കണ്ണടച്ചാൽ ഉഗ്ര സ്ഫോടനങ്ങളും മിന്നലും. കൂടെ പണിയുടുക്കുന്നവരുടെ കത്തി കരിഞ്ഞ ശരീരങ്ങൾ. അപ്പൊ ഓടി മാറാൻ പറ്റിയത്കൊണ്ട്, ഒരു പോറൽ പോലും ഇല്ലാതെ തനിക്ക് ജീവൻ തിരിച്ചു കിട്ടി. പക്ഷെ ഒന്ന് ഉറങ്ങാൻ പറ്റുന്നില്ല. എന്തെങ്കിലും കഴിക്കാൻ പറ്റുന്നില്ല ചുറ്റും കരിഞ്ഞ മാംസത്തിന്റെ മണമാണ്. മൂക്കറ്റം മദ്യപിക്ക, ബോധം മറയുവോളം.
പാതി ബോധത്തിൽ കിടക്കുമ്പോൾ അവ്യക്തമായി കേട്ടു, കെട്ട്യോളുടെ ശബ്ദം.
ദൈവമേ, അന്ന് പോയൊരുടെ കൂട്ടത്തിൽ ഇങ്ങേരും ഉണ്ടായിരുന്നേൽ എത്ര കാശ് സഹായ ധനം കിട്ടേണ്ടിയിരുന്നതാ. ഇതിപ്പോ പണിക്കും പോവില്ല്യാ, കുട്യന്നെ കുടി.
തിരിഞ്ഞു കിടന്ന് കണ്ണടച്ചപ്പോൾ വീണ്ടും സ്ഫോടന ശബ്ദങ്ങളും മിന്നലും. പുലച്ചുരുളുകൾക്കിടയിലൂടെ അവ്യക്തമായി എന്തെല്ലാമോ കാഴ്ചകൾ, ആശുപത്രി, ആംബുലൻസുകൾ, വെള്ള കൊട്ടിട്ട ഡോക്ടർമാരും നഴ്സുമാരും. പുക ചുരുളുകൾ പതിയെ മാഞ്ഞു.
ഇപ്പൊ കാഴ്ച വ്യക്തം മെഡിക്കൽ കോളേജിലെ കിടക്കയിൽ കത്തി കരിഞ്ഞു പൊള്ളി കിടക്കുന്ന തന്റെ ശരീരം. അതിനടുത്ത് കിടന്ന് നെഞ്ചത്ത് തല്ലി കരയുന്ന തന്റെ കെട്ട്യോള്
ദൈവമേ, കൈയ്യും കാലും ഇല്ലാതായാലും ജീവനോടെ തരായിരുന്നില്ലേ? ഞാൻ എങ്ങനെങ്കിലും നോക്ക്യേർന്നില്ല്യേ…..

