വൈകുന്നേരം ജിമ്മിച്ചന്റെകൂടെ വരുന്ന ആളെ കണ്ടതും എനിക്ക് അത്ഭുതവും ആഹ്ലാദവും അടക്കാൻ കഴിഞ്ഞില്ല…. ലീലാന്റി..
വീട്ടുകാരും ബന്ധുക്കളും പാടേ ഉപേക്ഷിച്ച ഞങ്ങൾക്ക് കൃത്യമായ ഇടവേളകളി ൽ വരുന്ന ഏക വിരുന്നുകാരി…. അല്ല… വീട്ടുകാരി..
ജിമ്മിച്ചന്റെ ചാച്ചന്റെ അകന്ന ബന്ധത്തിലുള്ളതാണെങ്കിലും അവരുടെ വീട്ടിലെ നിത്യ സന്ദർശകയും എല്ലാ ചടങ്ങുകളിലും നിർബന്ധമായി പങ്കെടുക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു ലീലാന്റി.
കല്യാണത്തിന് മുമ്പ് തന്നെ ജിമ്മിച്ചന്റെ വീട്ടിൽ വെച്ച് ആന്റിയെ പലപ്പോഴും കണ്ടിട്ടുണ്ട്.
“ആന്റിയോ..” ഞാൻ ചെന്നു കൈകളിൽ പിടിച്ചു.
“മോനെന്ത്യേ മോളെ.. അവനെ കാണാൻ വേണ്ടി അല്ലേ ഞാൻ ഓടി വന്നത്..”
എന്നെ ചേർത്തുപിടിച്ചുകൊണ്ട് ആന്റി മൊഴിഞ്ഞു.
മോനെ എടുത്തു ലാളിക്കുമ്പോൾ ആന്റി പറഞ്ഞു..
“മറ്റത്തിലെ ഛായയാണെന്നു പ്രത്യേകം പറയണ്ടല്ലോ. “
ഗൂഡ സ്മിതത്തോടെ ആന്റി തുടർന്നു.
“മേജർ ഷെയർ അവിടുന്നാണല്ലോ”.
ഞാനും ജിമ്മിച്ചനും പരസ്പരം നോക്കിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല.
വൈകുന്നേരം അത്താഴ സമയത്ത് ആന്റി ചോദിച്ചു.
“ആലീസോ ഫിലോയോ വിളിച്ചോ മോളെ.”
‘ഇല്ല’ എന്നർത്ഥത്തിൽ ഞാൻ തല വെട്ടിച്ചു..
“ഒരു കുഞ്ഞുണ്ടാകുമ്പോൾ എല്ലാവരും ക്ഷമിക്കുമെന്നാണ് ഞാൻ കരുതിയത്.”
ആന്റി ഞങ്ങളെ നോക്കി പറഞ്ഞു.
“അങ്ങനെ ക്ഷമിക്കാവുന്ന ഒരു തെറ്റല്ലല്ലോ അമ്മായി ഞങ്ങൾ ചെയ്തത്. അമ്മയെയും ഫിലോ ആന്റിയെയും കുറ്റം പറയാനൊക്കുമോ?”
ജിമ്മിച്ചൻ പറഞ്ഞു.
“അതും നേരാ. ചേട്ടത്തി അനിയത്തിമാരുടെ മക്കൾ തമ്മിൽ കല്യാണം കഴിച്ച സംഭവം ഞങ്ങടെ തലമുറയിൽ ഒന്നും കേട്ടു കേഴ്‌വി ഇല്ല.”
‘ചേട്ടത്തി അനിയത്തിമാരുടെ’ എന്ന് പറയല്ലേ.. ഞങ്ങളുടെ അമ്മമാർ കസിൻസ് അല്ലേ?”
“കസിൻസ്.. എന്നൊക്ക നിങ്ങൾ ചെറുപ്പക്കാരുടെ ഭാഷ്യം ആണ്. ഞങ്ങൾക്ക് സ്വന്തം ചേട്ടത്തി അനിയത്തിമാർ തന്നെ ആണ്.”
കുറ്റബോധത്തോടെ തല കുമ്പിട്ടിരുന്ന എന്നെ ആശ്വസിപ്പിക്കാനായി ജിമ്മിച്ചൻ പറഞ്ഞു.. ജിസി.. ഇതിൽ നമ്മൾ രണ്ടു പേർക്കും ഒരു പോലെയാണ് പങ്ക്. നീ തല കുമ്പിട്ടിരിക്കേണ്ട.
എന്നിട്ട് ലീലാന്റിയോട് പറഞ്ഞു.. അമ്മായി.. ഞങ്ങൾക്ക് ഒരു കുഞ്ഞും ജനിച്ചു . ഇനി പഴയ കാര്യങ്ങൾ പറഞ്ഞിട്ട് എന്തു കിട്ടാനാണ്?
പാത്രങ്ങൾ എടുത്തു കൊണ്ട് അടുക്കളയിലേക്ക് നീങ്ങുമ്പോൾ ജിമ്മിച്ചൻ പറയുന്നത് കേട്ടു..
“അമ്മായി…. ജിസിക്ക് അമ്മായിയെ ജീവനാണ്. വാക്കുകൾ സൂക്ഷിച്ചു പറയുന്നതല്ലേ നല്ലത്. “
ആന്റി ഒന്നും മിണ്ടിയില്ല.
ജോലികൾ എല്ലാം തീർത്തിട്ട് കിടപ്പു മുറിയിലേക്കു വന്നപ്പോൾ ജിമ്മിച്ചൻ പറഞ്ഞു..
“അമ്മായി അത്ര നിഷ്കളങ്ക ഒന്നും അല്ല കേട്ടോ. ചിലപ്പോളിവിടത്തെ കാര്യങ്ങൾ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യാൻ വന്നതാകാം. ആരോഗ്യമുള്ള കുഞ്ഞാണോന്ന് അറിയാനും മറ്റുമായി നമ്മുടെ കുടുംബക്കാർ അയച്ചതാകാനാണ് സാധ്യത.”
“നമ്മുടെ ബന്ധം അറിഞ്ഞപ്പോൾ ഏഴു തലമുറകൾക്ക് പുറത്തു നിന്നുള്ള ബന്ധമേ ഞങ്ങൾ സമ്മതിക്കൂന്ന്” അമ്മ സൂചിപ്പിച്ചിരുന്നു.
“അടുത്ത ബന്ധത്തിലുള്ളവർ കല്യാണം കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് വൈകല്യം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഫിലോ ആന്റിയും എന്റെ അമ്മയും എനിക്കു മുന്നറിയിപ്പും തന്നിരുന്നു.”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു.
“സാരമില്ല.. ജിമ്മിച്ചാ… അതവരുടെ അവകാശം അല്ലേ.”
“പിന്നെ ആകെ വരുന്ന ഒരു ബന്ധു ആന്റി അല്ലേ.. തന്നെയുമല്ല..നമ്മൾ പല കാര്യങ്ങളും അറിയുന്നത് ആന്റി വഴി അല്ലേ..”
കുഞ്ഞിനെ കൈകൾ കൊണ്ടു മൃദുവായി തട്ടി ഉറക്കുന്നതിനിടയിൽ സംഭ്രമജനകമായ പഴയ രംഗങ്ങൾ മനസ്സിലേക്കു ഒഴുകി വന്നുകൊണ്ടിരുന്നു.
മെത്രാനച്ഛന്റെ പ്രത്യേക അനുമതിയോടെയാണ് കെട്ടു നടന്നത്. ജിമ്മിച്ചന്റെ ഓഫീസിലെ സഹപ്രവർത്തകരും കുറച്ചു സുഹൃത്തുക്കളും മാത്രമേ അനുകൂലിച്ചുള്ളൂ.
ബന്ധുക്കൾ ആരും പങ്കെടുത്തില്ല.. പക്ഷേ ലീലാന്റി എത്തി. വധുവായ എന്റെ പുറകിൽ തോഴ്മക്കാരിയായി നിലയുറപ്പിക്കയും ചെയ്തു.. അന്നതൊരു വലിയ ആശ്വാസമായിരുന്നു.ഒറ്റപ്പെട്ടുപോയ തനിക്ക് പരിചയമുള്ള.. ഒരു മുഖം… ഒരേ ഒരു മുഖം
അന്ന് ജിമ്മിച്ചനും പറഞ്ഞിരുന്നു.. വധുവിന്റ പുറകിൽ നിൽക്കാൻ ആരെങ്കിലുമുണ്ടാവുമോ എന്ന ആശങ്കയിൽ പള്ളിക്കകത്തു പ്രവേശിച്ച ഞാൻ നിന്റെ പുറകിൽ ലീലമ്മായിയെ കണ്ട് അദ്‌ഭുതപ്പെട്ടു പോയെന്ന്…..
ഇപ്പോഴതെല്ലാം ജിമ്മിച്ചൻ മറന്നു…
ഓരോരോ ചിന്തകളിൽ മുഴുകി ഒന്നു മയങ്ങിയതെപ്പോഴാണെന്നറിഞ്ഞില്ല.ഇടയ്ക്ക് കുഞ്ഞുണർന്നു കരഞ്ഞു. അവന്റെ നനഞ്ഞ തുണി മാറ്റി പാലും കൊടുത്തിട്ട് വീണ്ടും ഒന്നു മയങ്ങി.
പിന്നെ ഉണരുന്നത് വാതിലിൽ നനുത്ത മുട്ട് കേൾക്കുമ്പോഴാണ്… ലീലാന്റിയാണ്.
“മോളെ ചായ ഉണ്ടാക്കി.. ജിമ്മിച്ചൻ ഉണർന്നോ? മോൾക്കുള്ളത് ഇങ്ങോട്ടു കൊണ്ടു വരണോ?
“വേണ്ട ആന്റി.. അങ്ങോട്ടു വരുവാ.. ആന്റി എന്തിനാ ബുദ്ധിമുട്ടിയെ? ഞാൻ വന്നേനേല്ലോ.”
“രാത്രി നിനക്കെത്ര പ്രാവശ്യം കുഞ്ഞിന്റെ കാര്യങ്ങൾക്കായി എണീക്കണം? ഉറക്കം ശരിയാകില്ലെന്നെനിക്കറിയില്ലേ? “
“പിന്നെ മോളെ ഞാൻ ഉടനെ ഇറങ്ങുവാ…. രാവിലെ പോയാൽ വെയിൽ മൂക്കുന്നതിനു മുമ്പേ വീട് പറ്റാം.”
“ആന്റി ഇതെന്താ പറയുന്നേ? രണ്ടുദിവസമെങ്കിലും ഇവിടെ കാണുമെന്നാ ഞാൻ വിചാരിച്ചെ.”
“ഓടിപ്പോയിട്ട് എന്തു ചെയ്യാനാ? അവിടെ തനിച്ചല്ലേ? അല്ല…. അലോഷി ഇനി എന്നാ വരുന്നേ?”
“ഓ.. അവനങ്ങനെ ഓടി വരാൻ പറ്റുമോ? വരുമ്പോൾ വരട്ടെ..
“എനിക്കു കുറച്ചു കാര്യങ്ങൾ ഉണ്ടു മോളെ.. ഇനി വരുമ്പോൾ ഒരാഴ്ച നിൽക്കാം..”
ജിമ്മിച്ചൻ എണീറ്റു വന്നപ്പോഴേക്കും ആന്റി തയ്യാറായി വന്നു.
“ബ്രേക്ഫാസ്റ് കഴിക്കാതെ ഇറങ്ങുവാണോ അമ്മായി? “
“ഇച്ചിരി ധിറുതിയുണ്ടെടാ.”
ജിമ്മിച്ചനെ നോക്കി പുഞ്ചിരിച്ചിട്ടു ആന്റി ഇറങ്ങി.
ആന്റിയെ നോക്കി ഗൂഢസ്മിതത്തോടെ ഇരിക്കുന്ന ജിമ്മിച്ചനോട് തിരക്കി.
“ഇന്നു ഓഫീസിൽ പോകുന്നില്ലേ?”
“ഉം…. ഉണ്ട്. പിന്നെ.. ഞാൻ ഓർക്കുവായിരുന്നു…. ഈ അമ്മായിയുണ്ടല്ലോ… പണ്ട് എന്നു ഞങ്ങളുടെ വീട്ടിൽ വന്നാലും കൃത്യമായി രാവിലെത്തെ ആ നല്ല തിരക്കിന്റെ സമയത്തു തന്നെ ബാത്‌റൂമിൽ കയറി വിസ്തരിച്ചങ്ങു കുളിക്കാൻ തുടങ്ങുമായിരുന്നു.”
‘എനിക്കും ജിജിക്കും കോളേജിലും ചാച്ചന് സ്കൂളിലും പോകേണ്ടതാണെന്നോർക്കണം. ഞങ്ങൾ അക്ഷമയോടെ പുറത്തു നിൽക്കും. ഞങ്ങളുടെ തിരക്ക് കഴിഞ്ഞു കുളിക്കാമെന്നു അമ്മായി വിചാരിക്കില്ല.’
“അന്ന് ആകെ പുറത്തുള്ള ഒരു ബാത്റൂമേ ഉള്ളു താനും .”
“അവസാനം ജിജിക്കു അമ്മായിയോട് വെട്ടിത്തുറന്നു പറയേണ്ടി വന്നു .”
“അതോടെ പിണങ്ങി ഒരു മാസത്തോളം വീട്ടിൽ കയറിയില്ല.”
“ആന്റി പാവമായോണ്ട് പിന്നെയും വന്നു അല്ലേ?”
അടുക്കളയിലേക്ക് പോകുമ്പോൾ ഞാൻ ചോദിച്ചു.
ജിമ്മിച്ചന് പണ്ടേ ആന്റിയെ അത്ര താല്പര്യമില്ലെന്ന് അറിയാം. ആന്റി കുടുംബത്തിലുള്ള സകല മനുഷ്യരുടെയും വേണ്ടതും വേണ്ടാത്തതുമായ സകല കാര്യങ്ങളിലും അനാവശ്യമായി ഇടപെടുമെന്നും അമിത അധികാരവും സ്വാതന്ത്ര്യവും കാണിക്കുമെന്നും പലപ്പോഴായി തന്നോടു തന്നെ പറഞ്ഞിട്ടുണ്ട്.
പക്ഷേ.. തനിക്കറിയാം.. ആളൊരു നല്ല ഹൃദയത്തിന്റെ ഉടമയാണെന്ന്…
പിറ്റേന്ന് ലീലാന്റി ജിമ്മിച്ചനെ വിളിച്ചു കുഞ്ഞിന്റെ മാമോദീസ എന്നാണ് നടത്തുന്നതെന്നു ചോദിച്ചു. ആലോചിക്കട്ടെ എന്നു പറഞ്ഞൊഴിയാൻ ശ്രമിച്ച ജിമ്മിച്ചനോട്…. അങ്ങനെ പറഞ്ഞാൽ പോരെന്നും ഉടനെ തന്നെ നടത്തണമെന്നും നിർബന്ധിച്ചു.
“കുഞ്ഞിന്റെ തല തൊടുന്നത് ആരെന്ന ചിന്ത കളഞ്ഞേക്ക്.. ആരുമില്ലെങ്കിൽ ഞാൻ അലോഷിയെ കൊണ്ട് വരും. തല തൊട്ടപ്പനാക്കും. “
ജിമ്മിച്ചൻ മൗനം തുടർന്നു. ആന്റി ഫോൺ കട്ട് ചെയ്തപ്പോൾ എന്നോടു പറഞ്ഞു.
“അമ്മായിക്ക് അങ്ങനെയൊക്കെ പറയാം. മാമോദീസ നടത്തുമ്പോൾ നമ്മുടെ വീട്ടുകാരെയും കുടുംബക്കാരെയും മറ്റും ക്ഷണിക്കേണ്ടേ? അവരൊക്കെ എങ്ങനെ പ്രതികരിക്കും? ആരെങ്കിലും വരുമോ?
“വന്നാൽ തന്നെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും. ഞാൻ പിടിച്ചു നിൽക്കും.. നിന്നെയോർത്താ എനിക്കു വിഷമം…”
ഞാൻ നിശബ്ദയായിരുന്നതേയുള്ളൂ.. ജിമ്മിച്ചൻ ഓഫീസിൽ പോയിക്കഴിഞ്ഞ് കുഞ്ഞുമായി വരാന്തയിൽ പോയിരുന്നു. ഓരോരോ ചിന്തകളിലൂടെ മനസ്സ് കടന്നു പോയി.
അമ്മയുടെ അനിയത്തി കുഞ്ഞാന്റി യുടെ നിർദേശത്തിൽ മൈസൂർ സെന്റ് ഫിലോമിനാസ് കോളേജിൽ എം എസ് ഡബ്ലിയു പഠിക്കാൻ പോയതും അവധിക്കു അമ്മയുടെ കൊച്ചപ്പന്റെ മകൾ ആലീസ് ആന്റിയുടെ കാഞ്ഞങ്ങാടുള്ള വീട്ടിൽ പോയതും ജിമ്മിച്ചനും ജിജിയുമായി ചങ്ങാത്തത്തിലായതും എല്ലാം മിഴിവോടെ മനസ്സിൽ തിളങ്ങി നിൽക്കുന്നു.
ദൂരകൂടുതൽ ആയതിനാൽ ഓരോ അവധിക്കും വീട്ടിൽ വരണ്ടെന്നും ആലീസ് ആന്റിയുടെ വീട്ടിൽ കൂടാമല്ലോ എന്നും അമ്മ പറഞ്ഞപ്പോൾ വൈമനസ്യത്തോടെയാണ് സമ്മതിച്ചത്.
ജിമ്മിച്ചൻ ഹോസ്റ്റലിൽ വന്നു കൂട്ടിക്കൊണ്ടു പോകുവായിരുന്നു. പിന്നെ പിന്നെ ആരും വിളിക്കാതെ തന്നെ കാഞ്ഞങ്ങാടേക്കു പോയി. എപ്പോഴാണ് പ്രണയം മൊട്ടിട്ടതെന്ന് അറിയില്ല.. ഇതാണോ പ്രണയം എന്നും അറിയില്ല. പക്ഷേ ഒന്നു രണ്ടു പ്രാവശ്യം ജിജി മുന്നറിയിപ്പു തന്നിരുന്നു..
“വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ നിൽക്കരുതെന്ന്…”. ജിമ്മിച്ചനും ഞാനും അതു ചിരിച്ചു കളഞ്ഞു.
പിന്നീട് ജിജി ബാംഗ്ലൂരിൽ ബി എസ് സി നേഴ്സിങ്ങിന് ചേർന്നു. അങ്ങനെ അവധിക്കു വരുമ്പോൾ ഞങ്ങൾക്കു കുറച്ച് കൂടി സ്വാതന്ത്ര്യം കിട്ടി. ജിജി സൂചന കൊടുത്തിട്ടു പോയതാണോ.. എന്നറിയില്ല.. ആലീസ് ആന്റി ഞങ്ങളെ നിരീക്ഷിക്കുന്നതായി എനിക്കു തോന്നി.
പരീക്ഷ കഴിഞ്ഞ് എല്ലാം അവസാനിപ്പിച്ചു വീട്ടിലോട്ടു പോന്നതാണ്. വീട്ടുകാരും നാട്ടുകാരും പള്ളിക്കാരും എതിർക്കുമെന്നുറപ്പുള്ള ബന്ധത്തിൽ നിന്നു സ്വയമേ മാറാൻ നിശ്ചയിച്ചിരുന്നു.
പക്ഷേ.. റിസൾട്ട് അറിയാൻ കോളേജിൽ ചെന്നപ്പോൾ… പ്രധാന ഗേറ്റിന്റടുത്തു നിൽക്കുന്നു.. ജിമ്മിച്ചൻ. കണ്ണിമയ്ക്കാതെ നോക്കികൊണ്ട്..
“നീ ഇന്ന് വരുമെന്ന് എനിക്കറിയാമായിരുന്നു… തിരിച്ചിനി വീട്ടിൽ പോകേണ്ട. എന്റെ ഒരു കൂട്ടുകാരൻ അവന്റെ വീട് നമുക്കായി തന്നിട്ടുണ്ട്. ഇന്നവിടെ കൂടാം.”
ഒന്നും മനസ്സിലാകാത്ത പോലെ നിന്നപ്പോൾ ജിമ്മിച്ചൻ തുടർന്നു.
“ഇനി ഇങ്ങനൊരവസരം ഒത്തു കിട്ടൂല്ല. വീട്ടിൽ അമ്മയ്ക്കു ചില സംശയങ്ങൾ ഉണ്ട്. ഫിലോ ആന്റിയോട് പറഞ്ഞോന്ന് അറിയില്ല.”
“നീ എന്താ മിണ്ടാത്തെ? എല്ലാം മറക്കാൻ നിനക്കു കഴിയുമോ? എനിക്കു പറ്റില്ല. ഒരു മാസം ഞാൻ വീർപ്പു മുട്ടിയാണ് കഴിഞ്ഞത്..”
ശബ്ദിക്കാനാവാതെ നിന്ന എന്നോട് ജിമ്മിച്ചൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാനൊന്നും കേട്ടില്ല.
ഈ അഗ്നിപരീക്ഷണങ്ങളെ നേരിടാൻ എനിക്കു കഴിയുമോ ദൈവമേ.. ഞാൻ ഒന്നു തേങ്ങി.
അടുത്ത നിമിഷം എന്റെ കൈകളിൽ പിടിച്ചു കൊണ്ടു ജിമ്മിച്ചൻ ഗേറ്റ് കടന്നു വെളിയിലെത്തി.
ജിമ്മിച്ചന്റെ സുഹൃത്തിന്റെ വീട്ടിൽ എത്തി ഞങ്ങൾ വിശ്രമിച്ചു. ഭയവും ഉത്കണ്ഠയും എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു.
സന്ധ്യയായപ്പോൾ ജിമ്മിച്ചൻ വീട്ടിലേക്കു ഫോൺ ചെയ്തു. ജിസി എന്റെ കൂടെ ഉണ്ടെന്നും അവളുടെ വീട്ടിൽ വിളിച്ചു പറയണമെന്നും പറഞ്ഞതിന് നിങ്ങൾ ഇങ്ങോട്ടു വരാത്തതെന്താ എന്നു ആലീസ് ആന്റി ചോദിച്ചു.
‘ഞങ്ങൾ വരുന്നില്ല. ഇന്ന് ഞങ്ങളുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു. അമ്മയും ചാച്ചനും ക്ഷമിക്കണം “എന്നൊറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഫോൺ വെച്ചു.
വിളറി നിൽക്കുന്ന എന്നോട് ‘ഇനി ഫോൺ അടിച്ചാൽ എടുക്കേണ്ട ‘എന്നു പറഞ്ഞിട്ട് രാത്രി കഴിക്കാൻ വാങ്ങാനായി പുറത്തേക്കു പോയി.
പിറ്റേന്ന് ജിമ്മിച്ചൻ ഓഫീസിൽ പോയി. അമ്മയും ചാച്ചനും ഓഫീസിൽ വന്നിരുന്നെന്നും വല്ലാതെ ക്ഷോഭിച്ചെന്നും പിണങ്ങിയാണ് പോയതെന്നും പറഞ്ഞു. കൂടുതൽ വിട്ടു പറഞ്ഞില്ലെങ്കിലും ജിമ്മിച്ചൻ വല്ലാതെ അസ്വസ്ഥൻ ആണെന്ന് മനസ്സിലായി.
അന്നു തന്നെ ഈ വീട്ടിലേക്കു പോന്നു. ട്രാൻസ്ഫർ റെഡിയാക്കി, ഇവിടെ വീടും എടുത്തിട്ടാണ് ഈ സാഹസത്തിനു മുതിർന്നതെന്ന് ജിമ്മിച്ചൻ അന്നു പറഞ്ഞിരുന്നു.
സത്യമേത്.. മിഥ്യയേത് എന്നു തിരിച്ചറിയാത്ത അവസ്ഥയിലായിരുന്ന ഞാൻ മൗനമായിരുന്നതേയുള്ളു. ആരും പങ്കെടുക്കില്ല എന്നറിയാമായിരുന്നെങ്കിലും വിവാഹത്തിന്റെ തീയതിയും സമയവും രണ്ടുവീട്ടുകാരെയും അറിയിച്ചിരുന്നു..
കുഞ്ഞു ചിണുങ്ങിയപ്പോൾ ഓർമ്മകൾ മുറിഞ്ഞു.
വൈകുന്നേരം ജിമ്മിച്ചൻ വന്നപ്പോൾ മാമോദീസയുടെ കാര്യം ഓർമ്മിപ്പിച്ചു.
ഞായറാഴ്ച പോയി അച്ചനെ കാണാമെന്നു ജിമ്മിച്ചൻ സമ്മതിക്കുകയും ചെയ്തു.
അച്ചനുമായി സംസാരിച്ച് തീയതി നിശ്ചയിച്ചിട്ട് ജിമ്മിച്ചൻ ലീലാന്റിയെ വിളിച്ചു തല തൊട്ടപ്പനുമായി വരണമെന്ന് പറഞ്ഞു.
ലീലാന്റിയുടെ നിർദേശ പ്രകാരം ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടിലേക്കു ഫോൺ ചെയ്ത് മാമോദീസയ്ക്ക് ക്ഷണിച്ചു മാമോദിസക്ക് കുഞ്ഞുമായി പള്ളയിൽ ചെന്നപ്പോൾ ആനവാതിലിന്റെ അടുത്ത് തന്നെ അലോഷി നിൽക്കുന്നത് കണ്ടു.
ആശ്വാസമായി.. ലീലാന്റി എവിടെ എന്നു കണ്ണുകൾ കൊണ്ടു പരതിയപ്പോൾ കണ്ണുകൾ ഒരാളിൽ ഉടക്കി.. ജിമ്മിച്ചന്റെ ചാച്ചൻ.
കുഞ്ഞിനുള്ള മാമോദീസ ഡ്രെസ്സുമായി… ആലീസാന്റി തൊട്ടു പുറകിൽ..
ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ ഒരു അഭയത്തിനായി ചുറ്റും നോക്കി..
ലീലാന്റി മുന്നിൽ.. “കുഞ്ഞിനെ ഇങ്ങു താ…
ആലീസേ…. ഇന്നാ കുഞ്ഞുമായി പള്ളിലോട്ടു കയറിക്കോ”.
അവരുടെ പുറകേ പള്ളയിലോട്ട് കയറുമ്പോൾ വെറുതെ വിചാരിച്ചു പോയി.
എന്റെ വീട്ടുകാരുടെ പിണക്കം മാത്രം മാറിയില്ലല്ലോ.
തൊട്ടു മുന്നിൽ ഒരു സുന്ദരമായ മുഖം കണ്ടു ഞാൻ ഞെട്ടി.. ജിജി. ജിമ്മിച്ചന്റെ പെങ്ങൾ..
അവൾ ചൂണ്ടി കാണിച്ച ദിക്കിലേക്ക് നോക്കിയപ്പോൾ എന്റെ അമ്മയും ചാച്ചനും ആലീസാന്റിയുടെ പുറകിൽ നിന്നു കുഞ്ഞിനെ കളിപ്പിക്കുന്നു.
ജിജി അടുത്തു വന്നു എന്റെ കൈകൾ കവർന്നു
പിന്നെ കാതിൽ മൃദുവായി മന്ത്രിച്ചു.. ‘വിലക്കപ്പെട്ട കനി തന്നെ ഭക്ഷിച്ചല്ലേ?”
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

