അകലങ്ങളല്ല അകറ്റുവതു ബന്ധങ്ങളെ,
കണ്ണെത്താ ദൂരെയെങ്കിലും, ഹൃദയങ്ങൾ
സ്നേഹത്തിൻ ചരടിനാൽ
ബന്ധിതമെങ്കിൽ,
കടൽദൂരങ്ങൾ ഇടയിലുണ്ടെന്നാലും
മനസ്സുകൾ തമ്മിൽ ഇല്ലൊരു
താമരനൂലിൻ അകലം പോലും.
ശാസ്ത്രം കീഴടക്കി,
ആകാശദൂരങ്ങളെ,
ദുർഗമമാം ആഴങ്ങളെ.
പക്ഷേ,
കയ്യെത്തും ദൂരെയെങ്കിലും ചിലപ്പോൾ,
ഉള്ളിൽ സ്നേഹത്തിൻ ഉറവകൾ വറ്റിവരളുകിൽ,
മനുഷ്യർക്കിടയിൽ രൂപമെടുത്തിടുന്നു
താണ്ടിക്കടന്നിടാൻ ദുർഘടമാം
ഊഷരമരുഭൂമികൾ.
അകലെയെന്നുള്ളത് ആപേക്ഷികമല്ലോ.