പടിഞ്ഞാറേ തൊടിയിലെ കൗമാരക്കാരി കണിക്കൊന്നപ്പെണ്ണ്! സർവ്വാഭരണവിഭൂഷിതയായി സർവാംഗസുന്ദരി ആണെന്ന ഭാവമോടെ നീണ്ട് നിവർന്ന് തന്നെയാണ് നിൽപ്പ്!
ഞാനവളോട് ചോദിച്ചു,
“വിഷുവൊക്കെ കഴിഞ്ഞല്ലോ പെണ്ണേ..? നീ നീട്ടിയ കർണ്ണികാര കിങ്ങിണികൾ കണ്ണന്റെ കഴലിണകളിലർപ്പിച്ച് കണി കണ്ടുണർന്നല്ലോ ഞാനും ഇന്നാട്ടിലുള്ളോരും..”
വിഷുസംക്രമപ്പുലരിയെ കുളിർപ്പിച്ച വേനൽമഴത്തുള്ളികൾ അവളുടെ പൂവിതളുകളിൽ നിറഞ്ഞ് കനമാർന്നിട്ടും, കണ്ണനെ ജപിക്കുന്ന കിങ്ങിണിമണികളിൽ ഒന്നുപോലും കൊഴിയാതെ കണ്ണനായ് കാത്തുവച്ച ഇവളായിരുന്നു നാട്ടിലെ താരം.
ഞാനിന്ന് അവളെ തൊട്ട് തലോടി തെല്ല് അസൂയയോടെ ചോദിച്ചു,
“ഇനിയും നീയിങ്ങനെ പൂത്തുലഞ്ഞ് നിന്ന് എന്നെ ഇത്രയും കൊതിപ്പിക്കുന്നത് എന്തിനാണ്?”
എന്റെ ചോദ്യം അവളുടെ പ്രിയതോഴൻ അണ്ണാരക്കണ്ണനെ ചൊടിപ്പിച്ചു. അരിശം തീർക്കാനെന്നോണം അവൻ ചിലുചിലെ ഉച്ചത്തിൽ ചിലച്ച് അവളുടെ ചില്ലകളിലൂടെ പരക്കം പാഞ്ഞു. ചിലക്കുമ്പോൾ ചലിക്കുന്ന അവന്റെ കുഞ്ഞുവാൽ തട്ടി വിടർന്ന് ചിരിക്കുന്ന കണിക്കൊന്നപ്പൂക്കൾ എന്നിലേക്കുതിർന്ന് വീണു. അതുവഴി വന്ന തെന്നലും കുസൃതി കാട്ടി കടന്നുപോയി. എന്റെ അസൂയച്ചൂടിനെ തണുപ്പിച്ച പുഷ്പവൃഷ്ടി!
✍🏻സുജാത നായർ✍🏻
