അസ്തമയ സൂര്യൻ ശക്തി കുറഞ്ഞ കിരണങ്ങൾ കൊണ്ട് ഭൂമിയെ തഴുകുന്നുണ്ട്. വിളഞ്ഞ് പാകമായ നിൽക്കെതിരുകൾ കാറ്റത്ത് പതുക്കെ തലയാട്ടി നിൽക്കുന്നു. പാടങ്ങൾക്കിടയിലെ വീതികുറഞ്ഞ വരമ്പിലൂടെ നടന്ന രവിയുടെ കാലുകളെ തഴുകി അവ തലയാട്ടി നിന്നു.
റേഡിയോയിൽ നിന്നുമുള്ള ചലച്ചിത്രഗാനം അടുത്തുള്ള വീട്ടിൽ നിന്നും ഒഴുകി വരുന്നുണ്ട്.
നീണ്ട 10 വർഷത്തിനു ശേഷമാണ് രവി ആ നാട്ടിലേക്ക് വരുന്നത്. പാടവരമ്പ് കടന്നു ചെറിയ ഒരു നാട്ടുവഴിയിലേക്ക് കയറി. നാട് വല്ലാതെ മാറിയിട്ടൊന്നുമില്ല. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം. വഴിവക്കിൽ വിഷുവിന്റെ വരവറിയിച്ച് കൊന്ന മരങ്ങൾ മഞ്ഞ പുതച്ച് നിൽക്കുന്നു.
അല്പം കൂടി മുന്നോട്ട് പോയാൽ ഒരു ആറ് ഒഴുകുന്നുണ്ട്. ആറിന്റെ തീരത്താണ് അപ്പുവിന്റെ വീട്. അപ്പുവിനെ കാണാനാണ് രവിയുടെ ഈ യാത്ര.
എതിരെ ഒരു പയ്യൻ സൈക്കിൾ പതിയെ ചവിട്ടിക്കൊണ്ട് വരുന്നുണ്ട്.
“ഈ അപ്പുവിന്റെ വീടെവിടെയാ?” രവി അവനോട് ചോദിച്ചു.
“നേരെ പോയി ആറിന്റെ തീരത്ത് എത്തിയാൽ ഇടതുവശത്തേക്ക് തിരിയുക രണ്ടാമത്തെ വീടാണ്.”
രവി അവന് ഒരു മുട്ടായി എടുത്തുകൊടുത്ത് ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞിട്ട് വീണ്ടും നടന്നു പഴയ ഓർമ്മകൾ മനസ്സിനുള്ളിൽ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ആ നാട്ടിലെ ഏറ്റവും പ്രമുഖമായ ഒരു തറവാടാണ് രവിയുടേത്. അവിടെ വീട്ടുജോലിക്ക് നിൽക്കുന്ന സുശീലയുടെ മകനാണ് അപ്പു. രവിയുടെ അതേ ക്ലാസിലാണ് അപ്പുവും പഠിക്കുന്നത്. തന്റെ പഴയ ഉടുപ്പുകളൊക്കെ ഇട്ട് വരുന്ന അപ്പുവിനെ രവിക്കെന്നും പുച്ഛമായിരുന്നു. തരം കിട്ടുമ്പോഴൊക്കെ തന്റെ മറ്റു കൂട്ടുകാരുടെ മുന്നിൽ വെച്ച് അപ്പുവിനെ കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നത് അവനൊരു ശീലമാക്കി, അതിലൊരു സന്തോഷം കണ്ടെത്തി.
രവിയുടെ ബാഗ് സ്കൂളിലേക്ക് കൊണ്ട് വരികയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്നതും അപ്പുവിന്റെ ജോലിയായി. തന്റെ വീട്ടിൽ ബാക്കിവരുന്ന ആഹാരം കഴിച്ചാണ് ഇവൻ ജീവിക്കുന്നത്, ആജീവനാന്ത കാലം ഇവനെന്റെ അടിമയാണ് എന്ന് ക്ലാസ് മുഴുവൻ കേൾക്കെ രവി ഒരിക്കൽ വിളിച്ചു പറഞ്ഞു.
ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി ആത്മാഭിമാനം മുറിപ്പെട്ട് അപ്പു തലകുനിച്ച് തേങ്ങി കരഞ്ഞു. ഓരോ ദിവസവും അവന് കൊടിയ അപമാനത്തിന്റേയും അവഗണനയുടേയും ആയിരുന്നു.
ഒൻപതാം ക്ലാസിലെ കൊല്ലവർഷ പരീക്ഷയുടെ അവസാന ദിവസം രവിയുടെ കൂട്ടുകാരൻ ക്ലാസ്സിൽ കൊണ്ടുവന്ന മഷിക്കുപ്പി നിലത്ത് വീണ് പൊട്ടി. അതെല്ലാം ക്ലീനാക്കി ക്ലാസ് വൃത്തിയാക്കാൻ രവി അപ്പുവിനോട് ആജ്ഞാപിച്ചു.
“ഇല്ല. എനിക്ക് പറ്റില്ല.” അവൻ പറഞ്ഞു.
ദേഷ്യം രവി അപ്പുവിനെ തള്ളി നിലത്തേക്ക് ഇട്ടു.
അങ്ങോട്ട് വന്ന അധ്യാപകൻ രണ്ടുപേരെയും പിടിച്ചു മാറ്റി ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് കൊണ്ടുപോയി. നാട്ടിലെ പ്രമാണിയുടെ മകന് കിട്ടുന്ന പരിഗണന മൂലം കുറ്റക്കാരൻ അപ്പുവായി മാറി. അവനോട് ക്ലാസ് വൃത്തിയാക്കാൻ സാറും പറഞ്ഞതോടെ രവിയും കൂട്ടുകാരും അവനെ കളിയാക്കിയും ഉന്തിത്തള്ളിയും ക്ലാസ് വൃത്തിയാക്കാൻ വരുമ്പോഴാണ് അവരുടെ മുന്നിലേക്ക് ഒരു പെൺകുട്ടി കയറി വന്നത്.
“ക്ലാസ് റൂം വൃത്തികേടാക്കിയത് രവിയുടെ കൂട്ടുകാരനല്ലേ? അപ്പോ അത് വൃത്തിയാക്കേണ്ടത് അവന്റെ ജോലിയാണ്, അപ്പുവിന്റെതല്ല.”
അവൾ പറഞ്ഞു.
രവിയുടെയും കൂട്ടുകാരുടെയും ഭീഷണിയിൽ ഒരുതരി പോലും പതറാതെ അവൾ കൈ മാറിന് കുറുകെ പിണച്ചുകെട്ടി അവിടെ നിന്നു.
ഒടുവിൽ നീ വീട്ടിലേക്ക് വാ ഞാൻ കാണിച്ചു തരാം എന്ന ഭീഷണിയോടെ രവിയും കൂട്ടുകാരും തന്നെ ക്ലാസ് റൂം വൃത്തിയാക്കി.
രവിയേക്കാൾ രണ്ടു വയസ്സിന് ഇളപ്പമുള്ള രേഖ എന്ന അനിയത്തിയായിരുന്നു അത്.
ആ അവധിക്കാലം തീരുന്നതിനു മുമ്പേ രവിയുടെ അച്ഛന് ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആയി. അപ്പുവിന് കൊടുത്തുവിട്ട വിഷുക്കൈനീട്ടം സ്വന്തം പോക്കറ്റിലിട്ട് രവിയും അച്ഛന്റെ കൂടെ ഡൽഹിയിലേക്ക് യാത്രയായി. പിന്നീട് അവന്റെ പഠനം ഡൽഹിയിൽ ആയിരുന്നു.
അതോടെ രവിയുടെ നാടുമായുള്ള ബന്ധം മുറിഞ്ഞു. അവധിക്കാലത്ത് പോലും നാട്ടിലേക്കുള്ള യാത്രകൾ അവൻ ഒഴിവാക്കി. അപ്പുവിനോട് ചെയ്തതൊന്നും അവനൊരിക്കലും തെറ്റായി തോന്നിയിരുന്നില്ല. എല്ലാം പതിയെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയി. പുതിയ നഗരം പുതിയ മനുഷ്യർ പുതിയ കൂട്ടുകാർ പുതിയ ജീവിതം…..
അതിനിടയിൽ എപ്പോഴോ അവന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടിയായിരുന്നു രേഖയുടെ കൂട്ടുകാരിയായ നിള.
മലയാളിയാണെങ്കിലും ഡൽഹിയിൽ തന്നെ ജനിച്ച് വളർന്നവൾ. പക്ഷേ നാടുമായുള്ള പൊക്കിൾക്കൊടി ബന്ധം മുറിയാതെ സൂക്ഷിക്കുന്ന, പഠിച്ചുകഴിഞ്ഞാൽ നാട്ടിൽ പോയി താമസിക്കണമെന്ന് ആഗ്രഹിക്കുന്ന നിളയുടെ കടന്നുവരവ് രവിയെ അപ്പാടെ മാറ്റിമറിച്ചു കളഞ്ഞു. അവന്റെ ഓർമ്മകളിലേക്ക് താൻ ഉപേക്ഷിച്ചു പോന്ന നെൽപ്പാടങ്ങളും, തെങ്ങുംതോപ്പുകളും നിറഞ്ഞ നാടും, ബന്ധുക്കളും, സർവോപരി തന്റെ അഹങ്കാരം കൊണ്ട് ഒരു ബാല്യകാലം തന്നെ താറുമാറായി പോയ അപ്പുവും എല്ലാം ഓടി വന്നു.
അപ്പുവിനോട് ചെയ്ത ദുഷ്ടത്തരങ്ങൾ ഒരു കുമ്പസാരക്കൂട്ടിലെന്നപോലെ നിളയ്ക്കു മുമ്പിൽ തുറന്നു പറഞ്ഞ് അവൻ കണ്ണീരൊഴുക്കി.
ഇന്ന് രവി ഇവിടെ എത്തിയത് അവൾ പറഞ്ഞിട്ടാണ്, അപ്പുവിനോട് മാപ്പ് ചോദിക്കാൻ. ചെയ്തുപോയ തെറ്റുകൾക്ക് എന്ത് ചെയ്താലും പരിഹാരമാവില്ല എന്നറിയാമെങ്കിലും അവനാൽ കഴിയുന്ന പ്രായശ്ചിത്തം ചെയ്യാൻ….
“ആരാണ് മനസ്സിലായില്ലല്ലോ” എന്ന ചോദ്യമാണ് രവിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
ചെറുതെങ്കിലും ഭംഗിയും വൃത്തിയുമുള്ള ഒരു വീടിന്റെ മുറ്റത്താണ് അവൻ. മുറ്റത്തിന്റെ അതിരിലും ഒരു കൊന്നമരം പൂവിട്ടുനിൽക്കുന്നു.
ആ ചോദിച്ചത് അപ്പു ആണെന്ന് അവൻ തിരിച്ചറിഞ്ഞു. അവന്റെ മുഖത്ത് പണ്ടത്തെ ദൈന്യതയല്ല, പകരം ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്നു.
“ഞാൻ രവിയാണ് പടിഞ്ഞാറ്റതിലെ” രവിയുടെ വാക്കുകൾ മുറിഞ്ഞു.
അപ്പുവിന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു. “രവിക്കുട്ടാ അകത്തേക്ക് വരൂ” അവൻ ക്ഷണിച്ചു.
ഒരാലോചനയോടെ അവൻ തുടർന്നു
“ഇങ്ങനെത്തെ വീട്ടിലൊക്കെ രവിക്കുട്ടൻ കയറുമോ എന്നെനിക്കറിയില്ല”
അപ്പുവിന്റെ വാക്കുകളിൽ രവിയുടെ ശരീരം ചുട്ടു പഴുത്തു. പശ്ചാത്താപത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞു.
“അപ്പു” എന്നവൻ വിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
അപ്പു പതിയെ രവിയുടെ അടുത്തേക്ക് ചെന്നു. “രവിക്കുട്ടാ നിങ്ങൾ പോയതിനുശേഷം എന്നെ പഠിപ്പിച്ചത് നിങ്ങളുടെ അച്ഛനാണ്. രവിക്കുട്ടന്റെ അനിയത്തിയുടെ ആവശ്യപ്രകാരമായിരുന്നു അത്. എനിക്ക് ആവശ്യമുള്ള ഓരോ സമയത്തും നിങ്ങളുടെ അച്ഛനും അമ്മയും അനിയത്തിയും എന്റെ കൂടെ ഉണ്ടായിരുന്നു. പഠിത്തം കഴിഞ്ഞ് നിങ്ങളുടെ ഒരു ബന്ധുവിന്റെ കമ്പനിയിൽ ജോലി മേടിച്ചു തന്നതും രവിക്കുട്ടന്റെ അച്ഛനാണ്. നിങ്ങളുടെ ജീവിതത്തിൽ നടക്കുന്നതൊക്കെ രേഖ എന്നോട് പറയുന്നുണ്ടായിരുന്നു. നിള നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാൻ കാരണം പോലും രേഖയാണ്. രവിക്കുട്ടൻ എന്നോട് ചെയ്തതെല്ലാം രേഖ നിളയോട് ആദ്യം തന്നേ പറഞ്ഞിട്ടുണ്ട്.”
രവി ഒന്നും മിണ്ടാതെ അപ്പുവിനെ കെട്ടിപ്പിടിച്ച് അവന്റെ തോളിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. അവന്റെ കണ്ണുനീർ തന്റെ ചുമൽ നനച്ചുകൊണ്ട് ഒഴുകിപ്പരക്കുന്നത് അപ്പു അറിഞ്ഞു.
രവിയുടെ മനസ്സിലെ വിഷമങ്ങളൊക്കെ ഒഴുകിത്തീരുന്നത് വരെ അപ്പു അങ്ങനെ നിന്നു. പിന്നെ രവിയെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അപ്പോഴേക്കും സുശീല ചായയുമായി വന്നു.
“സുശീലാമ്മക്ക് സുഖമല്ലേ”?
അവന്റെ ചോദ്യം കേട്ട് അവരൊന്ന് അമ്പരന്നു. സുശീലേ എന്നല്ലാതെ വിളിക്കില്ലാരുന്ന ചെക്കനിപ്പോ അമ്മേന്നൊക്കെ വിളിക്കുന്നു.
അവരുടെ കൂടെ കുറേനേരം ഇരുന്ന് വിശേഷങ്ങൾ പങ്കുവെച്ച് പുറത്തേക്കിറങ്ങുമ്പോൾ രവി പറഞ്ഞു.
“ഞാൻ ഇനി ഈ നാട്ടിൽ തന്നെ കൂടാനാണ് തീരുമാനം. നിളക്കും അതാണിഷ്ടം. തരിശായി കിടക്കുന്ന ഞങ്ങളുടെ സ്ഥലങ്ങളിലെല്ലാം വീണ്ടും കൃഷി തുടങ്ങണം. അതിനു അപ്പുവും എന്റെ കൂടെ ഉണ്ടാവണം. പക്ഷേ അപ്പു ഉണ്ടാവേണ്ടത് എന്റെ ജോലിക്കാരനായിട്ടല്ല, എന്റെ പാർട്ണറായിട്ടാണ്. അടുത്തമാസം അതിന്റെ എല്ലാ രേഖകളും ആയി ഞാനും നിളയും വരും. പണ്ടൊരിക്കൽ തരാതെ പോയ വിഷുക്കൈനീട്ടം ആയിട്ട് കരുതിയാൽ മതി”
അപ്പു രവിയുടെ കൈയ്യിൽ പിടിച്ചു
“ഞാൻ കൂടെയുണ്ടാവും. പാർട്ണറായിട്ടൊന്നുമല്ല, കൂട്ടുകാരനായിട്ട്. ഇപ്പോൾ എനിക്ക് ഒരു കമ്പനി നോക്കി നടത്തേണ്ട ഉത്തരവാദിത്തം ഉണ്ട്. അത് രവിക്കുട്ടന്റെ അച്ഛൻ ഏൽപ്പിച്ച ജോലിയാണ്. അതിന്റെ കൂടെ പറ്റുന്ന സമയം മുഴുവൻ ഞാൻ രവിക്കുട്ടന്റെ കൂടെയുണ്ടാവും. രവിക്കുട്ടന്റെ സൗഹൃദത്തേക്കാൾ വലിയ എന്ത് കൈനീട്ടമാണ് എനിക്ക് വേണ്ടത്”
ആലിംഗനബദ്ധരായി നിൽക്കുന്ന സുഹൃത്തുക്കളുടെ മുകളിലേക്ക് കൊന്നമരം അതിന്റെ സന്തോഷമെന്നവണ്ണം കുറച്ചു പൂക്കൾ കൊഴിച്ചു….
അറിഞ്ഞോ അറിയാതെയോ ഒരാൾക്കുണ്ടാക്കിയ മുറിവുകളിൽ സ്നേഹത്തിന്റെ മരുന്ന് പുരട്ടുന്നതിനോളം നല്ല സമ്മാനം വേറെന്താണുള്ളത് അല്ലേ?
#എന്റെരചന
#കൈനീട്ടം


6 Comments
നല്ല വിഷു കൈനീട്ടം. 👏👍
Thank you ജോയ്‌സ് മാം ❤️
നല്ല കഥ
നന്ദേച്ചീ 🥰🥰
സുന്ദരമായ കഥ👍❤️
Thank you മിനി മാം ❤️