വേണിയ്ക്ക് ദേഷ്യവും നിരാശയുമൊക്കെ തോന്നി. ഇയാള്‍ എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്. അമ്പലത്തിലേക്ക് വരൂ എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പറയുന്നു കണ്ടിട്ടേയില്ലെന്ന്.
തെല്ലൊരു പരിഭവത്തോടെ ദേഷ്യത്തോടെയാണ് വേണി കാവില്‍ വിളക്കുവെയ്ക്കാന്‍ ഇറങ്ങിയത്. അന്നേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അനന്തചതുര്‍ദ്ദി. ശേഷനാഗം അനന്തന്റെ ജന്മദിനം. കാവില്‍ വിശേഷാല്‍ പൂജകളുണ്ടായിരുന്നു. കാവില്‍ വന്ന് തൊഴാല്‍ മുത്തശ്ശി കോലോത്തെ തമ്പുരാട്ടിയോടും മകനോടും പറഞ്ഞത് പ്രകാരം അവരും വന്നിരുന്നു. വീട്ടിലേക്ക് വന്നപ്പോഴും അയാള്‍ക്ക് പരിചിതഭാവമൊന്നുമില്ലായിരുന്നു. അച്ഛനോട് കുറച്ചുനേരം സംസാരിച്ചശേഷം തിരക്കുണ്ടെന്ന് പറഞ്ഞ് അവര്‍ ഇറങ്ങി. കാവിലെ പൂജകളുടെ മേല്‍നോട്ടമുള്ളത് കൊണ്ട് അച്ഛനും അധികം സമയമുണ്ടായിരുന്നില്ല.
അച്ഛനും അമ്മയും ഇന്നലെ മുതല്‍ ഉപവാസമാണ്. 14 കൂട്ടം വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയ പഞ്ചാമൃതം അമ്മ സ്വയം ഉണ്ടാക്കി. കാവിലെ പൂജയ്ക്ക് പതിവ് പോലെ വേണിയാണ് ഉണ്ണിയപ്പവും പായസവും തയാറാക്കിയത്. അച്ഛന്റെ മുഖത്ത് ഉപവാസത്തിന്റെ ക്ഷീണത്തേക്കാളുപരി എന്തോ വിഷമമുണ്ടെന്ന് വേണിയ്ക്ക് തോന്നി.
അവളുടെ നിഗമനം ശരിയായിരുന്നു. തലേന്ന് രാത്രി മാധവന് വീണ്ടും ആദിശേഷന്റെ സ്വപ്‌നദര്‍ശനമുണ്ടായിരുന്നു. വേണിയ്ക്ക് ഭൂലോകം ഉപേക്ഷിക്കാനുള്ള സമയമായി എന്ന സൂചനയുണ്ടായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മാധവനും വ്യക്തതയുണ്ടായിരുന്നില്ല. എന്ത് തന്നെയായാലും മകളെ നഷ്ടമാകുമോയെന്ന ഭയം വേദന എല്ലാം ആ മുഖത്തുണ്ടായിരുന്നു. സന്ധ്യാസമയത്തെ പ്രത്യേകം പൂജയും കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് മടങ്ങി. പതിവിലും ഭംഗിയുണ്ടായിരുന്നു സര്‍പ്പക്കളം കാണാന്‍. ഒന്നിനും കുറവുണ്ടായിരുന്നില്ല.
രാവിലെ മുതലുള്ള പൂജകള്‍ക്കും ആഘോഷങ്ങളും കഴിഞ്ഞതോടെ എല്ലാവരും ക്ഷീണിച്ചു. വേണി നേരത്തെ തന്നെ ഉറങ്ങാന്‍ കിടന്നു. കിടക്കുമ്പോഴും മനസില്‍ അനന്തപത്മനാഭനെക്കുറിച്ചുള്ള ചിന്തകള്‍ തന്നെയായിരുന്നു. ഇടയ്‌ക്കെപ്പോഴോ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
രാത്രിയുടെ രണ്ടാം യാമം..
കാവില്‍ നിന്നും ആരോ വേണീ എന്ന് വിളിക്കുന്നു.
സ്വപ്‌നമാണെന്നാണ് വേണി കരുതിയത്.
എന്നാല്‍ പിന്നെയും ആ വിളി.
ഏതോ മായാബന്ധനത്തില്ലെന്ന പോലെ വേണി കാവിലേക്ക് നടന്നു.
ആകാശത്ത് കാര്‍മേഘം കട്ടപിടിച്ചു.
ഒരു നക്ഷത്രം പോലുമില്ലാതെ കുറ്റാക്കുറ്റ് ഇരുട്ട്.
കാവിലേക്ക് എത്താന്‍ വിളക്കിന്റെ ആവശ്യം വേണിയ്‌ക്കെന്തിനാണ്.
എങ്കിലും ഒരു മിന്നാമിനുങ്ങ് അവള്‍ക്ക് വഴി കാട്ടി.
നാഗങ്ങള്‍ ഇരുട്ടില്‍ വളഞ്ഞും പുളഞ്ഞും തിളങ്ങി.
കാവിന് നടുവിലെ കുളത്തില്‍ നാഗമാണിക്ക്യം തിളങ്ങി.
കുളത്തിന്റെ നീലനിറം വര്‍ധിച്ചു.
കാവിലെങ്ങും മഞ്ഞളിന്റെ ഗന്ധം..
വേണി കാവിലേക്ക് കയറിയതും മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ അവള്‍ക്ക് ചുറ്റും വട്ടമിട്ടും നാഗങ്ങള്‍ തലതാഴ്ത്തി തൊഴുതു നിന്നു.

ഒരു സ്വപ്‌നത്തിലെന്ന പോലെ വേണി ആദിശേഷന്റെ പ്രതിമയ്ക്ക് മുന്നിലെത്തി. അറിയാതെ വേണി കണ്ണടച്ചുനിന്നു.
പെട്ടന്ന്.
ആരോ അവളെ പുറകില്‍ നിന്നും കടന്നുപിടിച്ചു അരികിലേക്ക് വലിച്ചടുപ്പിച്ചു.
വേണി ഞെട്ടി തിരിഞ്ഞുനോക്കി..

അനന്തന്‍ അനന്തപത്മനാഭന്‍..
അയ്യോ എന്നൊരു നിലവിളി അറിയാതെ വേണിയില്‍ നിന്നും ഉയര്‍ന്നു.
അത് അയാള്‍ക്ക് എന്തെങ്കിലും പറ്റുമോയെന്ന ഭയമായിരുന്നു..
ആദിശേഷന്റെ സാന്നിധ്യമുള്ള കാവില്‍ എന്ത് ധൈര്യത്തിലാണ് കയറിയത്. എന്തെങ്കിലും സംഭവിച്ചാല്‍. ചോദ്യങ്ങള്‍ വേണിയുടെ തലച്ചോറിലൂടെ പാഞ്ഞു.
എന്തെങ്കിലും പറയുന്നതിന് മുന്‍പ് അയാള്‍ വീണ്ടും സ്‌നേഹപൂര്‍വ്വം വിളിച്ചു. നാഗവേണീ…
ജന്മാന്തരങ്ങള്‍ക്ക് മുന്‍പേ കേട്ട് പരിചയിച്ച ആ വിളി..
വേണീ നിന്റെ ഭയം എനിക്ക് മനസിലാകും. ഞാന്‍ ആരാണെന്ന് നീ അറിയേണ്ട സമയമായി..
കാവിലെ നാഗങ്ങള്‍ കൂട്ടത്തോടെ ഇരുവരുടെയും ചുറ്റും എത്തി. ചെറുതും വലുതമായി നൂറോളം നാഗങ്ങള്‍…
അഷ്ടനാഗങ്ങളുടെ സംഗമ ഭൂമിയായി കാവ് മാറി.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്‍പേ അനന്തന്‍ സ്വരൂപം പ്രാപിച്ചു. ആകാശംമുട്ടെ വളര്‍ന്ന്, ആയിരം തലയുള്ള ആദിശേഷന്‍ വേണിയ്ക്ക് മുന്നില്‍.

ഒരുനിമിഷം വേണി ഭയന്ന് പുറകിലേക്ക് നീങ്ങിയെങ്കിലും പെട്ടന്ന് അവളിലും കൊള്ളിയാന്‍ മിന്നുന്നത് പോലെ ഓര്‍മയുടെ അലയടികള്‍ ഉയര്‍ന്നു.

നാഗലക്ഷ്മി…
്ആദിശേഷന്റെ പ്രിയപ്പെട്ടവള്‍ താനായിരുന്നുവെന്ന തിരിച്ചറിവ് വേണിയിലേക്ക് എത്തി. താന്‍ കാണാറുള്ള സ്വപ്‌നങ്ങള്‍ മുന്‍ജന്മത്തിന്റെ സൂചനകളായിരുന്നുവെന്ന് വേണിയ്ക്ക് മനസിലായി.
കാവിലെ മരങ്ങളായ മരങ്ങളെല്ലാം പൂക്കള്‍ പൊഴിച്ചു. പത്തിവിടര്‍ത്തി നില്‍ക്കുന്ന ആദിശേഷനെ നാഗങ്ങള്‍ വണങ്ങി.
ഇത്രയും കാലം താന്‍ പ്രാര്‍ഥിച്ചിരുന്നത് തന്റെ പ്രിയപ്പെട്ടവനെയായിരുന്നുവെന്ന തിരിച്ചറിവ് വേണിയില്‍ രോമാഞ്ചമുണ്ടാക്കി.
നാഗരാജ്ഞിയുടെ പ്രൗഢിയോടെ ആചാരമനുസരിച്ച് അവളും അനന്തനെ വണങ്ങി. കാറ്റ് ശക്തമായി വീശി.
കാവിലെ അവസാനവിളക്കും അണഞ്ഞു.
അനന്തന്‍, വീണ്ടും മനുഷ്യരൂപത്തില്‍ വേണിയുടെ മുന്നിലെത്തി. നാഗങ്ങള്‍ രാജാവിനും രാജ്ഞിക്കും സ്വകാര്യത നല്‍കാനെന്നോണം പൊത്തുകളിലേക്ക് പിന്‍വാങ്ങി. അഷ്ടനാഗങ്ങള്‍ സര്‍പ്പലോകത്തേക്കും തിരികെ പോയി.
അനന്തന്‍ പ്രണയവും വേണിയെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.

500 ജന്മങ്ങളായുള്ള കാത്തിരിപ്പ് അവസാനിക്കാറാകുന്നു വേണി.
ശാപത്തിന്റെ ചങ്ങലകള്‍ ഇല്ലാതെയാകാന്‍ സമയമായി. നാഗലോകത്തേക്ക് പോകാന്‍ തയാറായിക്കോളൂ.
ഇന്നേക്ക് പതിനഞ്ചാം ദിവസം നാഗപഞ്ചമി നാളില്‍ നമ്മള്‍ ഒരുമിച്ച് നാഗമാണിക്യം ദര്‍ശിക്കും. അന്ന് നിനക്കും നാഗരൂപം തിരികെ ലഭിക്കും. ഭൂമിയിലെ ജീവിതം മതിയാക്കി വീണ്ടും നാഗലോകത്തിന്റെ റാണീപദം അലങ്കരിക്കാന്‍ തയാറായിക്കോളൂ.
അനന്തന്റെ ആവേശം വാക്കുകളിലുണ്ടായിരുന്നു.
പക്ഷെ വേണിയുടെ ആശങ്കകള്‍ അവസാനിച്ചില്ല.
അനന്തപത്മനാഭനെന്ത് സംഭവിച്ചുവെന്ന ചോദ്യം വേണി ചോദിക്കാതെയിരുന്നില്ല.
വേണീ ഞാനിന്ന് അമ്പലത്തില്‍ വെച്ച് പറഞ്ഞത് പകുതി സത്യവും പകുതി നുണയുമാണ്. കപ്പല്‍ അപകടത്തില്‍ അനന്തപത്മനാഭന്‍ മരിച്ചു. കടലിലേക്ക് വീണ അയാളില്‍ ആദിശേഷനായ ഞാന്‍ പരകായപ്രവേശം നടത്തുകയായിരുന്നു.
വേഷം മാറാന്‍ അറിയാഴികയല്ല, പക്ഷെ ഭഗവാന്‍ വിഷ്ണുവിന്റെ കല്‍പ്പന കൂടിയാണ് അനന്തന്റെ രൂപത്തില്‍ നിന്റെ മുന്നിലേക്ക് എത്തണമെന്നുള്ളത്. ഭക്തരെ വേദനിപ്പിക്കുന്നത് അദ്ദേഹത്തിന ഇഷ്ടമല്ലെന്നുള്ളത് അറിയാമല്ലോ? കോലോത്തെ തമ്പുരാട്ടിയ്ക്ക് ഒരുപാട് പ്രാര്‍ഥനകളുടെ ഫലമായി കിട്ടിയ ഉണ്ണിയാണ്. അവരെ ഉടനെ വേദനിപ്പിക്കേണ്ടെന്ന് ഭഗവാന്‍ കരുതിയുണ്ടാകും. അതിന്റെ പിന്നിലെ ലീലാവിലാസം എന്താണെന്ന് കാത്തിരുന്ന് അറിയാം. എനിക്കും അറിയില്ല.
അനന്തപത്മനാഭന്‍ മരിച്ചു എന്ന വിവരം നീ ആരോടും പറയരുത്. മറ്റുള്ളവര്‍ക്ക് ഞാന്‍ അനന്തപത്മനാഭനായിരിക്കും ഈ 15 ദിവസം.
മറക്കേണ്ട 15-ാം ദിവസം നിനക്ക് ശാപമോക്ഷം ലഭിയ്ക്കും.
കാവില്‍ പതിയെ കിളികള്‍ ചിലയ്ക്കാന്‍ തുടങ്ങി..
ഒരു പുകപടലം പോലെ അനന്തന്‍ മാഞ്ഞു.
കണ്ണുതുറന്നപ്പോള്‍ വേണി സ്വന്തം മുറിയിലായിരുന്നു.
ഇത്തവണ കണ്ടതൊന്നും സ്വപ്‌നമല്ലെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ പകുതി മനുഷ്യനും പകുതി നാഗവുമായി തനിക്കും രൂപമാറ്റം വന്നത് പോലെ വേണിയ്ക്ക് തോന്നി. താന്‍ നാഗവേണിയല്ല നാഗലക്ഷ്മിയാണെന്ന് വേണി തിരിച്ചറിഞ്ഞു.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
Pingback: നാഗലക്ഷ്മി സീരീസ് 5 : കണ്ണുകളില്‍ അതേ കുസൃതിച്ചിരി... - By Soorya Vijayakumar - കൂട്ടക്ഷരങ്ങൾ