മകന്റെ കാർ അകന്നു പോകുന്നത് ജനാലയിൽ കൂടി ശാരദാമ്മ നോക്കി നിന്നു. നേർത്ത ഇരുട്ട് മുറിയിൽ നിറഞ്ഞുവെങ്കിലും ലൈറ്റ് ഇടാൻ തോന്നിയില്ല. കട്ടിലിൽ വന്നിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്ന് മുറിയിൽ വെട്ടം നിറഞ്ഞു. തന്റെ പ്രായം തോന്നിക്കുന്ന ഐശ്യര്യമുള്ള ഒരു സ്ത്രീ മുന്നിൽ നിൽക്കുന്നു.
“ആഹാ, ഇരുട്ടത്തിരുന്ന് കരയുകയാണോ. സാരമില്ല, ആദ്യം ഞാനും ഇങ്ങിനെയായിരുന്നു. മക്കൾ കൊണ്ടാക്കിയിട്ട് പോയിക്കഴിഞ്ഞപ്പോൾ കരച്ചിലോടു കരച്ചിൽ. പിന്നെയങ്ങ് പൊരുത്തപ്പെട്ടു. സ്വന്തക്കാരുടെ കൂടെ കഴിയാൻ പറ്റുകയില്ല എന്നതൊഴിച്ചാൽ ഈ സദനം ഒരു വീട് പോലെ തന്നെയാണ്. ഓ, എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ ലക്ഷ്മി. ഈ മുറിയിൽ ശാരദയുടെ കൂട്ടുകാരി. നമുക്ക് സന്തോഷമായി ഇവിടെ കഴിയാം. ശരി, ഞാൻ ഇത്തിരി നേരം നാമം ജപിക്കട്ടെ.”
ലക്ഷ്മി നേർത്ത സ്വരത്തിൽ നാമം ചൊല്ലിത്തുടങ്ങി. താൻ തന്നെ തീരുമാനിച്ചാണ് ഇവിടെ എത്തിയതെങ്കിലും ഒറ്റപ്പെട്ടുവെന്ന ചിന്ത വിഷാദം മനസ്സിൽ നിറക്കുന്നു.
വലിയൊരു തറവാട്ടിലേക്കായിരുന്നു വിവാഹം കഴിച്ചു കൊണ്ടു വന്നത്. അച്ഛനും അമ്മയും മൂന്നാണ്മക്കളും രണ്ടു പെണ്മക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തിലെ മൂത്ത പുത്രന്റെ ഭാര്യ. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്. രണ്ട് ആൺമക്കൾ കൂടി പിറന്നതോടെ ജീവിതം സഫലമായി. കാലം കഴിയവേ കുടുംബത്തിലെ അംഗസംഖ്യ കുറഞ്ഞു വന്നു. അനിയന്മാർ വിവാഹം കഴിഞ്ഞ് ജോലിസംബന്ധമായി മറ്റു സ്ഥലങ്ങളിലായി താമസം. നാത്തൂന്മാരും വിവാഹം കഴിച്ചു പോയി.
ആദ്യം അമ്മയും പിറകെ അച്ഛനും ഈ ലോകത്തോട് വിട പറയുമ്പോൾ തങ്ങളുടെ മൂത്തമകൻ കുടുംബസമേതം വിദേശത്തു താമസമായിരുന്നു. പെട്ടെന്നുള്ള ഒരു നെഞ്ചുവേദന അദ്ദേഹത്തെ കൊണ്ടുപോകുമ്പോൾ ഇളയവൻ നാട്ടിലെ ആശുപത്രിയിൽ ഡോക്ടർ ആയിക്കഴിഞ്ഞു. അവന്റെ വിവാഹത്തോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഒരുപാട് ആളുകൾ ഉണ്ടായിരുന്ന ആ വലിയ കുടുംബത്തിൽ എല്ലാവരുമായും യോജിച്ചു കഴിഞ്ഞിരുന്ന തന്നോട് ഇളയ മരുമകൾ വർഷ ഒട്ടും പൊരുത്തപ്പെട്ടില്ല. വളരെ മോഡേൺ ആയി വളർന്നു വന്നതു കൊണ്ടാകാം നാട്ടിൻപുറത്തെ തറവാട്ടിലെ രീതികൾ അവൾക്ക് ഇഷ്ടപ്പെടാതിരുന്നത്. ആഹാര രീതിയായിരുന്നു പ്രധാന പ്രശ്നം. വർഷങ്ങളായി അടുക്കളയിലെ സഹായിയായ ഭാനു ഉണ്ടാക്കുന്ന ഇഡ്ഡലിയും ദോശയും അപ്പവും പിന്നെ ഊണിന്റെ കറികളുമൊന്നും അവൾക്കിഷ്ടമായില്ല. പൊടിയരിക്കഞ്ഞിയും പയറു തോരനും പപ്പടവുമൊക്കെയായിരുന്നു തറവാട്ടിൽ പണ്ട് മുതലേ അത്താഴം. വർഷയുടെ പരാതിക്ക് പരിഹാരമായാണ് അവൾക്കിഷ്ടമുള്ളതു ഉണ്ടാക്കാൻ പുതിയൊരു ജോലിക്കാരിയെ കൂടി കൊണ്ടുവന്നത്. പക്ഷെ അവരുമായി യോജിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഭാനു പോയപ്പോൾ താനാണ് കഷ്ടപ്പെടാൻ തുടങ്ങിയത്. പല രീതിയിൽ പാചകം ചെയ്യാൻ പറ്റില്ലെന്ന് പുതിയ ആൾ പറഞ്ഞപ്പോൾ വർഷക്ക് ഇഷ്ടപ്പെട്ട മോഡേൺ ആഹാരങ്ങൾ മതിയെന്ന് താൻ പറഞ്ഞു. മകനും അപ്പോഴേക്കും പുതിയ ആഹാരവുമായി പൊരുത്തപ്പെട്ടു.
രാത്രിയിലെ ആഹാരമായിരുന്നു ഏറെ പ്രശ്നം. ചപ്പാത്തിയും കറിയും കഴിക്കാൻ പ്രയാസമായിരുന്നുവെങ്കിലും താൻ ഒരു പരാതിയും പറഞ്ഞില്ല. മാനസികമായും ശാരീരികമായും ഏറെ തളർന്നതു കൊണ്ടാകാം തനിയെ പാചകം ചെയ്യാനും വയ്യാതെയായി.
കഴിഞ്ഞ ആഴ്ചയിലെ ഒരു വൈകുന്നേരമാണ് പഴയ കൂട്ടുകാരി രാധ വന്നത് അപ്പോൾ താൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പഴയ ഓർമ്മകൾ പുതുക്കുമ്പോഴാണ് അവളുടെ ഒരു ചോദ്യം ഉയർന്നത്.
“എന്താ ശാരദേ നീ വല്ലാത്ത ക്ഷീണിച്ചിരിക്കുന്നത്. നിന്റെ പഴയ ചൊടിയും ചുണയുമൊക്കെ എവിടെ പോയി. വല്ല പ്രശ്നവുമുണ്ടോ.”
ആ ചോദ്യം തന്നെ വല്ലാതെ തളർത്തി. ഒന്നും പറയരുതെന്ന് കരുതിയിരുന്നുവെങ്കിലും നിയന്ത്രണം വിട്ടു പോയി. തന്റെ അവസ്ഥ ആ കൂട്ടുകാരിയുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
എല്ലാം കേട്ടു കഴിഞ്ഞ് അവൾ പറഞ്ഞു.
“ശാരദേ, ഞാനിപ്പോൾ മകളുടെ കൂടെയാണ് താമസം. അവളുടെ ഒരു കൂട്ടുകാരി ശാന്തിയുടെ ഭർത്താവും മകളും അപകടത്തിൽ ഒരു വർഷം മുൻപ് മരിച്ചു. ഒറ്റപ്പെട്ടു പോയ സമ്പന്നയായ അവൾ ഇപ്പോൾ ഒരു വൃദ്ധസദനം നടത്തുന്നുണ്ട്. ശരിക്കും അതൊരു സ്നേഹസദനമാണ്. അവിടെ നിനക്ക് പകലിന്റെ ഒറ്റപ്പെടലോ ഭക്ഷണത്തിന്റെ പ്രശ്നങ്ങളോ ഒന്നും ഉണ്ടാവില്ല. ജീവിതത്തിന്റെ ഈ അവസാന നാളുകൾ മനസുഖത്തോടെ നിനക്ക് കഴിയാം. മകനോട് ആലോചിക്ക്. അവർ സമ്മതിക്കുന്നുവെങ്കിൽ നീയെന്നെ വിളിക്കണം. അവിടെ ഒരു മുറി നിനക്കായി ഞാൻ ശരിയാക്കാം. എന്നാൽ ഞാനിറങ്ങട്ടെ. വീട് വൃത്തിയാക്കാൻ ഞങ്ങൾ വന്നതാണ്. ഇപ്പോൾ തന്നെ തിരിച്ചു പോകും.”
അന്നു മുഴുവൻ ആ വിഷയം ആലോചിച്ചു. ഈ വീട് വിട്ടു പോകാൻ തനിക്ക് കഴിയുമോ. പക്ഷെ താൻ മകനും മരുമകൾക്കും ഒരു ബാധ്യതയാകുന്നില്ലേ? ഒരു തീരുമാനമെടുക്കാനായില്ല. പക്ഷെ, ആ രാത്രി ഒരു ചപ്പാത്തി പ്രയാസപ്പെട്ട് കഴിക്കുമ്പോൾ, മേശപ്പുറത്തു വെള്ളം വീണെന്ന് മരുമകൾ പരാതിപ്പെട്ടപ്പോൾ ഒന്നും മിണ്ടാതെ മകൻ എഴുനേറ്റു പോയപ്പോൾ, ഇവിടം തനിക്കന്യമാകുന്നുവെന്ന് ബോധ്യമായിത്തുടങ്ങി. അതെ, ഞാനിവർക്കൊരു ബാധ്യത തന്നെയാണ്. പിന്നീട് മനസ്സ് നൊന്ത ഓരോ സന്ദർഭങ്ങളിലും പകലിൻറെ വിരസതയിലും കൂട്ടുകുടുംബം പോലൊരു വീട് മനസ്സിൽ തെളിഞ്ഞു വന്നു. അവസാനം താൻ ആ തീരുമാനത്തിലെത്തി.
പിറ്റേന്നു തന്നെ രാധയെ വിളിച്ച് തനിക്കും ആ സ്നേഹസദനത്തിൽ ഒരു മുറി വേണമെന്ന് അറിയിച്ചു. എല്ലാം ശരിയായെന്ന് രാധ വിളിച്ചു പറഞ്ഞ രാത്രി ആഹാരം കഴിഞ്ഞപ്പോൾ മകനെയും മരുമകളെയും മുറിയിലേക്ക് വിളിച്ചു.
” മക്കളെ, നിങ്ങളുടെ ജീവിതരീതികളോട് പൊരുത്തപ്പെടാൻ എത്ര ശ്രമിച്ചിട്ടും ഈ പഴഞ്ചൻ അമ്മക്ക് പറ്റുന്നില്ല. അതുകൊണ്ട് ഞാൻ ഒരു തീരുമാനമെടുത്തു. നമ്മുടെ പഴയ അയൽക്കാരി രാധയെ നിനക്കറിയാമല്ലോ. അവളുടെ ഒരു പരിചയക്കാരി നടത്തുന്ന സ്നേഹസദനത്തിൽ എനിക്കൊരു മുറി ശരിയാക്കിയിട്ടുണ്ട്. മറ്റന്നാൾ എന്നെ അവിടെയെത്തിക്കണം. പൂർണ്ണ തൃപ്തിയോടെയാണ് അമ്മ ഇതാവശ്യപ്പെടുന്നത്. എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ് ഈ മാറ്റം. സദനത്തിലേക്ക് ഇവിടെ നിന്നും നാലു മണിക്കൂർ ദൂരമേയുള്ളൂ. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വരാമല്ലോ. അച്ഛന്റെ പെൻഷൻ ഉള്ളതു കൊണ്ട് ചെലവുകൾക്കൊന്നും അമ്മക്ക് ബുദ്ധിമുട്ടുമില്ല.”
“ഇല്ലമ്മേ, ഒരു സദനത്തിലും അമ്മയെ വിടില്ല.” മകന്റെ സ്വരം ഇടറി. പക്ഷെ മരുമകൾ എതിർപ്പൊന്നും പറഞ്ഞില്ല.
“അമ്മയോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ നീ ഈ ആഗ്രഹം നടത്തിത്തരണം. ഇല്ലെങ്കിൽ ജലപാനമില്ലാതെ ഇനിയുള്ള നാളുകൾ ഞാൻ കഴിക്കും.”
അവസാനം മകനും തന്റെ നിർബന്ധത്തിനു വഴങ്ങി. അങ്ങിനെയാണ് ഇവിടെയെത്തിയത്. രാധയുടെ മകളുടെ കൂട്ടുകാരി ശാന്തി പേരുപോലെ ശാലീനയായ ഒരു കുട്ടി. അവൾ തന്നെ ചേർത്തു നിർത്തി മകനോട് പറഞ്ഞു.
“നിങ്ങൾക്ക് സമാധാനമായി പോകാം. ഇവിടെയുള്ള അമ്മമാർക്കെല്ലാം ഇതവരുടെ സ്വന്തം വീടാണ്. അമ്മ ഇവിടെ സന്തോഷവതിയായിരിക്കും. ഇടക്കൊക്കെ വന്നാൽ മതി.”
സ്വന്തം നിർബന്ധത്തിൽ വന്നുവെങ്കിലും അവർ പടിയിറങ്ങുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു. അപ്പോൾ ശാന്തിയുടെ കൈകൾ സാന്ത്വനമായി തന്നെ തലോടി.
“ആഹാ , ഇപ്പോഴും കരയുകയാണോ. ഇവിടെ കരച്ചിലൊന്നും പാടില്ല. വരൂ, നമുക്ക് ഭക്ഷണം കഴിക്കാൻ ഹാളിൽ പോകാം. എല്ലാവരെയും പരിചയപ്പെടുകയും ചെയ്യാം.” ലക്ഷിയുടെ ശബ്ദമാണ് മനോരാജ്യത്തിൽ നിന്നുണർത്തിയത്.
വൃത്തിയുള്ള സുന്ദരമായ ഭക്ഷണമുറി. തന്നെ ഒരു കസേരയിൽ ഇരുത്തിയിട്ട് ലക്ഷ്മി അടുത്തിരുന്നു. കുറേപ്പേർ വന്നു പരിചയപ്പെട്ടു. ഒരു വൃദ്ധസദനത്തിലായിട്ടും എല്ലാവരും എത്ര സന്തോഷഭരിതരെന്നുള്ള സത്യം തന്നെ അത്ഭുതപ്പെടുത്തി.
മുന്നിൽ തിളങ്ങുന്ന ഒരു വലിയ പ്ലേറ്റും മൂന്നു കുഞ്ഞിപ്പാത്രങ്ങളുമെത്തി. ഭക്ഷണം വിളമ്പുന്ന പെൺകുട്ടി പുഞ്ചിരിയോടെ ചോദിച്ചു.
“അമ്മക്ക് കഞ്ഞി വേണോ ചോറ് വേണോ.”
കഞ്ഞിയെന്നു പറഞ്ഞപ്പോഴേക്കും പൊടിയരിക്കഞ്ഞിയുടെ സുഗന്ധം തന്നെ പൊതിഞ്ഞു. തറവാട്ടിലെ കഞ്ഞിയുടെ അതെ ഗന്ധം. കുഞ്ഞി പാത്രങ്ങളിൽ പയറു തോരനും ചമ്മന്തിയും അച്ചാറും വീണു. ഈശ്വരാ, ഞാൻ വീണ്ടും പഴയ തറവാട്ടിലെത്തിയോ. സംതൃപ്തിയോടെ കഞ്ഞി കുടിക്കുമ്പോൾ മനസ്സ് ശാന്തമായിക്കഴിഞ്ഞിരുന്നു.


15 Comments
സത്യം ……. വായനയ്ക്കും പ്രോത്‌സാഹനത്തിനും നന്ദി ….. സ്‌നേഹം സജ്ന❤️🙏
സ്നേഹമില്ലാത്തിടത്ത് അധികപ്പറ്റാകും. നോവു പടർന്ന രചന.👍
വായനയ്ക്കും പ്രോത്‌സാഹനത്തിനും നന്ദി ……സ്‌നേഹം…… ജോയ്‌സ്❤️🙏
ആരോഗ്യവും സമ്പത്തും ഭർത്താവും അനുസരണയും സ്നേഹവും ഉള്ള മക്കളും ഉള്ളപ്പോൾ മാത്രമേ വീട് സ്വർഗ്ഗതുല്യം ആകയുള്ളൂ. ഒരു കണക്കിന് അതൊക്കെ നഷ്ടമായാൽ സ്വന്തം ഇഷ്ടത്തിന് വൃദ്ധസദനത്തിലേക്ക് പോകുന്നത് തന്നെയാണ് ഉത്തമം. മിനി മിനിയുടെ കഥ മനസ്സിൽ തട്ടുന്നതായിരുന്നു. കാരണം നമ്മളൊക്കെ വയസ്സായി വരുകയല്ലേ.
അതെ, വായനയ്ക്കും പ്രോത്‌സാഹനത്തിനും നന്ദി ….. സ്‌നേഹം ശ്രീകുമാരി❤️🙏
ഈ കഥയിൽ പലരുടെയും ഭാവി തെളിഞ്ഞു കാണുന്നു. നന്നായി എഴുതി. 👌
Generation gap വല്ലാത്തൊരു gap ആണ്.
നല്ല കഥ നല്ല പ്രമേയം💕
നല്ല കഥ, നല്ല പ്രമേയം💕
നല്ല കഥ💕💕
വായനയ്ക്കും പ്രോത്‌സാഹനത്തിനും നന്ദി ….. സ്‌നേഹം സെജി
❤️🙏
സ്‌നേഹമില്ലാത്തിടത്ത് സ്വന്തം വീടും അനാഥാലയം തന്നെയാണ്. ചുറ്റിലും സ്നേഹിക്കാനും പരിഗണിക്കാനും ആളുണ്ടെങ്കിലോ വൃദ്ധസദനവും സ്വർഗമാണ്. അവഗണനകളിൽ കടിച്ചു തൂങ്ങി കിടക്കാതെ സ്വയം തിരഞ്ഞെടുത്ത പാത ലക്ഷ്മിയമ്മയെ പോലുള്ളവർക്ക് മനസമാധാനവും സന്തോഷവും നൽകട്ടെ. വായിച്ചു കഴിഞ്ഞപ്പോൾ പൊടിയരിക്കഞ്ഞി കുടിച്ചപോലെ മനസ്സ് നിറഞ്ഞു….❣️🌹❣️🌹❣️
ഒറ്റപ്പെടലുകളാണ് ഭൂമിയിലെ ഏറ്റവും വലിയ വേദന. മാറി ചിന്തിക്കുവാൻ സമയമായി എന്ന് തോന്നുന്നു.
അതെ, വായനയ്ക്കും പ്രോത്‌സാഹനത്തിനും നന്ദി ….. സ്‌നേഹം റാണി❤️🙏
അതെ, വായനയ്ക്കും പ്രോത്‌സാഹനത്തിനും നന്ദി ….. സ്‌നേഹം ഇലക്‌ട❤️🙏
നല്ലെഴുത്ത് മിനി . മിണ്ടാനും കേൾക്കാനും സ്വന്തം വീട്ടിൽ ആരുമില്ലാതെ വരിക, ആഹാരം പോലുള്ള അടിസ്ഥാന കാര്യങ്ങളിൽ എന്നും വിട്ടുവീഴ്ച ചെയ്യേണ്ടി വരിക, തുടങ്ങിയ സാഹചര്യങ്ങളിൽ , സ്വയം വൃദ്ധസദനങ്ങൾ എന്ന ഓപ്ഷൻ
തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി എന്നു തോന്നാറുണ്ട്. കാലികമായ വിഷയത്തിൽ ലളിതമായ നല്ല അവതരണം👌👌👏👏❤️.