കഥ: പവർകട്ട്
രചന :ബിന്ദു എസ് നായർ
അച്ഛാ.. എത്ര നാളായി പറയുന്നു ഒരു ഇൻവർട്ടർ വയ്ക്കാൻ.. അപ്പുറത്തെ രാജുവിന്റെ വീട്ടിലും മാളുവിന്റെ വീട്ടിലും എല്ലാം ഇൻവർട്ടർ ഉണ്ട്. അതുകൊണ്ട് കറണ്ട് പോയാലും അവർക്ക് ഒരു കുഴപ്പവുമില്ല. ഇവിടെയാണെങ്കിൽ കറണ്ട് പോയാൽ പിന്നെ മനുഷ്യന് വട്ടു പിടിക്കുവാ.. ടിവിയുമില്ല, വൈഫൈയും വരുന്നില്ല, മൊബൈലും വർക്ക് ചെയ്യുന്നില്ല. എങ്ങനെ ഞാൻ ഈ അരമണിക്കൂർ കഴിച്ചുകൂട്ടും എനിക്ക് വയ്യ.. എനിക്ക് സഹിക്കുന്നില്ല.. അകത്തുനിന്നും മകന്റെ ആക്രോശങ്ങൾ കേട്ട് അക്ഷമനായി അച്ഛൻ ഉമ്മറത്തെ കസേരയിൽ പോയിരുന്നു..
അപ്പോഴേക്കും അടുക്കളയിൽ നിന്നും ഭാര്യയുടെ വിളി വന്നു . “നിങ്ങൾ അവിടെ കാറ്റും കൊണ്ടിരുന്നൊ.. ഈ വീട്ടിൽ ഒരു ഇൻവർട്ടർ വാങ്ങി വെച്ചുടെനിങ്ങൾക്ക്.. എനിക്ക് അടുക്കളയിൽ ഒരു വെളിച്ചം കിട്ടണ്ടേ കറണ്ടും പോയി അരകല്ലിൽ അരയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല.”
“ഓ ഞാൻ നിങ്ങളെയെല്ലാം കൊണ്ട് മടുത്തു ഓരോരുത്തരുടെയും പരാതി കേട്ടുകേട്ട് എന്റെ തലകറങ്ങാൻ തുടങ്ങി. ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോവ്വാ. ഒരു സമാധാനംകിട്ടുമല്ലോ..ഹും..”
അപ്പോഴേക്കും മകൻ ഓടിവന്നു പറഞ്ഞു, “അച്ഛൻ പോവുകയാണെങ്കിൽ ഒരു ഇൻവർട്ടർ വാങ്ങി തന്നിട്ട് പൊക്കോ..”
“ആഹാ! എടാ നിനക്കും തള്ളക്കും എന്തിന്റെ കേടാ…
നിന്നെപ്പോലുള്ളവന്മാരുടെ എണ്ണം കൂടിയതാ ഇപ്പോൾ ഈ പവർകട്ടിനെല്ലാം കാരണം ..
ഒരു ഇൻവർട്ടറിന്റെ വിലപോലുമില്ലേ എനിക്ക് ഈ വീട്ടിൽ? എന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ…
പതിനഞ്ചു വർഷം മുൻപൊരു പവർക്കട്ടിനു പറ്റിപ്പോയ അബദ്ധം ആണെടാ നീ.”
