വൈകുന്നേരം ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ എബി പപ്പയോട് പറഞ്ഞു.
‘പപ്പാ, ഞങ്ങളും നാളെ മുതൽ ‘ വർക് ഫ്രം ഹോം’ ലേക്ക് മാറുകയാണ്. നമ്മടെ നെറ്റിന് സ്പീഡ് കുറവാണ്. അതുകൊണ്ട് പ്ലാൻ ഒന്ന് മാറ്റിയേക്കണേ.’
‘ഏത് പ്ലാൻ ആണെന്ന് വെച്ചാൽ പറയെടാ. നമുക്ക് അതിലോട്ട് മാറാം.
‘അല്ല… അപ്പോൾ ഇനി നിനക്ക് ഓഫീസിൽ പോവണ്ടേ?’
‘കൊറോണ അല്ലേ പപ്പാ, കുറച്ചുകാലത്തേക്ക് ‘വർക്ക് അറ്റ് ഹോം’ എന്നാണ് ഹെഡ്ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ശരിക്കും ബോറായിരിക്കും. ആ… പിന്നെ എന്ത് ചെയ്യാനാ.’
‘ശമ്പളം കുറയുമോടാ?’
‘ഇല്ലായിരിക്കും. ഇല്ലെന്ന് പ്രതീക്ഷിക്കാം.’
‘പിന്നെന്താടാ പ്രശ്നം. നിനക്ക് പെട്രോൾ ചാർജും മറ്റു ചെലവുകളും ഒക്കെ കുറയുമല്ലോ. കിട്ടുന്നത് സേവ് ചെയ്യാമല്ലോ.’
‘ഹോ.. ഈ പപ്പാ! സേവ്.. സേവ്… സേവ്.
അപ്പോൾ ജീവിക്കണ്ടേ പപ്പാ.’
‘മോനെ എബി.. നിനക്ക് ഇപ്പോൾ പ്രാരാബ്ധങ്ങൾ ഒന്നും ഇല്ലാത്തോണ്ട് ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. ഒരു ഫാമിലി ഒക്കെ ആകട്ടെ. അപ്പോൾ കാണാം.’
‘ഉം… ഉം.. ഉം… പിന്നെ.. കാണാം. ഒന്ന് പോ പപ്പാ.
അമ്മേ.. അമ്മോ… ചക്കരക്കുട്ടീ….
‘എന്താടാ കിടന്ന് അലറി വിളിക്കുന്നെ. എനിക്ക് കേൾക്കാം. പതുക്കെ വിളിച്ചാൽ മതി.’
‘പിന്നേ, മോളിലത്തെ കമ്പ്യൂട്ടർ ഇരിക്കുന്ന ആ സ്പേസ് ഒന്ന് വൃത്തിയാക്കിയേക്കണേ അമ്മേ. നാളെ ഓഫീസിൽ നിന്നും കമ്പ്യൂട്ടർ കൊണ്ട് വരാനുള്ളതാ.’
‘വേണേൽ വൃത്തിയാക്കെടാ ചെറുക്കാ. എനിക്ക് നടുവേദന കാരണം സ്റ്റെപ്പ് കേറാൻ പോലും വയ്യാ.
ക്ലീൻ ചെയ്യാൻ വരുന്ന ചേച്ചി കൊറോണ കാരണം വരാതിരിക്കുന്നതൊന്നും പൊന്നു മോൻ അറിഞ്ഞു കാണുകേലായിരിക്കുമല്ലോ.’
‘ഓ… ഈ നിർമ്മലാമ്മ.. അല്ല.. എന്റമ്മ. ഞാൻ ക്ലീൻ ചെയ്തോളാമേ. എന്റെ ചക്കരക്കുട്ടി എന്റെ കൂടെ ഒന്നു വന്നു നിന്ന് പറഞ്ഞ് തന്നാൽ മതി.’
‘ഓ.. എന്നാപ്പിന്നെ ഞാൻ തന്നെ ചെയ്യുന്നതായിരിക്കും എളുപ്പം.’
‘എന്നാൽ പിന്നെ അമ്മയുടെ ഇഷ്ടം നടക്കട്ടെ. ഞാൻ ഒന്ന് കുളിക്കട്ടെ അമ്മേ.’
******* ******** ******** ********* ********
‘എടോ, നിർമലെ, പോൾ പറഞ്ഞ ആ ആലോചന ഒന്ന് നോക്കിയാലോ. പെൺകുട്ടി ഇവനെപ്പോലെ തന്നെ സോഫ്റ്റ്‌വെയർ കമ്പനിയിലാണ്. തിരുവനന്തപുരത്ത്. ഇപ്പോൾ വർക്ക് ഫ്രം ഹോം.’
‘പിന്നേ ഈ കൊറോണക്കാലത്തു തന്നെ നിങ്ങൾക്ക് കല്യാണം നടത്തണമല്ലേ. കൊള്ളാം. ആരേയെങ്കിലും വിളിക്കാൻ ഒക്കുമോ. ആരേലും വരുമോ. ആകെയുള്ളൊരു ചെറുക്കനാ. ഇനി ഈ തലമുറയിൽ ഇവിടെ വേറെ കല്യാണം ഉണ്ടോ? നിർമല ടീച്ചർ ഭർത്താവിനെ നോക്കി ചോദിച്ചു.
‘അല്ല, അവർക്ക് ഉടനെ നടത്തണം എന്നതാണ് താല്പര്യം’
‘ശ്ശെടാ അതിന് നമ്മൾ ആലോചനയുമായിട്ട് മുന്നോട്ട് പോയില്ലല്ലോ. അവർക്ക് ധിറുതി ഉണ്ടെങ്കിൽ വേറെ ആലോചിച്ചു നടത്തട്ടെ. നമുക്ക് ഇത്തിരി സമയം വേണ്ടേ പപ്പാ.’
‘അതല്ല, അവർക്ക് നല്ല താല്പര്യം ഉണ്ട്. പിന്നെ കൊറോണ. എടോ, താൻ ഒരു മണ്ടിയാണല്ലോ. ഇപ്പോൾ കല്യാണം നടത്തിയാൽ ചെലവ് പത്തിലൊന്നായി കുറയും. ഇപ്പോഴത്തെ ഈ’ സേവ് ദ ഡേറ്റ്’ നമുക്ക് ‘സേവ് ദ മണി’ ആയിട്ട് മാറ്റാമെടോ.
ഈ ഇവന്റ് മാനേജ്മെന്റിനെ ഒന്നും വിളിക്കണ്ട. ഫോട്ടോഷൂട്ട്, വിൻടേജ് കാർ, ചെണ്ട മേളം, ബാംഗ്ലൂറിലെ പൂക്കൾ ഒക്കെ ഒഴിവാക്കാം. എല്ലാം ഒരു പേരിനു മതി. ഒത്തിരി പേരൊന്നും കാണാൻ ഇല്ലല്ലോ. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചല്ലേ കല്യാണം നടത്താൻ പറ്റൂ.’
‘ഇങ്ങനെ ഒരു പിശുക്കൻ. എന്റെ കർത്താവെ! ഉം. നിങ്ങടെ ബുദ്ധി സമ്മതിച്ചിരിക്കുന്നു.’
‘എന്നെ അങ്ങനങ്ങു കളിയാക്കാൻ വരട്ടെ. മോളുടെ കല്യാണം ഗംഭീരമായിട്ട് നടത്തിയില്ലേ. കടം വരെ വാങ്ങിച്ച്. ഇത് ഇങ്ങനെ ലളിതമായിട്ട് നടത്താമെടോ.
പിന്നെ കല്യാണചെലവിന് തന്റെ മകന്റെ കയ്യിൽ ഒന്നും കാണത്തില്ലല്ലോ. ഈ പിശുക്കൻ തന്നെ വേണ്ടേ ചെലവാക്കാൻ. എന്റെ കല്യാണത്തിന്, അല്ല…. നമ്മുടെ കെട്ടിന് എന്റെ അപ്പൻ അഞ്ചു പൈസ തന്നില്ല. ആ…. അത് ആ കാലം.’
‘നിങ്ങൾ എന്താന്ന് വെച്ചാൽ അവനോട് ആലോചിച്ചു ചെയ്യ്.. പൊന്നേ…. ഞാൻ ഒന്നും പറയുന്നില്ലേ.’
………………………………………………………………
അങ്ങനെ എബി മേഘയെ മിന്നു കെട്ടി കൂടെ കൂട്ടി. കൊറോണയുടെ ഭീതിയിൽ വിരുന്നുപോക്കില്ല. ഹണിമൂൺ ട്രിപ്പ് ഇല്ല. എന്തിന്, പള്ളിയിൽ പോലും ഒരുമിച്ചു ഒരു പോക്കില്ല. അതുകൊണ്ട് കല്യാണപ്പിറ്റേന്ന് തന്നെ ‘വർക്ക് ഫ്രം ഹോം ‘രണ്ട് പേരും സ്റ്റാർട്ട് ചെയ്തു. വർക്ക് സ്പേസിൽ ക്യാമറ ഓൺ അല്ലാത്ത സമയം ഇണപ്രാവുകളെ പോലെ കൊക്കുരുമ്മി ഇരുന്ന് കൊച്ചുവർത്താനം ഒക്കെ പറഞ്ഞ്…. സുന്ദര സ്വപ്‌നങ്ങൾ ഒക്കെ പങ്ക് വെച്ച്… അവർ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു.
നിർമല ടീച്ചറിന്റെ പ്രധാന പണി സമയാസമയങ്ങളിൽ കാപ്പി, ചായ, സ്നാക്ക്സ് എന്നിവ മുകളിൽ എത്തിക്കയാണ്. വെബ് മീറ്റിങ്ങും ഗൂഗിൾ മീറ്റിങ്ങും ഒക്കെ മുകളിൽ തകൃതിയായി നടക്കുന്നുണ്ട്. നൈറ്റ് ഷിഫ്റ്റിന്റെ ക്ഷീണം പകൽ ഉറങ്ങി തീർക്കുന്ന മകനും മരുമകളും….
ഒരു ദിവസം ടീച്ചർ കെട്ട്യോനോട് ചോദിച്ചു. “ഒരു കോഫി ഡിസ്‌പെൻസർ വാങ്ങിച്ചു മോളിൽ വെക്കാമോ?”
“എന്തേ ഇപ്പം അങ്ങനൊരു പൂതി “
“അല്ല, എപ്പഴും എപ്പഴും മോളിൽ കയറി പോകണ്ടല്ലോന്ന് വിചാരിച്ചു. ആ.. നിങ്ങൾക്ക് തമാശയാണല്ലേ, എന്റെ നടുവിന്റെ കാര്യം എല്ലാവരും സൗകര്യപൂർവം മറന്നു. “
“അല്ല നിങ്ങൾ പണ്ട് പറയുമായിരുന്നല്ലോ, കല്യാണം കഴിഞ്ഞാൽ മൂന്നു മാസത്തിനുള്ളിൽ മകനെ മാറ്റി താമസിപ്പിക്കും.. എന്നാലേ അവർ ജീവിതം പഠിക്കൂ എന്നൊക്കെ…”
‘ങ്‌ഹാ. അതിന് ഇപ്പോൾ കൊറോണ അല്ലേ. കൊറോണ മാറട്ടെ.’
“ഉം.. നോക്കിയിരുന്നാ മതി. വാ കിടക്കാം. നേരത്തെ ഉറങ്ങിയില്ലെങ്കിലേ രാവിലെ കുർബാന സമയത്ത് ഉറക്കം വരും.”നിർമല ടീച്ചർ എഴുന്നേറ്റു.
“ആ.. പിന്നെ ഒരു കാര്യം ചോദിക്കാൻ മറന്നു. കല്യാണത്തിന്റെ ചെലവിൽ എത്ര രൂപ ലാഭം കിട്ടി?”
“ഓ.. ഞാൻ വിചാരിച്ച അത്രേം ഒന്നും കിട്ടിയില്ല. ആളുകൾ കുറവായിരുന്നെങ്കിലും ചടങ്ങുകൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ലല്ലോ. ഫോട്ടോഷൂട്ടിന്റെ ബില്ല് കണ്ടപ്പോൾ ശരിക്കും തല കറങ്ങിയെടോ. “
“നന്നായി പോയി. കൊറോണ കഴിഞ്ഞിട്ടും ഈ ആളുകളെ ഒക്കെ കാണേണ്ടതാണല്ലോ എന്റെ ദൈവമേ! കല്യാണത്തിന് വിളിക്കാത്തതിന്റെ പരിഭവം എങ്ങനെ പറഞ്ഞു തീർക്കും. നിങ്ങടെ ഓരോ ഐഡിയകൾ.”
‘ശരി ഞാനേ കിടക്കാൻ പോകുവാ. ഗുഡ് നൈറ്റ്.’
നിർമലേ, ദേ മോൾ വിളിക്കുന്നു. അവളും മോളും കൂടി നാളെ വരുന്നെന്ന്. അവർക്കും വർക്ക് ഫ്രം ഹോം ആക്കിയെന്ന്….
അയ്യോ… ആ ഫോൺ ഒന്നു തന്നേ.
ഹലോ മോളെ… എടി കൊച്ചേ നീ ഇങ്ങോട്ട് പോരുവാണോ? വിൽസന്റെ വീട്ടിൽ പോകുന്നില്ലേ? അവിടെ പപ്പയും മമ്മിയും ഇല്ലേ…
ങേ, ആ..ശരി.. ഉം. നാളെ കാണാം….
“ഇന്നാ നിങ്ങടെ ഫോൺ. അവള് പറയുവാ അവിടെ ശരിയാകത്തില്ലെന്ന്. വിൽസണ് വർക്ക് ഫ്രം ഹോം ഒക്കത്തില്ലല്ലോ. അവൻ അവളെയും കൊച്ചിനെയും ഇവിടെ ആക്കിയിട്ടു തിരിച്ചു പോകും.
ഇനി രണ്ട് വയസ്സുള്ള ആ കുഞ്ഞിന്റെ കാര്യവും എന്റെ തലയിൽ ആകും. എനിക്കാണെങ്കിൽ നടു വേദന ഒഴിഞ്ഞ് ഒരു നേരവും ഇല്ല താനും.”
നിങ്ങൾ എന്താ പപ്പാ ഒന്നും മിണ്ടാത്തെ?”
“ഞാൻ എന്തു പറയാനാ നിമ്മി? റിട്ടയർമെന്റ് ആയല്ലോ, ഇനി വിശ്രമിക്കാം എന്ന് ഒന്നും താൻ സ്വപ്നം കാണണ്ടടോ.”
“വിശ്രമം എനിക്കു പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു. റിട്ടയർമെന്റ് കഴിഞ്ഞ് നടുവേദനയ്ക്ക് ഒരു ആയുർവേദ ട്രീറ്റ്മെന്റ് എടുക്കണം എന്ന് വിചാരിച്ചിരുന്നതാ. അപ്പോഴല്ലേ കൊറോണ വന്നത്. ഇനി ഏതായാലും വരുന്നത് പോലെ വരട്ടെ.” നിർമല ടീച്ചർ ആത്മഗതമായി പറഞ്ഞു.
….…………………………………………………………………
‘ആഹാ! പൊന്നുമോൾ വന്നോ. അപ്പച്ചന്റെ തക്കര ഇങ്ങ് വന്നേ. നിമ്മി, ദേ അവരെത്തി.’
“ആ… വാ മോനെ. അകത്തോട്ട് കയറി ഇരിക്ക്. മോളേ റൂബി, വിൽസണെ അകത്തോട്ടു കയറ്റി ഇരുത്ത്. അമ്മ ചായ എടുക്കാം.”
‘വേണ്ടമ്മേ, വിൽസൺ നിക്കുന്നില്ല. പോകുവാ. ഇന്ന് തന്നേ തിരിച്ചു പോണം. ഞങ്ങളെ കൊണ്ടാക്കാൻ വന്നതല്ലേ.’
റൂബി അമ്മയോട് പറഞ്ഞു.
‘എന്നാലും മോളേ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ?’
“കൊറോണക്കാലം അല്ലേമ്മേ.
മിയാ, പപ്പക്ക് ടാറ്റാ കൊടുക്ക്.”
അപ്പച്ചന്റെ തോളിൽ ഇരുന്നുകൊണ്ട് മോൾ പപ്പക്ക് ‘ബൈ’ പറഞ്ഞു.
അമ്മേ… ഞാൻ മുകളിലത്തെ മുറിയിൽ ക്വാറന്റൈൻ ഇരുന്നോളാം. എബിയും മേഘയും മറ്റേ മുറിയിൽ അല്ലേ…
അതേ മോളേ….. നിർമല പറഞ്ഞു.
************ ********** ********** ***************
മിയ മോൾ ഫുൾ ടൈം അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്താണ്. റൂബിയുടെ അടുത്ത് ഉറങ്ങാൻ മാത്രം പോകും. അമ്മയ്ക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യണം എന്നു കുഞ്ഞിന് അറിയാം.
രാവിലെ 6 മണിക്ക് അപ്പച്ചനും അമ്മച്ചിയും ഓൺലൈനിൽ വി. കുർബാനയിൽ സംബന്ധിച്ചിരിക്കുമ്പോൾ മിയ മോൾ ഉണർന്ന് പതുക്കെ സ്റ്റെപ് ഇറങ്ങി താഴെ വരും. പിന്നെ ഒരാൾ കുട്ടിയുടെ കൂടെ കൂടണം. നിർമല ടീച്ചറിന് വി. കുർബാനയിൽ പങ്കെടുത്തില്ലെങ്കിൽ ആ ദിവസം വെറുതെ പോയത് പോലെ ആണ്. ചെറുപ്പം മുതലേ കഴിയുമെങ്കിൽ ഒരു ദിവസം പോലും വി. കുർബാന മുടക്കാത്ത ആൾ ആണ്.
ക്വാറന്റൈൻ കഴിഞ്ഞിട്ടും റൂബി താഴേക്ക് അധികം ഇറങ്ങാറില്ല. ഭക്ഷണം കഴിക്കാൻ മാത്രമേ താഴോട്ട് വരുകയുള്ളു. രാത്രിയിൽ ആണ് വർക്ക് എങ്കിൽ പകൽ കിടന്നുറങ്ങി ക്ഷീണം തീർക്കും. ഷിഫ്റ്റ് മാറിയാലോ പകൽ മുഴുവൻ വർക്ക്.
ഒരു ദിവസം നിർമല ടീച്ചർ ഭർത്താവിനോട് പറഞ്ഞു.
“അതേ, ഞാൻ ഒന്ന് എന്റെ വീട്ടിൽ പോകുവാ.”
“എന്താടോ ഇത്ര അത്യാവശ്യം? കൊറോണ അല്ലേ, അങ്ങനെ ഫ്രീ ആയിട്ട് ഇറങ്ങി നടക്കാൻ ആയില്ല. “
‘ഞാൻ ഒരാഴ്ച എന്റെ വീട്ടിൽ പോയി ഒന്നു നിൽക്കട്ടെ. സ്കൂളിൽ പോകുന്ന കാലത്തു പോലും ഇത്രയും ബുദ്ധിമുട്ട് എനിക്കുണ്ടായിട്ടില്ല. എനിക്കു തീരെ പറ്റുന്നില്ല പപ്പാ.’
‘രണ്ട് പെൺപിള്ളേരും എന്നെ ഒന്ന് സഹായിക്കുന്നില്ല. രാത്രിയിൽ കിടന്നാൽ ഉറങ്ങാൻ പോലും ഒക്കുന്നില്ല. നിങ്ങൾ കാണുന്നതല്ലേ ഉള്ള ബാം ഒക്കെ നടുവിന് പുരട്ടി കിടക്കുന്നത്.
‘എടോ, തന്റെ മോൾ അല്ലേ റൂബി… അവളോട് പറയാൻ മേലെ, തന്നേ ഒന്നു സഹായിക്കാൻ. മരുമോളോട് പറയണ്ട.’
‘എനിക്ക് നടുവേദന ആണെന്ന് അവൾക്കറിയാത്തതാണോ? ഞാൻ പറഞ്ഞിട്ട് വേണോ?..
‘റൂബി വരുന്നതിനു മുമ്പ് മേഘ എന്തെങ്കിലും ഒക്കെ സഹായിക്കുമായിരുന്നു. ഇപ്പോൾ ഫ്രീ ടൈം കിട്ടിയാൽ നാത്തൂനും നാത്തൂനും കൂടി സൊറ പറഞ്ഞിരിക്കും. അല്ലെങ്കിൽ മൊബൈലിൽ കുത്തികൊണ്ടിരിക്കും.’
ആ.. കുറച്ചു ദിവസം എല്ലാവരും ഒന്ന് അഡ്ജസ്റ്റ് ചെയ്യ്. മോളും മരുമോളും ഉണ്ടല്ലോ. അവർ ഒന്നു മാനേജ് ചെയ്ത് പഠിക്കട്ടെന്ന്…
നിർമല ടീച്ചർ പറഞ്ഞു നിർത്തി.
“എടോ, താൻ കുറച്ചു ദിവസം തന്റെ വീട്ടിൽ പോയി നിൽക്കുന്നതിനു എനിക്ക് ഒരെതിരും ഇല്ല. പണ്ടും ഞാൻ എന്തെങ്കിലും അനിഷ്ടം കാണിച്ചിട്ടുണ്ടോ? ഇതിപ്പോൾ കൊറോണ ആണല്ലോ എന്നു പറഞ്ഞെന്നു മാത്രം.”
‘അമ്മേ, അമ്മ വീട്ടിൽ പോകുവാണോ?’
എബി അകത്തോട്ട് വന്നു.
അതേടാ.. എന്താ?
നിർമല ടീച്ചർ എബിയെ നോക്കി ചോദിച്ചു.
‘ഞാൻ കേട്ടു പപ്പയോടു പറയുന്നത്. അമ്മ റിലാക്‌സ് ചെയ്യാൻ അല്ലേ പോകുന്നത്. നോക്ക്.. അമ്മ ഈ വീഡിയോ ഒന്നു കാണ്..’
‘ദേ, ജോജി ചേട്ടായിയുടെ മോൻ അപ്പൂസിനെ പുറത്തു ഇരുത്തിക്കൊണ്ട് ആന കളിക്കുന്നത് ആരാ എന്ന് നോക്കിക്കേ. അമ്മായി അവനെ പിടിച്ചോണ്ട് കൂടെ നടക്കുന്നത് കണ്ടോ..’
‘കൊള്ളാമല്ലോ, നിമ്മി..തന്റെ ആങ്ങളക്കും നാത്തൂനും നല്ല പണിയാണല്ലോ ജോജി കൊടുത്തേക്കുന്നത്.’
“അതിപ്പോ അവിടെയും വർക്ക് ഫ്രം ഹോം അല്ലേ. ഇന്നാൾ നാത്തൂൻ വിളിച്ചപ്പോൾ പറഞ്ഞാരുന്നു.. ജോജിക്കും ആനിക്കും ഭയങ്കര വർക്ക് ആണെന്ന്.. അവധിയുള്ള ദിവസങ്ങളിൽ പോലും എന്തൊക്കെയോ എക്സ്ട്രാ വർക്കുകൾ കമ്പനി കൊടുക്കുവാന്ന്..
“അമ്മേ, അതിന് എക്സ്ട്രാ പൈസയും കിട്ടും. പിന്നെന്താ? ചേട്ടായി സമ്പാദിക്കുവല്ലേ…
“നിങ്ങൾക്കും കിട്ടത്തില്ലേടാ… എബി കുട്ടാ”
കിട്ടും… എബി കുസൃതിയോടെ കണ്ണ് ചിമ്മിക്കാണിച്ചു.
‘ഓ.. അപ്പോൾ നിങ്ങളുടെ സമ്പാദിക്കുന്നില്ല? പോടാ മിടുക്കാ…
“കണ്ടോ കണ്ടോ, അമ്മയ്ക്ക് ജോജി ചേട്ടായിയെ പറഞ്ഞപ്പോൾ കൊണ്ടു.. ഉം… എനിക്കറിയാം അമ്മയ്ക്ക് എന്നെക്കാളും സ്നേഹം ചേട്ടായിയോടാ..
“അതേടാ, ഞാൻ നിന്നെ കാണുന്നതിന് മുമ്പേ അവനെ അല്ലേ കണ്ടത്.. അതും കൺകുളിർക്കേ….
അമ്മേ, എബീ, ഇങ്ങോട്ടൊന്നു വന്നേ… ദേ റൂ ബി ചേച്ചി… മേഘ മുകളിൽ നിന്നും വിളിച്ചു.
“എന്താ മോളേ, ഞാൻ ഇതാ വരുന്നു… എബി നീ ഓടിപ്പോയി നോക്കെടാ. ഞാൻ പതുക്കെ അല്ലേ കേറി വരത്തൊള്ളൂ.
എന്താ മോളേ എന്തിനാ വിളിച്ചേ…
അമ്മേ, റൂബി ചേച്ചി ശർദിക്കുന്ന കണ്ടിട്ടാ വിളിച്ചേ.. മേഘ പറഞ്ഞു.
നിർമല ടീച്ചർ മോളുടെ അടുത്ത് ചെന്ന് പുറം തടവി കൊടുത്തു.
“എന്താ കൊച്ചേ? ഇന്നലെ കഴിച്ച എന്തോ വയറ്റിൽ പിടിച്ചിട്ടില്ല. അല്ലേ.. ഒരു ഇഞ്ചി ചായ ഇട്ടു തരാം.അതോ ഹോസ്പിറ്റലിൽ പോണോ?”
അല്ല… കൊറോണ അല്ലേ എങ്ങനെ ഹോസ്പിറ്റലിൽ പോകും?
ഒന്നും വേണ്ടമ്മേ… ഇത് അതൊന്നും അല്ല..
റൂബി ചെറു നാണത്തോടെ പറഞ്ഞു. ഞാൻ ക്യാരിയിങ് ആണ്. കൺഫേംഡ് ആയിട്ടാണ് പോന്നത്..
നിർമല ടീച്ചറിന്റെ മുഖത്തെ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം കണ്ട് എബിയും മേഘയും ചിരി അടക്കിപ്പിടിച്ചു നിൽക്കുന്നു.
നിർമലടീച്ചർ ദയനീയമായി പപ്പയെ നോക്കുമ്പോൾ നിറചിരിയോടെ പുറത്തേക്കു നോക്കി നിൽക്കുന്ന ഭർത്താവിനെയാണ് കാണുന്നത്.അതു കണ്ടതോടെ ടീച്ചറും കുലുങ്ങി ചിരിച്ചു. ചിരി നിർത്തിയിട്ട് ടീച്ചർ മോളോട് പറഞ്ഞു.
“എടി കൊച്ചേ നാട്ടുനടപ്പനുസരിച്ച് രണ്ടാമത്തെ പ്രസവം ഭർതൃ വീട്ടുകാരുടെ വകുപ്പാണ്.”
“അങ്ങനെ വല്ലതും ഉണ്ടോ അമ്മേ? വിൽസന്റെ പെങ്ങൾ ലിസ് രണ്ടാമത്തെ പ്രസവത്തിന് അവളുടെ വീട്ടിൽ വന്നിട്ടൊണ്ട്. വിൽസന്റെ മമ്മി അവളെ ഭർത്താവിന്റെ വീട്ടിലോട്ട് വിട്ടില്ല.”
“അമ്മ വിഷമിക്കണ്ട. ഞങ്ങടെ ഓഫീസ് ഓപ്പൺ ആയി കഴിഞ്ഞാൽ ഞാൻ തിരിച്ചു പോവും. പിന്നെ ഡെലിവറി അടുക്കുമ്പോളേ വരാത്തൊള്ളൂ.”
“അപ്പോഴേക്കും അമ്മ നടുവിനുള്ള ട്രീറ്റ്മെന്റ് ഒക്കെ എടുത്ത് മിടുക്കിയായിട്ട് ഇരിക്കണം. മിയ മോൾടെ ഡെലിവറി ടൈമിൽ അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നത് കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് അല്ലായിരുന്നോ. ഇനി ഇപ്പൊ സ്കൂളിൽ പോകണ്ടല്ലോ. ഫ്രീ ആണല്ലോ..”
“കൊച്ചേ അതിന് ഇനിയും സമയം കിടക്കുവല്ലേ… നമുക്ക് ആലോചിക്കാം..”
ഇപ്പോൾ ഒരു ബേബിബൂം ആണല്ലേ!.. എബി കള്ള ചിരിയോടെ മേഘയെ നോക്കി…
അതു കണ്ട നിർമല ടീച്ചർ അവന്റെ ചെവിക്കു പിടിച്ചു തിരിച്ചിട്ടു പറഞ്ഞു.
“പോടാ, പോയി നിന്റെ പണി നോക്കെടാ..”
“പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അവനവന്റെ പിള്ളേരെ അവനവൻ നോക്കിക്കോണം. അതിനു പ്രാപ്തി വന്നിട്ട് മതി കുഞ്ഞുങ്ങൾ.”
“മുത്തി വളർത്തിയ പിള്ളേർ….. എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ.ഗ്രാൻഡ് പേരെന്റ്സ് വളർത്തിയ കുട്ടികൾ ശരിയാകില്ല എന്നൊരു ചിന്ത പൊതുവെ ഉണ്ട്. കേട്ടോടാ.”
“ഞങ്ങളെ ഞങ്ങടെ അമ്മ എങ്ങനെയാണോ വളർത്തിയത് അതു പോലെ തന്നെ ഞങ്ങടെ പിള്ളേരെ വളർത്തിയാൽ മതിയേ….”
‘മോനെ എബി, വിട്ടു പിടിയെടാ, നിന്റെ ചന്ദ്രിക സോപ്പ് ഇവിടെ പതയത്തില്ല. നീ വേറെ പണി വല്ലതും നോക്ക്.’
“അതെന്നാമ്മേ, എത്ര അധികം സോപ്പുകൾ മാർക്കറ്റിൽ ഇറങ്ങിയിട്ടും അമ്മ ചെറുപ്പത്തിൽ കുളിച്ച ചന്ദ്രിക സോപ്പിന്റെ മാർക്കറ്റിംഗ് ഏറ്റെടുത്തേക്കുന്നെ?”
‘ ചന്ദ്രികയുടെ അത്രേം പത വേറൊരു സോപ്പിനും ഇല്ല. നീ വല്ലാതങ്ങു പതപ്പിക്കുന്നത് കൊണ്ടു പറഞ്ഞതാ.’
‘മോളേ മിയ, വാ… അമ്മച്ചിയുടെ കൂടെ കിടക്കാം. അമ്മച്ചി നല്ല കഥ പറഞ്ഞു തരാ ല്ലോ…മമ്മിക്ക് വർക്ക് ഇല്ലേ. മമ്മി തന്നെ കിടന്നോട്ടെ….’
‘പപ്പാ വാ, കിടക്കാം.. പിള്ളേർ വർക്കിന് കയറട്ടെ.’
“നിമ്മി.. അപ്പൊ വീട്ടിൽ പോയി നിൽക്കണ്ടെടോ.. അതോ ആങ്ങള ആന കളിക്കുന്ന കണ്ടപ്പോ ആ പൂതി തീർന്നോ..”
കുസൃതി ചിരിയോടെയുള്ള ഭർത്താവിന്റെ ചോദ്യം കേട്ടപ്പോൾ ഒന്നും മിണ്ടാതെ ഒരു നിമിഷം ഇരിന്നിട്ട് ടീച്ചർ പറഞ്ഞു.
“ഇപ്പോൾ പോയാൽ നാത്തൂനോട് ഒന്ന് ശരിക്ക് മിണ്ടാൻ പോലും ഒക്കില്ല. നാത്തൂന്റെയും എന്റെയും തിരക്കുകൾ ഒക്കെ കഴിഞ്ഞിട്ട് ഒരാഴ്ച വീട്ടിൽ പോയി പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞും ചിരിച്ചും നൊസ്റ്റാൾജിക് ആയി ഇരിക്കണം. എന്റെ ബാല്യത്തിലേക്ക് ഒന്നു തിരിച്ചു പോകണം..”
“നമ്മുടെ കല്യാണം കഴിഞ്ഞ സമയത്ത് നമ്മൾ വിരുന്നിനു പോയപ്പോൾ ഒരു പാറയിൽ പോയത് ഓർക്കുന്നുണ്ടോ.. അവിടെ ഇരുന്ന് അസ്തമയം കണ്ടത്…..”
“ഉണ്ടെടോ… ഞാൻ ഓർക്കുന്നു..മനോഹരമായ ഒരു ഫീലിംഗ് ആയിരുന്നു. റിയലി റൊമാന്റിക്… രാത്രിയുടെ നിശ്ശബ്ദതയിൽ അവിടെ ഇരുന്നാൽ എഴുന്നേറ്റു പോരാൻ തോന്നുകേല. തന്നെ ഗ്രഹാതുരത്വം വല്ലാതെ ഹോണ്ട് ചെയ്യുന്നോ?”
“എന്തോ… അതെല്ലാം എനിക്കു വല്ലാതെ മിസ് ചെയ്യുന്നു. ഞങ്ങടെ വീട്ടിൽ വരുന്ന വിരുന്നുകാരെ എല്ലാം ആ പാറ കാണിക്കാൻ കൊണ്ടു പോകും. അവിടെ ഇരുന്ന് എത്ര ഉദയവും അസ്തമയവും കണ്ടിരിക്കുന്നു!. ചെറുപ്പത്തിൽ കൂട്ടുകാരൊ ത്തു എത്ര കളിച്ചിരിക്കുന്നു.. ആ എല്ലാം ഒരു കാലം..”
‘ഇത്രയും നാൾ ജോലിയും കുട്ടികളെ വളർത്തും മറ്റു വീട്ടു കാര്യങ്ങളും ഒക്കെ ആയി മുൻപോട്ട് പോയി. രണ്ട് ദിവസത്തിൽ കൂടുതൽ എന്റെ വീട്ടിൽ പോയി നിൽക്കാനോ മറ്റ് ബന്ധുക്കളുടെ വീട്ടിൽ പോകാനോ ഒന്നും കാര്യമായിട്ട് പറ്റിയിട്ടില്ല. എന്തെങ്കിലും അത്യാവശ്യമുള്ളപ്പോൾ ഓടി ഒന്നു പോകും. അതേ പോലെ തിരിച്ചു വരും.’
“ഇനി ജോലിയിൽ നിന്നും വിരമിച്ചിട്ടും എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളെ ഞാൻ അവഗണിച്ചാൽ അത് ഒരു വലിയ നഷ്ടമായി അവശേഷിക്കും. നമുക്ക് വേണ്ടി കൂടി വല്ലപ്പോഴും നമ്മൾ ജീവിക്കണ്ടേ…”
‘അന്നേരം വല്ല ഉടക്കും കൊണ്ട് വന്നേക്കല്ലേ ഇച്ചായാ…’
തന്റെ ഏത് സന്തോഷത്തിനാണ് ഞാൻ കൂടെ നിക്കാത്തത്? തന്റെ സന്തോഷം അല്ലേ എന്റെ സന്തോഷം? അങ്ങനെ തനിച്ചു പോകണ്ട. നമുക്ക് ഒന്നിച്ചു പോകാം… എന്തേ?
ഓക്കേ. എഗ്രീഡ്…
.


6 Comments
പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നത്……. നന്നായി എഴുതി👍❤️
സന്തോഷം
👌👌
സന്തോഷം
തീരാത്ത ഉത്തരവാദിത്തങ്ങൾ, റിട്ടയർമെന്റ് ജീവിതം തട്ടിയെടുക്കുന്നത് രസകരമായി എഴുതി.👍👏
അതേ.. ചിലർക്ക് വിശ്രമം പറഞ്ഞിട്ടില്ല. 😊