടെ പ്രണയം വിജയിച്ച ആ നിമിഷം അമ്പലത്തിലെ മണിയൊച്ച പോലെ അവരുടെ ഹൃദയത്തിൽ മുഴങ്ങി.

വിവാഹശേഷം കൊച്ചിയിലെ തിരക്കേറിയ ഫ്ലാറ്റിൽ അവർ ജീവിതം തുടങ്ങി. ആ ഫ്ലാറ്റ് അവരുടെ സ്വപ്നങ്ങൾക്കനുസരിച്ച് അലങ്കരിച്ചു. മാലിനിയുടെ ഇഷ്ടനിറമായ നീല പെയിന്റ് അടിച്ച് ആ മുറികൾക്ക് പുതുജീവൻ നൽകി.​ പ്രണയവും സന്തോഷവും ഇഴചേർത്തൊരു ആനന്ദം. അവർ രണ്ടുപേരും അവരുടെ വീട്ടുകാരെ ഓർത്തതേയില്ല. പുലർച്ചെ അരുൺ ഉണ്ടാക്കിയ കാപ്പിയുടെ ഗന്ധമാണ് മാലിനിയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.

“ഇന്നു മുതൽ ഓഫീസിൽ പോയിത്തുടങ്ങണം. എന്റെ മാലിനിക്കുട്ടി ഈ കാപ്പി കുടിച്ച് നല്ല കുട്ടിയായിരിക്ക്, ചേട്ടൻ പോയി ബ്രേക്ക്ഫാസ്റ്റ്  ഉണ്ടാക്കിവെക്കാം…”

​അവന്റെ കൊഞ്ചലിൽ മാലിനി അവന്റെ തോളിൽ തല ചായ്ച്ചു ഇരുന്നു. മാലിനിയുടെ കൈകളിൽ അവൻ തന്റെ കൈകൾ കോർത്തുപിടിച്ചു. വിരലുകൾക്കിടയിൽ വിരൽ കോർത്തുപിടിച്ചു.​ ആ നിമിഷങ്ങളിൽ അവന്റെ തിരക്കുപിടിച്ച ലോകം മുഴുവനും അവൾക്കായി ചുരുങ്ങി. എസിയുടെ തണുപ്പിലും അവൻ വിയർത്തു. ഉയർന്നു വരുന്ന ശ്വാസോച്ഛ്വാസങ്ങൾ ആ അന്തരീക്ഷത്തിനെ നാണം കൊണ്ട് പൊതിഞ്ഞു. പൂവ് വാടി കൊഴിഞ്ഞു വീണതുപോലെ മാലിനി ബെഡിൽ അമർന്നു. ചെറിയ മയക്കം കണ്ണുകളിൽ പടർന്നു.

​”അയ്യോ!…” സമയം ഒരുപാടായി. അരുൺ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു ബാത്റൂമിലേക്ക് ഓടി. “ഓഫീസിൽ പോകാൻ സമയമായി… ഇനി കഴിക്കാൻ സമയമില്ല. മാലിനി… വാതിലൊക്കെ അടച്ചിരിക്കണേ… വൈകിട്ട് കാണാം.”​

വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങൾ ആയതുകൊണ്ട് തന്നെ, അവളുടെ നെറ്റിയിൽ മൃദുവായ ഒരു ചുംബനം നൽകി അവൻ ഇറങ്ങി.

അരുൺ പോയിക്കഴിഞ്ഞാൽ പിന്നെ മാലിനി മായാലോകത്താണ്. ജോലി കഴിഞ്ഞെത്തുന്ന അരുണിനെയും കാത്ത് അവളിരിക്കും. അവൻ വന്നാലുടനെ വാതിൽ തുറന്ന് അവനെ കെട്ടിപ്പിടിക്കും. അന്ന് നടന്ന കാര്യങ്ങളെല്ലാം അവർ ചിരിച്ചും തമാശ പറഞ്ഞും പങ്കുവെക്കും. രാത്രിയിൽ പെയ്യുന്ന മഴയിൽ ബാൽക്കണിയിൽ ഒരുമിച്ചിരിക്കും. അരുണിന്റെ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ അവന്റെ ചൂടിൽ അവൾ സുരക്ഷിതയായി.

അവൾക്ക് വേണ്ടി അവൻ പുസ്തകങ്ങൾ വാങ്ങി. രാത്രികളിൽ അവൻ അവളുടെ മടിയിൽ കിടന്ന് അവൾ വായിക്കുന്ന കഥ കേൾക്കും.​ആ നിമിഷങ്ങൾ അവരുടെ ലോകങ്ങൾ ഒന്നായി ചേരുന്നതായി അവർക്ക് തോന്നി. പരസ്പരം കൂടുതൽ സ്നേഹിക്കാൻ മത്സരിക്കുന്നത് പോലെയായിരുന്നു ആ ദിവസങ്ങൾ. അരുൺ ജോലിക്ക് പോയിത്തുടങ്ങിയ ആദ്യ നാളുകളിൽ ആ ഫ്ലാറ്റിലെ നിശബ്ദത അവൾ അറിഞ്ഞില്ല, അറിയാൻ ശ്രമിച്ചതുമില്ല. ആഹാരം പാകം ചെയ്യലും വൃത്തിയാക്കലുമായി മധുവിധു ആഘോഷത്തിന്റെ ലഹരിയിൽ അവൾ സ്വയം മറന്നു.

പോകെപ്പോകെ വൈകുന്നേരം അവനായുള്ള കാത്തിരിപ്പായി. അവൻ വന്നാൽ മാത്രം വിടരുന്ന ഒരു ലോകമായി അവൾ മാറി.അവന്റെ തിരക്കുപിടിച്ച ജോലിയും കൂട്ടുകാരുമായുള്ള വിശേഷങ്ങളും പങ്കുവെക്കുമ്പോൾ അവൾക്ക് അവനോട് പറയാൻ സ്വന്തമായി പുതിയ അനുഭവങ്ങളൊന്നുമില്ല. ഓരോ പകലും അവളിൽ ഏകാന്തത സൃഷ്ടിച്ചു. തന്റെ ഇഷ്ടപുസ്തകങ്ങൾ എടുത്തു വായിച്ചു, പക്ഷേ… ഓരോ വരിയും വായിക്കുമ്പോൾ മനസ്സ് എങ്ങോട്ടൊക്കെയോ പറന്നുപോയി. മുറിയിലെ ക്ലോക്കിൽ ശ്രദ്ധ പതിഞ്ഞു. ഓരോ മിനിറ്റും യുഗങ്ങളായി ഇഴഞ്ഞുനീങ്ങി. ബാല്യത്തിൽ വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ തനിച്ചായിരുന്ന പഴയ ഭയം അവളെ വീണ്ടും തേടിയെത്തി. പുതിയതും വലുതുമായ ആ ഫ്ലാറ്റിൽ തനിച്ചാകുമ്പോലെ വല്ലാത്തൊരു ഭയം വേട്ടയാടാൻ തുടങ്ങി.

മാലിനിയുടെ ഉള്ളിലെ മൗനത്തിന് അവളുടെ കുട്ടിക്കാലത്തോളം പഴക്കമുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു കൊച്ചു കുടുംബമായിരുന്നു അവളുടേത്. വിശപ്പടക്കാനുള്ള ആഹാരത്തിന് പകൽ അന്തിയാകുവോളം ജോലി ചെയ്യണം. ആ അച്ഛനും അമ്മയ്ക്കും. ഒറ്റ മകളായിരുന്നു മാലിനി. സ്കൂൾ വിട്ടു വന്നുകഴിഞ്ഞാൽ അവൾ വീട്ടിൽ ഒറ്റയ്ക്കാണ്. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകില്ല.​ അവൾക്ക് എപ്പോഴും കൂട്ട് പുസ്തകങ്ങളായിരുന്നു. അവൾ വായിക്കുന്ന കഥകളിലെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നവൾ. ‘ഒരുതരം അന്തർമുഖി’ എന്നൊക്കെ അവളെ വിളിക്കാം. പഠിക്കാൻ മിടുക്കിയായിരുന്നു.

കോളേജ് കാലഘട്ടത്തിലാണ് അവൾ അരുണിനെ കണ്ടുമുട്ടുന്നത്. ആ ക്യാമ്പസിലെ ‘ഹീറോ’, പെൺകുട്ടികളുടെ ആരാധനാപാത്രം. മാലിനിയും കാണാൻ ഭംഗിയുള്ള പെൺകുട്ടിയായിരുന്നു. അവളുടെ മൗനം ഒഴിവാക്കിയാൽ അവൾ മിടുക്കിയാണ്. എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന മാലിനിയെ അരുൺ ശ്രദ്ധിച്ചു തുടങ്ങി. ക്ലാസ് മുറിയിലും ലൈബ്രറിയിലും കോളേജിന്റെ വലതുവശത്തുള്ള നിറയെ പൂവിട്ടുനിൽക്കുന്ന വാകമരത്തിന്റെ ചുവട്ടിലും മാത്രമേ അവൻ അവളെ കണ്ടിട്ടുള്ളൂ. അവളോടൊന്നു മിണ്ടാൻ അവൻ ശ്രമിച്ചു നോക്കി. പക്ഷേ… അവനെ കാണുമ്പോൾ തന്നെ തലകുനിച്ച് നടന്നു നീങ്ങും അവൾ. അങ്ങനെ അവൾ ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകത്തെ കൂട്ടുപിടിക്കാൻ അവൻ തീരുമാനിച്ചു. ലൈബ്രറിയിൽ അവൾക്കരികിൽ വന്നിരുന്ന് പുസ്തകം വായിക്കാൻ തുടങ്ങി. സംശയങ്ങൾ​ അവളോട് ചോദിക്കാനും മിണ്ടാനും തുടങ്ങിയതോടെ തിരികെ മറുപടികൾ കിട്ടിത്തുടങ്ങി. ദിവസങ്ങൾ കടന്നു പോകുമ്പോൾ അവളെ അവന്റെ ഹൃദയത്തിൽ കുടിയിരുത്തി, തിരിച്ചും.

“അല്ലെങ്കിലും പ്രണയം എപ്പോഴും ഇങ്ങനെയാണല്ലോ… ഹൃദയത്തിൽ കൂട്ടുകൂടാൻ അധികം സമയമൊന്നും വേണ്ടിവരില്ല, അല്ലേ?”

​ഇരു വീട്ടുകാരും ഈ ബന്ധത്തിന് സമ്മതിക്കില്ലെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെയാണ് അവർ സ്വയം ജീവിക്കാൻ തീരുമാനിച്ചതും. വിവാഹം കഴിഞ്ഞ് ഒരു വർഷമായി. അവളുടെ വീട്ടുകാരുമായി ഇന്നും യാതൊരു ബന്ധവുമില്ലായിരുന്നു. അവളുടെ ലോകം അരുണും അവരുടെ വീടും മാത്രമായിരുന്നു. അരുണിന്റെ ബന്ധുക്കൾ അവനെ മാത്രം വിളിക്കും. അവർക്കിടയിൽ മാലിനി എന്നൊരാൾ ഇല്ലാത്തതുപോലെയാണ് അവരുടെ പെരുമാറ്റം.

​വല്ലപ്പോഴും പുറത്തൊക്കെ കറങ്ങാൻ കൊണ്ടുപോകുമായിരുന്നു. മാലിനിക്ക് അരുണിന്റെ കൂടെ ജോലി ചെയ്യുന്ന അവന്റെ സുഹൃത്തുക്കളെ വലിയ താൽപ്പര്യമൊന്നുമില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അവൾ അവർക്കൊപ്പം പോകാറില്ല. എങ്കിലും അവന്റെ ഇഷ്ടങ്ങൾക്കൊന്നും അവൾ എതിരു നിന്നിരുന്നില്ല. തൊട്ടടുത്ത ഫ്ലാറ്റിലെ കുട്ടികളുടെ കളിചിരി കേൾക്കുമ്പോൾ അവൾ അവിടേക്ക് നോക്കാറുണ്ട്. അവരുടെ കുസൃതികൾ കാണുമ്പോൾ അവളും അറിയാതെ ചിരിക്കും. കുറച്ചു നാളുകൾ കൊണ്ട് ആ ഫ്ലാറ്റിലുള്ളവരുമായി അവൾക്ക് ചെറിയൊരു ബന്ധം ഉണ്ടായി.

അവരുടെ സംഭാഷണത്തിനിടയിൽ എപ്പോഴോ അവർ പറഞ്ഞു: “വിവാഹം കഴിഞ്ഞ് ഒരു വർഷമൊക്കെ ആയില്ലേ, ഇനി ഒരു കുഞ്ഞു വേണം മോളേ… അപ്പോഴേ നിങ്ങളുടെ ബന്ധം കുറച്ചുകൂടി സ്ട്രോങ്ങ്  ആവുകയുള്ളൂ…”

മാലിനി മറുപടി ഒന്നും പറഞ്ഞില്ല, ചിരിച്ചു. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അവർ പറഞ്ഞ കാര്യം അവൾ ഓർത്തത്.

“ശരിയാണല്ലോ… ഒരു കുഞ്ഞ് വേണം. ഈ ഒരു കാര്യമൊന്നും എന്റെ മനസ്സിൽ ഇതുവരെ തോന്നിയിട്ടില്ല… വൈകിട്ട് അരുൺ വരട്ടെ സംസാരിക്കാം.” അവൾ മനസ്സിൽ ഉറപ്പിച്ചു.

കുളിയും നിലവിളക്ക് കത്തിച്ചു പ്രാർത്ഥനയും കഴിഞ്ഞ് ബാൽക്കണിയിൽ വന്നിരുന്നു. എന്തോ വല്ലാത്തൊരു ക്ഷീണം പോലെ.അത് ശരീരത്തിനാണോ മനസ്സിനാണോ എന്നറിയില്ല. ആകാശത്തോട്ട് നോക്കി നിൽക്കുമ്പോൾ വല്ലാത്തൊരു വെളിച്ചം തോന്നുന്നു. ആകാശത്തിന് കറുത്ത മൂടുപടം അണിഞ്ഞ് ആരോ വിളക്കു തെളിച്ചും അണച്ചും നമ്മളെ പറ്റിക്കുകയാണോ എന്ന് തോന്നിപ്പോകുന്ന നക്ഷത്രങ്ങളെ നോക്കി അവൾ ചോദിച്ചു: “സത്യമോ മിഥ്യയോ എന്നറിയില്ല… എങ്കിലും നിങ്ങളെ കാണാൻ എന്തൊരു ഭംഗിയാണ്. കണ്ണുചിമ്മിയ നക്ഷത്രങ്ങളെ, നിങ്ങൾ എന്റെ അച്ഛനെയും അമ്മയെയും കാണുന്നുണ്ടോ?”​

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. അവൾ കണ്ണുതുറന്നു ചുറ്റും നോക്കി. ഇപ്പോഴും താൻ ബാൽക്കണിയിൽ തന്നെ ആയിരുന്നോ? പെട്ടെന്ന് അവൾ തിരിഞ്ഞു നടന്നു മുറിയിലേക്ക്. സമയം പതിനൊന്നാവാൻ പോകുന്നു. ഇതുവരെയും അരുൺ വന്നിട്ടില്ല. ഈ ഇടയായി മീറ്റിംഗ് എന്ന് പറഞ്ഞു താമസിക്കുന്നു. അവൾ ഫോൺ എടുത്തു അവനെ വിളിക്കാൻ തുടങ്ങി. അപ്പോഴേക്കും കോളിംഗ് ബെൽ മുഴങ്ങി.

“എന്തു പറ്റി അരുൺ ഇന്ന് അല്പം നേരത്തെ ആണല്ലോ…” അവൾ പരിഭവിച്ചു.

അവൻ ഒരു കൊഞ്ചലോടെ അവളെ ചേർത്തു പിടിച്ചു. “എന്റെ ജോലിയുടെ ഭാഗമല്ലേ മോളേ… നീ ഒന്ന് ക്ഷമിക്ക്.”

അവൾ ഒന്ന് പുഞ്ചിരിച്ചു. “ഇന്നും ഭക്ഷണം വേണ്ടായിരിക്കും അല്ലേ…” അവൾ അവനെ നോക്കാതെ പറഞ്ഞു.

“ആ… വേണ്ട കേട്ടോ… ഞാൻ കഴിച്ചു. നീ കിടന്നോ… ഞാൻ കുളിച്ചിട്ടു വരാം.” ടവ്വലും എടുത്ത് ബാത്ത്റൂമിലേക്ക് പോകും വഴി അവൻ തന്റെ ഫോണും കയ്യിൽ എടുത്തു നടന്നു.​

അവൾ അവൻ പോയ വഴിയേ നോക്കിനിന്നു. എന്തോ ഒരു വല്ലാത്തായ്ക. കുറച്ചു ദിവസമായി അവനിൽ എന്തോ ഒരു മാറ്റം വന്നതുപോലെ, തന്നോട് സംസാരിക്കുന്നത് പോലും കുറഞ്ഞു. എപ്പോഴും ഫോണിൽ തന്നെ. ചോദിച്ചാൽ പറയും ജോലിയുടെ ഭാഗമാണെന്ന്, ടെൻഷൻ ആണെന്ന്. ഒരു വർഷത്തിന് മുൻപ് വരെയും ഈ ജോലി തന്നെയല്ലേ ചെയ്തുകൊണ്ടിരുന്നത്. പിന്നെ ഇപ്പോൾ എന്ത് പുതിയ കാര്യമാണ് ഉണ്ടായത്. കിടന്നെങ്കിലും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ബാത്ത്റൂമിൽ കയറിയാൽമണിക്കൂറോളം കഴിയും ഇറങ്ങി വരാൻ. അവൾ നിശബ്ദമായി തേങ്ങി. “എന്തിനോ…” അവളുടെ മനസ്സ് പിടഞ്ഞു. അവൻ വന്നു അടുത്ത് കിടന്നതും ലൈറ്റ് അണച്ചതും അവൾ കണ്ടു. പക്ഷേ… തിരിഞ്ഞു നോക്കിയില്ല. ഒരു ചേർത്തു പിടിക്കൽ അവൾ ആഗ്രഹിച്ചു. എന്നാൽ അത് അന്നും ഉണ്ടായില്ല.

​പിറ്റേന്ന് രാവിലെ തന്നെ സമയം പോയി എന്ന് പറഞ്ഞ് ധൃതി വച്ച് അവൻ വീട്ടിൽ നിന്നും ഇറങ്ങി. കുറച്ചു സമയം കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നും അവന്റെ ഫോണിന്റെബെൽ മുഴങ്ങിക്കേട്ടു. അവൾ എടുത്തു ചെവിയോട് ചേർത്തു.

“ഹലോ…” ​ഒരു പരിചയമുള്ള ശബ്ദം അവൾ കേട്ടു. “അരുൺ, നീ എവിടെ? സമയം ഇത് എത്രയായെന്ന് അറിയാമോ?”

വിളിച്ചയാൾ ദേഷ്യത്തിലാണെന്ന് തോന്നുന്നു. ​അവൾ മിണ്ടിയില്ല. മാലിനി വീണ്ടും ശ്രദ്ധിച്ചു… “ഈ ശബ്ദം നല്ല പരിചയമുണ്ടല്ലോ!”

​”എടാ അരുണേ… ഇന്ന് ലീവ് എടുക്കുന്നത് നിന്റെ കെട്ടിയവളെ കെട്ടിപ്പിടിച്ചു കിടക്കാനല്ല. നമുക്ക് ഇന്ന് എൻജോയ്  ചെയ്യാനുള്ളതാണ്. വേഗം വാടാ… എന്റെ…”​മുത്തേ…” ​അവൾ കൊഞ്ചി പറഞ്ഞതും മാലിനി ഫോൺ കട്ട് ചെയ്തു.

താൻ കേട്ടത് എന്താണെന്ന് തിരിച്ചറിയാൻ ഒരു പ്രയാസം തോന്നി അവൾക്ക്. എന്തോ… വലിയ ജോലി ഉണ്ടെന്ന് പറഞ്ഞു പോയവൻ ഇന്ന് ലീവിലാണെന്നോ? അവൾക്ക് അവളുടെ കാതുകളെ വിശ്വസിക്കാൻ തോന്നിയില്ല. എന്നാലും… അവൾ ബെഡിൽ  ഇരുന്ന അവന്റെ ഫോൺ, അവൾ ആ ഫോണിലേക്ക് നോക്കി. ഇന്നുവരെയും അവന്റെ ഫോണിൽ ആര് വിളിക്കും എന്നോ എന്താണെന്നോ ഒന്നും നോക്കിയിട്ടില്ല. ഒരുതരം സംശയവും അവൾക്ക് അവനിൽ ഇല്ലായിരുന്നു. പക്ഷേ… അല്പം മുൻപ് അവൾ കേട്ടതും കുറച്ചു നാളായി അവനിൽ വന്ന മാറ്റവും ആലോചിച്ചപ്പോൾ അവൾ അറിയാതെ തന്നെ ഫോണിന്റെ ലോക്ക് മാറ്റി. കോൾ ഹിസ്റ്ററിയിൽ അറിയാവുന്ന നമ്പറുകൾ മാത്രമേ ഉള്ളൂ. പക്ഷേ ഇപ്പോൾ വിളിച്ച നമ്പർ പുതിയതാണ്.

ഫോട്ടോ ആൽബം ഓപ്പൺ ചെയ്ത് ഫോട്ടോസ് കണ്ടുകൊണ്ടിരുന്നു. അപ്പോഴും ഒന്നും തോന്നിയില്ല സംശയിക്കാൻ എന്തുണ്ട്? എന്തിനാണ് ഇങ്ങനെ… ഒരിക്കലും എന്നെ വിട്ടുപോവില്ല… അവൾ വിശ്വാസം മനസ്സിലുറപ്പിച്ചു. അവളുടെ കണ്ണുകൾ ഒരു ഫോട്ടോയിൽ ഉടക്കി. പെട്ടെന്ന് അവൾ അത് ഓപ്പൺ ചെയ്തു നോക്കി. തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത വണ്ണം ആ ചിത്രം അവളിൽ പേടി മരവിപ്പിച്ചു. ചുണ്ടുകൾ വിറച്ചുകൊണ്ട് അവൾ പറഞ്ഞു: “ഇത് ഞാനല്ല… ഞാനല്ല…”

കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എന്തോ ഓർത്തതുപോലെ ഫോൺ പരിശോധിച്ചുകൊണ്ടിരുന്നു. വാട്സാപ്പ് മെസ്സേജുകൾ പൈങ്കിളി കഥകളിലെ കഥാപാത്രങ്ങളെപ്പോലെ ശരീരത്തിന്റെ രസതന്ത്രങ്ങളെപ്പറ്റി വർണ്ണനകൾ ആയിരുന്നു. അതിലുണ്ടായിരുന്നത് ഒരു നമ്പറിലേക്ക് മാത്രം. ഇപ്പോൾ വിളിച്ച അതേ നമ്പറിൽ മാത്രം. സേവ് ചെയ്തിട്ടില്ല. താൻ കണ്ട ചിത്രത്തിൽ സ്ത്രീയുടെ മുഖം കാണാൻ കഴിയുന്നില്ലെങ്കിലും അവളുടെ ശരീരഭാഗങ്ങൾ വ്യക്തമാണ്, അരുണിന്റേയും. ഈശ്വരൻ തനിക്ക് തന്ന തെളിവാണ് ഈ ചിത്രം. ഒരു നിമിഷം കൊണ്ട് ഞാൻ ഇല്ലാതാവണം എന്ന് ചിന്തിച്ചു അവൾ. പക്ഷേ… മരിക്കാൻ ഭയമാണ്. ഇനി എന്തുവേണം? അവന്റെ ജീവിതത്തിൽ നിന്നു പോണോ? അതോ… ഞാൻ ഒരു ശല്യമാണോ അരുണിന്? തന്നെ സ്നേഹിക്കുന്നതായി അഭിനയിക്കുകയാണോ അവൻ? അവന്റെ ഇഷ്ടങ്ങൾക്ക് മാത്രമേ പ്രാധാന്യം കൊടുത്തിട്ടുള്ളൂ. അവനു മാത്രമായി ജീവിക്കുന്നവളല്ലേ ഞാൻ. അതോ… മാലിനി പോരാ എന്ന് അവനു തോന്നിയോ…?ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ കുടുങ്ങിക്കിടന്നു. കരഞ്ഞു തളർന്ന് അവളുടെ ബോധം മറഞ്ഞു.

കണ്ണുതുറക്കുമ്പോൾ ഏതോ ആശുപത്രിയിലാണെന്ന് അവൾക്ക് മനസ്സിലായി. ചുറ്റും കണ്ണോടിച്ചു നോക്കി. അരുൺ തന്റെ ബെഡിന്  അടുത്ത് നിൽക്കുന്നു. തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തലയിൽ തടവി നെറ്റിയിൽ മൃദുവായി ചുംബിച്ചു.

“നമ്മൾ ഒരു അച്ഛനും അമ്മയും ആവാൻ പോകുന്നു…”

മാലിനി അവനെ ഒന്ന് നോക്കി. മൗനമായി ഇരുന്നു. മുഖത്ത് യാതൊരു ഭാവഭേദങ്ങളും ഉണ്ടായിരുന്നില്ല.

“മാലിനി” ഡോക്ടർ വിളിച്ചു. മുഖമുയർത്തി അവൾ നോക്കി. “തനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ബി. പി. കുറച്ചു കൂടി, അതിന്റെയാണ് തലചുറ്റൽ വന്നത്. ഇപ്പോൾ നോർമൽ  ആണ്. റെസ്റ്റ് എടുക്കുക, എപ്പോഴും ഹാപ്പി  ആയിട്ടിരിക്കൂ… നല്ലൊരു ബേബിക്കായി കാത്തിരിക്കാം, ഓക്കേ…”

​തിരികെയുള്ള യാത്രയിൽ അവൾ ഒന്നും മിണ്ടിയില്ല. അരുൺ എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും കേൾക്കാൻ അവളുടെ മനസ്സ് ഉണ്ടായിരുന്നില്ല അവിടെ, ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ ശേഷം അവൾ ഒന്നും സംസാരിച്ചില്ല. അരുൺ എന്തൊക്കെ ചോദിച്ചാലും അവൾ വെറും നിശബ്ദത മാത്രം മറുപടിയായി നൽകി. അവളുടെ കണ്ണുകളിൽ നിറയെ ഭയവും വേദനയും ഉണ്ടായിരുന്നു. അരുൺ തന്റെ കള്ളത്തരം അറിഞ്ഞു കാണുമോ എന്ന് ഭയന്ന് അസ്വസ്ഥനായി നടന്നു. മൂന്നാം ദിവസം അവൾ അവന്റെ ഫോൺ ബലമായി വാങ്ങി. അതിലൊരു ഫോട്ടോ ഓപ്പൺ ചെയ്ത് അവന് നേരെ നീട്ടി…

​അവൻ ഫോണിലേക്കും മാലിനിയുടെ മുഖത്തേക്കും മാറി മാറി നോക്കി.

​”എന്താടി…” അവൻ ചോദിച്ചു.

“ഈ ഫോട്ടോയിൽ കാണുന്നത് ആരാണെന്ന് മാത്രം പറഞ്ഞാൽ മതി.”

​അവൾ കരഞ്ഞില്ല, പക്ഷേ അവളുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന കാര്യം പോലും അവൾ ആ നിമിഷം മറന്നുപോയിരുന്നു. ആ വഞ്ചനയുടെ വേദന മാത്രം അവളുടെ ഉള്ളിൽ തളംകെട്ടി നിന്നു. അവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും വരാതെ തന്നെ അവൻ മറുപടി പറഞ്ഞു. “ഇത് നീ തന്നെ അല്ലാതെ എന്റെ അടുത്ത് ആര് കിടക്കുന്നു?”

​അവളുടെ മുഖത്ത് ഒരു പരിഹാസം നിറഞ്ഞു. “ഞാനോ? എനിക്ക് എന്നെ കണ്ടാൽ അറിയാം… പറയ് അരുൺ… ഇത് ആരാണ്? നീ… എന്നെ സ്നേഹിച്ചിട്ടില്ലേ…? ഞാൻ നിന്റെ ഭാര്യയല്ലേ…? എന്തിനാ നീ എന്നെ ചതിച്ചത്?

എന്റെ വയറ്റിലുള്ള ഈ കുഞ്ഞിനെ ഓർത്തെങ്കിലും നീ സത്യം പറയൂ അരുൺ…”

അവൾക്ക് നിയന്ത്രിക്കാനാവാതെ പൊട്ടിിക്കരഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു. താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വലിയ സന്തോഷം പോലും ആ നിമിഷം അവൾക്ക് വലിയൊരു ഭാരമായി തോന്നി.

​അരുൺ ഒന്നും പറയാനാകാതെ വിഷമിച്ചു. “ആ ചിത്രത്തിൽ മാലിനി, നീ തന്നെയാണ് അത്. ഞാൻ ഒരു തമാശയ്ക്ക് എടുത്ത ഫോട്ടോ ആണത്. നീ വിശ്വസിക്ക്…”

​”എന്ത് വിശ്വസിക്കണം അരുൺ? നീ പറയുന്ന കള്ളത്തരങ്ങൾ ഞാൻ വിശ്വസിക്കണമെന്നോ?” അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. “നിങ്ങളെ ഞാൻ എന്റെ… ജീവനെപ്പോലെ വിശ്വസിച്ചിരുന്നു. പക്ഷേ… നിങ്ങൾ തെറ്റ് ചെയ്തിട്ട് പിന്നെയും ന്യായീകരിക്കുന്നോ? അന്ന് ജോലിക്കെന്ന് പറഞ്ഞ് രാവിലെ എവിടെ പോയതായിരുന്നു? ആരാണ് നിങ്ങളുടെ കൂടെ വരാൻ നിന്നത്?”

അവൾ ചോദ്യങ്ങൾ നിരത്തിയപ്പോൾ അരുൺ ഒന്ന് പതറി. എങ്കിലും അവൻ ശാന്തനായി പറഞ്ഞു: “മാലിനി… നീ എന്തൊക്കെയാ ഈ പറയുന്നത്? ഞാൻ ഓഫീസിലേക്കാ പോയത്.”

​”കള്ളം… പിന്നെയും കള്ളം പറയാൻ നിങ്ങൾക്ക് നാണമില്ലേ…? അന്ന് നീ ഓഫീസിലല്ല, ലീവിലായിരുന്നില്ലേ? നീ നിന്റെ ഫോൺ മറന്നുവെച്ചത് ഒരു തെറ്റും ചെയ്യാത്ത എനിക്ക് സത്യങ്ങൾ മനസ്സിലാക്കിത്തരാനായിരുന്നു. ഈശ്വരൻ എന്റെ കൂടെയുണ്ട്, അതുകൊണ്ട് എന്റെ ചെവിയിൽ ഇതൊക്കെ എത്തി. കണ്ണുകൾക്ക് തെറ്റുപറ്റിയിട്ടില്ല… ഇത് ഞാനല്ല.”

​പറഞ്ഞു തീരുന്നപ്പോഴേക്കും അവൾ നന്നായി കിതച്ചു… ശ്വാസമെടുക്കാൻ പാടുപെട്ടു. അവൾ മുഖം പൊത്തി ബെഡിൽ തന്നെ ഇരുന്നു. താൻ ഇത്രമേൽ വിശ്വസിച്ച അരുൺ തന്നെ ഇത്ര ക്രൂരമായി വഞ്ചിച്ചുവല്ലോ എന്ന ചിന്ത അവളുടെ മനസ്സിനെ വല്ലാതെ നീറ്റിക്കൊണ്ടിരുന്നു.​ അവൾ കണ്ണുനീർ ഒഴുക്കിക്കൊണ്ടുതന്നെ അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഒരുകാലത്ത് താൻ ജീവനെപ്പോലെ സ്നേഹിച്ചവന്റെ വഞ്ചനയും, അതിന് ശേഷം അവൻ കാണിക്കുന്ന ധാർഷ്ട്യവും അവളുടെ ഹൃദയത്തെ തകർത്തു കളഞ്ഞു. അരുൺ അതൊക്കെ അക്ഷമയോടെ കേട്ടുനിന്നു. അവൾ ഓരോ വാക്കും പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി. ഒടുവിൽ അതൊന്നും സഹിക്കാനാവാതെ അവൻ പൊട്ടിത്തെറിച്ചു.

​”മതി! നിന്റെ ഈ കരച്ചിലും കുറ്റപ്പെടുത്തലും എനിക്ക് കേട്ട് മടുത്തു. ഞാൻ പറഞ്ഞല്ലോ, നിന്റെ സ്വഭാവം കൊണ്ടാണ് ഞാൻ ഇങ്ങനെ ആയതെന്ന്. ഇനിയെങ്കിലും ഇതൊന്ന് നിർത്താൻ നോക്ക്!”

​അവന്റെ ശബ്ദം മുറിയിൽ മുഴങ്ങി. അതുകേട്ട മാലിനി ഞെട്ടിപ്പോയി.അവന്റെ പൊട്ടിത്തെറിക്ക് മുന്നിലും പതറാതെ മാലിനി വീണ്ടും ചോദിച്ചു.

“ഞാൻ എന്ത് ചെയ്തിട്ടാണ് നീ ഇങ്ങനെയൊക്കെ ചെയ്തത്? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? നീ എന്നെ ഉപേക്ഷിച്ചു പോയത് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്? നീ പറയുന്നതൊക്കെ കേൾക്കുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല… എന്റെ ഭാഗത്ത് എന്തെങ്കിലും കുറവുണ്ടായോ?”​

അവന്റെ കണ്ണുകളിൽ ദേഷ്യം ആളിക്കത്തി. അവൻ മാലിനിക്ക് നേരെ ആക്രോശിച്ചു, “നിന്നെ ഞാൻ ഉപേക്ഷിച്ചു പോയെന്ന് എപ്പോഴാ ഞാൻ പറഞ്ഞത്? നീ എന്തിനാ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നത്? ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുന്നത് നിന്റെ ഒരു സ്വഭാവമായിപ്പോയി. നിന്റെ ഈ സംശയവും ആലോചനകളും ഒക്കെയാണ് നമ്മളെ ഈ അവസ്ഥയിൽ എത്തിച്ചത്. എല്ലാം നിന്റെ കുറ്റമാണ് മാലിനി, നീ തന്നെയാണ് ഇതിനെല്ലാം കാരണം!”

​അവന്റെ ഓരോ വാക്കും ഒരു കല്ലേറുപോലെ മാലിനിയുടെ നെഞ്ചിൽ വന്നു പതിച്ചു. മറുപടി പറയാൻ പോലും കഴിയാതെ അവൾ വിതുമ്പിക്കൊണ്ടിരുന്നു.​ അവൻ വീണ്ടും ദേഷ്യത്തോടെ തുടർന്നു: “ഭാര്യ എന്ന് പറഞ്ഞാൽ വീട്ടിലെ കാര്യങ്ങൾ ചെയ്യാനും അലക്കാനും ഒക്കെ ഉള്ളവളാണെന്നാണോ നിന്റെ വിചാരം? അതിനപ്പുറം പലതുമുണ്ട്. പുറംലോകവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് കിട്ടേണ്ട പരിഗണനയും സ്നേഹവും ഒന്നും ഇവിടെ നിന്ന് കിട്ടാത്തതുകൊണ്ടാണ് ഞാൻ പുറത്തുപോകുന്നത്. എനിക്ക് വേണ്ടത് തരാൻ നിനക്ക് കഴിയില്ലെങ്കിൽ ഞാൻ ഇനിയും പോകും!”

അവൻ ദേഷ്യത്തോടെ മാലിനിക്ക് നേരെ ആക്രോശിച്ചു, “എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരുടെ ഭാര്യമാരൊക്കെ പുറത്തിറങ്ങി എങ്ങനെയാണ് പെരുമാറുന്നത് എന്ന് നീ കണ്ടു നോക്ക്. കല്യാണം കഴിഞ്ഞപ്പോഴെങ്കിലും നിന്റെ ഈ ഉൾവലിഞ്ഞ സ്വഭാവം മാറുമെന്ന് ഞാൻ കരുതി. എത്രയോ വർഷമായില്ലേ! എന്നിട്ടും നിന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ. പുറംലോകവുമായി ബന്ധപ്പെടുന്ന ഒരാളാണ് ഞാൻ എന്ന് നീ ഓർക്കണം. നീ ഇപ്പോഴും വർഷങ്ങൾ പുറകോട്ടാണ് സഞ്ചരിക്കുന്നത് മാലിനി. കാലം പോകുന്നതിനനുസരിച്ച് കോലം മാറണം എന്ന് നീ കേട്ടിട്ടില്ലേ? നീ എപ്പോഴും പുറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ഒന്നും ചിന്തിക്കുന്നതേ ഇല്ല!”

​അരുണിന്റെ ഈ വാക്കുകളൊക്കെ കേട്ടപ്പോൾ മാലിനിക്ക് അവനോട് കടുത്ത ദേഷ്യവും വെറുപ്പുമാണ് തോന്നിയത്. അവളുടെ നെഞ്ചിലെ കനൽ കട്ടപിടിച്ചു. അവൾ അവനെ രൂക്ഷമായി നോക്കി പറഞ്ഞു:

​”നിങ്ങൾ സ്വാർത്ഥനാണ്! സ്വന്തം ഭാര്യയെ ഇത്രയും നീചമായി കാണുന്നവനാണ് നിങ്ങൾ. എന്റെ പ്രണയം, എന്റെ ആത്മാർത്ഥത, നിങ്ങളിലുള്ള എന്റെ വിശ്വാസം… ഇതൊക്കെ നിങ്ങൾ തകർത്തു കളഞ്ഞു! നിനക്ക് ചുറ്റുമുള്ളവരെ നീ അനുകരിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. അതല്ല കുടുംബജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്നേഹവും വിശ്വാസവുമാണ് ഇവിടെ തകർക്കപ്പെടുന്നത്. നീ അത് ഒന്ന് ചിന്തിച്ചു നോക്കണം! ഇന്ന് നീ മറ്റുള്ളവരെ കണ്ട് എന്നെ മാറ്റിനിർത്തുന്നു. പക്ഷേ, നാളെ നിന്റെ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെപ്പോലും നീ അവർക്ക് വേണ്ടി മാറ്റിനിർത്തില്ല എന്ന് എന്താണ് ഉറപ്പ്?”

​മാലിനിക്ക് ഉറക്കെ പൊട്ടിക്കരയാൻ തോന്നി. ഇനി ഒരു നിമിഷം പോലും അവന്റെ മുന്നിൽ നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവനെ അവിടെ വിട്ട് അവൾ വേഗം തന്റെ മുറിയിലേക്ക് പോയി.​ മുറിക്കുള്ളിലെ ഇരുട്ടിൽ തനിച്ചിരുന്ന് അവൾ ഓരോന്നായി ഓർത്തെടുത്തു. പുറത്തുനിന്ന് കേട്ട ആ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൾ സ്വയം ചിന്തിച്ചുകൊണ്ടേയിരുന്നു. “ശരിയായിരിക്കും… എന്റെ ഉൾവലിഞ്ഞ സ്വഭാവമായിരിക്കും ഇതിനെല്ലാം കാരണം.”

​അരുൺ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ അവൾ പാടുപെട്ടു. തന്റെ ഭാഗത്താണ് തെറ്റെന്ന് കരുതിയാൽ ഒരുപക്ഷേ ഈ വേദനയ്ക്ക് അല്പം ശമനം കിട്ടുമെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകാം. അവനോടുള്ള സ്നേഹം അത്രമേൽ ആഴത്തിലുള്ളതുകൊണ്ട്, അവനെ കുറ്റപ്പെടുത്തുന്നതിനേക്കാൾ സ്വന്തം സ്വഭാവത്തെ പഴിക്കാനാണ് അവൾ ശ്രമിച്ചത്.​ എങ്ങനെയൊക്കെയോ ഓരോന്ന് ചിന്തിച്ച് ആകെ തളർന്ന നിലയിലായിരുന്നു അവൾ. തന്റെ ഉള്ളിലെ സങ്കടങ്ങളും സ്വയം കണ്ടെത്താൻ ശ്രമിച്ച കാരണങ്ങളും അവളെ വല്ലാതെ തളർത്തിക്കളഞ്ഞു. പുറത്ത് പെയ്യാൻ വെമ്പുന്ന മഴയുടെ തണുപ്പും മുറിക്കുള്ളിലെ നിശബ്ദതയും പതുക്കെ അവളെ പൊതിഞ്ഞു. ഒടുവിൽ, കണ്ണുനീർ ഉണങ്ങാത്ത മിഴികളോടെ അവൾ അറിയാതെ ഒരു മയക്കത്തിലേക്ക് വീണു.​ മയക്കത്തിന്റെ ഏതോ ആഴങ്ങളിൽ നിൽക്കുമ്പോഴാണ് കാലിൽ എന്തോ തണുത്തതായി അവൾക്ക് അനുഭവപ്പെട്ടത്. പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞാണ് അവൾ കണ്ണ് തുറന്നത്. മുറിയിലാകെ ഇരുട്ട് പടർന്നിരുന്നു. ആ തണുപ്പ് ഒരു വിറയലായി അവളുടെ ഉള്ളിലേക്ക് പടർന്നു.​അവൾ കണ്ണ് തുറന്ന് നോക്കുമ്പോൾ കണ്ടത് തറയിലിരുന്ന് തന്റെ കാലുകളിൽ മുഖമമർത്തിയിരിക്കുന്ന അരുണിനെയാണ്. അവന്റെ കൈകളിലെ തണുപ്പാണ് അവളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. അവൾ പതുക്കെ എഴുന്നേറ്റിരുന്നു.

​അരുൺ മുഖമുയർത്തി അവളെ നോക്കി. അവന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു. ദേഷ്യമെല്ലാം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. വിറയ്ക്കുന്ന ശബ്ദത്തോടെ അവൻ പതുക്കെ പറഞ്ഞു:

​”എന്നോട് ക്ഷമിക്ക് മാലിനി…”

​ആ വാക്കുകൾ കേട്ടപ്പോൾ മാലിനി ഒരു നിമിഷം സ്തംഭിച്ചുപോയി. കുറച്ചു മുൻപ് തന്നെ ഇത്രത്തോളം അധിക്ഷേപിച്ച അതേ മനുഷ്യനാണോ ഇപ്പോൾ തന്റെ മുന്നിൽ ഇരുന്ന് മാപ്പ് ചോദിക്കുന്നത്? അവളുടെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ തിരതല്ലി. അരുൺ അവളുടെ കൈകളിൽ മുറുക്കെ പിടിച്ചുകൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു:

​”എനിക്ക് നിന്നെ എത്രത്തോളം ഇഷ്ടമാണെന്ന് നിനക്കറിയാം മാലിനി… നിനക്ക് എന്നെയും എത്രത്തോളം ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷേ, ഏതോ ഒരു നിമിഷം എന്റെ മനസ്സ് കൈവിട്ടുപോയി. ആ ബുദ്ധിമോശത്തിലാണ് ഞാൻ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞുപോയത്. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകൾ പറഞ്ഞു നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. എന്നോട് ക്ഷമിക്ക്…”

​അരുണിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ മാലിനിയുടെ കണ്ണ് നിറഞ്ഞു. ഇത്രയും നേരം ഉള്ളിൽ അടിച്ചമർത്തി വെച്ചിരുന്ന സങ്കടം ഒരു വിങ്ങലായി പുറത്തുവന്നു. തന്നെ ഇത്രയധികം അവഗണിച്ചവനോട് പെട്ടെന്ന് ക്ഷമിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല, എങ്കിലും അവന്റെ ആ തകർന്ന ഇരിപ്പ് അവളെയും വേദനിപ്പിച്ചു. അരുൺ അവളുടെ കൈകളിൽ മുറുക്കെപ്പിടിച്ച് വിതുമ്പലോടെ തുടർന്നു:

​”ഇനി ഒരിക്കലും ഞാൻ അങ്ങനെയുള്ള തെറ്റുകളൊന്നും ചെയ്യത്തില്ല മാലിനി. ഇനി ഒരിക്കലും നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ എന്റെ മനസ്സ് സങ്കൽപ്പിക്കുക പോലും ഇല്ല. ഒരിക്കലും ഞാൻ അത്തരം തെറ്റുകളിലേക്ക് പോകില്ല. നീ എന്നെ ഒന്ന് വിശ്വസിക്ക്… എന്റെ മനസ്സ് കൈവിട്ടുപോയ ആ നിമിഷത്തെ തെറ്റായി കണ്ട് എന്നോട് ക്ഷമിക്ക്.”​അവൻ അവളുടെ കൈകളിൽ തല ചായ്ച്ചു കൊണ്ട് വിതുമ്പി, “മാലിനി… നമ്മൾ തമ്മിലുള്ള എല്ലാ പിണക്കങ്ങളും മാറ്റിവെക്ക്. നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും നീ എന്നോട് ക്ഷമിക്കൂ. അവന് വേണ്ടിയെങ്കിലും നമുക്ക് ഒരുമിച്ച് ജീവിക്കണ്ടേ? നീയില്ലാതെ എനിക്കോ നമ്മുടെ കുഞ്ഞിനോ മുന്നോട്ട് പോകാൻ കഴിയില്ല. എന്റെ ഈ തെറ്റ് നീ പൊറുക്കണം.”

​അരുണിന്റെ ആ വാക്കുകൾ കേട്ടപ്പോൾ മാലിനിയുടെ കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകി. തന്റെ വയറ്റിൽ വളരുന്ന ആ ജീവനെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ മനസ്സ് അലിഞ്ഞു. തന്നെ ഇത്രയും വേദനിപ്പിച്ച അരുണിനോട് പെട്ടെന്ന് ക്ഷമിക്കാൻ കഴിയില്ലെന്ന് കരുതിയതാണെങ്കിലും, കുഞ്ഞിന്റെ കാര്യം വന്നപ്പോൾ അവൾക്ക് അവനെ തള്ളിക്കളയാൻ കഴിഞ്ഞില്ല.​അന്ന് ആ മുറിയിൽ വെച്ച് മാപ്പ് ചോദിച്ചതിന് ശേഷം അരുണിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. പിന്നീടുള്ള ഓരോ ദിവസങ്ങളിലും അരുൺ മാലിനിയെ കൂടുതൽ തന്റെ അരികിലേക്ക് ചേർത്തുപിടിക്കാൻ ശ്രമിച്ചു. അവളുടെ ഓരോ ചെറിയ ഇഷ്ടങ്ങളും ആവശ്യങ്ങളും അവൻ ചോദിച്ചറിഞ്ഞു.

​പഴയതുപോലെ ദേഷ്യപ്പെടാനോ അവളെ തനിച്ചാക്കി പോകാനോ അവൻ മുതിർന്നില്ല. ജോലി കഴിഞ്ഞ് വന്നാൽ അവളുടെ അരികിലിരുന്ന് വിശേഷങ്ങൾ പങ്കുവെക്കാനും, അവളുടെ വയറ്റിൽ വളരുന്ന ആ കുഞ്ഞുജീവനോട് സംസാരിക്കാനും അവൻ സമയം കണ്ടെത്തി. പുറംലോകത്തെ തിരക്കുകളിൽ നിന്നും സുഹൃത്തുക്കളുടെ സ്വാധീനത്തിൽ നിന്നും അവൻ പതുക്കെ ഉൾവലിഞ്ഞു, തന്റെ ലോകം മാലിനിയും തന്റെ കുഞ്ഞും മാത്രമാണെന്ന് അവൻ തിരിച്ചറിഞ്ഞു.

​മാലിനിയുടെ ഉള്ളിലെ ആഴത്തിലുള്ള മുറിവുകൾ ഉണങ്ങാൻ സമയമെടുത്തു എങ്കിലും, അരുണിന്റെ ഈ കരുതലും സ്നേഹവും അവളെ പതുക്കെ പഴയ സന്തോഷത്തിലേക്ക് തിരികെ കൊണ്ടുവന്നു.​അരുൺ ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. അവൻ മാലിനിയെ സ്നേഹം കൊണ്ട് മൂടുകയാണ്, അവളുടെ ഓരോ കാര്യങ്ങളും നോക്കി നടത്തുന്നു. പക്ഷേ, എന്തുതന്നെയായാലും മാലിനിയുടെ ഉള്ളിലെ ആ പഴയ ഭയം പൂർണ്ണമായി വിട്ടുപോയിരുന്നില്ല.

​പുറമെ അവൾ അവനോട് ചിരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, അവൻ ഓരോ തവണ സ്നേഹത്തോടെ അരികിലേക്ക് വരുമ്പോഴും അവളുടെ ഉള്ളിൽ എവിടെയോ ഒരു വിറയൽ ബാക്കിയായിരുന്നു. ഒരിക്കൽ തന്നെ വാക്കുകൾ കൊണ്ട് ചുട്ടുപൊള്ളിച്ച ആ പഴയ അരുണിനെ അവൾക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല.

​ഏത് പെണ്ണായാലും അവളുടെ ഉള്ളിന്റെയുള്ളിൽ ആ ഒരു അവിശ്വാസം എപ്പോഴും ബാക്കിയുണ്ടാകും. തിളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുന്നത് പോലെ, അരുണിന്റെ ഈ പുതിയ സ്നേഹവും എന്നെങ്കിലും ഒരുനാൾ വറ്റുമോ എന്ന പേടി അവളുടെ മനസ്സിൽ ഒരു നിഴൽ പോലെ എപ്പോഴും കൂടെയുണ്ടായിരുന്നു. വിശ്വസിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ മനസ്സ് പൂർണ്ണമായി അതിന് അനുവദിക്കുന്നില്ല.

​കാലം മുറിവുകൾ ഉണക്കുമെന്ന് പറയുമ്പോഴും, ആ മുറിവുണ്ടാക്കിയ പാടുകൾ അവളുടെ മനസ്സിൽ ഒരു നോവായി എക്കാലവും നിലനിൽക്കും. സ്നേഹത്തിനും അപ്പുറം, ആ പഴയ സുരക്ഷിതബോധം ഇനിയൊരിക്കലും അവൾക്ക് തിരിച്ചു കിട്ടില്ലെന്ന് അവൾ പതുക്കെ തിരിച്ചറിഞ്ഞു.

​ശുഭം

Post Views: 481
2
ASHA NAIR

അക്ഷരങ്ങളെ ഹൃദയം കൊണ്ടെഴുതാൻ ശ്രെമിക്കുന്നൊരാൾ

3 Comments

  1. മിനി സുന്ദരേശൻ on March 26, 2026 2:42 AM

    വിശ്വാസവഞ്ചന എന്ന മുറിവ് ഉണങ്ങാൻ പ്രയാസമാണ് … നന്നായെഴുതി👍❤️

    Reply
  2. Shreeja R on March 25, 2026 8:12 PM

    👌👌

    Reply
  3. Joyce Varghese on March 25, 2026 5:19 PM

    തീർച്ചയായും മുറിവുകൾ ഉണങ്ങിയാലും പാടുകൾ നിലനിൽക്കും. മുറിപ്പെടുത്താതെ ശ്രമിക്കുന്നതാണ് ദാമ്പത്യ വിജയം.
    നല്ല രചന.👍👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.