നിശബ്ദമായ രാവിൽ ആകാശത്ത് നക്ഷത്രങ്ങൾ ഒന്നുംതന്നെ കാണുന്നുണ്ടായിരുന്നില്ല. രാത്രിയുടെ ഏതോ യാമത്തിൽ ആരുടെയോ ഞെരുക്കം കേട്ടാണ് ജിതേഷ് എണീറ്റത്. ഭയത്തിന്‍റെ ആവരണം അയാളെ പൊതിയുകയായിരുന്നു. കണ്ണുകൾ ഒന്നു കൂടി മുറുകെ അടച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ധൈര്യം വീണ്ടെടുത്ത് കട്ടിലിൽ എണീറ്റിരുന്നു. അയാളുടെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. മേശപ്പുറത്ത് നിന്നും വെള്ളം എടുത്തു കുടിച്ചു. തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങുന്നത് അയാൾ ശരിക്കും അറിയുന്നുണ്ടായിരുന്നു. വൈകുന്നേരത്തെ കമ്പനിയുടെ പരിണതഫലം… താൻ നല്ലതുപോലെ കഴിച്ചിരുന്നു എന്നു തോന്നുന്നു, ഒന്നും ഓർമ്മ കിട്ടുന്നില്ല.
കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു സിഗരറ്റിന് തീകൊളുത്തി പുക ആഞ്ഞു ഉള്ളിലേക്ക് എടുത്തു സാവധാനം പുറത്തേക്ക് ഊതുമ്പോൾ അയാളുടെ നോട്ടം ജനാലയിലൂടെ പുറത്തേക്ക് എത്തി. നഗരം വിശ്രമത്തിന്റെ ആലസ്യത്തിൽ ആയിരുന്നത് കൊണ്ട് ചുറ്റുപാടും കനത്ത നിശബ്ദത കെട്ടിക്കിടക്കുകയായിരുന്നു. ഫോണിൽ സമയം നോക്കുമ്പോൾ 2. 30.. സ്ക്രീനിൽ തെളിഞ്ഞു കിടക്കുന്ന നോട്ടിഫിക്കേഷൻ തുറന്നു നോക്കുമ്പോൾ നിഷയുടെ പ്രൊഫൈൽ ഫോട്ടോയുടെ താഴേ പച്ച വെളിച്ചം കണ്ടപ്പോൾ മെസേജ് ടൈപ്പ് ചെയ്തു തുടങ്ങിയപ്പോൾ തോന്നി വേണ്ടന്ന്, പകൽ മെസേജ് അയക്കാം അതാവും നല്ലത്, ജിനേഷ് അവളുടെ ഫേസ്ബുക്ക് തുറന്നു വെറുതേ ഫോട്ടോസ് നോക്കാൻ തുടങ്ങി. കുറേ ഫോട്ടോ ഉണ്ടായിരുന്നതാണ് ഇപ്പോൾ വളരെ കുറച്ചേ കാണുന്നുള്ളൂ അതും അവളുടെ മാത്രം.. അതിൽ ഒരു ഫോട്ടോയിൽ അവന്റെ കണ്ണുടക്കി.. പൊതുവേ നിഷയ്ക്ക് തന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട് എന്ന് തങ്ങളുടെ ഗ്രൂപ്പിൽ എല്ലാവരും രഹസ്യമായി പറയാറുണ്ടെങ്കിലും നിഷയെ അറിയാവുന്നതുകൊണ്ട് പരസ്യമായി പറയാറില്ലായിരുന്നു. സത്യത്തിൽ തനിക്കും എന്തോ ഉണ്ടല്ലോ എന്നു ചിന്തിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഫോൺ കട്ടിലിന്റെ ഒരു വശത്തേക്ക് ഇട്ടു കണ്ണടച്ചു കിടന്നപ്പോളും ആ പുഞ്ചിരി അവനിൽ ഉണ്ടായിരുന്നു. പുലർച്ചെ ആയതിനാലും നേരിയ തണുപ്പ് ഉള്ളതിനാലും അയാൾ ഉറക്കത്തിന് വേഗം കീഴടങ്ങി.
ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ജിതേഷ് എണീറ്റത്. ഫോണെടുത്തു നോക്കുമ്പോൾ പരിചിതമല്ലാത്ത നമ്പർ…
‘എടോ ഇത് ഞാനാ സഫിയ, താൻ എണീറ്റില്ലേ?’
“എണീറ്റടോ, ഒന്നു റെഡി ആയാൽ മതി. ” കണ്ണുതിരുമ്മി കൊണ്ട് ജിതേഷ് പറഞ്ഞു.
“ഉം… എത്രയും വേഗം റെഡിയായി വന്നേക്കൂ, ബ്രേക്ക് ഫാസ്റ്റ് ഇവിടെനിന്നും കഴിക്കാം.”
“അയ്യോ അത് നടക്കില്ല സഫിയാ, ഞാൻ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നോളാം. ”
“പിന്നെ പഴയ ഓർമ്മകളുമായി കള്ളുകുടിച്ച് നേരം വൈകിയാൽ നീ എന്റെ തനിനിറം കാണും. ” ഇത്തിരി ഗൗരവത്തിൽ ആയിരുന്നു സഫിയയുടെ മറുപടി..
“ഉത്തരവ് താത്താ”. ചിരിച്ചുകൊണ്ട് ജിതേഷ് മറുപടി കൊടുത്തു, മറുതലക്കൽ ചിരിയോടു കൂടി ഫോൺ കട്ടായി.
പല്ലുതേക്കുന്നതിനു പകരം സിഗരറ്റ് വലിക്കാനാണ് ജിതേഷിനു തോന്നിയത്. സിഗരറ്റ് കത്തിച്ച് കൊണ്ട് ജനാലയിലൂടെ നഗരത്തെ നോക്കി നിന്നു, നേരം വെളുത്തു വരുന്നതേയുള്ളതു കൊണ്ട് തിരക്ക് അധികം ഇല്ലായിരുന്നു. ടീനേജിലെ ചോരത്തിളപ്പുകൾക്ക് ശമനം വരുത്തിയിരുന്ന പഴയ തീയേറ്റർ ഇപ്പോൾ കാണാനില്ല. ഓർക്കുമ്പോൾ ജിതേഷിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വരുന്നുണ്ടായിരുന്നു.
ജിതേഷ് കുളിച്ചു വസ്ത്രം മാറി കൊണ്ടിരിക്കുമ്പോൾ വാതിലിൽ നിർത്താതെ മുട്ടുന്നത് കേട്ട് അനിഷ്ടത്തോടെ പിറുപിറുത്തു കൊണ്ട് വാതിൽ തുറന്നപ്പോൾ നിഷ!!!
ജിതേഷിന് ഒന്നും പറയാൻ പറ്റുന്നതിനു മുമ്പ് ചീത്ത വിളി ആയിരുന്നു, കല്യാണം കൂടാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നിഷ അവളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. രാത്രി അവിടെ നിന്നിട്ട് രാവിലെ ഒരുമിച്ച് വരാം എന്ന് അവൾ പറഞ്ഞതായിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കാൻ മനപൂർവ്വം നിഷയെ ഒഴിവാക്കുകയായിരുന്നു. വാ പൊളിച്ചു നിൽക്കുകയായിരുന്നു ജിതേഷിനെ തട്ടിമാറ്റി അകത്തേക്ക് കയറി കട്ടിലിൽ കയറിയിരുന്നു.
“എനിക്ക് വിശക്കുന്നു. ” നിഷ അലറുകയായിരുന്നു.
“ഞാൻ ഇവിടെ ഉണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു?” ആകാംക്ഷയോടെ ജിതേഷ് ചോദിച്ചു.
“അതേ കള്ളു കുടിക്കുമ്പോൾ ബോധം പോകുന്നതുവരെ കുടിക്കരുത്; ഇന്നലെ നിന്‍റെ സ്റ്റാറ്റസിൽ ഹോട്ടലിന്റെ പേര് വെണ്ടയ്ക്ക അക്ഷരത്തിൽ ഉണ്ടായിരുന്നു”. വാ പൊത്തി ചിരിച്ചു കൊണ്ട് നിഷ കട്ടിലിലേക്ക് ചെരിഞ്ഞു കിടന്നു.
സജി… ജിതേഷ് മനസ്സിലോർത്തു പഠിക്കുമ്പോഴും കള്ളു കുടിച്ചു കഴിഞ്ഞാൽ എന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഇവൻ തന്നെയായിരുന്നു ഇപ്പോഴും മാറ്റമൊന്നുമില്ല.
“എന്താ ബ്രോ സ്വപ്നം കണ്ടുകൊണ്ട് നിൽക്കുന്നത്? വേഗം വാ, നല്ല മസാലദോശ വാങ്ങി തരണം കേട്ടോ. ” ചാടിയെണീറ്റ് കൊണ്ട് നിഷ തുടർന്നു :“എടാ ചാർജർ എവിടെയാ? എന്‍റെ ഫോൺ ഇപ്പോൾ ഓഫ് ആകും. “
എന്നാ നീ നടക്ക്, റസ്റ്റോറൻ്റിൽ പോയി ഫോൺ ചാർജ് ചെയ്യാം. ചാർജർ കയ്യിലെടുത്തു തിരിയുമ്പോൾ നിഷ ജിതേഷിന്‍റെ ഫോണിൽ തിരയുകയായിരുന്നു…
“ഈ പെണ്ണുങ്ങൾക്ക് എല്ലാം ഇതേ അറിയൂ മറ്റുള്ളവരുടെ ഫോണിൽ തിരയാൻ. ”
“നീ എന്തു പറഞ്ഞാലും ഞാൻ നോക്കും കാരണം പുലർച്ചേ 2:30ന് നീ ഓൺലൈനിൽ ഉണ്ടായിരുന്നല്ലോ ആരോടായിരുന്നു ചാറ്റിങ്? ഞാൻ അറിയാത്ത ആരൊക്കെ നിനക്കുണ്ട്?”
ഫോണിൽ നിന്ന് കണ്ണെടുക്കാതെ നിഷ റൂമിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു ജിതേഷ് മുറി പൂട്ടി അവരുടെ പുറകെ നടന്നു
“അല്ല, നിന്‍റെ മറുപടി കിട്ടിയില്ല. “
“ഓ, അതോ ഞാൻ ഉറക്കത്തിൽ ഞെട്ടി എണീറ്റതാ, അപ്പൊ ഉറക്കം പോയി, നിന്നെ വിളിക്കാൻ ഫോണെടുത്തു, അപ്പോഴാ സമയം നോക്കിയത്. നീ ഉറങ്ങിക്കാണും എന്ന് കരുതി ഞാൻ. ”
“ഓ… ഞാൻ വിശ്വസിച്ചേ… ” ഫോൺ ജിതേഷിന്‍റെ അരികിലേക്ക് നീക്കിവെച്ചു കൊണ്ട് പറഞ്ഞു.
“എനിക്ക് ഒരു മസാല ദോശയും വടയും, തനിക്കോ?” ജിതേഷിനെ നോക്കി നിഷ പറഞ്ഞു.
“എനിക്കും അതുതന്നെ മതി. കൂടെ രണ്ടു കോഫിയും. ” ജിതേഷ് നിഷയെ തന്നെ നോക്കിയിരുന്നു.
തന്‍റെ കണ്ണട ഊരി നിഷ മേശപ്പുറത്തുവച്ചു മുഖമുയർത്തി അവനെ നോക്കിയപ്പോൾ ജിതേഷ് അവളിൽ നിന്നും തന്‍റെ നോട്ടം പിൻവലിച്ചില്ല.
“എന്താടാ, ഇതുവരെ കാണാത്ത മട്ടിൽ നോക്കുന്നത്?”അസ്വസ്ഥതയോടെ അവൾ ചോദിച്ചു.
അവൾക്ക് എന്തോ കഠിനമായ വിഷമമുണ്ടെന്നും അത് സഹിക്കാൻ കഴിയാത്തതാണന്നും ജിതേഷിനു ബോധ്യമായി. അല്ലേൽ ഇതുപോലെ വിഷയം മാറ്റി സംസാരിക്കുകയില്ലായിരുന്നു.
“ഇന്നലെ ഉറങ്ങിയില്ലേ നീ? നിനക്ക് എന്താ സുഖമില്ലേ? നീ എന്തോ മറയ്ക്കുന്നു എന്നിൽനിന്നും… “
“നിനക്ക് ഞാൻ വന്നത് ബുദ്ധിമുട്ടായോ?” നിഷയുടെ ചോദ്യം കേട്ടപ്പോൾ നാവിൻ തുമ്പത്ത് വന്ന തെറി ഉള്ളിലാക്കി ജിതേഷ് നിഷയെ നോക്കി.
“ആ… ഇങ്ങോട്ട് പോരട്ടെ, എന്നെ ചീത്ത വിളിച്ചതല്ലേ; എനിക്ക് മനസ്സിലായി കേട്ടോ. ”
“എന്‍റെ പൊന്നോ, ഞാൻ വിട്ടു. നിനക്ക് എവിടെയാ പോകേണ്ടത്?” ജിതേഷ് കൈകൂപ്പി പറഞ്ഞു.
“എനിക്ക് എവിടെയും പോകണ്ട. പിന്നെ നിന്റെ കൂടെ കുറച്ചു സമയം എനിക്ക് ഇരിക്കണം. ഇവിടെ ഒരു കടപ്പുറം ഇല്ലേ, അവിടെ ഒന്ന് പോകണം. ശേഷം നാളെ നമുക്ക് മടങ്ങാം. ” കാപ്പി ഊതി കുടിച്ചു കൊണ്ട് നിഷ തുടർന്നു: “എന്‍റെ ഭ്രാന്ത് ഒക്കെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുള്ളത് നിനക്ക് മാത്രമാണ്, എന്നെ സഹിക്കാൻ നീ തയ്യാറാണെങ്കിൽ കല്യാണം ഒഴിവാക്കേണ്ട, അതിനുശേഷമുള്ള പരിപാടികളൊക്കെ ചേട്ടൻ ക്യാൻസൽ ചെയ്യണം. ”
“എന്തു പറയാനാ എന്‍റെ ഒരു അവസ്ഥയേ, ഒക്കെ ഞാൻ സമ്മതിച്ചു അല്ലാതെന്തു പറയാൻ?”
“പോടാ പട്ടീ, ആർക്കുവേണം സഹതാപം?”
“അമ്പടീ, ഇപ്പോഴാ പഴയ നിഷ ആയത്. എല്ലാം ഞാൻ അംഗീകരിച്ചു. എന്നാൽ നമുക്ക് നാളെ പോകാം എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ” ചിരി നിർത്താതെ ജിതേഷ് പറഞ്ഞു.
” വേറെ എവിടെ നിൽക്കാൻ? നിന്‍റെ റൂമിൽ ഇന്ന് കിടക്കാം. രാവിലെ മടങ്ങാം. വേഗം നിന്‍റെ ഭാര്യയെ വിളിച്ചു പറയൂ, നാളെയേ മടങ്ങാൻ കഴിയൂ എന്ന്. അല്ലേ വേണ്ട, കല്യാണ സ്ഥലത്തുനിന്ന് വിളിക്കാം അതാ നല്ലത്. അവിടുത്തെ ബഹളങ്ങൾ ഒരു റിയാലിറ്റി തരും!!”
തിരികെ റൂമിലേക്ക് നടക്കുമ്പോൾ നിഷ ജിതേഷിന്‍റെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. റൂമിലേക്ക് പോകുന്നതിനു മുൻപ് കാർപാർക്കിംഗിലേക്ക് നിഷ ജിതേഷിനെ കൊണ്ടുപോയി കാറിൽ നിന്നും നിഷയുടെ ബാഗ്എടുത്തു ഇരുവരും തിരികെ റൂമിലെത്തി ജിതേഷ് ഒരു സിഗരറ്റിനു തീ കൊളുത്തി പുക പുറത്തേക്ക് ഊതിക്കൊണ്ട് നിഷയെ തന്നെ നോക്കിയിരുന്നു.
“എടാ എനിക്ക് കുറച്ചു നേരം ഒന്നു കിടക്കണം ഇന്നലെ ശരിക്കും ഉറങ്ങാൻ സാധിച്ചിട്ടില്ല. അതു കൊണ്ട് കുറച്ച് സമയം ഒന്നു കണ്ണടച്ചോട്ടേ, ഒന്ന് ഫ്രഷ് ആകും. അതുകഴിഞ്ഞ് നമ്മൾക്ക് പുറപ്പെടാം. ”
കിടക്കയിലേക്ക് കിടന്നുകൊണ്ട് നിഷ തുടർന്നു : “എന്‍റെ ഫോൺ റിങ് ആയാൽ എടുക്കേണ്ട കേട്ടോ… ആരുവിളിച്ചാലും… ”
നല്ല ഉറക്കക്ഷീണം അവളിൽ കാണുന്നുണ്ടായിരുന്നു. നിഷയെ ഇതുപോലെ തകർന്ന അവസ്ഥയിൽ കണ്ടിട്ടില്ല ഇടക്ക് നിഷ കണ്ണുതുറന്നു നോക്കിയപ്പോൾ ജിതേഷ് തെല്ലൊന്നു പതറി ഒരു ചെറിയ മന്ദഹാസം ആ ചുണ്ടിൽ കണ്ടപ്പോൾ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു. ഉറങ്ങട്ടെ നല്ല ഉറക്കം കഴിഞ്ഞു എണീക്കുമ്പോൾ അവൾ പഴയതുപോലെ ആകും ജിതേഷ് മനസ്സിലോർത്തു
തന്നെ ആരോ കുലുക്കി വിളിച്ചപ്പോൾ ഞെട്ടി എണീറ്റ് ചുറ്റും നോക്കി ജിതേഷ്. താൻ എപ്പോളോ ഉറങ്ങിപ്പോയി എന്ന് അപ്പോഴാണ് ജിതേഷിനു ബോധ്യമായത്.
“കണ്ണ് മിഴിക്കേണ്ട, ഇറങ്ങാൻ സമയമായി വേഗം വാ. ”
ഓഡിറ്റോറിയത്തിൽ ആളുകൾ എത്തിച്ചേരുന്നതേ ഉണ്ടായിരുന്നുള്ളൂ. സജി ഏതാനും സ്നേഹിതരോട് വർത്തമാനം പറഞ്ഞു നിൽക്കുന്നു. കാറിൽ നിന്നും ഇറങ്ങിയ ജിതേഷിനേയുംനിഷയേയും സംശയത്തോടെ നോക്കിനിന്നു.
തുറന്ന ചിരിയോടു കൂടി സജിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ചു “സംശയിക്കേണ്ട, ഇന്ന് രാവിലെ എത്തിച്ചേർന്നതാണ്. “ജിതേഷ് പറഞ്ഞു.
“അളിയാ അതിനു ഞാൻ ഒന്നും ചോദിച്ചില്ലല്ലോ. ” പൊട്ടിച്ചിരിച്ചുകൊണ്ട് സജി തുടർന്നു: “ നീ ആയതുകൊണ്ട് ഞാൻ തെല്ലൊന്നമ്പരന്നു. അത്രയേ ഉള്ളൂ, നീ താത്തയെ കാണുന്നില്ലേ?അവൾ രണ്ടുപ്രാവശ്യം വന്ന് നിന്നെ തിരക്കിയിരുന്നു. ചെന്ന് കണ്ടിട്ട് വാ. “
ഓഡിറ്റോറിയത്തിന്‍റെ വാതിൽക്കൽ സഫിയയെ കാണാനില്ലായിരുന്നു. ആൾക്കൂട്ടങ്ങളുടെ ഇടയിലൊന്നും കണ്ടെത്താനായില്ല, പിന്നിൽ നിന്നും അടികിട്ടിയ ജിതേഷ് തിരിഞ്ഞുനോക്കുമ്പോൾ സഫിയ. !!
“ഇത് രാവിലെ വരാതിരുന്നതിന്. “മുതുക് തിരുമ്മിക്കൊണ്ട് ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു ജിതേഷ്, സഫിയ അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു ചോദിച്ചു; “നീ കാരണം ഇവളും നേരം വൈകി. ”
“നിങ്ങൾ വാ, മോന്‍റെ കൂടെ ഒരു ഫോട്ടോ എടുക്കണം. “നിഷയുടെ കൈയ്യിൽ പിടിച്ചു സഫിയ നടന്നു. ചുറ്റും നോക്കുന്ന ജിതേഷിനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം “അതേ, അവരൊക്കെ ഫാമിലിയായി വന്നു ഫോട്ടോയെടുത്തു. നിങ്ങൾ രണ്ടുപേരും മാത്രമേയുള്ളൂ, കുറച്ചുകഴിഞ്ഞ് അവിടേക്ക് പോകണം വേഗം വന്ന് ഫോട്ടോ എടുക്ക്. “
എല്ലാവരോടും യാത്ര പറഞ്ഞ് തിരികെ മടങ്ങുമ്പോൾ കാറിൽ ഒന്നും മിണ്ടാതെ ജിതേഷ് ഇരിക്കുകയായിരുന്നു. എന്തെല്ലാം പ്രതീക്ഷകൾ ആയിട്ടായിരുന്നു ഇവിടേയ്ക്ക് വന്നത്. കൂട്ടുകാരെയൊക്കെ കാണണം. പണ്ടത്തെ പോലെ ഒന്നു കൂടണം. ഓർമ്മകൾ പുതുക്കണം. വന്നപ്പോഴോ എല്ലാവരും തിരക്കിലാണ് പോലും ഇന്നലത്തെ കാശ് പോയതു മിച്ചം. അയാൾക്ക് തന്നോടു തന്നെ പുച്ഛം തോന്നി. നിഷയെ നോക്കിയപ്പോൾ അവൾ ഡ്രൈവിങ്ങിൽ ആയിരുന്നു കുറച്ചുനേരം നോക്കിയിരുന്നപ്പോൾ തിരികെ നോക്കി പുഞ്ചിരിച്ചു.
“അല്ല ബ്രോ സ്വയം പുച്ഛം ഒക്കെ മാറിയോ?” റോഡിലേക്ക് നോക്കിക്കൊണ്ട് കൊണ്ട് നിഷ ചോദിച്ചു.
ജിതേഷിന് നിഷയോടുള്ള ആരാധനയ്ക്കുള്ള കാരണം അവളുടെ മനസ്സ് വായിക്കാനുള്ള കഴിവായിരുന്നു. അവിടെ എന്നും അവൾ ഒരു വിസ്മയം തന്നെയായിരുന്നു.
“എന്റെ ബ്രോ, ഞാനൊരു സത്യം പറയാം; ചേട്ടൻ എല്ലാവരെയും കാര്യമായിട്ടു സ്നേഹിക്കും, അവരെല്ലാം വലിയ സംഭവമാണെന്നും അവരുടെ പ്രശ്നങ്ങൾ തന്റേതും കൂടെയെന്ന് പറഞ്ഞ് അവരുടെ പിന്നാലെ പോകും. ഇന്നേവരെ ആരെങ്കിലും ചേട്ടനെ കേൾക്കാൻ വന്നിട്ടുണ്ടോ? ഒടുവിൽ ഇന്നലെ രാത്രിയിലെ പാർട്ടി ആരുടെ വക ആയിരുന്നു? പിന്നെ ഇതുപോലെ ഇരുന്ന് മോങ്ങിയിട്ട് എന്താ കാര്യം? എന്നാലോ തന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഉള്ള കഴിവും ഇല്ല. എന്തോ വലിയ ഒരു സംഭവം ആണെന്ന് പറഞ്ഞു നടക്കും. ഒടുവിൽ പോയ ബുദ്ധി ഓർത്ത് ജീവിതം കരഞ്ഞു തീർക്കും. അതാണ് താൻ. “
കാർ വിശാലമായ പാലത്തിലൂടെ പോവുകയായിരുന്നു. കായലിന്‍റെ വശങ്ങളിൽ വിനോദസഞ്ചാരികളെ പ്രതീക്ഷിച്ച് ബോട്ടുകൾ കിടക്കുന്നുണ്ടായിരുന്നു. കാറ്റ് ആഞ്ഞുവീശുന്നുണ്ടായിരുന്നു, എങ്ങും മണൽ മാത്രം. കടലിന് അടുത്ത് കാർ നിർത്തി ഇരുവരും പുറത്തേക്കിറങ്ങി. ഉച്ചകഴിഞ്ഞതേയുള്ളതു കാരണം അധികമാളുകൾ ഇല്ലായിരുന്നു.
തദ്ദേശവാസികളായ കുറച്ച് ആളുകൾ തെങ്ങിന്‍റെ തണലിൽ ഇരുന്നു ചീട്ട് കളിക്കുന്നുണ്ടായിരുന്നു കുറച്ച് സമയം അതിലൂടെ നടന്ന് ഒരു തെങ്ങിൻ ചുവട്ടിൽ രണ്ടുപേരും ഇരുന്നു. കടൽ കാറ്റിന്റെ ശക്തിയിൽ വെയിലിന്റെ കാഠിന്യം അറിയുന്നുണ്ടായിരുന്നില്ല.
നിഷ ബാഗിൽ നിന്നും കുപ്പി എടുത്തു കുറച്ചു വെള്ളം കുടിച്ച് ജിതേഷിനു നേരെ നീട്ടി ഒരു കവിൾ വെള്ളം കുടിച്ചു ജിതേഷ് കുപ്പി തിരികെ കൊടുത്തു.
നിഷ ഒന്നും പറയാതെ കടലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
“അല്ലടോ തനിക്ക് എന്തുപറ്റി? പഴയ കല പില ഒന്നുമില്ല ആകെ ഒരു നിശബ്ദത. നീ വന്നപ്പോൾ മുതൽ ആകെ ഒരു ദുരൂഹത എല്ലാത്തിനും. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. “ജിതേഷ് ഒരു സിഗരറ്റിന് തീകൊളുത്തി പുക പുറത്തേക്ക് ഊതിക്കൊണ്ട് തുടർന്നു: “ എന്താ തനിക്ക് പറ്റിയത്? പറയൂ. “
നിഷ ഒന്നും സംസാരിക്കാതെ മണലിൽ അവ്യക്തമായ ചിത്രങ്ങൾ വരച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൾ ഇപ്പോൾ കുറേ രഹസ്യങ്ങളുടെ കൂടാരം ആയിരിക്കുന്നുവെന്ന് അയാൾക്ക് മനസ്സിലായി.
“നിന്റെ കൂടെ ഞാൻ വരട്ടെ?” ജിതേഷിന്റെ മുഖത്തുനോക്കി നിഷ തുടർന്നു: “നിന്റെ വീട്ടിൽ നിന്നോട്ടെ? ഞാൻ ആരെയും ശല്യം ചെയ്യില്ല, ”
ജിതേഷ് നിഷയെ സൂക്ഷിച്ചു നോക്കി
“എനിക്ക് അധികം ചെലവ് ഒന്നും വേണ്ട, നിങ്ങൾ കഴിക്കുന്നതിന്റെ ഒരു വീതം തന്നാൽ മതിയെടാ, കുറച്ചു പൈസ എന്റെ അക്കൗണ്ടിൽ ഉണ്ടാവും അത് നീ എടുത്തോ, ”
സംസാരം നിർത്തി നിഷ വിദൂരതയിലേക്ക് നോക്കിയിരുന്നു… അപ്പോഴും അവളുടെ കണ്ണുനീർ വറ്റിയിരുന്നില്ല.
“നീ പറയുന്നതെതെന്താണന്നു വല്ല ബോധ്യമുണ്ടോ? ജീവിതത്തിൽ എന്തിലും ഏതിലും തമാശ.. അത് ഇതു വരെ താൻ മാറ്റിയില്ലേ?… മതി മതി താൻ എണീറ്റേ, നമ്മുക്ക് പോകാം.. ” ജിതേഷ് എണീറ്റപ്പോൾ നെറ്റിയിലേക്ക് വീണ മുടിയിഴകളെ പിന്നിലേക്ക് ഒതുക്കി പറഞ്ഞു.
നിഷ അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് തുടർന്നു: എന്നെ വിശ്വസിക്കടാ, ഞാൻ സത്യം തന്നെയാ പറയുന്നത് എനിക്ക് ഇനിയും ജീവിക്കണം. ജീവിച്ചു കൊതി തീർന്നിട്ടില്ല… ”
ജിതേഷിന്റെ കൈയ്യിലെ പിടുത്തം നിഷ ഒന്നു കൂടെ മുറുക്കി. ജിതേഷ് ഒന്നും പറയാതെ നിഷയുടെ മൂർദ്ധാവിൽ പതിയെ തലോടി. സാവധാനം നിഷയുടെ അരികിൽ മുട്ടുകുത്തിയിരുന്നു അവളുടെ മുതുകിൽ പതിയെ തലോടി, അവരുടെ ഉള്ളിൽ നിന്നുയരുന്ന തേങ്ങലുകൾ ജിതേഷിന്റെ ഉള്ളം കൈ അറിയുന്നുണ്ടായിരുന്നു.
“എടോ, കരച്ചിൽ നിർത്തു, മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കുന്നു. വാ, നമുക്ക് ഇവിടെ നിന്നു പോകാം. ” ചുറ്റുപാടും നോക്കി കൊണ്ട് ജിതേഷ് പറഞ്ഞു.
അല്പസമയത്തിനുശേഷം ദീർഘ നിശ്വാസത്തോടെ തന്റെ കഴുത്തിലെ ഷാൾ എടുത്തു മുഖം അമർത്തി തുടച്ചു. കണ്ണട തിരികെ വച്ചു, അല്പം ഇരുണ്ട ഗ്ലാസ് ആയതിനാൽ ആ കണ്ണുകളിലെ ഭാവം എന്തെന്ന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പതിയെ എണീറ്റ് ബാഗ് കയ്യിൽ പിടിച്ചു നടന്നു തുടങ്ങി, പിന്നാലെ ജിതേഷും. കാറിൽ ഇരുവരും കയറി യാത്ര തിരിച്ചു, ആരും ഒന്നും സംസാരിച്ചില്ല കുറച്ചു കഴിഞ്ഞപ്പോൾ റോഡ് സൈഡിൽ കാർ നിർത്തി.
“എന്റെ ബാഗിൽ പേഴ്സ് ഉണ്ട്, എനിക്ക് രണ്ടു കുപ്പി ബിയർ വാങ്ങി തരണം. നിനക്ക് വേണ്ടതും വാങ്ങിക്കോ. “
ഗൗരവത്തിൽ ആയിരുന്നു നിഷയുടെ സംസാരം..
“രണ്ടു കുപ്പി ബിയർ ഒക്കെ വാങ്ങാനുള്ള കാശൊക്കെ എന്റെ കയ്യിൽ ഉണ്ട്. ” ജിതേഷ് പരിഭവത്തോടെ കൂടി പറഞ്ഞു.
“അതെന്താ പെണ്ണുങ്ങളുടെ കൈയിലെ കാശിനു വിലയില്ലേ? നിനക്ക് വയ്യെങ്കിൽ പറ ഞാൻ പോയി വാങ്ങിക്കോളാം. ”
ജിനേഷിന്റെ മടിയിൽ ഇരുന്ന നിഷയുടെ ബാഗിൽ അവൾ കൈ വച്ചു.
“എന്റെ പൊന്നോ, ഞാൻ വിട്ടു: സാറിന്റെ ഇഷ്ടംപോലെ. ” നിഷയുടെ കൈ തട്ടി മാറ്റി ജിനേഷ് ബാഗ് തുറന്നു പേഴ്സിൽ നിന്നും പണം എടുത്തു ജിതേഷ് ബാറിലേക്ക് കയറി ബിയറും തനിക്ക് വൈറ്റ് റമ്മും തൊട്ടടുത്ത കടയിൽ നിന്നും ഒരു പായ്ക്കറ്റ് സിഗരറ്റും വാങ്ങി തിരികെ കാറിൽ കയറി നിഷയുടെ ബാഗിലേക്ക് കുപ്പികൾ എടുത്തുവെച്ചു, തന്റെ മടിയിൽ വച്ചു. കാർ ലോഡ്ജ് ലക്ഷ്യമാക്കി യാത്ര തുടർന്നു.
വാതിൽ തുറന്ന് നിഷ അകത്തേക്ക് കയറി. ബാഗ് ടീപോയിൽ വെച്ചു ജിനേഷ് കസേരയിലിരുന്നു. നിഷ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങിപ്പോയി. ജിതേഷ് ആകെ ആശയക്കുഴപ്പത്തിലായി എന്താണ് അവളുടെ മനസ്സിലിരിപ്പ്?എത്ര ആലോചിച്ചിട്ടും അയാൾക്ക് എത്തും പിടിയും കിട്ടുന്നില്ലായിരുന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ജിതേഷ് ചിന്തയിൽ നിന്ന് എണീറ്റത്. നിഷയുടെ കൈയ്യിൽ എന്തൊക്കെയോ പൊതി ഉണ്ടായിരുന്നു. സംശയത്തോടെ അവളുടെ കൈയ്യിലെ കവറിലേക്ക് ജിതേഷ് നോക്കി.
“നീയൊക്കെ എന്തു കുടിയനാടാ? ടച്ചപ്പ് ഒന്നും വാങ്ങാതെ എങ്ങനെ കുടിക്കാൻ?” കവർ ടീപോയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
ഒരു കുപ്പി ബിയർ ഓപ്പൺ ചെയ്തു ഗ്ലാസിലേക്ക് പകർത്തുന്നത് കണ്ടപ്പോഴേ ജിതേഷിന് മനസ്സിലായി ഇവള് പ്രൊഫഷണൽ തന്നെ.
“അതേ, കല്യാണം കഴിഞ്ഞത് കൊണ്ട് കിട്ടിയ ഒരേയൊരു ഗുണമാണ് ഈ കള്ള് കുടി. ” ബിയർ നുണഞ്ഞു കുടിക്കുകയായിരുന്നു നിഷ…
ജിതേഷ് ഒറ്റവലിക്ക് പകുതി കുടിച്ചു മേശപ്പുറത്ത് ഗ്ലാസ് വെച്ചു നിഷയെ നോക്കി. അവൾ ബിയറിന്റെ ഓരോ തുള്ളിയും ആസ്വദിച്ചു കുടിക്കുകയായിരുന്നു.
“ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്നത് എളുപ്പമാണെന്ന് നീ കരുതുന്നുണ്ടോ?” വളരെ ശാന്തമായിട്ടാണ് നിഷ സംസാരിക്കുന്നത്.
“സ്വന്തമായി വരുമാനം ഒക്കെ ഉണ്ടെങ്കിൽ ആണുങ്ങളെ പോലെ… ” ജിതേഷിനെ പൂർണ്ണമാക്കാൻ അനുവദിക്കാതെ ചീത്ത വിളിയോടെ തുടർന്നു: “കോപ്പാ നീ വരെ അവളെ കണ്ണുകൊണ്ട് ഭോഗിക്കില്ലേ? അവളുടെ പുറകെ ആയിരിക്കില്ലേ നിന്‍റെയൊക്കെ കണ്ണ്. സോഷ്യൽ മീഡിയയിൽ നീയൊക്കെ അവൾ എന്തുപറഞ്ഞാലും ലൈക്കും കമൻ്റുമായി അവളുടെ പുറകെ നടക്കും? എന്തിന്? അവളെ കിട്ടാൻ. നീ അടക്കം എല്ലാവർക്കും വേണ്ടത് അവളുടെ ശരീരത്തെ. ആ മനസ്സ് ആർക്കും വേണ്ട… ആർക്കും… ”. കരച്ചിൽ നിഷയുടെ വാക്കുകളെ മുറിച്ചു…
ജിതേഷ് ഒന്നും സംസാരിക്കാതെ കണ്ണുകൾ അടച്ചിരുന്നു, തർക്കങ്ങൾ വാശി കൂട്ടുകയേ ഉള്ളൂ, നിഷ ആകെ തളർന്നിരിക്കുകയാണ്. എന്താ പറ്റിയതെന്ന് പറയുന്നുമില്ല. പുക അലക്ഷ്യമായി ഊതി കസേരയിൽ മുന്നോട്ട് കയറി ഇരുന്നു രണ്ടാമത്തെ ഗ്ലാസ് കാലിയാക്കുകയായിരുന്നു. ലഹരി ജിതേഷിന്റെ സിരകളിൽ കയറിത്തുടങ്ങിയിരുന്നു.
“എന്താടോ തനിക്ക് പറ്റിയത്? ചേട്ടൻ ഇവിടെ ഇല്ലേ, ഇനി നിങ്ങൾ തമ്മിൽ… ?
ജിതേഷ് സംശയഭാവത്തിൽ നിർത്തി.
“ഹേയ്, ഞങ്ങൾ തമ്മിൽ ഒന്നുമില്ല. കാരണം കഴിഞ്ഞമാസം ഞങ്ങളുടെ വിവാഹമോചനം കഴിഞ്ഞു. ” നിർവികാരതയോടെ ആണ് നിഷ പറഞ്ഞത്.
ജിതേഷിന് ഒന്നും പറയാൻ കഴിഞ്ഞില്ല. വല്ലാത്തൊരു ഷോക്കിൽ ആയിരുന്നു അയാൾ. “ നീയെന്താ പറയുന്നത്? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ”കസേരയിൽ നിന്നും എണീറ്റ് നിഷയുടെ അരികിലെത്തി.
“സത്യം… എനിക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല, ഞാൻ അവരുടെ ചിന്താഗതിക്ക് പറ്റിയതല്ല പോലും. ”ഗ്ലാസ്സിൽ അവശേഷിച്ചിരുന്ന ബിയർ ഒറ്റവലിക്ക് തീർത്തു
“നമ്മുടെ ക്ലാസ്മേറ്റ്സിൽ നിങ്ങളുടെ ജീവിതം ആണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ളത്, ഞങ്ങൾ എപ്പോളും നിങ്ങളെ നോക്കി പഠിക്കാൻ ആണ് പറയാറ്. എന്നിട്ട് ഇപ്പോൾ?”
“കാരണങ്ങൾ തിരഞ്ഞാൽ ഉള്ളി പൊളിച്ചത് പോലെ ആണ്.. ഒന്നും കാണില്ല, ആകെ കാണുക ഈഗോ മൂലം ഉണ്ടാകുന്ന അടിസ്ഥാനമില്ലാത്ത കുറേ ആരോപണങ്ങൾ മാത്രം!! ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ ഒന്നും നേടിയിട്ടുമില്ല മറിച്ച് നഷ്ട്ടങ്ങൾ മാത്രം.. ” തണുത്ത ബിയർ ഗ്ലാസ്സിൽ പറ്റി പിടിച്ചിരിക്കുന്ന ജലകണങ്ങളിൽ എന്തോ വരച്ചു കൊണ്ടിരുന്നു.
ജിനേഷിന് എന്തെക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു, തന്റെ ചോദ്യങ്ങൾ നിഷയുടെ സംസാരത്തിന്റെ ഒഴുക്കു ഇല്ലാതാക്കിയാലോ? അല്ലേലും കോരിക്കളയുന്ന വെളളത്തേക്കാൾ ഭംഗി തനിയെ ഒഴുകുന്ന വെളളത്തിനല്ലേ?
ഒരു സിഗരറ്റിന് തീ കൊളുത്തി ജിനേഷ് കാത്തിരുന്നു.
“ഭർത്താവ് പോയപ്പോഴും എനിക്ക് വലിയ ദുഃഖം ഇല്ലായിരുന്നു, മറിച്ച് ഒരു മഴ പെയ്തു തോർന്ന അനുഭൂതി ആയിരുന്നു. കാരണം നമ്മുടെ കാരണങ്ങൾ ഇല്ലാത്ത പിടിവാശികൾ അല്ലായിരുന്നോ?”
തന്റെ മുന്നിലയിരിക്കുന്ന പാത്രത്തിൽ നിന്നും കശുവണ്ടി എടുത്തു വായിലിട്ടു പതിയെ ചവച്ചു കൊണ്ട് സെറ്റിയിൽ ചമ്രം പടിഞ്ഞിരുന്നു. ദൂരെ നിന്നും പതിയെ വന്ന കാറ്റിന് നേരിയ തണുപ്പ് ഉണ്ടായിരുന്നു. നിഷ സെറ്റിയിലേക്ക് ചാഞ്ഞിരുന്നു,
“എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ വല്ലാതെ ഒറ്റപ്പെട്ടപോലെ.. ദൂരെ ജോലിക്ക് പോയിരിക്കുകയാണ് എന്നു മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ച കള്ളം ഉൾക്കൊള്ളാൻ എന്റെ മനസ്സ് പോലും വിസമ്മതിച്ചു, അതിനെ തുടർന്നു എനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെട്ടു, ഞാൻ എന്നെ തന്നെ മറന്നു. വല്ലപ്പോഴും അവന്റെ കൂടെ മദ്യപ്പിച്ചിരുന്ന ഞാൻ ആ നശിച്ച ദിവസം സ്വയം കഴിച്ചു, അന്നു മോനെ സ്കൂളിൽ നിന്നും കൊണ്ട് വരാൻ പോകാൻ പറ്റിയില്ല, കാരണം എന്റെ ബോധം പോകും വരെ അന്നു കഴിച്ചു വീട്ടിൽ കിടന്നു, സ്കൂളിൽ നിന്നും എന്നെ വിളിച്ചിട്ട് കിട്ടാത്തതിനാൽ അവർ അവനെ വിളിച്ചു, കിട്ടിയ അവസരം അവൻ മുതലാക്കി, വേഗം സ്കൂളിൽ ചെന്നു അവൻ എല്ലാവരുടെയും മുന്നിൽ ഒരു നല്ല കുട്ടിയായി, പണ്ട് ക്ലാസ്സിൽ ഏറ്റവും കൂടുതൽ വർത്തമാനം പറഞ്ഞിരുന്ന നീ ടീച്ചർ വരുമ്പോൾ നല്ല കുട്ടി ആയി ഇരിക്കറില്ലായിരുന്നില്ലേ? അത് പോലെ അവനും നന്നായി അഭിനയിച്ചു. അല്ലേലും നിങ്ങൾ അണുങ്ങൾക്ക് ഈ നല്ല പിള്ള ചമയാൻ കഴിവ് കൂടുതൽ ആണല്ലോ.. ”
രണ്ടാമത്തെ ബിയർ കുപ്പി തുറന്നു കുപ്പിയിൽ നിന്നും നേരിട്ടു നിഷ കുടിക്കാൻ തുടങ്ങി. തെല്ലു മാറിയുള്ള റയിൽവേ സ്റ്റേഷനിൽ നിർത്തനായി തീവണ്ടി വേഗത കുറച്ചപ്പോൾ ലോഹങ്ങൾ കൂട്ടി ഉരയുന്ന ശബ്ദം നിശബ്ദമായ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. ജോലിയുടെ ക്ഷീണം പേറി അവിടെ ഇറങ്ങാനുള്ളവർ വാതിലിനരികിൽ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു.
ചിന്തകളുടെ ലോകത്ത് നിന്നും നിഷ മടങ്ങി വരാൻ വേണ്ടി ജിനേഷ് കൃത്രിമമായി ചുമച്ചു… ഇരു കൈകൾ കൊണ്ട് ബിയർ കുപ്പിയുടെ കഴുത്തിൽ പിടിച്ചു കൊണ്ട് ചമ്രം പടിഞ്ഞു ഇരിക്കുകയായിരുന്ന നിഷ, ഇടതു കൈ കൊണ്ട് കണ്ണട ഊരി ടീപ്പോയിൽ വെച്ചു ഒരു കവിൾ കൂടി കുടിച്ചു നാക്ക് കൊണ്ട് ചുണ്ടുകൾ നനച്ചു.
“അവൻ സ്കൂളിൽ നിന്ന് മുതലകണ്ണീർ ഒഴുക്കി, പോലീസ് വന്നു, അവർ കയ്യോടെ എന്റെ ഫ്ലാറ്റിൽ വന്നു കുട്ടിയെ എന്റെ കൂടെ വിട്ടാൽ കുട്ടിക്ക് സുരക്ഷിതത്വo കിട്ടില്ല പോലും!! നിയമ വിദഗ്ധൻ ആയ അവന് കാര്യങ്ങൾ എല്ലാം എളുപ്പമായി, ഇന്നലെ അവർ മോനെ കൂട്ടി കൊണ്ട് പോയി, എടാ, ഞാൻ ആകെ തകർന്നു പോയി, എനിക്ക് ആരുമില്ല, എന്റെ വീട്ടിൽ പറഞ്ഞപ്പോൾ എല്ലാത്തിനും ഞാൻ ആണ് കാരണം പോലും. ”
നിഷ കിതക്കുകയായിരുന്നു.
“തന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് അറിവില്ലായിരുന്നു… വല്ലപ്പോഴും വിളിക്കുമ്പോൾ പോലും നീ ഒരു സൂചന പോലും തന്നിട്ടില്ല അത് പോട്ടെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടു നീ ഒരിക്കൽ പോലും എന്നോടു പറഞ്ഞില്ലല്ലോ.. ” ജിനേഷ് സിഗരട്ടിന്റെ ചാരം ആഷ്ട്രേയിലേക്ക് കൊട്ടി കൊണ്ട് നിഷയെ നോക്കി
“ഞാൻ ഇതു നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ ഒരു വിഷയം അത്ര മാത്രം. ഇതാ ഇപ്പോ തന്നെ നിനക്ക് എന്തെങ്കിലും പറയാൻ സാധിക്കുന്നുണ്ടോ? നേരത്തെ പറഞ്ഞാലും ഇതുതന്നെയല്ലേ അവസ്ഥ?എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾ നേരിടണം. ആർക്കും ഒന്നും ചെയ്തു തരാൻ സാധിക്കില്ല; ആശ്വസിപ്പിക്കാം; അത്രതന്നെ. അല്ലാതെ എന്ത് ചെയ്യാൻ?”
“താൻ പറഞ്ഞത് സത്യം തന്നെ, എന്നിരുന്നാലും ഒരാളോട് എല്ലാം തുറന്നു പറഞ്ഞാൽ മനസ്സിന്റെ ഭാരം കുറയില്ലേ?” ജിതേഷ് നിഷയുടെ സമീപത്ത് ഇരുന്നുകൊണ്ട് പറഞ്ഞു. / ചോദിച്ചു.
“ആരോട് പറയാൻ? എടാ കുറ്റപ്പെടുത്താൻ ആണ് എല്ലാവർക്കും താല്പര്യം. ആരെയും ആശ്വസിപ്പിക്കാൻ ആർക്കും കഴിയില്ല. പിന്നെ മറ്റുള്ളവരുടെ സഹതാപം എനിക്ക് ആവശ്യമില്ല, അതിനേക്കാൾ നല്ലത് മരണം തന്നെ. ”
മദ്യത്തിന്റെ ലഹരിക്ക് മനസ്സിനെ കീഴടക്കാനാവാത്ത നിമിഷങ്ങളും ജീവിതത്തിൽ ഉണ്ടാകുമെന്ന് ജിതേഷ് തിരിച്ചറിയുകയായിരുന്നു… നഗരം ഇരുട്ടിലേക്ക് താഴുകയായിരുന്നു, റോഡിൽ തിരക്കുകൾ കുറഞ്ഞു വരികയായിരുന്നു. റസ്റ്റോറന്റിൽ പോയി ഭക്ഷണം വാങ്ങി വരുമ്പോഴേക്കും നിഷ പാതി മയക്കത്തിൽ ആയിരുന്നു.
ഉറങ്ങട്ടെ അതാ നല്ലത് ജിതേഷ് മനസ്സിൽ കരുതി. ഒരു സിഗരറ്റിനു തീ കൊളുത്തി പുക ഊതിക്കൊണ്ട് ബാൽക്കണിയിലെ കസേരയിലേക്ക് ചാരിയിരുന്നു… എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടപ്പോൾ കണ്ണുതുറന്ന് ജിതേഷ് നോക്കുമ്പോൾ നിഷ തന്റെ അരികിൽ ഇരിക്കുന്നു…
“അല്ലടാ ഞാൻ ഭയങ്കര ബോർ ആയിപ്പോയോ? കുറേ ആയിട്ടുള്ള ആഗ്രഹമായിരുന്നു നിന്‍റെ കൂടെ ബിയർ കുടിക്കണമെന്ന്. ”
ജിതേഷ് നിഷയെ നോക്കി നോക്കി അവൾ ലൈറ്റർ എടുത്തു വെറുതെ കത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
“എന്നാലും താൻ ഇത്രയും ഉള്ളിൽ വെച്ച് നടക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. നിന്നെ വിളിക്കുമ്പോഴും ഇതൊന്നും നീ പറഞ്ഞിട്ടില്ലല്ലോ?” നിഷയുടെ കയ്യിൽനിന്നും ലൈറ്റർ വാങ്ങി സിഗരറ്റിനു തീകൊളുത്തി. പിന്നിലേക്ക് ചാരി ഇരുന്നു. ആകാശത്ത് ചന്ദ്രൻ മേഘങ്ങളുടെ ഇടയിൽ ഒളിക്കാൻ ശ്രമിക്കുകയായിരുന്നു.
“ഞാൻ പറഞ്ഞതൊക്കെ മറക്കണം കേട്ടോ വെള്ളം അടിച്ചു ബോധം പോയപ്പോൾ എന്തൊക്കെയോ പറഞ്ഞു, എല്ലാം മറക്കണം നിന്റെ അടുത്ത് ഞാൻ കുറച്ച് അധികം സ്വാതന്ത്ര്യം എടുത്തു പോയി. കൂടെ ഉള്ളവരെല്ലാം പോയപ്പോ ഞാൻ തനിച്ചായതുപോലെ… ഞാൻ വല്ലാതെ പേടിച്ചു പോയടാ, അപ്പോഴാണ് ഇന്നലെ നീ ടൈപ്പ് ചെയ്യുന്നത് കണ്ടത്, പിന്നെ ഒന്നും ആലോചിച്ചില്ല, ഇങ്ങോട്ട് പോന്നു. നിനക്ക് കുറേ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നറിയാം സാരമില്ല, സഹിച്ചോ. ” പൊട്ടിച്ചിരിച്ചുകൊണ്ട് നിഷ പറഞ്ഞു.
“അയ്യോ, ഞാൻ നീ പറഞ്ഞതെല്ലാം കാര്യമായിട്ടാണ് എന്നു കരുതി വീട്ടിൽ നിനക്കായി ഒരു മുറിയൊക്കെ വൃത്തിയാക്കി ഇട്ടു ആ കാശ് കിട്ടുമ്പോൾ ഇടാൻ ഒരു ബാങ്ക് അക്കൗണ്ട് വരെ തുടങ്ങിവച്ചു. എന്നാ നമുക്ക് ഇപ്പൊ തന്നെ പോവല്ലേ?” ജിതേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“കളിയാക്കേണ്ട എന്‍റേത് ഒരിക്കലും നടക്കാത്ത കാര്യമാണ്, ഏത് പെണ്ണാടാ ഇതൊക്കെ സമ്മതിച്ചു തരിക? നീ തന്നെ പറ. അതൊക്കെ വിട് കുറച്ചു സമയം നമുക്ക് ഇങ്ങനെ ഇരിക്കാം. ഇനി എന്നാ ഇങ്ങനെ ഒന്നു തരപ്പെടുക?
നിഷ ചുരുണ്ട് കൂടി ജിതേഷിന്‍റെ അരികിലേക്ക് ചേർന്ന് ഇരുന്നു…
“എനിക്ക് ഒരു കാര്യം കൂടി ചെയ്തു തരുമോ?” നിഷ മന്ത്രിക്കുകയായിരുന്നു… “ഞാൻ ഉറങ്ങുമ്പോൾ എന്‍റെ അടുത്ത് ഇരിക്കാവോ? കണ്ണടയ്ക്കുമ്പോൾ എന്തൊക്കെയോ സ്വപ്നങ്ങൾ കാണുന്നു… ”
ഉറക്കത്തിലേക്ക് വഴുതി വീണിട്ടും അവൾ ജിതേഷിന്റെ കൈയിലെ പിടി വിട്ടില്ല, ഉറക്കത്തിൽ നക്ഷത്രങ്ങളുടെ കൂടെ അവളും പാറി നടക്കുകയായിരുന്നു…
മടക്കയാത്രയിൽ ഇരുവരും ഒന്നും സംസാരിച്ചില്ല. ബസ്സ്റ്റാൻഡിനടുത്ത് നിഷ കാർ നിർത്തി. ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ജിതേഷിന്റെ സൈഡിലുള്ള വാതിൽ തുറന്നു
“നീ ഇറങ്ങ് നമുക്ക് ഓരോ കപ്പ് കാപ്പി കുടിക്കാം. “അവർ തൊട്ടടുത്തുള്ള കോഫീ ഹൌസില് കയറി. കാപ്പി കുടിക്കുമ്പോൾ നിഷ ജിതേഷിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ബാഗ് എടുക്കാൻ ജിനേഷ് കാറിനടുത്തേക്ക് നടന്നപ്പോൾ നിഷ കാറിൽ കയറിയിരുന്നു കൊണ്ട് ചോദിച്ചു.
“എടാ, ബുദ്ധിമുട്ടില്ലെങ്കിൽ കാറിലേക്ക് കയറി ഇരിക്കാമോ? എനിക്ക് ഒരു കാര്യം പറയാനുണ്ട്. ”
സംശയത്തോടെ ജിതേഷ് കാറിനുള്ളിലേക്ക് കയറിയിരുന്നു.
“പഠിക്കുന്ന കാലത്ത് നിനക്ക് എന്നെ പ്രേമിച്ചു കൂടായിരുന്നോ? എന്നാ പിന്നെ ഇങ്ങനെയൊക്കെ വരുമായിരുന്നോ?” ജിതേഷിന്റെ കൈയ്യിൽ നുള്ളി കൊണ്ട് നിഷ തുടർന്നു:“നമ്മൾ ആശിക്കുന്നത് പോലെ എല്ലാം വരുകയാണെങ്കിൽ പിന്നെ ജീവിതത്തിന് എന്താ ഒരു ത്രിൽ അല്ലേടാ. ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സാധിച്ചു തരുമോ?”സംസാരം നിർത്തി അവൾ ജിതേഷിന്റെ കണ്ണുകളിൽ നോക്കിയിരുന്നു.
” എന്തടാ? ജിതേഷ് വിറയാർന്ന സ്വരത്തിൽ ചോദിച്ചു.
അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം നിഷ മന്ത്രിക്കും പോൽ പറഞ്ഞു “എന്നെ ഒന്ന് കെട്ടി പിടിക്കാമോ?”
ജിതേഷ് ഒന്നും പറയാതെ നിഷയെ നോക്കി, എല്ലാം തകർന്നവളെ പോലെ ഇരിക്കുകയായിരുന്നു… ജിതേഷ് നിഷയെ തന്‍റെ മാറിലേക്കണച്ചു. വാടിയ വള്ളിപോലെ അവൾ അവന്‍റെ നെഞ്ചിൽ ചേർന്ന് കിടന്നു…
“മതിയടാ… മതി. ഒരു പുരുഷന്റെ മാറിൽ കിടക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം എവിടെ നിന്നും ലഭിക്കില്ല, സന്തോഷമായി കേട്ടോ ഒരുപാട്… ഒരു പാട്… പൊക്കോ നീ.. നിന്നെ വീട്ടിലേക്ക് വിളിക്കുന്നില്ല, അത് ഭയങ്കര ബോറടി ആകും. പിന്നെ നിന്റെ കൂടെ വരാൻ ഒക്കെ തോന്നും. വീടെത്തി കഴിഞ്ഞ് വിളിക്കണേ… ” നിഷ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ജിനേഷ് ഒന്നും പറയാതെ കാറിൽ നിന്നും പുറത്തേക്കിറങ്ങി നിഷയുടെ അടുത്തേക്ക് നടന്നു.
“രാത്രിയിൽ ഓൺലൈനിൽ കണ്ടാൽ ഒരു മെസ്സേജ് ഇടണേ, തനിച്ചുള്ളവർക്ക് ആ മെസ്സേജിന് അവരുടെ ജീവനൊപ്പം വിലയുള്ളതായിരിക്കും… ” തന്റെ വശത്തെ ഗ്ലാസ്സ് താഴ്ത്തി നിഷ പറഞ്ഞു.
ജിതേഷ് ഒന്നും പറയാതെ അവളുടെ തോളിൽ കൈ വെച്ചു.
“ഞാൻ പോകുന്നു… “നിഷ ജിതേഷിന്റെ മുഖത്തു നോക്കാതെ കാർ സ്റ്റാർട്ട് ചെയ്തു വേഗം അവിടെ നിന്നു പോയി, ആ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ അയാൾ നോക്കി നിന്നു. ചില അവസരങ്ങളിൽ മനുഷ്യൻ നിസ്സഹായരായി നിന്നു പോകും ഒന്നും ചെയ്യാൻ കഴിയാതെ…
ജിതേഷ് ബസ്സിൽ കയറി യാത്ര തുടർന്നു കുറ്റബോധത്താൽ അയാൾ ആകെ വിവശനായിരുന്നു…
ഏതാനും ദിനങ്ങൾ കഴിഞ്ഞപ്പോൾ രാത്രിയിൽ ഫേസ് ബുക്കിൽ നിഷയുടെ നോട്ടിഫിക്കേഷൻ വന്നു.
“ ജീവിതത്തെ ഇതിൽ പരം
സ്നേഹിക്കണമെന്ന് ഒരിക്കൽ ഞാൻ
കൊതിച്ചിരുന്നു..
ഇന്ന് എൻ സ്നേഹമീപ്രവഞ്ചത്തിനു
വേണ്ടയത്രേ..
എൻ സ്നേഹത്തിൻ ഭാരമീ പ്രവഞ്ചത്തിനു
താങ്ങാനാകുന്നില്ല പോലും
എന്റെ സ്നേഹം ഇന്ന്
ഒരു ശൂന്യതയ്ക്ക് മുന്നിൽ
നിശബ്ദം കിടക്കും
പരാജയത്തിൻ നിശ്വാസം മാത്രം
ആർദ്രത കനിഞ്ഞ കണ്ണുകൾ-
ഇനി നിറയില്ല
ഇനി എൻ വാതിൽപ്പടിയിൽ
മുട്ടി വിളിക്കാൻ വിരുന്നുകാരില്ല
എല്ലാം എന്നിൽ നിന്നും
കവർന്നെടുത്തിരിക്കുന്നു..
ഇന്ന്,
ഞാനും എന്റെ ഏകാന്തതയും അല്ല-
ഞാൻ മാത്രം,
ഒരു യാത്രയ്ക്കിറങ്ങുന്നു..
ഇനി പിൻവിളികൾ ഇല്ല,
കാത്തിരിപ്പുകൾ ഇല്ല,
ഇത്
ഒരാവസാനമല്ല..
പക്ഷേ,
മടക്കമില്ലാത്ത ഒരു
മൗന യാത്ര മാത്രം !!!!”
പതിവുപോലെ ലൈക്ക് ചെയ്തു ജിതേഷ് കിടന്നുറങ്ങി രാവിലെ നിർത്താതെ ഫോൺ അടിക്കുന്ന കേട്ടാണ് കണ്ണ് തുറന്നത്.
“എടാ നിഷ പോയെടാ… ”
മറുതലയ്ക്കൽ നിന്നും കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ ജിതേഷ് പകച്ചുനിന്നു…
“സത്യമാണോ” ജിതേഷ് നിറഞ്ഞ കണ്ണുകൾ തുടച്ചു ജനാലയിലൂടെ ആകാശത്തേക്ക് നോക്കി…
തന്റെ മുഖത്ത് നോക്കാതെ കാർ ഓടിച്ചു പോയ നിഷ അല്പം ദൂരെ കാർ നിർത്തി പിന്നിലേക്ക് നോക്കി തന്നെ ചിരിച്ചു കാണിക്കുന്നു… എല്ലാവരെയും തോൽപ്പിച്ച ചിരി. പുറത്തു മഴ ശക്തമായി പെയ്യുകയായിരുന്നു, ഒപ്പം ജിനേഷിന്റെ ഉള്ളിലും!!!!!
-ജിനു ജെയിംസ്.


6 Comments
💗🥰
ഒരു പാട് സ്നേഹം ❤️❤️🙏🏽
👍
ഒരു പാട് സ്നേഹം❣️🙏
ഒരുപാട് സ്നേഹം❣️🙏
ഒരുപാട് സ്നേഹം ❣️🙏🏽