പിച്ചവച്ച നാളിൽ തുടങ്ങിയ താളത്തോടെ
വർഷങ്ങൾ കടന്നു പോയിട്ടും
പ്ര്രരാബ്ധക്കണക്കെടുപ്പിൽ എവിടെയോ
വലിച്ചെറിയപ്പെട്ട കാൽച്ചിലങ്കകൾ
പതിച്ചതന്നവളുടെ ഹൃദയത്തിലായിരുന്നു
എങ്കിലുമിപ്പോഴും വാചാലതകളിൽ
അറിയാതെ കൈമുദ്രകൾ വരുന്ന പോലെ
നടത്തത്തിലെവിടെയോ ചിലങ്കയണിഞ്ഞ
കാൽപ്പാദങ്ങൾ പതിയുന്ന പോലെ
നോട്ടത്തിലും ഭാവത്തിലും പോലും
നർത്തനങ്ങൾ ഒളിഞ്ഞിരിക്കുന്ന പോലെ
ആഗ്രഹങ്ങൾ ഇനിയും ബാക്കിയായി
നൃത്തത്തെ പ്രണയിച്ചുകൊണ്ട്
അവളിലെ നർത്തകി പിന്നെയും
ഓടി തീർക്കയാണ് രണ്ടറ്റവും
കൂട്ടിമുട്ടിക്കാൻ പാടുപെടുന്നൊരു
ജീവിതത്തെ എത്തിപ്പിടിക്കുവാൻ..!
