കവിതയിൽ കനവത് കയറിയില്ലെങ്കിലും
കനവുകളിൽ കവിത ചെന്നെത്തുന്നു.
കവിതയിൽ കനമുള്ള കാമ്പില്ലെങ്കിലും
കരുത്തുറ്റ കഥനമായ് കതിരിടുന്നു.
കവിതയിൽ കനലുകൾ എരിയുന്നില്ലെങ്കിലും
കനലുകളാൽ കവിതയ്ക്ക് മാറ്റു കൂടുന്നു.
കവിതയിൽ ഭാഷകളായിരമുണ്ടെങ്കിലും
കവികൾക്കൊരേ ഭാഷണമാണ് താനും.
വിരഹത്തിൻ വിലാപങ്ങളിവിടെ തെളിയും
വിമോചനത്തിൻ വിലങ്ങിവിടെ അഴിയും.
വിശുദ്ധിയുടെ വികാരങ്ങളിവിടെ തലോടും
വിമർശങ്ങൾക്കിവിടെ വിശുദ്ധിയും നിറയും.
വിഷയങ്ങളായിരം ചർച്ചയ്‌ക്കെടുക്കും
വിവാദങ്ങൾക്കോ ഇവ വിധിയും പറയും.
വികലമാം ചിന്തകളെ വിമലമായ് വിരിച്ചു
വിശിഷ്ട സാഹിത്യചിന്തകൾ വിളമ്പും.
തറവാടു മഹിമകൾ തിരുത്തിച്ച കവിത
തായ്‌വേരുകളെ തിരഞ്ഞെടുക്കും കവിത.
തത്വചിന്തകൾക്കായി വരച്ചിട്ട കവിത
തളരുന്ന മനസ്സിന് തെളിനീർ കവിത.
തമസ്സിലുഴറുന്ന ലോകത്തിൻ തണലായ്-
തനുവിലൊരു തരിപ്പായി പടരുന്ന കവിത.
തരളമായ് പെയ്യുന്നൊരമൃതാണ് കവിത
താരമായി മിന്നുന്നൊരലങ്കാരമാണ് കവിത.
ബഷീർ ചെമ്പിരിക്ക.
