Spoiler Alert: ഫിലിപ്സ്, നവംബർ, മധുരം
എന്തിനാവും മനുഷ്യൻ ബന്ധങ്ങളിൽ ഇത്ര കണ്ടു സമയവും മനസും ഇൻവെസ്റ്റ് ചെയ്യുന്നത് എന്നോർത്തിട്ടുണ്ടോ? രക്തബന്ധങ്ങൾക്ക് അല്ലെങ്കിൽ നിയമപ്രകാരം ബന്ധുക്കൾ ആകുന്നവർക്ക് പോലും നമ്മളെ വേണ്ടാതാകുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. അത് ചിലപ്പോൾ രോഗം ആകാം, അപകടം ആകാം, സാമ്പത്തിക പ്രതിസന്ധിയാകാം, തൊഴിൽ നഷ്ടം ആകാം, മാനസികാരോഗ്യപ്രശ്നങ്ങൾ ആകാം…അവിടെ ഒക്കെ എല്ലാം ഒറ്റയ്ക്ക് നേരിടാൻ എല്ലാ മനുഷ്യർക്കും കഴിയില്ല. ആ ഘട്ടങ്ങളിൽ ആ മനുഷ്യനെ ഒറ്റയ്ക്ക് ആക്കുന്നവരെക്കുറിച്ച് എന്തുപറയാൻ? തളരുമ്പോൾ ചാരാൻ ഒരു തോളോ കുളിരുമ്പോൾ ഒരു കുപ്പായം കടം തരാനോ ഒരാൾ ഉണ്ടെങ്കിൽ നിങ്ങൾ സമ്പന്നനാണ്. അത്തരം മൂന്ന് മനുഷ്യരെ ഞാൻ പരിചയപ്പെടുത്താം. സിനിമയിലെ കഥാപാത്രങ്ങൾ ആണ്. അതിനേക്കാൾ തീവ്രമായി നിങ്ങളുടെ ജീവിതങ്ങളിൽ മനുഷ്യത്വം,കരുതൽ ഒക്കെ കാണിച്ചവരെക്കുറിച്ച് കമെന്റിൽ പറയൂ.
*ഡാൻ-ഒക്ടോബർ*
ഹോസ്പിറ്റൽ മാനേജ്മന്റ് ഇന്റേൺ ആയി ജോലി ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതം ഒറ്റ ദിവസം, ഒരു അപകടം കൊണ്ട് മാറിപ്പോകുന്നു. അതുവരേക്കും വലിയൊരു സൗഹൃദം പോലും ഇല്ലാതിരുന്ന ഒരുവൾക്ക് വേണ്ടി രാവും പകലും ആശുപത്രി കയറി ഇറങ്ങുന്ന ഡാൻ ശരിക്കും ഒരു അത്ഭുതമാണ്. അതിന് അവനെ പ്രേരിപ്പിച്ചത് എന്താവും? എവിടെ ഡാൻ എന്ന അവളുടെ അവസാന വാചകമോ? അതോ അലസനും മുരടനുമായ ഒരുത്തന്റെ ഹൃദയം അത്രത്തോളം ആർദ്രത നിറഞ്ഞതായിരുന്നു എന്നോ? ആ ആർദ്രത പൂവിടാൻ ‘ഷൂലി’ ഒരു കാരണം മാത്രമായി എന്നോ? ബംഗാളിയിൽ ഷൂലി എന്നാൽ മലയാളത്തിന്റെ പവിഴമല്ലി. രാത്രി പൂക്കുന്ന രാവിലെ വാടിപ്പോകുന്ന മനോഹാരിയായ പൂവ്. തീർത്തും അസാധാരണമായൊരു പ്രണയകഥയാണ് ഇത്. കുളിരുമ്പോൾ കുപ്പായമായ ഒരു മനുഷ്യന്റെ കഥ. താല്പര്യം ഉള്ളവർക്ക് ആമസോൺ പ്രൈമിൽ ഈ സിനിമ കാണാം.
*മണി അങ്കിൾ-ഫിലിപ്സ്*
ഫിലിപ്പിന്റെ ആരാണ് മണി അങ്കിൾ? സത്യത്തിൽ ആരുമല്ല. ഒരു കുടുംബ സുഹൃത്തിന് തന്ത്രപൂർവം മാറി നിൽക്കാവുന്ന ഒരു സാഹചര്യം ആയിട്ട് കൂടി അയാൾ എന്തിനാണ് ഫിലിപ്പിന്റെ കൂടെ നിന്നത്? ആശുപത്രി ബിൽ അടയ്ക്കാൻ പൊന്നു പോലെ കരുതിയിരുന്ന അംബാസഡർ കാർ വിൽക്കാനോ ബിറ്റിയെ സന്തോഷിപ്പിക്കാൻ മറന്നു പോയ ചവിട്ടുനാടകം ഫുൾ കോസ്റ്റ്യൂമിൽ ഹോസ്പിറ്റലിൽ വന്നവതരിപ്പിക്കാനോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല മണി അങ്കിളിന്! അപ്പോഴാണ് അയാൾ ആ ഡയലോഗ് പറഞ്ഞതും-കുളിരുമ്പോൾ അല്ലേടാ കുപ്പായത്തിന്റെ ആവശ്യം!
*സാബു-മധുരം*
അവർ എത്ര ആഗ്രഹിച്ച, പ്ലാൻ ചെയ്ത ജീവിതം ഒറ്റ വീഴ്ചയിൽ ഇല്ലാതായി. എന്നിട്ടും ചിത്രയെ ഇട്ടിട്ടു പോകാൻ ആവാതെ സാബു. അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെ വിശ്വസിക്കുന്ന സാബു. ജീവിതത്തിന്റെ മധുരം എന്താണെന്ന് ചോദിച്ചാൽ കാണിച്ചു കൊടുക്കാൻ പറ്റുന്ന ഒരാൾ. ഇങ്ങനെയും സ്നേഹിക്കാൻ പറ്റുമോ ഒരാൾക്ക്? ആശുപത്രിയിലെ കൂട്ടിരുപ്പുകാരുടെ കഥ പറഞ്ഞ മധുരത്തിൽ മനസ്സിൽ തങ്ങിയത് സാബു തന്നെയാണ്. കുളിരുമ്പോൾ കുപ്പായം ആയ മറ്റൊരു നല്ല മനുഷ്യൻ.
സിനിമയിൽ നന്മ കാണിച്ചാൽ ക്രിഞ്ച് ഫീൽ ചെയ്യുന്ന തലമുറയുടെയാണല്ലോ കാലം. ഒരിക്കൽ ഉപയോഗിച്ച് ഉപേക്ഷിക്കൽ, മികച്ച വേർഷൻ മാറ്റി വാങ്ങൽ,മൂവ് ഓൺ വിത്ത് യുവർ ലൈഫ്…ഇനി എല്ലാ ബന്ധങ്ങളും ആ ലൈനിൽ ആവുമെന്ന് തോന്നുന്നു.
നിങ്ങൾ സിനിമയിൽ/ജീവിതത്തിൽ കണ്ട ഇത്തരം മനുഷ്യരെക്കുറിച്ച് കമെന്റിൽ പറയൂ. നിങ്ങൾക്ക് ഇങ്ങനെ ചാരാൻ ഒരു തോളുണ്ടോ? ഡാൻ, മണി അങ്കിൾ, സാബു ഇവരിൽ ആരെങ്കിലും നിങ്ങളാണോ?
©പവിത്ര ഉണ്ണി
6 Comments
എനിക്ക് ചാരാൻ ഒരു തോളുണ്ട്, അതിന്റെ ബലത്തിലാണ് ജീവിതത്തിലെ പ്രയാസമേറിയ ഒരു വലിയ കാലഘട്ടം കടന്നു പോയത്. പ്രയാസത്തിലും പുഞ്ചിരി വിരിയാൻ കാരണമായത് ഭർത്താവും മക്കളും കൂടെ ഞങ്ങളുടെ കുടുംബവും.
😍😍
ശരിയാണ്, കുളിരുമ്പോൾ കുപ്പായമാവാൻ ആരെങ്കിലും കൂടെണ്ടെങ്കിൽ അവർ സമ്പന്നരാണ്😍😍
നല്ല രചന 👏👌
നന്ദി 😍
അതെ, അങ്ങനെയുള്ള ഒരാളെങ്കിലും കൂടെയുണ്ടെങ്കിൽ ജീവിതം ധന്യം