സന്ധ്യയുടെ ഇളം ചുവപ്പ് നിറം പതിയെ ആ ദേശത്തെ പൊതിഞ്ഞു. പടിഞ്ഞാറെ മലമുകളിലൂടെ സൂര്യൻ താഴ്ന്നിറങ്ങുമ്പോൾ നെൽപ്പാടങ്ങളുടെ മുകളിൽ സ്വർണ്ണനിറം പരത്തിയിരുന്നു. പഴയ തറവാട്ട് മുറ്റത്തെ മാവിൻ ചുവട്ടിൽ ഒരു തറയിൽ വാർദ്ധക്യത്തിന്റെ വെള്ളിനാരു പാകിയ മുടിയും ചൂളുവുകൾ പടർന്നു തുടങ്ങിയ മുഖവുമായി ഒരു വൃദ്ധൻ സേതുരാമൻ. കണ്ണുകളിൽ വർഷങ്ങളുടെ ക്ഷീണം ഉണ്ടെങ്കിലും അതിൻ്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത് ജീവിതം പഠിപ്പിച്ച നിശബ്ദമായ അറിവ്.
മുറ്റത്തിന്റെ ഒരുവശം തുളസിത്തറയിൽ വിളക്കുവെക്കുന്ന സേതുരാമന്റെ ഭാര്യ സുമിത്ര. അടുക്കളയിൽ നിന്നും ഉയരുന്ന അരി തിളയ്ക്കുന്ന ഗന്ധവും അടുപ്പിലെ വിറകു കത്തുമ്പോൾ ഉള്ള പുക ചുരുൾ കാറ്റിനൊപ്പം പാറിപ്പറന്നു. അകലെയുള്ള ക്ഷേത്രത്തിൽ സന്ധ്യയക്ക് ദീപാരാധനയുടെ മണി മുഴങ്ങി. സേതു രാമൻ മനസ്സുകൊണ്ട് ഭഗവാനെ സ്മരിച്ചു. അപ്പോഴേക്കും പറമ്പിൽ ഓടിക്കളിച്ചു കൊണ്ടിരുന്ന നാലു കൊച്ചുമക്കളും അയാളുടെ ചുറ്റും കൂടി. അതിൽ മൂത്ത കുട്ടിയായ സച്ചു അപ്പൂപ്പനോട് കഥകൾ പറയാൻ ആവശ്യപ്പെട്ടു. സേതുരാമൻ അവരെ ചേർത്തിരുത്തി മഴ പെയ്തു കഴിഞ്ഞ് മണ്ണിൻ്റെ മണം നിറഞ്ഞ ആ സന്ധ്യയിൽ പഴയ ഓർമ്മകൾ പോലെ ഒരു കാറ്റ് അയാളുടെ മുഖത്ത് തഴുകി പോയി. സച്ചു പറഞ്ഞു അപ്പൂപ്പന്റെ ജീവിതകഥകൾ പറയൂ. ഞങ്ങൾക്ക് കേൾക്കണം അച്ഛൻ എപ്പോഴും അപ്പൂപ്പന്റെ കഷ്ടപ്പാടിനെ കുറിച്ച് പറയുമായിരുന്നു. ആ കഥ അപ്പൂപ്പന്റെ നാവിൽ നിന്ന് കേൾക്കണമെന്ന് അന്നുതൊട്ട് ആഗ്രഹിച്ചു. കൊച്ചുമകൻ്റെ നിർബന്ധം സഹിക്കാനാവാതെ അയാൾ ആ കഥ പറഞ്ഞു തുടങ്ങി. മോനെ നിങ്ങൾ ജീവിച്ചു പോകുന്ന സുഖ സൗകര്യങ്ങൾ ഉള്ള കാലത്തല്ല ഞങ്ങൾ ജീവിച്ചത്. എൻ്റെ ജീവിത സാഹചര്യങ്ങൾ ആയിരുന്നില്ല നിങ്ങളുടെ അച്ഛന്റെയും കൊച്ചച്ചന്റെയും. എല്ലാം വളരെ വ്യത്യസ്തമായിരുന്നു.
എൻ്റെ പുരുഷ ജീവിതം. പുരുഷൻ കരയരുത് ആ വാക്ക് ആദ്യമായി കേട്ടത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മരത്തിൽ നിന്നും വീണ് മുട്ടുപൊട്ടി രക്തം വാർന്നപ്പോൾ അമ്മ ഓടി എത്തിച്ചേർത്തു പിടിച്ചു. അവിടെ അയൽവാസിയായ സേവ്യർ ചേട്ടൻ പറഞ്ഞു. ആൺകുട്ടികൾ ഇത്രയും കരയണ്ട കേട്ടോ. അന്നുമുതൽ
എത്ര സങ്കടം വന്നാലും കരച്ചിൽ ഒളിപ്പിക്കാൻ പഠിച്ചു.
എൻ്റെ വീട്… എപ്പോഴും ചിരികളും കളികളുമായി നിറഞ്ഞ വീടായിരുന്നു. വീട്ടുമുറ്റത്തെ പേരയ്ക്കാ മാവിൻ ചുവട്ടിൽ ഞങ്ങൾ നാലു മക്കളും കളിച്ചു രസിക്കും ആയിരുന്നു.
മതി കളിച്ചത്…. വന്നു കാപ്പികുടിക്കൂ. അമ്മയുടെ ശാസന കേട്ടാൽ മാത്രമേ കളി മതിയാക്കുകയുള്ളു.
വൈകിട്ട് അച്ഛൻ വന്നാൽ പിന്നെ വീട് നിശബ്ദമാകും എന്തെങ്കിലും ആവശ്യങ്ങൾ സാധിക്കണമെങ്കിൽ അമ്മയോട് പറഞ്ഞാണ് അച്ഛനെ കൊണ്ട് അത് സാധിച്ചെടുക്കുക. ചേച്ചിക്ക് മാത്രം എന്തും അച്ഛനോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അച്ഛൻ ചേച്ചിക്ക് എന്തും മേടിച്ചു കൊടുക്കും. മൂത്ത ജേഷ്ഠൻ പഠിക്കാൻ മിടുക്കനായിരുന്നു അദ്ദേഹം പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു അത് കഴിഞ്ഞാൽ ഞാനായിരുന്നു അടുത്ത ആൾ. പഠിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു എങ്കിലും അച്ഛനെ സഹായിക്കാനായി കൃഷിയിടങ്ങളിൽ പോകും. അനിയന് എപ്പോഴും അവർ ചെറിയ കുട്ടിയായി പരിഗണിച്ചിരുന്നു. ചില അവസരങ്ങളിൽ അച്ഛൻ്റെ കൂടെ വയലിലേക്ക് പോയാൽ ഒരാഴ്ച വരെയൊക്കെ അവിടെ മാടത്തിൽ ഒറ്റയ്ക്ക് കിടക്കുമായിരുന്നു കണ് കണ്ണത്താ ദൂരം വരെ ഉള്ള വയലിൽ നെല്ല് വിളഞ്ഞുകിടക്കുന്നത് നോക്കി ഒരു കാവൽക്കാരനെ പോലെ അവിടെ കിടക്കും. മിക്ക രാത്രികളിലും ആരും കൂട്ട് ഇല്ലാതെ പേടിച്ചു കിടന്നിട്ടും ഉണ്ട്. മേഘങ്ങളിൽ കാണുന്ന ഇടിയും മിന്നലും കണ്ട് രസിച്ച് മാടത്തിന്റെ ചാക്ക് മേഞ്ഞ കട്ടിലിൽ അങ്ങനെ കിടക്കും. അച്ഛൻ്റെ കുടിയാന്മാരായ ഒരാളുടെ വീട്ടിൽ നിന്നും കാന്താരി ചമ്മന്തിയും പള്ളത്തി വറുത്തതും കഞ്ഞിയും കഴിക്കാനായി എത്തിക്കും. അന്നത് അമൃതിനു തുല്യം അങ്ങനെ പഠിത്തം നേരാംവണ്ണം കൊണ്ടുപോകാൻ സാധിക്കാറില്ല. എങ്കിലും എല്ലാ പരീക്ഷകളിലും നല്ല വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.
ഇടയ്ക്ക് കൊച്ചുമോന്റെ ചോദ്യം അപ്പൂപ്പൻ പിന്നെ എങ്ങനെയാ ഇത്രയും നല്ല ജോലിയിൽ പ്രവേശിച്ചത്. ട്യൂഷൻ എടുത്തുമാറ്റും ഞാൻ പോളിടെക്നിക്കിൽ ചേർന്ന് പഠിച്ചു. ആവശ്യം സൃഷ്ടിയുടെ മാതാവ് എന്ന സിദ്ധാന്തം. ഒന്ന് ചിരിച്ചിട്ട് അയാൾ തുടർന്നു ബാക്കിയും കൂടെ നിങ്ങൾ കേൾക്കണം അപ്പൂപ്പൻ സഹിച്ച ത്യാഗങ്ങൾ എൻ്റെ അച്ഛൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കാരനായിരുന്നു. അച്ഛൻ വൈകുന്നേരങ്ങളിൽ വരുമ്പോൾ കഴിക്കാൻ എന്തെങ്കിലുമൊക്കെ കൊണ്ടുവരും വലിയ ആർഭാടം ഒന്നുമില്ലെങ്കിലും അവിടെ സന്തോഷമുള്ള ജീവിതമായിരുന്നു. സന്ധ്യയ്ക്ക് ഒന്നിച്ചിരുന്ന് നാമം ജപിക്കണം എന്ന് അമ്മയ്ക്ക് നിർബന്ധം ഉണ്ട്. നാമജപം കഴിഞ്ഞാൽ അടുക്കളയിൽ ഒരു ബെഞ്ച് ഇട്ടിട്ടുണ്ട് അതിൽ ഞങ്ങളെ ഇരുത്തും. അമ്മിയിൽ മാങ്ങായും ചെറിയുള്ളിയും തേങ്ങയും ചതച്ചരക്കുന്ന ചമ്മന്തിയുടെ മണവും പുഞ്ച നെല്ലിൻ്റെ അരി തിളക്കുന്ന മണവും ഒക്കെ വായിൽ കൊതിയൂറും എങ്കിലും 9:30 കഴിയാതെ അമ്മ അത്താഴം വിളമ്പുമായിരുന്നില്ല. അമ്മയുടെ പാചകത്തിനിടയിൽ അമ്മ ഞങ്ങളുടെ പാഠപുസ്തകങ്ങളിലെ തെറ്റുകൾ തിരുത്തി തരും. അമ്മ വിദ്യാഭ്യാസത്തിന് വളരെയധികം മുൻതൂക്കം കൊടുക്കുന്ന സ്ത്രീയാണ്. ഞങ്ങളുടെ പാഠപുസ്തകങ്ങൾ വായിച്ച് അതിൻ്റെ എല്ലാ കാര്യങ്ങളും അച്ഛനോട് ചോദിച്ചു പഠിച്ച് ഞങ്ങളെ പഠിപ്പിക്കാൻ അമ്മക്ക് ഒരു കഴിവുണ്ടായിരുന്നു. എന്നെ എൻജിനീയറിങ്ങിന് വിടണം എന്ന് എപ്പോഴും അമ്മ പറയുമായിരുന്നു. കാരണം ഏതു പൊട്ടിയ റേഡിയോ ആയാലും ടിവിയാണെങ്കിലും നന്നാക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. അയൽവാസികൾ പറയും ഈ ചെക്കൻ ഒരു എൻജിനീയർ ആകും കേട്ടോ എന്ന്. പക്ഷേ ചില സ്വപ്നങ്ങൾ ദാരിദ്ര്യത്തിന് മുമ്പിൽ വാതിൽ അടയ്ക്കും. സന്തോഷങ്ങൾക്ക് ആയുസ്സ് കുറവാണെന്ന് ആ കുടുംബം വൈകാതെ മനസ്സിലാക്കി. ഒരു മഴക്കാല രാത്രിയിലായിരുന്നു അച്ഛനാകെ വിഷമിച്ചു വീട്ടിൽ വന്നു കയറിയത്. അച്ഛൻ്റെ ജോലി നഷ്ടപ്പെട്ടു എന്ന വാർത്ത അറിഞ്ഞ് വീട്ടിലെ വിളക്കുകൾക്ക് പോലും മങ്ങലായി. അന്ന് ആദ്യമായി അമ്മ നെഞ്ചിൽ കൈവെച്ച് ഭഗവതി എൻ്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എങ്ങനെ കൊണ്ടുപോകും എന്ന് ചോദിച്ചു കരയുന്നത് കണ്ടു.
പറമ്പ് പണയം ആകുകയും വീട്ടിൽ ജപ്തി നോട്ടീസ് വരികയും കൃഷിയിൽ നഷ്ടം ഉണ്ടാവുകയും കടം കൂടിക്കൂടി വരികയും ചെയ്തുകൊണ്ടിരുന്നു. മൂത്ത ജ്യേഷ്ഠൻ ഇതൊന്നും വകവയ്ക്കാതെ സ്വന്തം കാര്യം മാത്രം നോക്കി പഠിച്ച് ഡോക്ടറേറ്റ് എടുത്തു. ചേട്ടൻ്റെ വിജയത്തിൽ ഏറ്റവും അധികം സന്തോഷിച്ചത് ഞാനായിരുന്നു കാരണം ചേട്ടൻ പഠിക്കാൻ പോകുമ്പോൾ വീട്ടിലെ മറ്റു വിഷമങ്ങൾ ഒന്നും അവരെ ആരെയും അറിയിക്കാതെ രാവും പകലും ട്യൂഷൻ എടുത്തും ടിവി നന്നാക്കി കൊടുത്തും റേഡിയോ നന്നാക്കി കൊടുത്തുമൊക്കെ വീട്ടിലെ ചെലവുകൾ ഞാൻ തന്നെ നടത്തി പോന്നു. പക്ഷേ ആരും ചോദിച്ചില്ല അവരുടെയൊക്കെ സന്തോഷത്തിൽ ആരുടെ യൗവനമാണ് ആ വിജയത്തിനടിയിൽ ചതഞ്ഞു കിടക്കുന്നത് എന്ന്. ചേച്ചിയുടെ വിവാഹവും ചേട്ടൻ്റെ വിവാഹവും കഴിഞ്ഞപ്പോൾ അച്ഛൻ്റെ നാട്ടിലെ ആകെ ഉണ്ടായിരുന്ന കുറേ സ്ഥലങ്ങൾ വിറ്റ് തീർന്നിരുന്നു. കാലം പിന്നെയും പരീക്ഷിച്ചു
അച്ഛന്കുറച്ചായി ക്ഷീണം തുടങ്ങിയിട്ട്. ആദ്യം ചെറിയ ചുമ പിന്നീട് വേദന എൻ്റെ സഹോദര തുല്യനായ ഒരു ഡോക്ടർ അച്ഛനെ പരിശോധിച്ചിട്ട് മന്ദമായി എന്നോട് പറഞ്ഞു “കാൻസർ” ആണ്. ലോകം തലകീഴായി മറിയുന്നത് പോലെ തോന്നിയ നിമിഷം. പക്ഷേ ഒന്നുറപ്പിച്ചു ഇതൊന്നും വീട്ടിൽ അറിയിക്കരുത് അമ്മ ചോദിച്ചിട്ട് പോലും ഒന്നുമില്ല… ചെറിയ അസുഖം എന്ന് ചിരിച്ചു പറഞ്ഞു. ആ ദിവസങ്ങളെല്ലാം എനിക്ക് യുദ്ധം ആയിരുന്നു പകൽ ജോലി രാത്രിയിൽ ആശുപത്രിയിൽ അച്ഛനോടൊപ്പം. കടം വാങ്ങലും മരുന്നു വാങ്ങിക്കലും ഒക്കെയായി കാലം കടന്നുപോയി. അച്ഛനെ തൻ്റെ വിഷമം ഒളിപ്പിക്കാൻ ഉള്ള വ്യാജ ചിരിയും അതിനോടൊപ്പം തുടർന്നു..
ഒരിക്കൽ ആശുപത്രി വരാന്തയിൽ അച്ഛനും ഞാനും ഒറ്റയ്ക്കായപ്പോൾ എൻ്റെ കൈപിടിച്ച് അച്ഛൻ ചോദിച്ചു നിനക്ക് പഠിക്കാൻ സാധിച്ചില്ലല്ലോ മോനെ. ഞാൻ മുഖം തിരിച്ചു എനിക്ക് ഇതാണ് ഇഷ്ടം അച്ഛാ ആ കള്ളം പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു അച്ഛൻ്റെ നിർബന്ധപ്രകാരം ഒടുവിൽ ഒരു കല്യാണവും നടന്നു. ഒരു ആർഭാടവും ഇല്ലാതെ ലളിതമായ ഒരു ചടങ്ങ്. താലി ചാർത്തലും ഒരു ചെറിയ സദ്യയും. അവൾ നല്ലൊരു കുട്ടിയായിരുന്നു. അച്ഛൻ്റെ അസുഖക്കാര്യം ഞാൻ അവളോട് മാത്രം രഹസ്യമായി പറഞ്ഞു. അവൾ അച്ഛനെ നന്നായി നോക്കുകയും ചെയ്തു.
അന്നൊരു കർക്കടക രാത്രിയിൽ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അന്നായിരുന്നു അച്ഛൻ്റെ മരണം. എല്ലാവരും വാവിട്ടു കരഞ്ഞു ഞാൻ മാത്രം ഒന്നും മിണ്ടാൻ ആകാതെ ഇരുന്നു. കാരണം ചില പുരുഷന്മാർക്ക് കരയാൻ പോലും സമയം കിട്ടാറില്ല. അന്നുമുതൽ ആ വീടിന്റെ ചുവരുകൾ പോലും എന്നെ ആശ്രയിച്ചു നിന്നു എൻ്റെ വിഷമവും എൻ്റെ മനസ്സിൻ്റെ സംഘർഷം എല്ലാം ഭാര്യ മാത്രം മനസ്സിലാക്കി. അവൾ ഉണ്ടായിരുന്നതുകൊണ്ട് ജീവിതത്തിൽ അല്പം ആശ്വാസം തോന്നി. ചേട്ടന്റെയും ചേട്ടത്തിയുടെയും കൂടെ ഡൽഹിയിലേക്ക് ഒരു ചെറിയ ജോലി തേടി പോയി. അവിടെ ചുട്ടുപൊള്ളുന്ന വെയിലത്ത് കേബിൾ വലിക്കുന്ന ജോലിയായിരുന്നു തനിക്ക് ലഭിച്ചത്. അതുകൊണ്ടൊന്നും പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ വീണ്ടും അവിടെ നിന്ന് ശ്രമിച്ച് സൗദിയിലേക്ക് യാത്രയായി. ഒരു കോഴി ഫാമിൽ താൻ എല്ലുമുറിയെ പണിയെടുത്തു. അവിടെ ഇരിക്കുമ്പോൾ വിധി വീണ്ടും കരുണയില്ലാതെ എന്നോട് പെരുമാറി എൻ്റെ ഭാര്യ എന്നെ വിട്ടു പോയി. നാട്ടിൽ എത്തുവാനോ അവളുടെ ശരീരം ഒന്ന് കാണുവാനോ എനിക്ക് സാധിച്ചില്ല. എല്ലാ തീവ്ര വേദനയുടെയും പരിണിതഫലമായി എനിക്ക് ഒരു സ്ട്രോക്ക് ഉണ്ടായി. എന്നെ ജോലി സ്ഥലത്തുനിന്നും നാട്ടിലേക്ക് അവർ കയറ്റിവിട്ടു. അതിൽ നിന്നൊക്കെ മുക്തനായി വീണ്ടും ഞാൻ ജോലിക്ക് വേണ്ടി ശ്രമിച്ചു. അവളുടെ മരണശേഷം ഞാൻ കൂടുതൽ നിശബ്ദനായി. രാത്രികളിൽ വീടിൻ്റെ വരാന്തയിൽആകാശം നോക്കി ഇരിക്കും. എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടവരുടെ മുഖങ്ങൾ ഓരോ നക്ഷത്രമായി എത്തും. നാളുകൾ കഴിഞ്ഞു അനിയന്റെയും ചേച്ചിയുടെയും ഒക്കെ നിർബന്ധപ്രകാരം രണ്ടാമതൊരു വിവാഹം ആഗ്രഹിക്കാത്ത മനുഷ്യജന്മം അതിനും വിധേയനായി. വീണ്ടും ജോലിക്ക് പോകുകയും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയും ചെയ്തു. കാരണം ഞാൻ ഒരു സാധാരണ മനുഷ്യനല്ലായിരുന്നു. സ്വന്തം സ്വപ്നങ്ങളെ ചുട്ടെരിച്ച് മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമാകുന്നവൻ ആയിരുന്നു.
അപ്പൂപ്പൻ കഥ പറഞ്ഞു തീർന്നപ്പോൾ മുറ്റത്തെ നിലാവും മങ്ങി തുടങ്ങിയിരുന്നു. കാലത്തിന്റെ വേദനകളും സന്തോഷങ്ങളും തോൽവികളും വിജയങ്ങളും എല്ലാം കേട്ടിരുന്ന കൊച്ചുമക്കൾ എല്ലാം കുറച്ചുനേരം ഒന്നും പറയാതെ അപ്പൂപ്പന്റെ മുഖത്തേക്ക് നോക്കി നിന്നു. അവരുടെ കണ്ണുകളിൽ അത്ഭുതമുണ്ടായിരുന്നു. ചിലരിൽ കണ്ണുനീർത്തിളങ്ങി. സച്ചുവിന്റെ മനസ്സിൽ അപ്പൂപ്പനോട് ആദരവിരട്ടിയായി. ഇത്രയും കഷ്ടതകൾ അനുഭവിച്ചിട്ടും അപ്പൂപ്പൻ എങ്ങനെ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു. സച്ചു മെല്ലെ ചോദിച്ചു. “ജീവിതം നമ്മളെ തോൽപ്പിക്കാൻ നോക്കും മക്കളെ നമ്മൾ തോറ്റു കൊടുക്കരുത്”.
അവരെല്ലാവരും അപ്പൂപ്പന്റെ അടുത്തേക്ക് ചേർന്നിരുന്നു. കഥകൾ വെറും കഥകൾ അല്ല എന്ന് അവർക്ക് തോന്നി. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളാണ്. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ അപ്പൂപ്പന്റെകഥ സച്ചുവിന്റെ മനസ്സിൽ ഒരു വെളിച്ചമായി മാറിയിരുന്നു. കഥകളിലെ പാഠങ്ങൾ അവൻ ഉൾക്കൊള്ളുകയായിരുന്നു… സ..
വിഷയം #പുരുഷജീവിതം

