സുബ്ഹി നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുന്ന വഴി അബുവിന്റെ ചായക്കടയുടെ മുൻപിലെത്തിയപ്പോൾ ചങ്ങാതി സലാമിനോട്
” നമുക്കോരോ ചായ കുടിച്ചാലോ..? ” എന്നു ചോദിച്ചതും അവൻ നിറഞ്ഞ അമ്പരപ്പോടെ എന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി.
അതിനു കാരണമുണ്ട്. ഇടയ്ക്ക് അവൻ അവിടെ ചായ കുടിക്കാൻ കയറുന്നതാണ് . തന്നെ കൂട്ടിനു വിളിക്കുമ്പോഴൊക്കെയും ഒഴിഞ്ഞു മാറാറാണ് തന്റെ പതിവ്. തനിക്ക് പണ്ടു മുതലേ പുറത്ത് നിന്നുള്ള ഒരു ഭക്ഷണവും ഇഷ്ടമല്ല എന്നറിയാവുന്നത് കൊണ്ട് അവനാണെങ്കിൽ നിർബന്ധിക്കാറുമില്ല. അതാണ് ഇന്നു തന്റെ വായിൽ നിന്നിത് കേട്ടപ്പോൾ അവനന്തം വിട്ടത്.
എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന അവന്റെ മുഖത്തു നോക്കാതെ ദൂരേക്ക് നോക്കിക്കൊണ്ട് ഞാൻ തുടർന്നു. “ഓളുണ്ടായിരുന്നപ്പോ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ലെടാ. ഞാൻ നിസ്ക്കാരം കഴിഞ്ഞ് ചെല്ലുമ്പോഴേക്കും ഓള് ചായ ഇണ്ടാക്കി ന്നെ കാത്തിരിക്കും.. ഓള് പോയപ്പോ എല്ലാം പോയി.”അവനെന്റെ തോളിൽ തട്ടിയപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണെന്ന് ഞാൻ അറിഞ്ഞത്.”ഞാനിപ്പോ ചെല്ലുമ്പോ മരുക്കളൊക്കെ ഒരെ മുറീലായിരിക്കും. ഒരൊക്ക പുറത്തു വരാൻ ഏഴു മണിയെങ്കിലും കഴിയും. നിക്കാണെങ്കിൽ നിസ്കാരം കഴിഞ്ഞു ചെന്ന് കേറിയ.. പാടെ.. ആ ചായ കുടി ഒരു ശീലായെ. ഓളെ നോട്ടക്കൂടുതലോണ്ട് ഒരു ചായ ണ്ടാക്കാൻ പോലും ഞാൻ പഠിച്ചതൂല്യ. ഓളിങ്ങനെ പെട്ടന്നങ്ങട്ട് പോവുന്ന് ആരാ കരുത്യേ …”അത്രയും പറയുമ്പോഴേക്കും ഞാൻ വിതുമ്പിപ്പോയിരുന്നു.
