സുബ്ഹി നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുന്ന വഴി അബുവിന്റെ ചായക്കടയുടെ അടുത്തെത്തിയപ്പോൾ ചങ്ങാതി സലാമിനോട് ഒരു ചായ കുടിക്കാം എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് അമ്പരപ്പായിരുന്നു. കാരണം അവനവിടെ കയറി ഇടയ്ക്ക് ചായ കുടിക്കാറുണ്ട്. തന്നെ വിളിക്കുമ്പോൾ താനെപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്. തനിക്ക് പണ്ട് മുതലേ പുറത്ത് നിന്നുള്ള ഒരു ഭക്ഷണവും ഇഷ്ടമല്ല എന്നറിയാവുന്നത് കൊണ്ട് അവനാണെങ്കിൽ നിർബന്ധിക്കാറുമില്ല. അതാണ് ഇന്നെന്റെ വായിൽ നിന്നിത് കേട്ടപ്പോൾ അവനന്തം വിട്ടത്. എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന അവന്റെ മുഖത്തു നോക്കാതെ ദൂരേക്ക് നോക്കിക്കൊണ്ട് ഞാൻ തുടർന്നു. “ഓളുണ്ടായിരുന്നപ്പോൾ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ലെടാ. ഞാൻ നിസ്ക്കാരം കഴിഞ്ഞ് ചെല്ലുമ്പോഴേക്കും ഓള് ചായ ഇണ്ടാക്കി ന്നെ കാത്തരിക്കും. ഓള് പോയപ്പോ എല്ലാം പോയി.”അവനെന്റെ തോളിൽ തട്ടിയപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണെന്ന് ഞാൻ അറിഞ്ഞത്.”ഞാനിപ്പോ ചെല്ലുമ്പോ മരുമക്കളൊക്കെ ഒരെ മുറീലായിരിക്കും. ഒരൊക്ക പുറത്തു വരാൻ ഏഴു ഏഴരവുവെ. ഇനിക്കാണെങ്കിൽ ചെന്ന് കേറിയപാടെ ചായ കുടിച്ചു ശീലായെ. ഓളെ നോട്ടക്കൂടുതലൊണ്ട് ഒരു ഗ്യാസ് കത്തിക്കാൻ പോലും ഞാൻ പഠിച്ചതൂല്യ. ഒളിങ്ങനെ പെട്ടന്നങ്ങട്ട് പോവുന്ന് അറിഞ്ഞില്ലല്ലോ…”അത്രയും പറയുമ്പോഴേക്കും ഞാൻ വിതുമ്പിപ്പോയിരുന്നു.