തൊടിയിൽ തെങ്ങിന്റെ തടം എടുത്ത കുഴിയിലൊക്കെ വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്. നടവഴിയിൽ മണൽ വിരിച്ചത് കൊണ്ട് വെള്ളം കെട്ടി നിൽക്കുന്നില്ല. ഇരു വശത്തും ആർത്ത് വളരുന്ന ചെമ്പരത്തി ചെടികളിൽ നിറയെ കട്ടചെമ്പരത്തി പൂക്കൾ. കാലത്തേ കുറുമ്പ വന്ന് മുറ്റമടിച്ചു പോയത് കൊണ്ടായിരിക്കും, പൂക്കളൊന്നും വീണ് കിടപ്പില്ല. വടക്കേ വശത്തെ ഇളമതിലിൽ കയറി നിന്ന് നോക്കിയാൽ വേലിയുടെ അപ്പുറം നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടം കാണാം. ഒരു തണുത്ത കാറ്റ് മുഖത്ത് വന്നടിച്ചു.
“അപ്പുവേ.. നീയെത്തിയോ. എന്താ അവിടെ തന്നെ നിന്നേ? ചാറ്റൽ മഴ പെയ്തോണ്ടിരിക്ക്ണ്ടാവും എപ്പളും. ങ്ട് കേറി നിൽക്കൂ കുട്ട്യേ”
ഉമ്മറത്ത് ഇളം നീലയും പിങ്കും കരയുള്ള സെറ്റ്മുണ്ടുടുത്ത് നെറ്റിയിൽ കാലത്തെ അമ്പലത്തിലെ ഗണപതി ഹോമത്തിന്റെ പ്രസാദവും ചന്ദനവും ചാർത്തി ഇനിയുമുണങ്ങാത്ത മുടിയിൽ പാതി മുന്നിലേക്കിട്ട് ചിറ്റ.
കോലായിലേക്ക് കയറുമ്പോൾ ചിറ്റയെ ചേർത്ത് പിടിച്ചു.
“അപ്പൂനെ നോക്കണെങ്കിൽ ഞാൻ കോണി വെക്കേണ്ടി വരുല്ലോ കുട്ടി. എന്തൊരു പൊക്കാ ചെക്കാ നിനക്ക്. വീട്ടിലെ പൊക്കക്കാരി ആയിരുന്ന എന്നെ നീ വെട്ടിച്ചു കളഞ്ഞല്ലോ”
അമ്മയെ കണ്ടാൽ പിന്നെ കാണാൻ ഓടി വരിക ചിറ്റയുടെ അടുത്തേക്കാണ്. സ്കൂളിൽ നിന്ന് വരുമ്പോൾ തൊട്ടുള്ള ശീലമാണ്. സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവരും ഒരുമിച്ച് തറവാട്ടിൽ ആയിരുന്നു താമസം. മീനു ജനിച്ചതോടെയാണ് കിഴക്കേപ്പറമ്പിൽ വീട് വെച്ചത് എന്ന് അമ്മ പറയും. പുതിയ വീട്ടിലേക്ക് മാറിയിട്ടും താനുറങ്ങിയിരുന്നത് ചിറ്റയും അമ്മുമ്മയും മുത്തശ്ശനും അച്ചുമ്മാനും ഉള്ള തറവാട്ടിലായിരുന്നു. അച്ചുമ്മാൻ ഏറെ വൈകിയാണ് കല്യാണം കഴിച്ചത്. ചിറ്റയ്ക്ക് കല്യാണം ആലോചിച്ച് മടുത്തിട്ടായിരിക്കും അച്ചുമ്മാൻ മുത്തശ്ശന്റെ മരണശേഷം ജാതകം പോലും നോക്കാതെ ഒരുമിച്ച് ജോലി ചെയ്യുന്ന, അമ്മാവനെപ്പോലെ കല്യാണം വൈകിപ്പോയ സുശീലമ്മായിയെ താലി കെട്ടിയത്. അമ്മായിക്ക് ട്രാൻസ്ഫർ ആയ സ്ഥലത്തേക്ക് ഏറെ വൈകാതെ താമസം മാറ്റുകയും ചെയ്തു അവർ.
മുത്തശ്ശൻ ചിറ്റക്ക് വേണ്ടി നാട്ടിലെ തന്നെ സർവഗുണസമ്പന്നനായ ഒരു വരനെ നോക്കിയിരുന്ന് കാലം പോയതാണെന്ന് ചിറ്റ കല്യാണക്കാര്യം പറയുമ്പോൾ കളിയായി പറയും. കാര്യമാണത് താനും. ഇതേ നാട്ടിൽ തന്നെയുള്ള ആൾ വേണം, ട്രാൻസ്ഫർ ഇല്ലാത്ത ജോലി ആവണം, ജാതകം ചേരണം, യാതൊരു ദുശ്ശീലവും പാടില്ല ഇങ്ങനെ പോകും മുത്തശ്ശന്റെ ഡിമാൻറ്റുകൾ. നോക്കി നോക്കി നീണ്ടു പോയി. ചിറ്റ കുട്ടികളെ പാട്ട് പഠിപ്പിച്ചും വീട്ടിലുള്ളവർക്കുള്ള ഡ്രസ്സ് തയ്ച്ചും വീടും പറമ്പും പാടത്തെ പണിയും നോക്കിയും രണ്ട് നേരം അമ്പലത്തിൽ പോയും കാലം കഴിച്ചു.
“നീയെന്നാ തിരിച്ചു പോണേ അപ്പു? ”
ചിറ്റയുടെ ചോദ്യം ചിന്തയിൽ നിന്നുണർത്തി.
“ഈ ആഴ്ച വർക്ക് ഫ്രം ഹോം ആണ് ചിറ്റേ.”
വർക്ക് ഫ്രം ഹോം എടുത്തതിന്റെ പിന്നിലെ കള്ളത്തരം ഓർത്ത് ഒരു ചിരി അറിയാതെ വന്ന് കാണും.
“എന്തോ കള്ളത്തരം ഉണ്ടല്ലോ. എന്ത് കാര്യസാധ്യത്തിന് അമ്മേ സോപ്പിടാനാ ഈ വർക്ക് ഫ്രം ഹോം?”
ചിറ്റ കൈയോടെ പിടിച്ചു കഴിഞ്ഞു.
“എനിക്ക് വെശ്ക്കുണൂ, ഇവിടന്ന് കഴിക്കാനാ ഇങ്ങോട്ടോടി വന്നേ. കഴിച്ചിട്ട് പറയാം ഒക്കെ.”
“കൈ കഴുകി ഇരുന്നോളു. ഇഡലിക്ക് നിനക്കിഷ്ടള്ള ഉള്ളിച്ചമ്മന്തീം ഉണ്ട്.” അമ്മൂമ്മ വന്ന് അടുത്തിരുന്ന് കഴിഞ്ഞിരുന്നു അപ്പോളേക്കും.
“ഇന്ന് ഇവന്റെ കൂടെ കഴിക്കാൻ എത്ര നേരായി ഞാൻ നോക്കിയിരിക്കുണൂ.”
എപ്പോ വന്നാലും രാവിലെ കഴിക്കുന്നത് അമ്മൂമ്മയുടെയും ചിറ്റയുടെയും ഒപ്പമാണ്. അമ്മ തന്നെ പഠിപ്പിച്ച ശീലം ആണ്.
“വേറാരാടാ അവൾക്ക്,നിങ്ങളൊക്കെ അല്ലാതെ?” അച്ഛനും അമ്മയും ഒരേ സ്വരത്തിലാണ് പറയുക.
ഇപ്പോൾ വല്ലപ്പോഴും അച്ഛൻ കൊണ്ട് വരുന്ന ആലോചനകളൊക്കെ മുത്തശ്ശനെ പോലെ ദൂരെ ഉള്ളയാൾ, ഇവിടെ വന്ന് നിൽക്കാൻ പറ്റില്ലെന്നൊക്കെ പറഞ്ഞ് തട്ടിക്കളയുന്നത് ചിറ്റ തന്നെയാണ്.
ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ടത്തെ ചായ കുടിക്കുമ്പോൾ അളിയനോട് കാര്യം പറഞ്ഞു, മീനുവിന്റെ ഭർത്താവ്. അനൂപ്. താൻ വന്നെന്നറിഞ്ഞാൽ അവളെക്കാൾ മുൻപിൽ അനു എത്തും വീട്ടിൽ. തനിക്ക് ലീവ് ആണെങ്കിൽ അങ്ങോട്ട് വിളിക്കും. ഏതാണ്ട് സമപ്രായക്കാർ ആയത് കൊണ്ട് കൂട്ടുകാരെപ്പോലെ ആണ്.
കൂടെ ജോലി ചെയ്യുന്ന സുനൈനയെപ്പറ്റി ആദ്യം കണ്ടപ്പോൾ തന്നെ അവനോട് പറഞ്ഞിട്ടുണ്ട്. ചുറ്റുപാടൊക്കെ ഒന്നന്വേഷിച്ച് യോജിച്ചു പോകുമെങ്കിൽ നമുക്ക് നോക്കാം അളിയാ എന്നന്നേ അവൻ പറഞ്ഞതാണ്. തനിക്ക് മുൻപേ നൈനയുടെ സകല ഡീറ്റൈൽസും പൊക്കുകയും ചെയ്ത് പച്ചക്കൊടിയും വീശിയതാണ്. മീനുവിനും അമ്മയ്ക്കും അച്ഛനുമൊക്കെ ഏതാണ്ടൊരു ധാരണയും ഉണ്ട്. ഇപ്പോളത്തെ വിഷയം അതൊന്നുമല്ല.
നൈനയോട് സംസാരിക്കുമ്പോൾ ചിറ്റയുടെ കാര്യം സ്വാഭാവികമായും എപ്പോളും കടന്നു വരാറുണ്ട്. ഈയിടെയാണ് നൈന ഒരു കാര്യം പറഞ്ഞത്. അവളുടെ അമ്മാവൻ, ക്രോണിക് ബാച്‌ലർ, കേണൽ മധുമോഹൻ, അവളുടെ പ്രിയപ്പെട്ട മധുമ്മാമ, ഇപ്പോൾ റിട്ടയേർമെന്റ് ആയി നാട്ടിലെത്തിയിട്ടുണ്ട്. രാജ്യസ്നേഹം മൂത്ത് വിവാഹജീവിതം വേണ്ടെന്ന് വെച്ചതാണ്. ഇപ്പോൾ തറവാട്ടിൽ ആരുമില്ല, പറമ്പും വീടുമൊക്കെ കാട് പിടിച്ചു. കുറെ കാലമായി നൈനയും കുടുംബവും ടൗണിലാണ് താമസം. മുത്തശ്ശനും അമ്മുമ്മയും ഒക്കെ അവരുടെ കൂടെ ആയിരുന്നു, ടൗണിലെ വീട്ടിൽ കിടന്നാണ് അവർ മരിച്ചതും. തറവാട് വീട്ടിൽ കുറെ അവകാശങ്ങളും തർക്കങ്ങളും ഒക്കെ കാരണം അവരതൊക്കെ ഉപേക്ഷിച്ച് പോന്നതാണ്. ഇപ്പൊ കേസ് ഒക്കെ കഴിഞ്ഞ് കിട്ടിയിട്ടുണ്ടെങ്കിലും അതൊക്കെ വിറ്റ് ഒഴിവാക്കുന്നതാണ് നല്ലത് എന്ന അവസ്ഥയാണ്.
മധുമ്മാമക്ക് സ്ഥിരതാമസത്തിന് നാട്ടുമ്പുറത്ത് ഒരു വീട് തപ്പുകയാണ് ആൾ. ഇനിയുള്ള കാലം ഒരു പുതിയ നാട്ടിൽ കൃഷിയൊക്കെ ആയി മണ്ണിനെ സ്നേഹിച്ച് ജീവിക്കാനാണ് പ്ലാൻ. തറവാട് വിറ്റ് ആ പൈസ എടുത്ത് പുതിയ മണ്ണ് വാങ്ങി വൻപിച്ച കൃഷിപരിപാടി നടത്തണം ആൾക്ക്. നിങ്ങളുടെ നാട്ടിൽ വല്ല സ്ഥലവും വീടുമൊക്കെ കൊടുക്കാനുണ്ടോ എന്ന നൈനയുടെ ചോദ്യമാണ് ഇങ്ങനൊരാശയം തന്റെ തലയിൽ ഉദിപ്പിച്ചത്. എന്ത് കൊണ്ട് മധുമ്മാമയ്ക്ക് ചിറ്റയെ കല്യാണം ആലോചിച്ചു കൂടാ! തറവാടിന്റെ കിഴക്ക് വശത്തെ പാടവും അതിനോട് ചേർന്ന ഒരേക്കർ പറമ്പും മീനുവിന്റെ പേർക്ക് അച്ഛനെഴുതി വെച്ചിട്ടുള്ളതാണ്. അതിലൊന്നും കൃഷി ചെയ്യാൻ മീനുവിനും അനൂപിനും എവിടെ നേരം. അവരത് കൊടുത്ത് ബാങ്കിലിട്ടാലോ എന്നാലോചിക്കുന്ന സമയമാണ്. അത് മധുമ്മാമ വാങ്ങിയാൽ മധുമ്മാമക്ക് കൃഷി ചെയ്യാം, ചിറ്റയെ കല്യാണം കഴിച്ച് തറവാട്ടിൽ താമസിക്കാം, നൈനയുടെ അമ്മയ്ക്കും അച്ഛനും സമാധാനവുമാവും.
അനു ചിരിച്ചു കൊണ്ട് പുറത്ത് തട്ടി.
“അമ്പടാ, ഒറ്റ പ്രേമം കൊണ്ട് അവനെന്തെല്ലാം സാധിച്ചു. നീ കൊള്ളാല്ലോ.”
സത്യം പറഞ്ഞാൽ തനിക്ക് വലുത് ചിറ്റയായിരുന്നു. താൻ നൈനയുടെ കഴുത്തിൽ താലി ചാർത്തുന്നതിന് മുൻപ് ചിറ്റക്ക് ഒരു ജീവിതം ഉണ്ടാകണം എന്ന് ആഗ്രഹിച്ചത് അത്ര ആത്മാർഥമായിട്ടായത് കൊണ്ടാകും പ്രപഞ്ചം മുഴുവൻ തനിക്ക് കൂട്ട് നിന്നത്.
മധുമ്മാമയുടെ ഫോട്ടോ ഗാലറിയിൽ നിന്നെടുത്ത് അനുവിനെയും മീനുവിനെയും കാണിക്കുമ്പോൾ പിന്നിൽ അമ്മയും ചിറ്റയും വന്നതും അമ്മയുടെ മുഖത്തെ നിറഞ്ഞ ചിരി ചിറ്റയുടെ മുഖത്തെ നാണത്തിൽ കലർന്ന ചിരിയായി പടർന്നത് തുറന്നിട്ടിരുന്ന അടുത്ത ബെഡ്‌റൂമിലെ നിലക്കണ്ണാടിയിലൂടെ കണ്ട തന്റെ മനസ്സിൽ ഒരു കുളിർതെന്നൽ വീശി.
നൈനക്ക് മെസ്സേജ് ടൈപ്പ് ചെയ്തു:
“പെണ്ണ് കാണാൻ ഞങ്ങളങ്ങോട്ട് വരണോ അതോ പെണ്ണ് കാണാൻ നിങ്ങളിങ്ങോട്ട് വരുന്നോ.”
മറുപടിയായി വന്ന ചിരി ഇമോജികൾക്കൊപ്പം അവളുടെ വോയിസ് നോട്ട് വന്നു.
“എത്രയും വേഗം എല്ലാവർക്കും കൂടി ഒരു കോഫിഷോപ്പിലോ റെസ്റ്റോറന്റിലോ വെച്ച് കാണമെന്നാണ് ഇവിടത്തെ റിട്ടയേർഡ് കേണൽ പറയുന്നേ.”
അത് കേട്ട് അമ്മയുടെയും ചിറ്റയുടെയും മീനുവിന്റെയും കൂടെ അച്ഛനും ചിരിയിൽ പങ്ക് ചേർന്നതോടെ അനു തന്നെ കെട്ടിപ്പിടിച്ചത് കൊണ്ട് നിറഞ്ഞ കണ്ണ് ആരും കാണാതെ ഒളിപ്പിക്കാൻ കഴിഞ്ഞു.


7 Comments
മനോഹരം. ഓരോ details ഉം കഥാപരിസരത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. 👌👍👏
മനോഹരം 👌
താങ്ക്യൂ ❤️
മനോഹരമായ എഴുത്ത് മഞ്ജൂ♥️👌🌹
താങ്ക്യൂ 💕
👌👏👏❤️😍❤️
❤️💕